Friday, September 21, 2007

അപ്പു.

അപ്പു, കല്യാണി അമ്മൂമ്മയുടെ മകനായിരുന്നു.
എന്റെ കളിക്കൂട്ടുകാരന്‍,ഒന്നാംക്ലാസിലെ സഹപാഠി.
അപ്പു എന്റെ മാത്രമല്ലാ
എന്റെ ചേട്ടന്റേയും സഹോദരിമാരുടേയും എല്ലാം സഹപാഠിയായിരുന്നു.
കുന്നേല്‍ സ്കൂളില്‍ ഒന്നാം ക്ലാസില്‍ ഞങ്ങളെല്ലാം പാസായിപോകുമ്പോഴും രണ്ടുപേര്‍മാത്രം എന്നും ഒന്നാംക്ലാസില്‍ അവശേഷിച്ചു.

സരസമ്മസാറും , അപ്പുവും!

അപ്പുവിനതില്‍ യാതൊരു വിഷമവും ഉണ്ടായിരുന്നില്ല.
ആരെങ്കിലും ചോദിച്ചാല്‍ സരസമ്മസാര്‍ കളിയാക്കിപ്പറയും.

"നാലാം ക്ലാസ് ജയിച്ചുപോയാല്‍ ഉപ്പുമാവ് കിട്ടുകേല!
അതല്ലേ എന്റെ അപ്പു ജയിക്കാത്തത്.
പിന്നെ ഒന്നാം ക്ലാസിലാണൈങ്കിലും നാലാം ക്ലാസിലാണെങ്കിലും ഉപ്പുമാവ് അളവ് ഒരുപോലാ, അപ്പോപ്പിന്നെ ഒന്നാംക്ലാസ് അല്ലേ അപ്പുവിനു ലാഭം!!"

ഇത്കേട്ട് അപ്പു ചിരിക്കും.കൂടെ ഞങ്ങളുംചിരിക്കും.

എന്നാല്‍ കാര്യം മറ്റൊന്നായിരുന്നു. അപ്പു ഒരു മണ്ടനായിരുന്നു.
" അ" എന്ന അക്ഷരം പോലും ശരിക്ക് എഴുതാന്‍ അറിയാത്ത ഒരു മണ്ടന്‍.
ഒരു പൊട്ടന്റെ ചിരിയും മുഖത്തുണ്ട്.
സാമാന്യത്തിലധികം ഉച്ചത്തിലാണു എപ്പോഴും സംസാരം.
മറ്റു കുട്ടികളോട് മിക്കവാറും വഴക്കിടുകയും ചെയ്യും.

എന്നെ അപ്പുവിനു ഇഷ്ടമായിരുന്നു.
ഞങ്ങളുടെ വീട്ടില്‍ മിറ്റമടിക്കുകയും പാത്രം തേക്കുകയും ചെയ്യ്തിരുന്നത് കല്യാണി അമ്മൂമ്മയായിരുന്നു. കൂടെ അപ്പുവും ഉണ്ടാകും.
ഞങ്ങള്‍ ഒരുമിച്ചിരുന്ന് പലപ്പോഴും മാങ്ങായും ചാമ്പങ്ങായും ഒക്കെ തിന്നാറുണ്ട് .

കല്യാണി അമ്മൂമ്മയേ ഞങ്ങള്‍ മാത്രമേ അങ്ങിനെ വിളിക്കാറുണ്ടായിരുന്നൊള്ളു.
നാട്ടിലേ പേരു മറ്റൊന്നായിരുന്നു .

"പന്നി കല്യാണി”

ചന്തയില്‍ പന്നിക്കച്ചവടം നടത്തിയിട്ടോ അതോ പന്നിക്കൂടിരുന്നിടത്ത് വീട് വച്ചിട്ടോ
എങ്ങിനെയാണു അങ്ങിനെ ഒരു പേരുണ്ടായതെന്ന് എനിക്കറിയില്ല.
എല്ലാവരും അങ്ങിനെയാണു വിളിച്ചിരുന്നത്.

പന്നി കല്യാണിയും മകനും എപ്പോഴും ഒരുമിച്ചായിരുന്നു.
രണ്ടുപേരുംകൂടി നടന്നുപോകുന്നകാഴ്ച ഞാന്‍ പലപ്പോഴും നോക്കിനിന്നിട്ടുണ്ട്.
ഞങ്ങളുടെ വീട്ടിലെ ജോലി കല്യാണി അമ്മൂമ്മക്ക് ഒരു ഉപജോലിയായിരുന്നു. തേക്കിലക്കച്ചവടമായിരുന്നു പ്രധാന ജോലി.

