Wednesday, July 4, 2007

നിഴലായ്....ഒഴുകി ഒഴുകി വരും.....

"നിഴലായ്....ഒഴുകി ഒഴുകി വരും.....യാമങ്ങള്‍ തോറും..ഈ നീല രാവില്‍......"
ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടേയും മനസ്സില്‍ വരുന്ന ഒരു രൂപമുണ്ട്.തൂവെള്ള സാരിയുടുത്ത് ഒരു തൂവല്‍ സ്പര്‍ശം പോലെ മനസ്സിനെ തഴുകി ഒഴുകി മറയുന്ന ഒരു സ്ത്രീ രൂപം. - ഒരാത്മാവ് !!


ഇതൊന്നും ഇല്ല എന്നു പറയുന്ന നിരീശ്വരവാദിക്കും, ഇതെല്ലാം ഉണ്ടെന്നു വിശ്വസിക്കുന്ന വിശ്വാസിക്കും രാത്രിയില്‍ എപ്പോഴെങ്കിലും ഒറ്റക്ക് നടക്കേണ്ടിവരുമ്പോള്‍ ചെവിയില്‍ ഈ പാട്ടിന്റെ ഈരടികള്‍ മുഴങ്ങുന്നതായി തോന്നിപ്പോകും. ഇരുട്ടില്‍ എവിടെ എക്കെയോ അവള്‍ ഒളിച്ച് നില്‍ക്കുന്നതായും തോന്നും. അത്രക്ക് ആ പാട്ട് നമ്മുടെഒക്കെ മനസ്സില്‍ വേരൂന്നിയിരിക്കുന്നു എന്നതാണു സത്യം .


മന്ത്രങ്ങളും,പരേതാത്മാക്കളുമായുള്ള സംഭാഷണങ്ങള്‍ ഉള്ള പൂജകളും മറ്റും ധാരാളം കണ്ടും കേട്ടും ഉള്ളഒരു ബാല്യകാലം ഉള്ളതുകൊണ്ടാകാം എനിക്ക് ഇത്തരം കഥകളില്‍ വിശ്വാസം ഏറിയത്.ഐതിഹ്യമാല പോലുള്ള പുസ്തകങ്ങള്‍ എന്റെ ഈ വിശ്വാസത്തേ കൂട്ടാന്‍ വളരെ കാരണമായിട്ടുണ്ടെന്നും പറയാം.

കരിമ്പനയുടെ മുകളില്‍ താമസിക്കുന്ന നിമിഷം കൊണ്ട് സുന്ദരിയും ഭീകരരൂപിയും ആയി മാറാന്‍ കഴിവുള്ള ഇവര്‍ എന്റെ ബാല്യകാല സഹയാത്രികരായി സ്വപ്നങ്ങളില്‍ നിറഞ്ഞുനിറഞ്ഞുനിന്നിരുന്നു എന്നു തന്നെ പറയാം .

അവരെപ്പറ്റിയുള്ള ഒന്നുരണ്ട് ചെറിയകാര്യങ്ങളായിക്കൊള്ളട്ടേ ഇന്ന് .

സ്കൂളില്‍നിന്നും കേട്ട ഒരു കഥ

രാത്രി ഒരുമണി. ഞങ്ങള്‍ സിനിമാ കഴിഞ്ഞു വരുമ്പോള്‍ രണ്ടുപേര്‍ വഴിയില്‍ ഇരുട്ടത്ത് എന്തോ തപ്പുന്നു.അവരില്‍ ഒരാള്‍ പറഞ്ഞു
“ചേട്ടാ എന്റെ സ്വര്‍ണമോതിരം താഴെപ്പോയി തപ്പീട്ട് കിട്ടുന്നില്ല ഒന്ന് നോക്കാമോ?” ഞങ്ങളും കൂട്ടത്തില്‍ കൂടി യാദൃശ്ചികമായി ടോര്‍ച്ച് അടിച്ചു നോക്കിയപ്പോഴാണ് ആകാഴ്ച്ച കണ്ടത് .അവിടെ നിന്നവര്‍ക്ക് മനുഷ്യന്റെ കാലുകളല്ല .പകരം പോത്തിന്റെ പോലെ ഉള്ള കാലുകള്‍ കാലിന്റെ അറ്റത്ത് വിരലിനു പകരം കുളമ്പുകള്‍ .ഞെട്ടിവിറച്ച് ഞങ്ങള്‍ എങ്ങോട്ടെന്നില്ലാതെ ഓടി. വെളിച്ചമുള്ള ഒരു കവലയിലെത്തിയപ്പോഴാണുശ്വാസം നേരേവീണത് .ആരും പുറകേ വരുന്നില്ല, സമാധാനമായി .
ബസ്സ് സ്റ്റോപ്പിലൊരാള്‍ നില്‍ക്കുന്നതുകണ്ടപ്പോള്‍ അങ്ങോട്ടുചെന്ന് കാര്യങ്ങള്‍ പറഞ്ഞു.അയാള്‍ അവിശ്വസനീയതെയോടെനോക്കുന്നത് കണ്ട് കാര്യങ്ങള്‍ ഒന്നും കൂടി വിശദീകരിച്ചു.
“നിങ്ങള്‍ ശരിക്കും കണ്ടോ ?” അയാള്‍ ചോദിച്ചു .
“എന്റെ ചേട്ടാ ഞങ്ങള്‍ ഒറപ്പായും കണ്ടു .” ഞങ്ങള്‍ വീണ്ടും പറഞ്ഞു .
“ഇതുപോലെ യാണോ?” അയാള്‍ തന്റെ മുണ്ട് അല്‍പം മേലോട്ട് ഉയര്‍ത്തി.
ദൈവമേ! അയാള്‍ക്ക് കാലിന്റെ സ്ഥാനത്ത് പോത്തിന്റെ കാലുകള്‍! വിരലുകള്‍ക്കുപകരം കുളമ്പ് !!പിന്നെ ഞങ്ങള്‍ എങ്ങിനെ വീട്ടിലെത്തിയെന്ന് ഞങ്ങള്‍ക്ക് അറിയില്ല !
ഈ കഥ എത്രരാത്രി എന്റെ ഉറക്കം കെടുത്തിയെന്ന് എനിക്ക് തന്നെ അറിയില്ല.

