Friday, July 13, 2007

മായാ വലയം

രാമപുരം പള്ളിയുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിച്ച രാമപുരത്തേപ്പറ്റിയുള്ള സ്മരണികയില്‍ എന്റെ അപ്പൂപ്പനെപ്പറ്റി ഇങ്ങനെ ഒരു കുറിപ്പുണ്ടായിരുന്നു. "കാര്‍ത്തികപ്പള്ളിയില്‍ ജനിച്ച് രാമപുരത്ത് സ്ഥിര താമസമാക്കി ക്രമേണ രാമപുരത്തിന്റെ പൊതു സ്വത്തായിത്തീര്‍ന്ന കൃഷ്ണപിള്ള സാര്‍ രാമപുരം പള്ളിയുടെ കണക്കെഴുത്തുകൂടി നടത്തിയിരുന്നു.വാസ്തവത്തില്‍ പള്ളിയിലേ സര്‍വാധികാര്യക്കാര്‍ ആയിരുന്നു. പഴയ കുഞ്ചൈക്കുട്ടിപ്പിള്ള സര്‍വാധികാര്യക്കാരുടെ വംശക്കാരനാണിദ്ദേഹം .പള്ളിക്കാര്യം പോലെ തന്നെ നാട്ടുകാരുടെ ഏതു പ്രശ്നവും കൈകാര്യം ചെയ്യുവാന്‍ കൃഷ്ണപിള്ള സാറിനു കഴിഞ്ഞിരുന്നു.ഒരൊറ്റ ആളിനുപോലും അദ്ദേഹത്തിന്റെ പേരില്‍ പരാതിയില്ല, അദ്ദേഹത്തോടു വിരോധവും ഇല്ല. എല്ലാവരുടേയും സ്നേഹബഹുമാനാദികള്‍ക്ക് അദ്ദേഹം പാത്രീഭൂതനായിരുന്നു.

കറുത്തവരയുള്ള അംഗവസ്ത്രവുമണിഞ്ഞ് ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലും പള്ളിമേടയുടെ ജനല്‍പ്പടിയില്‍ചമ്രം പടിഞ്ഞിരുന്ന് മടിയില്‍ വച്ചിരുന്ന പലകയില്‍ പുസ്തകങ്ങള്‍ നിരത്തി കണക്ക് എഴുതിയിരുന്ന കൃഷ്ണപിള്ളസാറിന്റെ ചിത്രം ഓര്‍മ്മയിലുണ്ട്. ഇന്നാണെങ്കില്‍ ഒരു കൃസ്ത്യന്‍ ദേവലയത്തില്‍ ഒരു ക്രൈസ്തവേതരന്‍ കണക്കെഴുതുന്നത് സങ്കല്‍പ്പിക്കുവാന്‍ കൂടി സാദ്ധ്യമല്ല.”

“പള്ളിയിലേ സര്‍വാധികാര്യക്കാര്‍” എന്ന ആ പ്രയോഗത്തില്‍ നിന്നു തന്നെ അപ്പൂപ്പനു രാമപുരം പള്ളിയിലുണ്ടായിരുന്ന സ്ഥാനം വ്യക്തമാകുന്നു ചുരുക്കത്തില്‍ എക്കാലവും മനുഷ്യനെ ജാതിക്കും മതത്തിനും അതീതരായി കാണുന്ന ഒരു കുടുംബമാണു ഞങ്ങളുടേത് . അതുകൊണ്ട് എനിക്ക് വിചിത്രമായി തോന്നിയ ചില ചെറിയകാര്യങ്ങളാണ് ഇന്നു പറയുന്നത് .

എനിക്ക് ശ്രീനിവാസനെന്ന് പേരിട്ടത് എന്റെ അമ്മൂമ്മയാണ്. എനിക്ക് പേരിട്ടപ്പോള്‍ ശ്രീനിവാസന്‍ പിള്ളയെന്നു ചേര്‍ക്കാതിരുന്നത് ഒരു പ്രശ്നമാകുമെന്ന് അമ്മൂമ്മ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല.

