Tuesday, January 28, 2014

"കാണാപ്പുറങ്ങള്‍"

 എന്റെ അച്ചായീ ഞാനിപ്പോ ചത്തുപോകുവേ..എന്റെ അച്ചായീ...
ചേര്‍ത്തല ഗ്രീന്‍ ഗാര്‍ഡന്‍സ് ഹോസ്പിറ്റലിലെ പ്രസവവാര്‍ഡിലേയ്ക്ക് കയറിയ ഞങ്ങളെ എതിരേറ്റത് ഈ കരച്ചിലാണു.പ്രസവത്തിനായി വന്ന ഒരു പെണ്‍കുട്ടി അതിന്റെ അഛന്റെ കൈയ്യില്‍ പിടിച്ച് അലറിക്കരയുന്നു. വാര്‍ഡിലാകെ ആ കരച്ചില്‍ അസ്വസ്ഥത വിരിച്ചിരിക്കുന്നു. ഞങ്ങള്‍ തിരക്കിട്ട് ഞങ്ങള്‍ക്കുള്ള റൂമിലേയ്ക്ക് നടന്നു. എല്ലാരും പ്രസവിക്കാന്‍ തന്നെയാ വന്നിരിക്കുന്നത് .ഈ കൊച്ചിനു എന്തോന്നിന്റെ സൂക്കേടാ  മറ്റുള്ളവരെ പേടിപ്പിക്കാതെ
  ഒരു നെഴ്സ്  ദേഷ്യപ്പെട്ട് പറയുന്നു.ആ പെണ്‍കുട്ടി,ബീനാ അതൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ അച്ചായീ ഞാന്‍ ശരിക്കും ചത്തുപോവുമച്ചായീ....എന്റെ അടുത്തൂന്ന് പോവല്ലേ എന്റെ അച്ചായീ.......തനിക്കെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഭയപ്പെട്ടമട്ടില്‍ വീണ്ടും കരച്ചില്‍ തുടരുന്നു.
  ആകുട്ടിയുടെ അമ്മയും അമ്മൂമ്മയും മറ്റ് ചിലസ്ത്രീകളും വിഷണ്ണരായി ചുറ്റും നില്‍ക്കുന്നു
  ഈ കരച്ചില്‍ അധികം കേട്ടുനില്‍ക്കാനാകാതെ ഞാന്‍ അവിടെ നിന്നും ആശുപത്രിയുടെ മുന്നിലേയ്ക്ക് പോയി.നേരം ഇരുട്ടിത്തുടങ്ങി.ആശുപത്രിയുടെ മുന്നില്‍ ഒട്ടും തിരക്കില്ല.ഒപിവിഭാഗത്തില്‍ ഇട്ടിരിക്കുന്ന കസേരകളിലൊന്നില്‍ ഞാന്‍ ഇരുന്നു.എന്റെ മനസില്‍ പെട്ടന്ന് ഒരു സംശയം
  ആകുട്ടിയെന്താ അഛനെ വിളിച്ച് കരയുന്നത്?എന്റെ അമ്മേ,അമ്മച്ചീ,ഉമ്മാ അല്ലങ്കില്‍  മമ്മീ എന്നുവിളിച്ചല്ലേ ആപെണ്‍കുട്ടി കരയേണ്ടത്.അമ്മയാണു മക്കള്‍ക്ക് എന്നും അത്താണി എന്നല്ലേ എല്ലാവരും പറയുന്നത്?അഛന്റെ സ്നേഹത്തെപ്പറ്റിയല്ലല്ലോ
  അമ്മയുടെസ്നേഹത്തെയല്ലേ എല്ലാവരും പാടിപുകഴ്ത്തുന്നത് എന്നിട്ടും ഇതെന്തേഇങ്ങിനെ. 
  മന്നവേന്ദ്രാ വിളങ്ങുന്നൂ ചന്ദ്രനേപ്പോലെ നിന്മുഖം എന്ന് പാടിപ്പുകഴ്ത്തിയകവികള്‍ക്ക്  അമേരിക്കക്കാര്‍ ചന്ദ്രന്റെ ക്ലോസപ്പ് ചിത്രങ്ങള്‍ പുറത്തുവിട്ടപ്പോള്‍പറ്റിയതുപോലെ  വല്ലതും അമ്മയുടെ സ്നേഹത്തിനേപ്പറ്റി പാടിയവര്‍ക്കും പറ്റിയോ ഇതെല്ലാം ചിന്തിച്ചപ്പോള്‍
  എന്റെ ചുണ്ടില്‍ ഊറിവന്നഒരു ചെറു പുഞ്ചിരി
 