കലാനിലയം നാടകത്തിലെ രക്തരക്ഷസ്സായിരുന്നു ചേട്ടന്റെ വില്ലന്‍ . ആ നാടകം കണ്ടതിനു ശേഷം ഏതാണ്ട് ഒരു വര്‍ഷത്തേക്ക് രാത്രി ഉറങ്ങുന്നതുവരെ രണ്ടുപേര്‍ ഇരുവശത്തുമായി കട്ടിലില്‍ ഇരിക്കേണ്ട അവസ്ഥയിലായിരുന്നു ചേട്ടന്‍.

രക്ത രക്ഷസ്സ് എന്നേപ്പേടിപ്പിച്ചില്ലപക്ഷേ സായിപ്പ് എന്നെ വിറപ്പിച്ചു.

മനോരമയുടെ വാര്‍ഷികപ്പതിപ്പിലെ ഒരു കഥയായിരുന്നു അത് .
തമിഴ് നാട്ടിലെ മണവാളക്കുറിച്ചിയില്‍ ഒരു സായിപ്പുണ്ടായിരുന്നു. ധനികനായ ഒരു സായിപ്പ് . കടം കയറിമൂടിയപ്പോള്‍ സായിപ്പ് സ്വന്തം ബംഗ്ളാവിലെ കുളിമുറിയില്‍ വച്ച് സ്വയം വെടിവെച്ച് മരിച്ചു .അന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു. കാലം കടന്നുപോയി സായിപ്പിന്റെ ബംഗ്ലാവിന്റെ പരിസരം കാടുകയറി. ഒരു വെള്ളിയാഴ്ച്ച രാത്രി സായിപ്പിന്റെ പ്രേതം ബംഗ്ളാവിലെ കുളിമുറിയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു . പിന്നീടുള്ള എല്ലാ വെള്ളിയാഴ്ച്ചകളിലും ഇതാവര്‍ത്തിച്ചു .സായിപ്പ് വരുമ്പോള്‍ ആള്‍ത്താമസമില്ലാത്ത കറണ്ട് കണക് ഷന്‍ നിര്‍ത്തലാക്കിയ ബംഗ്ലാവില്‍ വൈദ്യുതി വിളക്കുകള്‍ താനേ തെളിയും.നാട്ടുകാര്‍ പലശബ്ദങ്ങളും കേള്‍ക്കാറുണ്ട് .അവസാനം കുളിമുറിയില്‍ നിന്നും ഒരു വെടിയുടെ ശബ്ദത്തോടെ എല്ലാം അവസാനിക്കും .പിന്നെ അടുത്ത വെള്ളിയാഴ്ച്ച വരെ എല്ലാം ശാന്തം.

ഈ കഥ വായിച്ചതോടെ വെള്ളിയാഴ്ച്ച ദിവസം കുളിമുറിയില്‍ കയറാന്‍ എനിക്ക് വലിയ ഭയമായി .മണവാളക്കുറിച്ചിയിലെ സായിപ്പ്പൈപ്പും പുകച്ച് കുളിമുറിയില്‍ ഇരിപ്പുണ്ടെങ്കിലോ എന്നായിരുന്നു എന്റെ വിചാരം.


