Sunday, June 24, 2007

പ്രവാചകന്റെ വഴി.

[പാലാ സെന്റ് തോമസ്സ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മേധാവിയും , പ്രശസ്തജ്യോതിഷ പണ്ഡിതനുമായിരുന്ന എന്റെ അഛനെ ക്കുറിച്ച് ഒരു അനുസ്മരണം.]

ശ്രീമതി ലളിതാമ്പിക അന്തര്‍ജ്ജനത്തിന്റെ മകനും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ. എന്‍ .മോഹനന്‍ തന്റെ പ്രീയ സുഹൃത്തിനെപ്പറ്റി ഇങ്ങനെ എഴുതി "ഇടക്കാനാല്‍ രാമകൃഷ്ണപിള്ള പഠിക്കുന്ന കാലത്തുതന്നെ പക്വമതിയാണ്. ജ്യോതിഷം, പരേതാത്മാക്കളുമായുള്ള സംഭാഷണം മുതലായ അത്ഭുത കലാവിദ്യകള്‍ അന്നേ അറിയാം.നല്ല സ്നേഹിതനായിരുന്നുവെങ്കിലും എനിക്ക് അദ്ദേഹത്തേ പേടിയാണ്. കാരണം ഞാന്‍ എന്റെ വിവാഹക്ഷണക്കത്തുമായിക്ഷണിക്കുവാന്‍ ചെന്നപ്പോള്‍ കാര്‍ഡുവാങ്ങി തീയതിയും മുഹൂര്‍ത്തവും നോക്കിയിട്ട് ഇല്ല ഞാന്‍ വരില്ല എന്നുപറഞ്ഞു. വന്നേഒക്കൂ എന്ന് നിര്‍ബന്ധിച്ചപ്പോള്‍ നിശ്ചയിച്ച തീയതിയില്‍ വിവാഹം നടക്കില്ല . പിന്നെ എന്തിനു വരണം എന്നായി. ആ വിവാഹം നിശ്ചിത തീയ്യതിയില്‍ മുടങ്ങി എന്ന ദുഖകരമായസത്യം അഭിമുഖീകരിക്കേണ്ടിവന്നതിനുശേഷം ഭയമാണ്. ദൂരെനിന്ന് നിന്ന് നന്മ നേരുകയല്ലാതെ അടുക്കല്‍ ചെല്ലാനോ ഫോണില്‍ സംസാരിക്കുവാനോ ധൈര്യമില്ല .നമ്മെ വല്ല പട്ടിയോ എലിയോ ആയി മാറ്റിക്കളഞ്ഞാലെന്തുചെയ്യും?”
--- ഭാഷാപോഷിണി, ഒക്ടോബര്‍ 1998.

ആ രാമകൃഷ്ണപിള്ളയാണ് എന്റെ അഛന്‍. ജീവിതത്തിലുടനീളം റാങ്കിന്റെ തിളക്കവും മികവിന്റെ നിലവാരവും പുലര്‍ത്തിയ എന്റെ അഛന്‍ .

ശ്രീരാമകൃഷ്ണ പരമഹംസരോട് അപ്പൂപ്പനും അമ്മൂമ്മയും പ്രത്യേക പ്രാര്‍ത്ഥന നടത്തി ലഭിച്ച മകനാണഛനെന്ന് കേട്ടിട്ടുണ്ട് . 1102 ലെ മേടമാസത്തിലെ ചിത്രാപൗര്‍ണമിനാളില്‍ പ ഞ്ചമഹാപുരുഷയോഗങ്ങളില്‍ ഒന്നായ മാളവ്യയോഗത്തോടുകൂടിയ അതിവിശിഷ്ടമായ ഒരു സമയത്തായിരുന്നു അഛന്റെ ജനനം.

പത്താംക്ലാസ്,ബി എസ്സി, എം എസ്സി ,സാഹിത്യ വിശാരദ്, ശാസ്ത്രി തുടങ്ങി എഴുതിയ എല്ലാ പരീക്ഷകളിലും മറ്റുള്ളവരെ വളരെ പിന്നിലാക്കിക്കൊണ്ട് ഒന്നാം റാങ്ക് അഛനെ തേടിയെത്തി .

ബി എസ്സി പരീക്ഷയില്‍ അഛന്റെ പരീക്ഷാപേപ്പറില്‍ ഒരു മാര്‍ക്കെങ്കിലും കുറക്കാന്‍ മാര്‍ഗമില്ലാതെ കുഴങ്ങിയ പരിശോധകന്‍ അവസാനം വെറുതേ ഒരു - 3 ഇട്ട് 500 ല്‍ 497 മാര്‍ക്ക്നല്‍കി. കേരളത്തില്‍ ഇന്നുവരെ ആര്‍ക്കും എത്തിപ്പിടിക്കാനാവത്ത ഒരു നിലവാരമായിരുന്നു അത് .