അപ്പു തേക്കിന്റെ മുകളില്‍ കയറി തേക്കില ഒടിക്കും .
കല്യാണി അമ്മൂമ്മ അത് അടുക്കിക്കെട്ടും .
രണ്ടുപേരും കൂടി അത് പാലാ ചന്തയില്‍ കൊണ്ടുപോയിക്കൊടുക്കും.
അക്കാലത്ത് ചന്തയില്‍ മീന്‍ തേക്കിലയില്‍ പൊതിഞ്ഞായിരുന്നുവിറ്റിരുന്നത്.
അങ്ങിനെ കിട്ടുന്നപണവും വീട്ടുജോലിചെയ്ത് കിട്ടുന്നപണവും
എല്ലാം കൊണ്ട് സാമാന്യം നന്നായി അവര്‍ ജീവിച്ചുപോന്നു.
കല്യാണി അമ്മൂമ്മയുടെ അമ്മ വൃദ്ധയായ കോതചോവത്തിയായിരുന്നു
അവരുടെ വീട്ടിലെ മറ്റൊരു അന്തേവാസി.

സമ്പല്‍സമൃദ്ധമായ ഒരു ഭൂതകാലത്തേപ്പറ്റികല്യാണി അമ്മൂമ്മ പലപ്പോഴും പറയാറുണ്ട്. കല്യാണി അമ്മൂമ്മയുടെ കെട്ടിയോന്‍ ശങ്കു ചോവന്‍ ഉണ്ടായിരുന്ന കാലം.

“ എന്നെക്കൊണ്ട് അതിയാന്‍ കമന്ന പ്ലാവില മലര്‍ത്തിക്കുമായിരുന്നില്ല !”
അതുപറയുമ്പോള്‍ കല്യാണി അമ്മൂമ്മയുടെ മുഖത്ത്
ആയിരം സൂര്യന്മാരുടെ പ്രകാശം പരക്കും.

പറയുന്നത് കളവല്ല.
ചെത്തുകാരനായിരുന്ന ശങ്കുചോവന്‍ ഷാപ്പില്‍നിന്നും ലഭിക്കുന്ന പണം മുഴുവനും
വീട്ടില്‍ എത്തിക്കുന്ന സ്വഭാവക്കാരനായിരുന്നു. ശരിക്കും ഒരു രാജ്ഞിയെപ്പോലെ അങ്ങേര്‍ കല്യാണി അമ്മൂമ്മയേ സംരക്ഷിക്കുകയും ചെയ്തിരുന്നു.

പനയില്‍നിന്നും കാലുതെറ്റിവീണു ശങ്കുചോവന്‍ മരിക്കുന്നതുവരെ കല്യാണി അമ്മൂമ്മക്ക് ജീവിതം സ്വര്‍ഗതുല്യമായിരുന്നു.പിന്നെ പകുതിപൊട്ടനായ അപ്പുവിനേയും,കൊണ്ട് കഠിനാധ്വാനം ചെയ്ത് കല്യാണി അമ്മൂമ്മ ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍പ്പുകള്‍ നിരവധിയുണ്ടായി.
അപ്പുവിന്റെ ചെറിയ വികൃതികള്‍ക്കുപോലും വലിയശിക്ഷകള്‍ നല്‍കാന്‍ ബന്ധുക്കള്‍ മല്‍സരിച്ചു. കവിളന്‍ മടലും തൂമ്പ കൈയ്യുമൊക്കെ വച്ച് അപ്പുവിനെ അവര്‍ അടിക്കുന്നത് പതിവുകാഴ്ച്ചയായി മാറി. നിസ്സഹായരായ കല്യാണി അമ്മൂമ്മയും മകനും അവര്‍ക്കെല്ലാം തട്ടാനുള്ള ചെണ്ടയായിരുന്നല്ലോ.

എട്ടുകൊല്ലത്തോളം ഒന്നാംക്ലാസില്‍ പഠിച്ചിട്ട് അപ്പു പഠനം മതിയാക്കി .
ഞാന്‍ മണ്ണുത്തിയില്‍ പഠിക്കുന്നകാലത്ത് ഒരു രാത്രിയില്‍ അപ്പുവിനെ സ്വപ്നം കണ്ടു.

അപ്പു ഒന്നും പറയുന്നില്ല, വെറുതേ എന്നെനോക്കിചിരിക്കുന്നു!!
ഞെട്ടിയുണര്‍ന്നപ്പോള്‍ മനസ്സില്‍ ആകെ ഒരു വല്ലായ്ക.
പിന്നെ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല.

പിറ്റേന്ന് വീട്ടില്‍നിന്നും വന്ന കത്തില്‍ അപ്പുവിന്റെ കാര്യം എഴുതിയിരുന്നു.

“ നമ്മുടെ അപ്പു ഇന്ന് മരിച്ചുപോയി.
അവന്‍ കൊട്ടാരംകോളേജില്‍ ചെന്ന് ചീത്തവിളിച്ചതിനു പോലീസിനേക്കൊണ്ട് പിടിപ്പിക്കുമെന്ന് പ്രിന്‍സിപ്പാള്‍ പേടിപ്പിച്ചു. അതുകേട്ട് അവന്‍ ഉഴവൂരുള്ള അമ്മാവന്റെ വീട്ടിലേക്ക് ഒളിച്ചിരിക്കാന്‍ പോകുമ്പോള്‍ രണ്ടുപോലീസുകാര്‍ മറ്റെവിടെയോ പോകാനായി ആ ബസ്സില്‍ കയറി. അപ്പു പേടിച്ച് ഓടുന്ന ബസ്സില്‍നിന്നും എടുത്ത് ചാടി. പോസ്റ്റില്‍ തലയടിച്ച് അപ്പോഴേ മരിച്ചു.

