Sunday, June 10, 2007

കേവലം യാദൃശ്ചികം എങ്കിലും............!!!

പഴനിമലയുടെ മുകളില്‍ പ്രസാദ കൗണ്ടറിന്റെ എതിര്‍വശത്ത് ഒരു കല്‍പ്പടവിലിരുന്നു
ആ പെണ്‍കുട്ടിയെ ഞാന്‍ കുറച്ചുനേരമായിശ്രദ്ധിക്കുകയായിരുന്നു.
ആകെ അസ്വസ്ഥയായി അവള്‍ പലതവണ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.

ഞാനും വിഷ്ണുവും ശ്രീമോളും പടികള്‍ മുഴുവനും നടന്നു കയറി അവിടെ വന്നിട്ട് ഏതാണ്ട് അരമണിക്കൂറായിക്കാണും. അമ്മക്ക് പടി നടന്നുകയറാന്‍ പറ്റാത്തതുകൊണ്ട് അമ്മയും ശ്രീജയും വിഞ്ചില്‍ [പഴനിമലയുടെ മുകളില്‍ കയറാനുള്ള ചെറു ട്രയിന്‍ ]വരുന്നതും കാത്തിരിക്കുകയാണു ഞങ്ങള്‍ .തണുത്തകാറ്റുള്ള ആ പ്രഭാതത്തില്‍ ആ ഇരുപ്പിനു ഒരു പ്രത്യേകസുഖം ഉണ്ടായിരുന്നു.

ഇടക്കെപ്പോഴോ ഒരു നിമിഷം ആ പെണ്‍കുട്ടി ഞങ്ങളേ നോക്കി നിന്നു. എന്നിട്ട് അടുത്തേക്കു വന്നു. സൗഹൃദഭാവത്തില്‍ ചിരിച്ചു കൊണ്ട് ചോദിച്ചു
“ഞാനും കൂടി കുറച്ചുനേരം നിങ്ങളുടെ കൂടെ ഇരുന്നോട്ടേ?”

ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ പരിചയപ്പെട്ടു.
അവളുടെ പേരു അഞ്ജന.വീട് കോഴിക്കോട്ട്. പഴനിയില്‍ മകനു ചോറുകൊടുക്കുവാനായി വന്നതാണു. ഭര്‍ത്താവും മകനും അമ്മയും കൂടി വിഞ്ചില്‍ വരുന്നുണ്ട് . അഞ്ജനയും അഛനും കൂടി നേരത്തേ പടി കയറിവന്നു. അഛന്‍ അകത്തേക്ക് പോയിട്ട് ഇതുവരെ കണ്ടില്ല. വിന്‍ച്ചും വന്നില്ല. അറിയാത്ത ഭാഷ സംസാരിക്കുന്നവരുടെ ഇടക്ക്
ആകെ വിഷമിച്ചുനിന്നപ്പോളാണു ഞങ്ങളേ കണ്ടത്. ഇപ്പോള്‍ ഒരു സമാധാനം തോന്നുന്നു.

“ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ന്യൂസ് വായനക്കാരിയുടെ പേരും അഞ്ജന എന്നാണുകേട്ടോ”
ഞാന്‍ പറഞ്ഞപ്പോള്‍ അഞ്ജനപൊട്ടിച്ചിരിച്ചു.
“ചുമ്മാതല്ല എനിക്ക് നിങ്ങളേ കണ്ടപ്പോള്‍ പരിചയം തോന്നിയത് .”

ആദ്യമായി കാണുന്നവരായിരുന്നെങ്കിലും ഞങ്ങള്‍ക്കിടയില്‍ സംസാരിക്കുവാന്‍ വിഷയങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായിരുന്നില്ല . പെട്ടന്നുതന്നെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിമാറി .

അഞ്ജന ഞങ്ങളുടെ കൂടെ ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം സംസാരിച്ചിരുന്നു.
അപ്പോഴാണു അവളുടെ വീട്ടുകാര്‍ വിഞ്ചില്‍ മുകളിലെത്തിയത് . അഞ്ജന എന്നെ ഭര്‍ത്താവിനു പരിചയപ്പെടുത്തി .

“ഇത് പാലായിലുള്ള ഒരു വെറ്റേറിനറി ഡോക്ടറാണ്. ഞങ്ങള്‍ കുറേനേരമായി വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു.”

“ വലിയ ഉപകാരം ചേട്ടാ,വിന്‍ച്ച് ഒരുപാട് താമസിച്ചു . അഞ്ജന ഒറ്റക്കാണല്ലോ എന്നോര്‍ത്ത് ഞങ്ങളും വിഷമിച്ചു .”
അഞ്ജനയുടെ ഭര്‍ത്താവ് നന്ദിയോടെ എന്റെ കൈ കവര്‍ന്നു.

“നിങ്ങള്‍ തമ്മില്‍ അറിയാമായിരുന്നോ?”
എന്റെ ഭാര്യ ശ്രീജ അത്ഭുതത്തോടെ അടുത്തേക്കു വന്നു.
ഞാന്‍ അമ്പരന്നുപോയി .ശ്രീജയെങ്ങിനെയണിവരെ അറിയുക?
“ ഇത്രയും നേരം ഞങ്ങളുടെ മോന്‍ ഈ ശ്രീജയുടെ കൂടെയല്ലായിരുന്നോ?”
അഞ്ജനയുടെ അമ്മായിഅമ്മയും കൂട്ടത്തില്‍ ചേര്‍ന്നു.

എനിക്ക് അപ്പോഴേക്കും കാര്യങ്ങള്‍ വ്യക്തമായി കഴിഞ്ഞിരുന്നു.
മലമുകളില്‍ അഞ്ജന ഞങ്ങളുടെ അടുത്ത സുഹൃത്തായിമാറിയസമയം
മലക്കുതാഴെ വിഞ്ച് സ്റ്റേഷനില്‍ വച്ച് അഞ്ജനയുടെ ബാക്കി കുടുബാംഗങ്ങള്‍ എന്റെ കുടുബത്തിന്റെ അടുത്ത സുഹൃത്തുക്കളായിമാറി.

ഞാന്‍ പഴനിമലയില്‍ അന്നു മുരുകദര്‍ശനത്തിനെത്തിയ
ജനക്കൂട്ടത്തിലേക്ക് ഒന്നു നോക്കി. എന്തൊരു തിരക്ക്!!
ഈ തിരക്കിനിടയില്‍ ഇതുപോലെ ഒരു പരിചയപ്പെടല്‍ .

എനിക്ക് അത്ഭുതം തോന്നി .

ഞങ്ങള്‍ക്കിടയില്‍ വല്ല മുജ്ജന്മ ബന്ധവും ഉണ്ടായിരുന്നോ ?
അതോ ഇത് കേവലം യാദൃശ്ചികമോ.............................?

1 comment:

വിചാരം said...

തികച്ചും യാദൃശ്ചികമായ കൂട്ടിമുട്ടല്‍ വായിച്ചു. രസായിരിക്കുന്നു.. നമ്മള്‍ എങ്ങോ.. എപ്പോഴോ കണ്ട സ്വപ്നമോ മറ്റോ .. നമ്മുടെ ജീവിതത്തില്‍ അതേപടി സംഭവിക്കുന്നത് .. അപ്പോള്‍ നമ്മള്‍ ഓര്‍ക്കാറില്ലേ.. എവിടെ വെച്ചായിരുന്നു ഇതലാം എന്റെ മനസ്സില്‍ വന്നത് .. സത്യത്തില്‍ അതാദ്യത്തെ കാഴ്ച്ചയായിരിക്കാം. ജീവിതം ഒരു മായയല്ലേ???