   മുന്‍പിലുള്ള ഒരു ബോര്‍ഡില്‍ കണ്ണുടക്കിയപ്പോള്‍ പെട്ടന്ന് നിന്നുപോയി.കുട്ടികളെ മുലയൂട്ടുന്നതിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന ഒരു ബോര്‍ഡ്. നിങ്ങളുടെ കുട്ടികള്‍ ആരോഗ്യമുള്ളവരായി വളര്‍ന്നുവരുവാന്‍
   അവര്‍ക്കു  മുലപ്പാല്‍ നല്‍കുക, ഇതിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം.പരസ്യബോര്‍ഡ് ചിത്രങ്ങളിലൂടെ ഇക്കാര്യം വളരെ വിശദമായി പ്രദിപാദിക്കുന്നു.എനിക്ക് വീണ്ടും കണ്‍ഫ്യൂഷന്‍.എന്തിനാണീ ബോര്‍ഡ്? അമ്മമാര്‍ കുട്ടികള്‍ക്ക് മുലപ്പാലല്ലേ നല്‍കുക അല്ലാതെ കപ്പപുഴുങ്ങിയതും മുളകരച്ചതുമാണോ? മീന്‍ കുഞ്ഞുങ്ങളെ നീന്തല്‍പഠിപ്പിക്കണോ എന്നു പറഞ്ഞതുപോലെ അമ്മമാരെ പാല്‍ കൊടുക്കുവാന്‍ ആരെങ്കിലും ബോധവല്‍ക്കരിക്കണോ? അത് ആരും പറയാതെ പഠിപ്പിക്കാതെ  അമ്മമാര്‍ ചെയ്യുന്ന കാര്യമല്ലായിരുന്നോ? 
  മുലപ്പാല്‍ അമൃതാണെന്നും  അമ്മയുടെ സ്നേഹമാണന്നും എന്നുള്ളതിനെപ്പറ്റിയും
 
  അത് കുഞ്ഞിനുനല്‍കുമ്പോള്‍ അമ്മമാര്‍ അനുഭവിക്കുന്ന സ്വര്‍ഗീയാനുഭൂതിയെപ്പറ്റിയും എത്രയോ കവികള്‍ പാടിയിരിക്കുന്നു എന്നിട്ടും
  ഇങ്ങിനെ ഒരു പരസ്യം വേണമെന്ന് അധികൃതര്‍ക്ക് എങ്ങിനെ തോന്നി? അപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്ക്ക് പാല്‍ നല്‍കാത്ത അമ്മമാരുടെ എണ്ണം  വളരെ വര്‍ദ്ധിച്ചിരിക്കുന്നെന്നാണോ മനസിലാക്കേണ്ടത്?കുഞ്ഞിനു പാല്‍കൊടുത്താല്‍  അമ്മമാര്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടോ അല്ലങ്കില്‍ കൊടുക്കാതിരുന്നാല്‍ എന്തെങ്കിലും ലാഭമുണ്ടോ? ഒന്നും മനസിലാകുന്നില്ലല്ലോ എന്റെ പുലിയന്നൂര്‍ തേവരേ... ഞാന്‍ ഈശ്വരനെവിളിച്ച് അറിയാതെ തലയില്‍ കൈവെച്ചുപോയി.
   എന്റെ മുന്നിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന  ആളുകളിലൂടെ കണ്ണോടിച്ചപ്പോള്‍  മറ്റൊരുകാര്യം കൂടി  ഞാന്‍ ശ്രദ്ധിച്ചു.
  എന്റെമുന്നില്‍ കണ്ട എല്ലാ കുടുമ്പങ്ങളിലും കുട്ടി അഛന്റെ കൈയിലാണു.ചിലര്‍ ചിരിക്കുന്നു,ചിലര്‍ കരയുന്നു മറ്റുചിലര്‍
  അഛന്മാരുടെ തോളില്‍ കിടന്ന്  സമാധാനമായി ഉറങ്ങുന്നു. ഈശ്വരാ ഞാന്‍ ഇതുവരെയും ഇതു ശ്രദ്ധിച്ചില്ലല്ലോ.എന്റെ ചെറുപ്പകാലത്ത് ഇതായിരുന്നില്ലല്ലോ കാഴ്ച്ച..സിഗരറ്റും പുകച്ച് മുന്നില്‍ കൈയ്യും വീശി നടക്കുന്ന അഛന്‍.അല്‍പ്പദൂരം പിന്നിലായി തോളില്‍ തൂക്കിയ ബാഗും കൈയ്യില്‍ ഒരു കുട്ടിയുമായി അമ്മ മറ്റുകുട്ടികള്‍ അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി പുറകേയും. എപ്പോഴാണീ കുട്ടി അമ്മയുടെ തോളില്‍ നിന്നും അഛന്റെ തോളിലേയ്ക്ക് മാറിയത്? കുട്ടികളെ അമ്മമാര്‍ വേണ്ടതുപോലെ ശ്രദ്ധിക്കുകയില്ലായെന്ന് ഭയന്ന് അഛന്മാര്‍  കുട്ടികളെ സ്വയം എടുത്ത് തോളില്‍ ഇട്ടതാണോ അതോ സാരി ഉടയാതിരിക്കാന്‍ അമ്മമാര്‍ അഛന്മാരുടെ തോളിലേയ്ക്ക് കുട്ടികളെ മനപ്പൂര്‍വ്വം മാറ്റിയതാണോ?  എന്താണെങ്കിലും ഇവിടെ ഒരു നിശബ്ദവിപ്ലവം നടന്നിരിക്കുന്നു.അമ്മയുടെ  തോളില്‍ നിന്നും കുട്ടികള്‍ അഛന്റെ തോളിലേയ്ക്ക് മാറിയിരിക്കുന്നു.അല്ലെങ്കില്‍   അഛന്മാര്‍ അമ്മയ്ക്ക് കൊടുക്കാതെ തങ്ങളുടെ ഓമന മക്കളെ നെഞ്ചോടു ചേര്‍ത്തിരിക്കുന്നു.എന്തേഇത് ഇങ്ങിനെയൊക്കെ. എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
  ആചിന്ത തലയ്ക്ക് ചൂട് പിടിപ്പിക്കുന്നു. ആചൂട് വര്‍ദ്ധിച്ചപ്പോള്‍ ഞാന്‍ ആലപ്പുഴയ്ക്ക് പോകാമെന്ന് തീരുമാനിച്ചു. ആലപ്പുഴ കടല്‍ത്തീരത്ത് കടല്‍പ്പാലത്തിനടുത്തെവിടെയെങ്കിലും
    വാധ്യാരുണ്ടാവും. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വാധ്യാരാവും  പറ്റിയ ആള്‍.
  വാധ്യാര്‍
  എന്ന് ഞാന്‍ വിളിക്കുന്ന ഗോപീകൃഷ്ണന്‍ എന്റെ ഒരു പഴയ സുഹൃത്താണു.ധാരാളം വായിക്കുന്ന എല്ലാത്തിനേയും പറ്റി സ്വന്തം അഭിപ്രായം സൂക്ഷിക്കുന്ന ഒരു സ്കൂള്‍ മാഷ്
  ആലപ്പുഴ പോകുമ്പോളൊക്കെ  കടല്‍ത്തീരത്ത് ഒരുപാടുസമയം ഞങ്ങള്‍ സംസാരിച്ചിരിക്കാറുണ്ട്.
  രാത്രികാലങ്ങളില്‍ പാലൊളിചന്ദ്രികയില്‍ നീരാടിനില്‍ക്കുന്ന കടല്‍പ്പാലം അവനൊരുവീക്ക്നെസാണു എന്നറിയാവുന്നതുകൊണ്ട് ഞാന്‍ നേരെ അങ്ങോട്ടുതന്നെ ചെന്നു. എന്റെ ഊഹം തെറ്റിയില്ല  വാധ്യാര്‍ സ്ഥിരം സ്ഥലത്തുതന്നെയുണ്ട്.
   ഞാന്‍ മുഖവുരയൊന്നും കൂടാതെ എന്റെ മനസില്‍ തോന്നിയകാര്യങ്ങള്‍ ഒറ്റശ്വാസത്തില്‍ വിവരിച്ചു. ഞാന്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ വാധ്യാര്‍  ഒന്നും പറയാതെ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു.എന്നിട്ട് പൊട്ടിപ്പൊട്ടിചിരിച്ചു. അവസ്സാനം ഗോപീകൃഷ്ണന്‍ ചിരി നിര്‍ത്തിയിട്ട് പറഞ്ഞുതുടങ്ങി.
 
   അപ്പോള്‍ എന്നെ പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്തുപ്രസവിച്ച അമ്മയെന്നതിനുപകരം  എന്നെ മാറോടുചേര്‍ത്ത്താരാട്ടുപാടി വളര്‍ത്തിയ അഛന്‍ എന്ന് കവികളും സാംസ്കാരിക നായകന്മാരും  എഴുതിത്തുടങ്ങും എന്നാണോ സുഹൃത്തേ പറഞ്ഞുവരുന്നത് കൊള്ളാം വളരെ നല്ല ആശയം അവന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.എന്റെ ഗോപീ എല്ലാ അമ്മമാരും മോശമാണന്നല്ല ഞാന്‍ പറയുന്നത്,എന്നാല്‍ കുറച്ചുപേരുടെ എങ്കിലും കാല്‍ ചുവട്ടിലെ മണ്ണ് ഇളകി ഒലിച്ച്പോകുന്നതായി ഞാന്‍ കരുതുന്നു,എന്തേ ഇതിങ്ങിനെ?അതിനെപ്പറ്റി ഒന്നു ചിന്തിക്കൂ മനുഷ്യാ  അതിനല്ലേ എന്റെ വാദ്ധ്യാരേ ഞാന്‍ നിന്നേതേടി ഇപ്പോളിവിടെ ഓടിവന്നത്  ഗോപീകൃഷ്ണന്‍ ചിരിനിര്‍ത്തി എങ്കിലും ഒരു തമാശമുഖഭാവത്തോടെ പറഞ്ഞുതുടങ്ങി ശ്രീനീ നിനക്കറിയാമല്ലോ നമ്മള്‍മലയാളികള്‍  പലപ്പോഴും കേള്‍ക്കുന്നതെല്ലാം ചിന്തിക്കാതെ  ഉള്‍ക്കൊള്ളുന്നവരാണു.  ഓണത്തപ്പന്‍ തന്നെയല്ലേ അതിനു ഏറ്റവും നല്ല ഉദാഹരണം ഓണത്തപ്പാ കുടവയറാ എന്ന് ആരോ പ്രാസമൊപ്പിച്ച് പാടി,നമ്മള്‍ അത് വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്തു. വലിയ കുടവയറുള്ളവരെ തിരഞ്ഞെടുത്ത് ഓണത്തപ്പനാക്കി എത്രയോ ഓണാഘോഷങ്ങള്‍ നടന്നു.നേരിട്ട് പടനയിച്ച് ലോകമെല്ലാം കീഴടക്കിയ മഹാബലി ഒരു കുടവയറനല്ല കാരിരിമ്പിന്റെ കരുത്തുള്ള ഉറച്ച മസിലുകളുള്ള ഒരു അഭ്യാസിയണെന്ന് ഇപ്പോഴും നമ്മളാരും ചിന്തിക്കാന്‍ പോലും തയാറാകുന്നില്ലല്ലോ പിന്നെ എന്റെ ശ്രീനീ ഈ
   കവികള്‍ പാടിപ്പുകഴ്ത്തിയതെല്ലാംസത്യമാണെന്ന് വരുത്തേണ്ട ബാദ്ധ്യത അമ്മമാര്‍ക്കുണ്ടെന്ന് നീചിന്തിച്ചതല്ലേനിന്നെ ആശയക്കുഴപ്പത്തിലാക്കിയത്? മക്കളെയെല്ലാം ഒരുപോലെ തന്നേക്കാള്‍ സ്നേഹിക്കുവാന്‍ അവര്‍ ദേവതമാരൊന്നുമല്ലല്ലോ
  അവരും നമ്മള്‍ ആണുങ്ങളെപ്പോലെ മനുഷ്യരല്ലേ
  അപ്പോള്‍ നീ പറഞ്ഞുവരുന്നത് ചില അമ്മമാരെങ്കിലും മക്കളെ സ്നേഹിക്കാത്തവരായി ഉണ്ടാകാമെന്നല്ലേ അതെങ്ങിനെയെന്ന് നീ ആലോചിച്ചിട്ടുണ്ടോ
  ശരിയാണു
  പൊതുവെ പറഞ്ഞാല്‍ അമ്മമാരെല്ലാം മക്കളെ സ്നേഹിക്കേണ്ടതാണു എന്നാല്‍ ചിലകേസുകളിലെങ്കിലും അങ്ങിനെ അല്ല  അതിനെപ്പറ്റി ഞാനും ചിന്തിച്ചിട്ടുണ്ട്  പലതിയറികളും നമുക്ക് അതിനെപ്പറ്റിപ്പറയാം എങ്കിലും എനിക്ക് കൂടുതല്‍ ശരിയായി തോന്നിയിട്ടുള്ളത് ആദ്യ സ്വീകരണ/തിരസ്കാര തിയറിയാണു
  അതെന്തു തിയറി? ഞാന്‍ ഒന്ന് അമ്പരന്നു ഗോപീകൃഷ്ണന്‍ തുടര്‍ന്നു. രണ്ട് വ്യക്തികള്‍ അവര്‍ ആരാണെങ്കിലും ഏതുപ്രായക്കാരാണെങ്കിലും ആദ്യമായി കണ്ടുമുട്ടുന്ന നിമിഷത്തില്‍ അവര്‍ക്കിടയില്‍ ഒരു ആകര്‍ഷണം /വികര്‍ഷണം ഉണ്ടാകും. അത് എത്രകാലം കഴിഞ്ഞാലും മാറ്റമില്ലാതെ നിലനില്‍ക്കുകയും ചെയ്യും  അതെങ്ങിനെ ശരിയാകും വാദ്ധ്യാരേ  പ്രിചയപ്പെട്ട് കുറെനാള്‍ കഴിയുമ്പോഴല്ലേ മനുഷ്യര്‍ തമ്മില്‍ അടുക്കുകയും അകലുകയും ചെയ്യുക എനിക്ക് അവന്റെ പുതിയ തിയറി അംഗീകരിക്കാനായില്ല.  ഗോപീകൃഷ്ണന്‍ ചിരിച്ചു. ഒരിക്കലുമല്ല ശ്രീനീ നീ പറയുമ്പോലെയാണു നമ്മളെയെല്ലാം പഠിപ്പിച്ച് വെച്ചിരിക്കുന്നത്.എന്നാല്‍ സത്യമതല്ല. ഒരു വ്യക്തിയോടുള്ള സഹവാസം കൂടുമ്പോള്‍ നമ്മുടെ ചില സ്വാര്‍ത്ഥതകള്‍  നേടിയെടുക്കുവാന്‍