ചെറിയക്ലാസുകളില്‍ പഠിച്ചപ്പോള്‍ ഞാന്‍ പട്ടരാണോ എന്ന് പലകൂട്ടുകാരും ചോദിച്ചിരുന്നു. പുലിയന്നൂരമ്പലത്തിനു സമീപം താമസിച്ചിരുന്ന അവര്‍ക്ക്ശ്രീനിവാസന്‍ പട്ടന്മാരുടെ പേരായിരുന്നു.ശ്രീനിവാസഅയ്യര്‍ എന്ന് എന്നെ വിളിക്കുന്നകൂട്ടുകാര്‍ ഉണ്ടായിരുന്നു.

എന്നെ ഹിന്ദിപഠിപ്പിച്ചിരുന്ന കന്യാസ്ത്രീ ടീച്ചര്‍ എന്റെ പേരുകേട്ട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു “ശ്രീനിവാസനോ അപ്പോള്‍ നീ ഒരു നായരാ അല്ലേ? നിന്നേക്കണ്ടാ നല്ലൊരു കൃസ്ത്യാനി കൊച്ചനാന്നാണല്ലോ എനിക്ക് തോന്നിയിരുന്നത് .” അപ്പോള്‍ ടീച്ചര്‍ക്ക് ശ്രീനിവാസന്‍ നായരാണ് .

ജോലിയില്‍ കയറി കുറച്ചുകഴിഞ്ഞാണ് എനിക്ക് ഒരുകാര്യം ശ്രദ്ധയില്‍ വന്നത് ഈഴവഭവനങ്ങളില്‍ എനിക്ക് ഒരു പ്രത്യേക പരിഗണന!!പലരും ഭാര്യമാരോട് എന്നെപ്പറ്റി

“ഇത് നമ്മുടെ കൂട്ടത്തില്‍പ്പെട്ട ഒരു പയ്യനാണ്”

എന്നു പറഞ്ഞ് പരിചയപ്പെടുത്തുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി വില്ലന്‍ എന്റെ പേരാണ് .ഇവര്‍ക്ക് ശ്രീനിവാസന്‍ ഈഴവനാണ്.

കൂരോപ്പട മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോള്‍ വളരെദൂരെനിന്നും ഒരാള്‍ എന്നെക്കൂട്ടിക്കൊണ്ടുപോകാന്‍ വന്നു .കാറില്‍ പോകും വഴി അയാള്‍ വിശദീകരിച്ചു .

“ഞങ്ങളുടെ അടുത്ത് വേറേ ആശുപത്രിയുണ്ട് പക്ഷേ അവിടേഉള്ളതെല്ലാം മറ്റേവന്മാരാണ് .അതാണു ഞാന്‍ ഇങ്ങോട്ടുവന്നത് .ഡോക്ടറേകണ്ടപ്പോഴേ എനിക്കറിയാം ഞങ്ങളുടെ കൂട്ടത്തില്‍ പ്പെട്ട ആളാണെന്ന് .”

“ചേട്ടന്റെ പേരെന്താ?” ഞാന്‍ ചോദിച്ചു .
“ യോഹന്നാന്‍.” മറുപടികിട്ടിയപ്പോഴേ എനിക്ക് അപകടം മനസ്സിലായി .
“ ചേട്ടാ വണ്ടി ഒന്നു നിര്‍ത്തണേ, എന്റെ പേരു ശ്രീനിവാസന്‍ എന്നാ.”
വണ്ടിപെട്ടന്നു നിന്നു. അയാളുടെ ചുളിഞ്ഞ മുഖത്തില്‍ നിന്ന് എനിക്ക് ഒന്നു മനസ്സിലായി അയാള്‍ക്ക് ശ്രീനിവാസന്‍ എന്നുവച്ചാല്‍ മറ്റേവന്‍ എന്നാണര്‍ത്ഥം.

ചുരുക്കത്തില്‍ ആളുകള്‍ ജാതിയുടേയും മതത്തിന്റേയും മായാ വലയങ്ങളിലൂടെയാണു മറ്റുള്ളവരേകാണുന്നത് . ഓരോവലയങ്ങളിലും എന്റെ പേരും രൂപവും എനിക്ക് ഓരോ മതത്തിന്റേയോ ജാതിയുടേയോ പരിവേഷം കല്‍പ്പിച്ച് തരുന്നു. ചുമ്മാതല്ല മലയാളനാടിനെ ഭ്രാന്താലയമെന്ന് വിവേകാനന്ദസ്വാമികള്‍ വിളിച്ചത് .

No comments: