Monday, June 8, 2009

"അവസാനത്തേ അതിഥി.....!"



മാധവിക്കുട്ടിയുടെ ഒരു പഴയ ചിത്രം


(ഓര്‍മ്മയായിമാറിയ വിശ്വസാഹിത്യകാരി മാധവിക്കുട്ടിയേപ്പറ്റി ഒരു കുറിപ്പ്)


മാധവിക്കുട്ടി ജീവിച്ചിരുന്നത് നമ്മളൊക്കെ ജീവിക്കുന്ന ഈ ലോകത്തല്ലന്ന്

എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

ഈ വിശാലമായ ലോകത്ത്

മറ്റൊരു ഒരേതൂവല്‍ പക്ഷിയേ കൂടി കണ്ടെത്താനാവാത്തജീവിതം

അവരുടെ കഥകളും സംഭാഷണങ്ങളുമെല്ലാം ധ്വനിപ്പിക്കുന്നതതുതന്നെ

'പ്രണയം, സ്നേഹം !'

മാധവിക്കുട്ടിയുടെ വാക്കുകളില്‍ മുഴുവനും

നിറഞ്ഞുനിന്ന വികാരം അതായിരുന്നല്ലോ ।

ഒരു ടി വി അഭിമുഖത്തില്‍

പ്രണയത്തേപ്പറ്റിയും സ്നേഹത്തേപ്പറ്റിയും പറയുന്നതിനിടക്ക് അവര്‍ പറഞ്ഞു "പ്രണയമാണു മനുഷ്യമനസ്സിന്റെഉള്ളു മുഴുവന്‍

ഇപ്പോള്‍ വൃദ്ധയായ എന്റെ അമ്മയേ നോക്കൂ

അവര്‍ അസുഖം ബാധിച്ച് ബോധമില്ലാതെ കിടക്കുകയാണു

ആ കിടപ്പിലും എന്തെല്ലാം പ്രണയസ്വപ്നങ്ങളായിരിക്കും കാണുക?

ആരേയൊക്കെയായിരിക്കും അവര്‍ സ്വപ്നത്തില്‍ പ്രണയിച്ചുകൊണ്ടിരിക്കുന്നത്?"

അതുകേട്ടപ്പോള്‍

ചിരിക്കണോ, കരയണോ, അതോ മനസ്സുകൊണ്ട് അഭിനന്ദിക്കണോ

എന്നറിയാതെ ഞാന്‍ കുഴങ്ങിപ്പോയി

അവര്‍ പ്രണയത്തേപ്പറ്റിപറയുന്നതും ചിന്തിക്കുന്നതുമെല്ലാം

100% ആത്മാര്‍ത്ഥതയോടെയാണെന്നും

പ്രണയത്തിന്റെ അംബാസിഡറാണെന്നു വെറുതേ മേനിനടിക്കുന്നതല്ലന്നും

എനിക്ക് തോന്നി

മാധവിക്കുട്ടിയേപ്പോലെയുള്ള ഒരു വിശ്വസാഹിത്യകാരിയുടെ

കഥകളേപ്പറ്റി ഒരു കുറിപ്പെഴുതുവാനോ അവരെ വിലയിരുത്തുവാനോ

ഉള്ള അര്‍ഹത എന്നേപ്പോലെയുള്ള ഒരുസാധാരണക്കാരനില്ല എന്നെനിക്കറിയാം

വിശ്വസാഹിത്യമെന്ന് സഹൃദയ ലോകം പാടിപ്പുകഴ്ത്തുന്ന പല ഗ്രന്ഥങ്ങളിലും അവയേ വ്യത്യസ്തമാക്കുന്ന പ്രത്യേകതകള്‍ തിരിച്ചറിയാനാവാതെ

ഞാന്‍ കുഴങ്ങിയിട്ടുണ്ട്।

മാധവിക്കുട്ടിയുടെ കാര്യത്തിലാണെങ്കില്‍

"ഇനി പൂക്കില്ല നീര്‍മാതളം !"