  അവനോട് അടുപ്പം കൂടുതലുണ്ടെന്ന് തോന്നിപ്പിക്കുവാനോ അകല്‍ച്ചയുണ്ടെന്ന് ധ്വനിപ്പിക്കുവാനോ നമ്മേ പ്രേരിപ്പിക്കുന്നു അത്രമാത്രം.വാഴുന്നവനു വളയിടാന്‍ മല്‍സരിക്കുകയും വീഴുന്നവനു  വിരലില്ല എന്ന് വിളിച്ച് പറയുകയും ചെയ്യുന്നമനോഭാവം.  അത്രയേ ഉള്ളൂ നീയിപ്പോള്‍ പറഞ്ഞ പരിചയത്തിലൂടെ വളരുന്ന മനുഷ്യബന്ധം.ശരിയല്ലേ എന്ന് ചിന്തിച്ച് നോക്കൂ എങ്കിലും ഗോപീ  ഒറ്റനോട്ടത്തില്‍ സ്വീകരണവും തിരസ്കാരവും ഒക്കെയുണ്ടാവാന്‍ നമുക്ക്
  അതീന്ദ്രിയ ജ് ഞാനം ഒന്നും ഇല്ലല്ലോ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.പിന്നേം നീ തെറ്റായ ട്രാക്കിലാണല്ലോടാ നീങ്ങുന്നത് ഈ തിരസ്കാരത്തിനും സ്വീകരണത്തിനും  എല്ലാം അടിസ്ഥാനശില ആ സമയത്തെ ഓരോ വ്യക്തിയുടേയും മാനസികാവസ്ഥയാണു.
  എന്റെ ഗോപീ നീ എന്താ ഉദ്ദേശിക്കുന്നത് നിനക്ക് ബുദ്ധിജീവിചമയാതെ എനിക്ക് മനസിലാകുന്നതുപോലെ പോലെ പറഞ്ഞുകൂടെ
  ഇത് അത്രക്ക് ഗഹനമായ കാര്യം ഒന്നും അല്ല.ഒരു കുഞ്ഞും അമ്മയും തമ്മിലുള്ള  ആദ്യ സമ്പര്‍ക്കം എപ്പോഴാണു അത് അമ്മ കുഞ്ഞിനെ കാണുമ്പോഴാണോ ഒരിക്കലുമല്ല തന്റെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവന്‍ തുടിക്കുന്നു എന്ന് ആദ്യമായി മനസിലാക്കുമ്പോഴാണു. ആനിമിഷത്തെ അല്ലങ്കില്‍ ആ സമയത്തെ മാനസികാവസ്ഥായാണു ആ അമ്മയും ആ കുഞ്ഞുമായിസ്നേഹമോ വെറുപ്പോ രൂപപ്പെടുത്തുന്നത് നിനക്ക് മനസിലാകുന്നുണ്ടോ  പക്ഷേ ഇതൊക്കെ പണ്ടും ഇങ്ങിനെതന്നെയല്ലായിരുന്നോ ഇപ്പോഴെന്താണു വിശേഷം ഞാന്‍ തര്‍ക്കിച്ചു.ഗോപീകൃഷ്ണന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. അല്ല നമ്മുടെരീതികളില്‍  വലിയമാറ്റം വന്നിട്ടുണ്ടു പണ്ട് കൂട്ടുകുടുംബമായിരുന്നപ്പോള്‍ ഇതൊക്കെ ഒരു ഉല്‍സവമായിരുന്നു.പിന്നീട് അണുകുടുംബങ്ങളായപ്പോള്‍ പോലും അയല്‍പക്കങ്ങളുമായും സഹോദരങ്ങള്‍ തമ്മിലും ബന്ധങ്ങളുണ്ടായിരുന്നു എന്നാല്‍ ഇപ്പോഴോ? വല്ല കല്യാണങ്ങള്‍ക്കോ,മരണങ്ങള്‍ക്കോ അല്ലാതെ സൗഹൃദസംഭാഷണം നടത്താനായി തൊട്ടടുത്ത അയല്‍പക്കത്തേയ്ക്കെങ്കിലും ഒന്ന് കയറിയിട്ട് എത്രകാലമായെന്നു ഒന്ന് ഓര്‍ത്തുനോക്ക്.ശരിയാ ഗോപീ നമുക്ക് ഇപ്പോള്‍ ആരുമായും ഒരു ബന്ധവുമില്ല.കല്യാണമാണെങ്കിലും മരണമാണെങ്കിലും കറക്ട്മുഹൂര്‍ത്തത്തിനുമാത്രമേഅങ്ങോട്ട് നീങ്ങൂ എന്ന നിലയിണു പലരും പിന്നെ മൊബൈലിലൂടെ വല്ലപ്പോഴും ഒരു വിളി അത്രേ ഉള്ളൂ അയല്‍ സഹോദര ബന്ധങ്ങള്‍