വര്‍ഷങ്ങള്‍ നീണ്ട ഈ പേടിയില്‍ നിന്നും എന്നെ രക്ഷിച്ചത്
മറ്റൊരു പ്രേതകഥയായിരുന്നു.
ഒരു പൗര്‍ണമിദിവസം. ഒരു തിരുമേനി നടന്നു വരികയാണ്. അന്തരീക്ഷത്തില്‍ പാല പൂത്തതിന്റെ മണം.ചുറ്റും കരിമ്പനകള്‍ ഉയര്‍ന്നുനില്‍ക്കുന്ന വഴി.തിരുമേനിക്ക് ഉള്ളില്‍ ഭയം തോന്നിത്തുടങ്ങിയതിനാല്‍ രക്ഷക്കായി പഞ്ചാക്ഷരി മന്ത്രം [നമ:ശിവായ ]ജപിച്ചുകൊണ്ടാണു നടക്കുന്നത് .പെട്ടന്നാണാ കാഴ്ച്ച കണ്ടത് .പാതയോരത്ത് ഒരു സുന്ദരി നില്‍ക്കുന്നു .കണ്ണഞ്ചിക്കുന്ന സൗന്ദര്യം! വശ്യമായ ഒരുസുഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. തിരുമേനി ഒന്നുകൂടിനോക്കി. ഈശ്വരാ! അവളുടെ കാലുകള്‍ നിലത്തുതൊട്ടിട്ടില്ല. ഇനി എന്തു ചെയ്യും? നാളെ രാവിലെ തന്റെ എല്ലിന്‍ കഷണങ്ങള്‍ കരിമ്പനച്ചുവട്ടില്‍ കിടക്കുന്ന കാഴ്ചയോര്‍ത്ത് ഞെട്ടി രക്ഷക്കായി തിരുമേനി ദേവീ മന്ത്രം ചൊല്ലാന്‍ തുടങ്ങി.

“സിന്ദൂരാരുണ വിഗ്രഹാം തൃണയനാം മാണിക്യമൗലീസ്ഫുര- ത്താരാനായകശേഖരാംസ്മിതമുഖീ മാപീന വക്ഷോരൂഹാം.
പാണിഭ്യാമളിപൂര്‍ണ രക്തചഷകം രക്തോല്‍പലം ബിഭ്രുതീം.....

ഇത്രേം ആയപ്പോഴേക്കും തിരുമേനിയേ അമ്പരപ്പിച്ചുകൊണ്ട് പ്രേതം പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു
“എന്താ നമ്പൂരീ, താന്‍ വാളുകളഞ്ഞിട്ട് വടിയെടുത്തോ?”

കഥ ഇത്രേയുമേ ഉള്ളു . എന്നാല്‍ പ്രേതത്തിന്റെ ആ ചോദ്യം എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു .നമ:ശിവായ എന്നമന്ത്രം പ്രേതങ്ങള്‍ക്കെതിരേ ഒരു വാളായി എന്റെ മനസ്സ് വീശാന്‍ തുടങ്ങി .പിന്നെ വെള്ളിയാഴ്ച്ചകളില്‍ കുളിമുറിയില്‍ പോകാന്‍ എനിക്ക് ഭയമുണ്ടായിരുന്നില്ല . നമശ്ശിവായ ഒരു മലയാളം വാക്കാണന്നും സായിപ്പിനു മലയാളം അറിയാന്‍ മേലന്നും ഒരു കൂട്ടുകാരന്‍ മുന്നറിയിപ്പു തരുന്നതു വരെ.

കാലം എത്രകഴിഞ്ഞു!
ഇപ്പോഴും പാലപൂക്കുന്ന മണം ഉള്ള വെള്ളിയാഴ്ച്ച രാത്രികളില്‍ മണവാളക്കുറിച്ചിയിലെ ആ സായിപ്പിനെ ഞാന്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കാറുണ്ട് .
പൈപ്പും പുകച്ച് കുളിമുറിയില്‍ ഇരിക്കുന്ന ആ സായിപ്പിനെ !

5 comments:

ശാലിനി said...

ആദ്യത്തെ കഥ “പോത്തിന്‍ കാല്‍“ എന്നപേരില്‍ ഞങ്ങളെയൊക്കെ കുറേപേടിപ്പിച്ചതാണ്, പ്രത്യേകിച്ച് കറന്റ് കട്ടിന്റെ സമയത്ത്.

സ്ക്കൂളിന്റെ മൂന്നാംനിലയില്‍ നിന്നാരോ താഴെവീണു മരിച്ചിട്ടുണ്ടെന്നും ആ കുട്ടിയുടെ പ്രേതം അവിടെ കറങ്ങിനടപ്പുണ്ടെന്നും... ഹൊ മൂന്നാംനിലയിലെ ഒരുക്ലാസില്‍ ഒരുദിവസം സ്പെഷ്യല്‍ക്ലാസിന് പോയിട്ട് പ്വേടിച്ചുനടന്നതോര്‍മ്മ വരുന്നു.

Anonymous said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.

achu said...

manavala kurichiyile pretham nangaleyum pedipichathanuu.katha parannu thannathu matarumalla, pala sreenivasan enna ente ponnammaa thanneyannu.

achu said...

lemme add another ghost story.this happened in the very same household of palasreenivasan.
after hearing so many ghost stories,v planned 2 write 1 ourselves.v means v all cousins,including sree n vishnu.well story didn't go well.however v all daredevils got gd fright,not even able go 2 bathroom.i still recall taking turns in standing outside bathroom n talk 2 the 'daiyryashali' inside.

deepdowne said...

കല്‍പനാ ചൗളയുടെ 'പ്രേതം' ഇറങ്ങിയതറിഞ്ഞോ? ഇല്ലെങ്കില്‍ ഇവിടെ വായിക്കുക.