ഒരു പത്രം കൊടുത്ത ആ തലക്കെട്ടുവായിച്ചപ്പോഴാണു

എനിക്ക് എന്നോടുതന്നേ അവജ്ഞ്ഞ തോന്നിയത്

എല്ലാവരും വാനോളം പുകഴ്തുന്ന ആ ഗ്രന്ഥം

എന്തോ നാലുപേജിനപ്പുറം താല്‍പര്യത്തോടെ വായിക്കാന്‍

എനിക്ക് ഇന്നുവരെ തോന്നിയിട്ടില്ല

'രുഗ്മിണിക്കൊരു പാവക്കുട്ടി'പോലെ

ഞാന്‍ ഒറ്റയിരുപ്പിനുവായിച്ചുതീര്‍ത്ത കഥകള്‍ എഴുതിയ

മാധവിക്കുട്ടിയുടെ ശൈലിയെയും ഗ്രന്ഥങ്ങളേയും പറ്റി

മുന്‍വിധികള്‍ മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാകാം

“നീര്‍മാതളത്തിന്റെ സുഗന്ധം” ഇപ്പോഴും

എനിക്ക് അന്യമായിരിക്കുന്നത് എന്ന് തോന്നുന്നു

കഥകളേപ്പറ്റി എനിക്ക് ഒന്നും അറിയാന്‍ പാടില്ലായിരുന്ന ഒരു പ്രായത്തിലാണു

മാധവിക്കുട്ടിയുടെ “എന്റെ കഥ”

മലയാളികളുടെ മനം കവരുന്നത്

മനം കവരുകയാണോ അതോ ഞെട്ടിക്കുകയാണോ ചെയ്തതെന്ന്

ആര്‍ക്ക് ഉറപ്പിച്ചുപറയാന്‍ പറ്റും?

ഒരു സ്ത്രീഎന്തൊക്കെപ്പറയാം, എന്തൊക്കെ ചെയ്യാം,

എന്നൊക്കെയുള്ള മലയാള സങ്കല്‍പ്പപളുങ്കുപാത്രം

ആ കഥയിലൂടെ മാധവിക്കുട്ടി പൊട്ടിച്ചിതറിച്ചുകളഞ്ഞു

എന്റെ കഥ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന

മലയാളനാടു വാരിക രസിച്ചു വായിച്ചിട്ട്

സംസ്കാര മൂല്യച്ചുതിയേപ്പറ്റി വാചാലനാകുന്ന മലയാളിക്ക്

അവരേ എന്നെങ്കിലും മനസ്സിലായിരുന്നോ ആവോ?

വിനയാ.എന്‍. എ. എഴുതിയ

എന്നേ വളരെയധികം ആകര്‍ഷിച്ച ,അതിമനോഹരമായ

എന്റെ സ്വപ്നം (സ്ത്രീകളുടേയും)”

എന്ന ഒരു വ്യത്യസ്ത കവിതയുണ്ട്

അതിലെ

“നല്ലപെണ്ണായിട്ടു ജീവിച്ചു ജീവിച്ചു,

വല്ലാതെഅയ്യോ മടുത്തുപോയി ഞാന്‍,

നല്ലതെന്നു പറയിക്കണമെന്നിനി,

തെല്ലേലുമില്ലല്ലോ എന്‍ മനസ്സില്‍....”




എന്നവരികളിലെ ജ്വലിക്കുന്ന ഭാവമാണു

എന്റെ കഥയില്‍ മാധവിക്കുട്ടി പ്രകടിപ്പിക്കുന്നതെന്നാണു

അന്നത്തേ മുതിര്‍ന്നവരുടെ വാക്കുകളിലൂടെ ഞാന്‍ മനസ്സിലാക്കിയത്.

അന്തരിച്ച മഹാനായ ജോണ്‍ എഫ് കെന്നഡിയുടെ വിധവ

ജ്വാക്വിലീന്‍ കെന്നഡി ജാക്വിലീന്‍ ഒനാസിസ് ആയി മാറിയപ്പോള്‍

അതുവായിച്ച എനിക്ക് തോന്നി അത് തെറ്റാണെന്ന്

അവര്‍ കെന്നഡി കുടുമ്പത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍

എന്ന് വെറുതേ ആശിക്കുകയും ചെയ്തു

മാധവിക്കുട്ടി കമലാ സുരയ്യ ആയി മാറിയപ്പോഴും

അതുതന്നേ ആയിരുന്നു എന്റെ മനസ്സില്‍ തോന്നിയത്

ഒരിക്കല്‍ മാധവിക്കുട്ടി എഴുതിയ ഒരു ലേഖനത്തില്‍

എറണാകുളത്തേ ദുര്‍മ്മേദസ്സ് പിടിച്ച കൊച്ചമ്മമാരേപ്പറ്റി വായിച്ച്

ഞാന്‍ അത്ഭുതപ്പെട്ടുപോയി

വാര്‍ദ്ധക്യത്തിനു കീഴ്പ്പെടാത്ത ഒരു മനസ്സ് ഞാന്‍ ആ വരികളില്‍ കണ്ടു സൗന്ദര്യസങ്കല്‍പ്പങ്ങള്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുകയാണല്ലോ അവിടെ