   ചുരുക്കത്തില്‍ ഭാര്യ ഭര്‍ത്താവ് മക്കള്‍ എന്നചെറിയവട്ടത്തിലേയ്ക്ക് നമ്മള്‍ ചുരുങ്ങി. എന്നാല്‍ അവിടെയോ ഈ പറയുന്ന അടുപ്പം നിലനില്‍ക്കുന്നുണ്ടോ?പരസ്പരം മനസുതുറന്ന് സംസാരമുണ്ടോ ശരിയാ ഗോപീ സ്ത്രീകള്‍ക്ക്  ഇപ്പോഴത്തെ അണുകുടുംബങ്ങളിലുള്ള മാനസിക സമ്മര്‍ദ്ദം വളരെ വലുതാണു   അക്കാര്യം അതിമനോഹരമായി കൊള്ളണ്ടെടുത്തെല്ലാം കൊള്ളിച്ച് ഞങ്ങളുടെ ഒരു സോവനീറില്‍ ഡോ.ഉഷ ഒരു ലേഖനം എഴുതിയിരുന്നു. ഞാനും വായിച്ചിരുന്നു ആലേഖനം  സൂപ്പറായിരുന്നൂ അതിന്റെ അവതരണ ശൈലി ഞാന്‍ അത് വായിച്ച് ഒരു പാട് ചിരിച്ചു  പിന്നെ ഒരു പാട് ചിന്തിച്ചു.ഡോ.ഉഷ അവതരിപ്പിച്ചിരുന്ന രീതിയിലുള്ള  ആ ഭര്‍ത്താവിന്റെ കുട്ടി തന്റെ വയറ്റില്‍ വളരുന്നു എന്നറിയുന്ന ഭാര്യക്ക് ആകുട്ടിയോട് സ്വീകരണമാണോ തിരസ്കാരമാണോ ഉണ്ടാകുക ശ്രീനി തന്നെ ഒന്നു ചിന്തിച്ചുനോക്ക്.പിന്നെ ഒരുകാര്യം കാലമാണു കാലം നീങ്ങുമ്പോള്‍ ആദ്യ സ്വീകരണവും തിരസ്കരണവും ബോധമനസില്‍ നിന്നും മാഞ്ഞുപോകും പക്ഷേ ഉപബോധമനസില്‍ നിന്നും മരണം വരെ അത് മറയില്ല അമ്മയ്ക്കും കുട്ടിയ്ക്കും.
  നാമറിയാതെ നമ്മുടെ പ്രവര്‍ത്തികളിലെല്ലാം അതിന്റെപ്രതിഫലനം ഉണ്ടാകുകയും ചെയ്യും
  അഛന്മാര്‍ ഈ പ്രശ്നങ്ങള്‍ ഒന്നും സ്വയം അറിയാറില്ല അണുകുടുംബങ്ങളായതില്‍പ്പിന്നെ അവര്‍കുട്ടികളില്‍ ഭാവിയിലേയ്ക്കുള്ള പ്രതീക്ഷ അര്‍പ്പിക്കുന്നു അവരെ സ്നേഹിക്കുന്നു മിക്കവാറും അഞ്ച് വയസുവരെ  അതുകഴിയുമ്പോള്‍ കുട്ടികള്‍ തിരിച്ച് വല്ലതും പറഞ്ഞുതുടങ്ങും  അതോടെ അത് അവസാനിക്കും  ഓരോരുത്തരും ഒരു കൂരയ്ക്ക് കീഴെ ഓരോദ്വീപുകളായി ജീവിക്കാന്‍ തുടങ്ങും. എങ്കിലും അഞ്ച് വയസുവരെയുള്ള സ്വീകരണം അതാണു നിന്നെ ആശുപത്രിയില്‍ നീ കേട്ട എന്റെ അച്ചായീ എന്ന കരച്ചിലിനു പുറകിലുള്ള സ്നേഹവും വിശ്വാസവും മനസിലായോ എനിക്ക് ഏതാണ്ട് മനസിലായെങ്കിലും ഒന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല  ചുരുക്കത്തില്‍ ചില അമ്മമാര്‍ അവര്‍ക്ക് ദുഖവും ദുരിതവും അവഗണനയും മാത്രം തന്ന ഭര്‍ത്താവിന്റെ പ്രതിരൂപങ്ങളായികണ്ട് മക്കളെ വെറുക്കുന്നു അല്ലങ്കില്‍ ഭര്‍ത്താവിനോടുള്ള യുദ്ധത്തിനുള്ള ചാവേറുകളായികണ്ട് സ്നേഹം അഭിനയിക്കുന്നു അല്ലേഎന്നാലും വാദ്ധ്യാരേനമ്മുടെ യൗവ്വനകാലത്തെ തല്ലുകൊള്ളിത്തരമാണോ മറ്റുള്ളവരുടെ ഉപബോധമനസില്‍ കിടന്ന് പുകഞ്ഞ് പുകഞ്ഞ് ഇത്രേം വലിയ പ്രശ്നം ഉണ്ടാക്കുന്നത്.എന്നാരുപറഞ്ഞു നീപറഞ്ഞ തല്ലുകൊള്ളിത്തരം അതിലെ ഒരു ഘടകം മാത്രം ഇതിനു വേറേയും പലഘടകങ്ങളുണ്ട് എങ്കിലുംകുടുമ്പം,സ്നേഹം പരസ്പരബന്ധങ്ങള്‍ എന്നിവയെപ്പറ്റി പരസ്പരം പഴിപറയാതെ നമുക്ക് നന്നാവണമെങ്കില്‍  നാം നമ്മുടെ ജീവിത ശൈലി മാറ്റണം  അത്രയേ ഉള്ളൂ ഭാര്യമാരുടെ സമരം ഒഴിവാക്കേണ്ടതും മക്കളുടെ സ്നേഹം കിട്ടേണ്ടതും  നമ്മുടെ ആവശ്യങ്ങളല്ലേ? ശരി സമ്മതിച്ചൂ എന്റെ വാധ്യാരേ ഇനി ഞാന്‍ പോകട്ടേ ആശ്വാസത്തോടെ ഞാന്‍ ആ പഞ്ചസാരമണലില്‍ നിന്നും എഴുന്നേറ്റു.കടല്‍പ്പാലത്തില്‍ തിരമാലകള്‍ അടിച്ചുയരുന്നത് ഒരു നിമിഷം നോക്കിനിന്നു എന്നിട്ട് കാര്‍ പാര്‍ക്ക് ചെയ്തിടത്തേയ്ക്ക് നടന്നു