രാമപുരം സ്കൂളില്‍ പത്താം ക്ലാസ് ഇല്ലാതിരുന്നതിനാല്‍ പഠിക്കതെ നിന്ന 5 വര്‍ഷക്കാലത്താണ് അഛന്‍ ജ്യോതിഷം പഠിക്കുന്നത് . അയല്‍ വാസിയായിരുന്ന വൈക്കം അയ്യപ്പനാശാനും മകന്‍ വിശ്വനാഥന്‍ ജ്യോല്‍സ്യരുമായിരുന്നു ഗുരുക്കന്മാര്‍ .

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ജോലിക്ഷണം വേണ്ടന്നുവെച്ച് രാമപുരം ഹൈസ്കൂളിലും പിന്നീട് പാലാ കോളേജിലും ജോലിചെയ്യുവാന്‍ അഛനെ പ്രേരിപ്പിച്ചതെന്താണെന്ന് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.

എനിക്ക് വിചിത്രമായി തോന്നിയ ഒന്നായിരുന്നു അഛന്റെ ശിവ ഭക്തി. രാമപുരത്ത് തൊട്ടടുത്തുള്ള ശ്രീരാമക്ഷേത്രത്തില്‍ പോകാതെ പള്ളിയാമ്പുറം ശിവക്ഷേത്രത്തില്‍ അഛന്‍ നിത്യവും പോയിരുന്നു. പാലായിലാണെങ്കില്‍ പുലിയന്നൂര്‍ ശിവക്ഷേത്രത്തില്‍ പോകുന്നത് ഒരിക്കലും മുടക്കാറില്ല.വീട്ടില്‍ ഞങ്ങള്‍ ബാക്കി എല്ലാവരും കൃഷ്ണ ഭക്തരും.

ഞാന്‍ ഒരിക്കല്‍ ഇതിനെപ്പറ്റിചോദിച്ചു .

“നീ പുരാണങ്ങള്‍ വായിക്കുന്ന ആളല്ലേ , അപ്പോള്‍ ഞാന്‍ പറയണോ?”
എന്നൊരു മറുചോദ്യമായിരുന്നു മറുപടി.

എനിക്ക് മനസ്സിലായില്ല എന്നുതോന്നിയിട്ട് അഛന്‍ വിശദീകരിച്ചു.

“ഈ ലോകത്ത് നമുക്ക് അറിയാന്‍ പാടില്ലാത്ത ഒരുപാടുകാര്യങ്ങളുണ്ട് എങ്കിലും കൈലാസനാഥനായ ശിവനാണെല്ലാത്തിനും അവസാന വാക്ക് . മഹാവിഷ്ണുപോലും നിസ്സഹായനാകുമ്പോള്‍ ശിവനേയാണഭയം പ്രാപിക്കുക. അതാണെന്നെ അവിടെ എത്തിച്ചത് .”

“അപ്പോള്‍ അഛനു പരമശിവനില്‍ നിന്നും ഒരു വരം കിട്ടണമെന്നാണൊ ആഗ്രഹം?”
ഞാന്‍ തമാശയായി ചോദിച്ചു.
എന്നെ അമ്പരപ്പിച്ചുകൊണ്ട് അഛന്‍ പറഞ്ഞു .
“അതേ, എന്നാല്‍ നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റൂ!”

“അതെന്തു വരം?” ഞാന്‍ ചോദിച്ചെങ്കിലും അഛന്‍ മറുപടി പറഞ്ഞില്ല. പകരം ഒരു ചിരി ചിരിച്ചു . ആ ചിരിയുടെ അര്‍ത്ഥം എനിക്കറിയാം . ഇനി ചോദിച്ചിട്ടു കാര്യമില്ല നിനക്കത് വഴിയേ മനസ്സിലായിക്കൊള്ളും എന്നാണതിന്റെ അര്‍ത്ഥം.

ഇതുപോലൊരു സം ഭവം പിന്നീടൊരിക്കലും ഉണ്ടായി. അഛന്റെ എഴുപത്തിനാലാം പുറന്നാളിനു പിറ്റേദിവസം സന്ധ്യാനാമജപത്തിനുശേഷം ഒരുപുതിയ പുസ്തകം അഛന്‍ വായിക്കുന്നത് ഞാന്‍ കണ്ടു. ചോദിച്ചപ്പോള്‍ അഛന്‍ വിശദീകരിച്ചു .