മരണത്തേപ്പറ്റി മാധവിക്കുട്ടി സങ്കല്‍പ്പിക്കുമ്പോള്‍

“വെള്ളപ്പൂക്കള്‍ക്ക് ” വലിയപ്രാധാന്യമാണല്ലോ

നിറയെ വിരിച്ച വെള്ളപ്പൂക്കള്‍ക്കിടയില്‍

സ്വപ്നം കണ്ടു കിടക്കുന്നതുപോലെ മരിച്ചുകിടക്കാനായിരുന്നല്ലോ

അവരുടെ ആഗ്രഹം

അതുപോലെ മരിച്ചുകിടന്ന ഒരു കഥാ പാത്രത്തേ

മാധവിക്കുട്ടിശ്രുഷ്ടിച്ചിട്ടുണ്ട്

“അവസാനത്തേ അതിഥി” എന്നകഥയിലെ

അനസൂയാദേവിയെ!!

വെളുത്ത സാരിയുടുത്ത് മുടിയില്‍ വെള്ളപ്പൂമാലയും ചൂടി സരസ്വതീദേവിയേപ്പോലെ സുന്ദരിയായ അനസൂയാദേവി

അവളേ കൊലപ്പെടുത്തുവാന്‍

മുസ്ലീം സ്തീകള്‍ ധരിക്കാറുള്ള കടുത്ത പട്ടു ബുര്‍ക്ക ധരിച്ച ഒരാള്‍

മുന്‍കൂര്‍ പണം നല്‍കി ഏര്‍പ്പാടാക്കുന്നു

അനസൂയാഭായിയുടെ കൊലപാതക രഹസ്യം

സമര്‍ത്ഥനായ ഒരു ഇന്‍സ്പെക്ടറുടെ അന്വേഷണത്തില്‍ ചുരുളഴിയുമ്പോള്‍

നമ്മള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു

കൊലപാതകിയേ ഇടപാടാക്കിയയാളും, കൊല്ലപ്പെട്ട ആളും

അനസൂയാ ദേവിതന്നേ ആണന്ന്

അവസാനത്തേ അതിഥിയിലെ കഥാ സന്ദര്‍ഭങ്ങളിലൂടെ,

സ്നേഹം മരീചികയായി അകന്നകന്നുപോയ അനസൂയാ ദേവിയിലൂടെ, മാധവിക്കുട്ടിയുടെ മനസ്സിലെ കൊടുംകാറ്റുകള്‍

അവര്‍ വായനക്കാരുടെ മനസ്സിലേക്ക് ആവാഹിക്കുന്നു

അതുകൊണ്ടുതന്നേ ആയിരിക്കണം

മാധവിക്കുട്ടിയുടെ ‘അവസാനത്തേ അതിഥി’ എനിക്ക്

അവരുടെ ‘നീര്‍മാതള’ത്തേക്കാള്‍ ഹൃദ്യമായതും!

തന്റെ ഒരു ഇംഗ്ലീഷ് കവിതയില്‍

മകന്റെ അപകടത്തില്‍ മരിച്ചുപോയ സ്കൂള്‍ ടീച്ചര്‍

ഒരു പക്ഷിയായി പറന്നുവരുന്നതിനേപ്പറ്റി അവര്‍ എഴുതിയിട്ടുണ്ട്

ഒരു അഭിമുഖത്തില്‍ തനിക്കും മരണശേഷം അങ്ങിനെ പറന്നുനടക്കണമെന്ന്

അവര്‍ പറയുന്നതും കണ്ടു

അതിനുള്ള ഭാഗ്യവും അവര്‍ക്ക് ലഭിക്കട്ടേ!

അണഞ്ഞുപോയെങ്കിലും ഒരു ജ്വാലയായി എനിക്ക് ഇന്നും തോന്നുന്ന

ഈ വിശ്വസാഹിത്യകാരിക്ക് എന്റെ കൂപ്പുകൈ !!
*********************************

1 comment:

VINAYA N.A said...

എന്റേയും. താങ്കളുടെ എഴുത്തില്‍ തങ്ങി നില്‌ക്കുന്ന ആത്മാര്‍ത്ഥത ഞാന്‍ അനുഭവിച്ചറിയുന്നു.