Tuesday, April 30, 2013

വിവാഹ രജതജൂബിലി ബ്ലോഗ് - ബസ്സാനിയോവില്‍ നിന്നും ജോണപ്പാപ്പനിലേയ്ക്ക്

2013 മേയ് 1, ഇന്നാണ് ഞങ്ങളുടെ വിവാഹ രജതജൂബിലി
"25 വര്‍ഷങ്ങള്‍ക്കുമുന്‍പ്    നടന്ന ഓര്‍മ്മിക്കുമ്പോള്‍ ഇപ്പോഴും മധുരിക്കുന്ന പെണ്ണുകാണല്‍ ചടങ്ങും  പിന്നെ എന്റെമനസിനു 25 വര്‍ഷംകൊണ്ടുണ്ടായമെറ്റാമോര്‍ഫോസിസും ഇവിടെ ഒരു ബ്ലോഗായി മാറുന്നു"

ശ്രീജമാരുടെ മാത്രം ശ്രീനിവാസന്‍ 
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ 
കാണാമറയത്തു ഒരു വെളുത്ത പനിനീര്‍പ്പൂവ്   

എന്നീ ബ്ലോഗുകള്‍ ഈ പേരുകളില്‍  ക്ലിക്ക് ചെയ്ത് വായിച്ചതിനു ശേഷം മാത്രം ഈ ബ്ലോഗ് പോസ്റ്റ് വായിക്കുക
-------------------------------------------------------------------------------

വിവാഹ രജത ജൂബിലി എന്നെആദ്യം ഓര്‍മ്മിപ്പിച്ചത് രാഗിണിയാണ്. 
 ഓര്‍ക്കാപ്പുറത്ത് പതിവില്ലാത്ത ഒരു നമ്പരില്‍ നിന്നും ഒരു ഫോണ്‍ കോള്‍ . 