“ ഇതാണു ദേവീ മാഹാത്മ്യം. നമുക്ക് വരാനുള്ളത് തടയുവാന്‍ ആര്‍ക്കും പറ്റില്ല എന്നാല്‍ അതിന്റെ കട്ടികുറക്കാന്‍ ഈ പുസ്തകം നിത്യവും വായിച്ചാന്‍ സാധിക്കും.”
“ എന്തുവരുമെന്നാണഛന്‍ പറയുന്നത് ?” എനിക്ക് മനസ്സിലായില്ല.
അഛന്‍ മറുപടി പറഞ്ഞില്ല . പകരം പഴയ ആ ചിരി ചിരിച്ചു .
ഇനി ചോദിച്ചിട്ടു കാര്യമില്ല നിനക്കത് വഴിയേ മനസ്സിലായിക്കൊള്ളും എന്ന അര്‍ത്ഥത്തില്‍.

2002 സെപ്റ്റമ്പര്‍ 4നു പാലാടൗണില്‍ വച്ചൊരു ബൈക്ക് ഇടിച്ചതിനേതുടര്‍ന്ന്
അഛന്‍ ആശുപത്രിയിലായി.
പിറ്റേന്ന് ഉച്ചക്ക് 2.30നു അഛന്‍ പറയുന്നത് മനസ്സിലാകുന്നില്ല എന്നുപറഞ്ഞ്
നേഴ്സ് എന്നെ അകത്തേക്കു വിളിച്ചു

“അപ്പച്ചനു ഇതാരാണെന്നുമനസ്സിലായോ?” നേഴ്സ് ചോദിച്ചു .
ഇതെന്തു ചോദ്യം എന്നമട്ടില്‍ അഛന്‍ ചിരിച്ചു. മറുപടിയും പറഞ്ഞു .
“എന്റെ ഭാര്യയും മകനും.”
എന്നിട്ട് എന്നോടു പറഞ്ഞു
“എടാ എനിക്ക് നെന്‍ചത്ത് ഒരു വിഷമം പോലെ തോന്നുന്നുണ്ട് .
നീ എന്റെ മേശക്കകത്തുനിന്ന് ജലൂസിലോ സോര്‍ബിറ്ററേറ്റോ ഒന്നെടുത്തു താ .”

അഛന്റെ സുഹൃത്ത് ഇലവുങ്കന്‍ സാര്‍ പോക്കറ്റില്‍ നിന്നും ഒരു സോര്‍ബിറ്ററേറ്റ് എടുത്തുതന്നു .
ഞാന്‍ അത് അഛന്റെ നേരേനീട്ടി .എന്നാല്‍ അപ്പോഴേക്കും അഛന്‍ ഈ ലോകം വിട്ടിരുന്നു.

അപകടമരണമാകയാല്‍ പ്രത്യേകം കര്‍മ്മങ്ങള്‍ വല്ലതും ചെയ്യണമോ എന്നറിയാന്‍
മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞ് ഞാനും ചേട്ടനും കൂടി അഛന്റെ ഗുരുവായ തൊടുപുഴയിലെ വിശ്വനാഥന്‍ ജോല്‍സ്യരുടെ അടുത്തെത്തി .

ജാതകക്കുറിപ്പുനോക്കി കൊച്ചാശാന്‍ അല്‍പ്പസമയം നിശബ്ദനായിരുന്നിട്ടു പറഞ്ഞു .
“ഇതൊരു ദുര്‍മ്മരണമല്ല . ജന്മ ഫലമാണ് .
എഴുപത്തി അഞ്ചാമത്തെ വയസ്സില്‍ വാഹനാപകടത്തില്‍ തലക്ക് പരിക്കുപറ്റി വീടിനു പുറത്തുവച്ച് മരിക്കുമെന്ന് ഈ ജാതകത്തില്‍ വ്യക്തമായ സൂചനയുണ്ട് .
രാമകൃഷ്ണപിള്ളക്ക് അത് കൃത്യമായിട്ടറിയാമായിരിന്നിരിക്കണം.”

എന്റെ മനസ്സിലെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അതിലുണ്ടായിരുന്നു.
ഹോരശാസ്ത്രത്തിന്റെ സഹൃദയ വ്യാഖ്യാനം എഴുതിയ,
കേരള ജ്യോതിഷ പരിഷത്ത് ജ്യോതിഷാചാര്യ ബഹുമതി നല്‍കിയ
എന്റെ അഛന് സ്വന്തം വിധി വളരെനേരത്തേ തന്നെ അറിയാമായിരുന്നു.
സര്‍വ ഐശ്വര്യങ്ങളും ധനവും പ്രശസ്തിയും എന്നുവേണ്ട നരവാഹനം വരെ
വിധിച്ചിട്ടുള്ള തന്റെ ജാതകത്തില്‍ പറഞ്ഞിട്ടുള്ള എല്ലാനല്ലകാര്യങ്ങളും ലഭിച്ചപ്പോള്‍
തീര്‍ച്ചയായും അവസാനം വിധിച്ചിട്ടുള്ള ഭീകരമായ മരണവും
തനിക്കനുഭവിക്കേണ്ടിവരുമെന്ന് അഛനു തീര്‍ച്ചയായിരുന്നു .