എനിക്ക് കുറേനേരത്തേക്ക് അനങ്ങാന്‍ പോലും പറ്റിയില്ല.

പാലാ അങ്ങാടിയിലേക്ക് ഇനി ഉള്ള കാലം കല്യാണി അമ്മൂമ്മ ഒറ്റക്ക് പോണം.
കൂടെ അപ്പു ഇല്ല.
കവളന്‍ മടലും തൂമ്പാകൈയ്യും വച്ച് അടിക്കുന്ന അമ്മാവന്മാരേയും
കൊട്ടാരത്തിലച്ചന്‍ അയക്കുന്ന പോലീസുകാരേയും ഭയപ്പെടേണ്ടാത്ത
ഒരുലോകത്തിലാണല്ലോ അവനിപ്പോള്‍.

ഒരുപക്ഷേ അതായിരിക്കാം
ഈ പഴയ സഹപാഠിയുടെ സ്വപ്നത്തില്‍ വന്ന് അവന്‍ ചിരിച്ച് കാണിച്ചത്....................!!!

11 comments:

myexperimentsandme said...

സങ്കടപ്പെടുത്തി.

പതിവുപോലെ ഹൃദയസ്പര്‍ശിയാ‍യ എഴുത്ത്.

myexperimentsandme said...

ആര്‍‌ക്കൈവ്‌സിന്റെ ഫോര്‍മാറ്റ് ഒന്ന് മാറ്റിയാല്‍ ഒന്നുകൂടി സൌകര്യമാവുമോ എന്നൊരു തോന്നല്‍.

മാസക്കണക്കിനോ മറ്റോ...

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു ..
വക്കാരി പറഞ്ഞത് ശ്രദ്ധിക്കുമല്ലോ.

ശ്രീ said...

ഇഷ്ടമായി, മാഷേ...
:)

കുഞ്ഞന്‍ said...

ഇഷ്ടായി..
പക്ഷെ, ഉച്ചകഞ്ഞി കൊടുക്കുന്നത് തൊണ്ണൂറുകളിലാണെന്നു തോന്നുന്നു, എന്തായാലും എഴുപതുകളില്‍ ഉച്ചക്കഞ്ഞി വിതരണം ഉണ്ടായിരുന്നില്ല. അന്നു ഉപ്പ്മാവായിരുന്നു...അപ്പോള്‍ പിന്നെ അതിനുമുമ്പ് ഉച്ചക്കഞ്ഞി സ്ക്കൂളുകളില്‍ ഉണ്ടാവുന്നതെങ്ങിനെ?

പിന്നെ സ്വന്തം ഭാര്യയെ രാജകുമാരിയെപ്പോലെ നോക്കിയെന്നു പറയുന്നതില്‍ ഒരു ഔചത്യക്കേട്..രാജ്ഞിയെന്നല്ലെ ശരി?

വേണു venu said...

എഴുത്തു് ഇഷ്ടമായി മാഷേ.
നോവിച്ചു ശരിക്കും...നോവിച്ചു...

സഹയാത്രികന്‍ said...

മാഷേ നന്നായിരിക്കണൂ... വക്കാരിമാഷ് പറഞ്ഞപോലെ സങ്കടപ്പെടുത്തി...
:(

പാലാ ശ്രീനിവാസന്‍ said...

പ്രീയ കുഞ്ഞാ
വളരെ നന്ദി.

പാലാ ശ്രീനിവാസന്‍ said...

വക്കാരിമാഷും കുഞ്ഞനും നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി,വളരെ വളരെ നന്ദി.

Jeevs || ജീവന്‍ said...

ഒന്നു നൊന്തൂട്ടോ...
നന്നായിട്ടുണ്ട്.

കുഞ്ഞന്‍ said...

ശ്രീനിയേട്ടാ..

എനിക്കൊരു തെറ്റുപറ്റിയെന്നു തോന്നുന്നു..കൈതമുള്ളിന്റെ ഒരു പോസ്റ്റില്‍ ഞാന്‍ സ്കൂളില്‍ ഉച്ചക്കഞ്ഞിയല്ല ഉപ്പുമാവായിരുന്നുവെന്ന് പറഞ്ഞ് ഒരു കമന്റിട്ടിരുന്നു. അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത് എഴുപതുകള്‍ക്കു മുമ്പ് ഉച്ചക്കഞ്ഞി വിതരണം ഉണ്ടായിരുന്നുവെന്നും അത് പിന്നീട് നിര്‍ത്തലാക്കിയിട്ടാണ് ഉപ്മാവ് വിതരണം സ്കൂളില്‍ തുടങ്ങിയതെന്നും. ആയതിനാല്‍ തെറ്റായൊരു പ്രസ്താപന( കമന്റ്)ചേട്ടന്റെ ഈ പോസ്റ്റില്‍ നടത്തി ചേട്ടനെ ആശയക്കുഴപ്പത്തിലാക്കിയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു.

സ്നേഹപൂര്‍വ്വം
കുഞ്ഞന്‍