Wednesday, June 6, 2007

വീണ്ടും ഒരു വിഷ്ണുക്കഥ........!!!

ഒരു സൈക്കിള്‍ വേണം.
അത്രയേ ഉണ്ടായിരുന്നൊള്ളൂ അന്നെന്റെ ആവശ്യം.
ഒരു പത്താം ക്ലാസ്സ് വിദ്യാത്ഥിക്കതനാവശ്യമൊന്നുമായിരുന്നുമില്ല.
പല തവണ വീട്ടില്‍ അവതരിപ്പിച്ചു. പക്ഷേ നടന്നില്ല.
നടക്കുന്ന ലക്ഷണവുമില്ല. ഞാന്‍ ആകെ അസ്വസ്ഥനായി.
എന്നെ ആരുസഹായിക്കും??
ഊണിലും ഉറക്കത്തിലും ചിന്ത അതായി.

അവസാനം ഒരു വഴി എന്റെ മുന്‍പില്‍ തെളിഞ്ഞു
“പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്.”
അതിലെ പണം എത്രയോ പേര്‍ക്ക് വാരിക്കോരി ക്കൊടുക്കുന്നു.
അതില്‍നിന്നും ഒരു സൈക്കിളുവാങ്ങാനുള്ളതുക എനിക്കുതന്ന്,
എന്റെ ദുരിതം പ്രധാന മന്ത്രിക്കു അവസാനിപ്പിച്ചുകൂടേ??

പലരാത്രികളിലും അതായി പിന്നത്തേ ചിന്ത.
അധികം കഴിയാതെ ഞാന്‍ അതിനായി ഒരു കത്ത് തയാറാക്കി.
വിലാസവും എഴുതി.

ശ്രീമതി ഇന്ദിരാ ഗാന്ധി,
പ്രധാന മന്ത്രി,
ന്യൂ ഡെല്‍ഹി .

ആ കത്ത് ഞാന്‍ പോസ്റ്റുചെയ്തില്ല.
അതിനുമുന്‍പേ എനിക്ക് പുതിയസെക്കിള്‍ കിട്ടി.

ഞാന്‍ ആ കത്ത് ആരും കാണാതെ വലിച്ചുകീറിക്കളയുകയും ചെയ്തു.
അത് എനിക്കുമാത്രം അറിയാവുന്ന ഒരു രഹസ്യമായി അവസാനിച്ചു.

കാലം കുറേക്കഴിഞ്ഞു,
എന്റെ മകന്‍ വിഷ്ണു ഒരു പത്താം ക്ലാസ് വിദ്യാത്ഥിയായി.
കുറച്ചുദിവസങ്ങളായി അവന്‍ അസ്വസ്ഥനാണന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ചോദിച്ചിട്ട് ഒന്നുമില്ലന്നും പറയുന്നു.
ഞാന്‍ അവനെ രഹസ്യമായി നിരീക്ഷിച്ചു തുടങ്ങി.
ഒരുദിവസം അവന്‍ എന്തെക്കെയോ

കുത്തിക്കുറിക്കുന്നത് ഞാന്‍ കണ്ടു.
അവന്‍ ഉറങ്ങിക്കഴിഞ്ഞ് ഞാന്‍ ആ കടലാസ്സ് എടുത്തു നോക്കി.

അത് ഒരു കത്തായിരുന്നു.
“സര്‍ അങ്ങ് മറ്റുള്ളവരില്‍ നിന്നും
വളരെ വ്യത്യസ്തമായിചിന്തിക്കുന്നയാളാണെന്നെനിക്കറിയാം.
അതുകൊണ്ട് അങ്ങയുടെ മുന്നില്‍ ഞാന്‍ ഒരു അപേക്ഷ വയ്ക്കട്ടേ.
ഇപ്പോള്‍ 18 വയസ്സുകഴിഞ്ഞവര്‍ക്കാണ് കാര്‍ ഓടിക്കുവാന്‍
ലൈസന്‍സ് കൊടുക്കുന്നത് .
എന്നാല്‍ ‍ഇവരില്‍ പലര്‍ക്കും വണ്ടിഓടിക്കുവാന്‍ അറിയില്ലാതാനും.
അതേസമയം 14വയസ്സുള്ള ഒരാളിനു വണ്ടിഓടിക്കുവാന്‍ അറിയാമെങ്കിലും
പ്രായമായില്ല എന്നപറഞ്ഞു ലൈസന്‍സ് ലഭിക്കുന്നില്ല.
സാര്‍,

പ്രായത്തേക്കാള്‍ അറിവിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത് ?
അതുകൊണ്ട് പ്രായം നോക്കാതെ
വണ്ടിഓടിക്കുവാന്‍ അറിയാവുന്നവര്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന
ഒരു നിയമം ഉണ്ടാക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു.”

ഞാന്‍ വിലാസത്തിലേക്ക നോക്കി

“ശ്രീ എ പി ജെ അബ്ദുള്‍ക്കലാം,
പ്രസിഡന്റ് ,
ന്യൂഡെല്‍ഹി.”

ഞാന്‍ ഒന്നു ചിരിച്ചു.


എന്റെ ഏതോ ഒരു ജീനില്‍ മറഞ്ഞുകിടന്ന ഒരു തിരിയില്‍ നിന്നും
കൊളുത്തിയ പന്തത്തിന്റെ പ്രകാശം
ഞാന്‍ ഒരിക്കല്‍ കൂടി തിരിച്ചറിയുകയായിരുന്നു.

4 comments:

സഞ്ചാരി said...

കുമ്പളങ്ങ നട്ടാല്‍ ഒതളങ്ങ കായകുമോ എന്നെ മറ്റൊ ഒരു ചെല്ലില്ലെ അതാണ് ഓര്‍മയിലെത്തിയത്.

മിടുക്കന്‍ said...

ആഹാ...
ഈ കത്ത് കിട്ടിയ പ്രസിഡെന്റ് അത് മി. ജൊര്‍ജ്ജ് ബുഷിന് ഫൊര്‍വേഡ് ചെയ്തു...

അഗ്രജന്‍ said...

ഹഹഹ അത് തകര്‍ത്തു... :)
തമാശയാണെങ്കിലും കാലഘട്ടത്തിന്‍റെ മാറ്റങ്ങളും‍ പ്രതിഫലിക്കുന്നു ഈ പോസ്റ്റില്‍!

വിചാരം said...

:)