എന്നിട്ടും അഛന്‍ ഭയന്നില്ല. ഇക്കാര്യം ആരേയും അറിയിച്ചുമില്ല .
പകരം താന്‍ പഠിച്ച ശാസ്ത്രം വിധിച്ചിട്ടുള്ള വഴികളില്‍കൂടി അതിനെ ധൈര്യമായി നേരിട്ടു.

ബൈക്ക് തട്ടി വീണപ്പോള്‍ വളരെ ചെറിയ അകലത്തില്‍ ബ്രേക്കിട്ടു നിര്‍ത്തിയ തൊട്ടു പുറകേ വന്ന ബസ്സ് പാലായില്‍ ഏറ്റവും കൂടുതല്‍ സ്പീഡില്‍ ഓടിക്കുന്ന വണ്ടികളില്‍ ഒന്നായ പി റ്റി എം എസ്സിന്റെ കോട്ടയം ചോലത്തടം ഫാസ്റ്റു പാസഞ്ചര്‍ ആയിരുന്നു എന്നത്
ഞാന്‍ നടുക്കത്തോടെയാണിന്നും ഓര്‍ക്കുന്നത് .
ദേവീ മാഹാത്മ്യം ഞാന്‍ വായിച്ചു തുടങ്ങിയത് അതിനു ശേഷമാണ്.

മരണത്തിനു മുന്‍പ് ആശുപത്രിയില്‍ വച്ച് അത്ഭുതകരമായി
അഛനു താന്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതായി ഒരു മായക്കാഴ്ച്ച ഉണ്ടായിരിന്നിരിക്കണം. അല്ലങ്കില്‍ പൂര്‍ണ ബോധത്തോടെ എന്നെ തിരിച്ചറിഞ്ഞ അഛന്‍
വീട്ടിലെ മേശയിലിരിക്കുന്ന മരുന്ന് എടുത്തു തരാന്‍ പറയുമോ?

വിധി അഛനെ ജാതകത്തില്‍ പറഞ്ഞിരുന്ന വിധത്തില്‍ തന്നെ കൊണ്ടുപോയി .
എന്നാല്‍ അഛന്‍ താന്‍ ആഗ്രഹിച്ചപോലെ സമാധാനമായി സ്വന്തം വീട്ടിലെ കട്ടിലില്‍ കിടക്കുകയാണെന്ന വിചാരത്തില്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

ഇത്രയും വലിയ ഒരു ഭാഗ്യം അഛനു നല്‍കാന്‍
കൈലാസനാഥനായ സാക്ഷാല്‍ ശ്രീ പരമേശ്വരനല്ലാതെ മറ്റാര്‍ക്കു സാധിക്കും?
ഒരുപക്ഷേ അതായിരുന്നിരിക്കാം അഛന്‍ അവിടെനിന്നും ആഗ്രഹിച്ചിരുന്ന വരവും.

4 comments:

വക്കാരിമഷ്‌ടാ said...

അച്ഛനെപ്പറ്റി കേട്ടിട്ടുണ്ട്. ഈ ബ്ലോഗിലെ ചില സംവാദങ്ങളില്‍ താങ്കളുടെ അച്ഛനെപ്പോലുള്ള ചിലരുടെ സാന്നിദ്ധ്യം ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു-മറുവശം എന്താണെന്നറിയാനുള്ള താത്‌പര്യം കാരണം.

എന്താണ് പറയേണ്ടതെന്നറിയില്ല, ഈ കുറിപ്പ് വായിച്ചുകഴിഞ്ഞപ്പോള്‍.

തമ്പിയളിയന്‍ said...

അച്ഛ്ന്റ്റെ ആത്മാവിനു ശാന്തി കിട്ടട്ടെ എന്ന് പ്രാര്‍ധിക്കാം! എഴുതുന്ന രീതിയും കൊള്ളാം.


എന്നാലും ജ്യോതിഷത്തില്‍ എനിക്ക് വല്യ വിശ്വാസമില്ല. അതെന്റെ വിശ്വാസമായും കാണാമല്ലോ....

ഫ്രാന്‍‍സിയര്‍ said...

ഒരര്‍ധതില്‍ നമൊക്കെ പ്രവാചകര്‍ തന്നെ!!!
അന്തരാല്‍മാവിലെക്കുള്ള യാത്ര ദുര്‍ഘടമാണല്ലൊ
ശ്രിനി വളരെ നന്നാവുന്നു.

M S Nath said...

Your dad wrote my horoscope, not only mine, my sister's aswell. Let me tell ya, them are incredible . Everything written in that is happening. I am just wondering how is that possible. I wish if I could meet him.