“പാലായിലെ അണ്ണനാണോ?”   ശബ്ദംതാഴ്ത്തി ഒരു ചോദ്യം.
രാഗിണിയുടെ എല്ലാ നമ്പരിനും ഞാന്‍ പ്രത്യേക റിംഗ് ടോണ്‍ കൊടുത്തിരുന്നതുകൊണ്ട്
ആളിനെ പെട്ടന്ന് പിടികിട്ടി. എന്റെ ബ്ലോഗിലെ ശ്രീജയുടെ വിളിയെ കളിയാക്കിയാണാ ചോദ്യം എന്നെനിക്കുമനസിലായി.

“ആരാ? കാണാ മറയത്തെ വെളുത്തപനിനീര്‍പ്പൂവാണോ?” ഞാനും വിട്ടില്ല
“മനസിലായി അല്ലേ?”   പിന്നെ മണികിലുങ്ങുന്നതുപോലെഒരു ചിരിയും
 “അണ്ണാ വെളുത്തനിറം  മാറ്റി അണ്ണന്‍ പറഞ്ഞചുവപ്പ്റോസയാണീ വര്‍ഷം നടുന്നത്“
“ എന്തുപറ്റി ഇങ്ങിനെ യൊരു മനംമാറ്റം?”  എനിക്ക് ആ വാര്‍ത്ത ഒരു അത്ഭുതമായി തോന്നി.
“ഈ വര്‍ഷം രജതജൂബിലിയല്ലേ ? അതാ പുതിയ പരിഷ്കാരം
അടുത്ത 25 വര്‍ഷം ഞാന്‍ നടാന്‍പോകുന്നത് ചുവപ്പ് റോസാച്ചെടികളാ,
 പിന്നെ ആഘോഷത്തിനു എന്നേ വിളിക്കാന്‍ മറക്കല്ലേ“ രാഗിണിയുടെ മുന്‍കൂര്‍ ബുക്കിങ്ങ്.
 
 1988 ല്‍നിന്നും 2013 ലേയ്ക്ക്
വിവാഹശേഷം25 വര്‍ഷങ്ങള്‍കടന്ന് പോയിരിക്കുന്നു.
എത്ര പെട്ടന്ന്.എന്തെല്ലാം മാറ്റങ്ങള്‍ എനിക്കുതന്നെ അത്ഭുതം തോന്നി
കഥകളി വഴിപാടും വലിയ താമരക്കുളവുമുള്ള നാല്‍പ്പതണ്ണീശ്വരം മഹാദേവക്ഷേത്രത്തില്‍ വച്ചുള്ള താലികെട്ട്, പഞ്ചാരമണല്‍കുന്നുകള്‍നിലാവെളിച്ചത്തില്‍ തിളങ്ങുന്ന മനോഹരമായ കാഴ്ച്ച കണ്ടിട്ടും കണ്ടിട്ടും മതിവരാതിരുന്ന പാണാവള്ളിയിലെരാത്രികള്‍,മുരളിയമ്മാച്ചന്റെ വീട്ടിലേയ്ക്കുള്ള ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യ  യാത്ര, മുണ്ടിയെരുമയിലെ കുരുമുളകുതോട്ടങ്ങളിലൂടെ കൈകോര്‍ത്ത്പിടിച്ചുള്ള സായാഹ്നസവാരി.
എല്ലാം ഇന്നലെയായിരുന്നതുപോലെ.

25 വര്‍ഷം മുന്‍പുള്ള ഞാന്‍ ഇപ്പോഴത്തെ എന്നില്‍ നിന്നും എത്ര വ്യത്യസ്ഥനായിരുന്നു. ചിരിക്കാന്‍ തോന്നുന്നു.എന്തൊക്കെയായിരുന്നു എന്റെ സങ്കല്‍പ്പങ്ങള്‍.മറ്റാര്‍ക്കും എന്റേതുപോലൊരു  വിവാഹ സങ്കല്‍പ്പം ഉണ്ടാകാന്‍ സാധ്യതയില്ല. എങ്ങിനെയുണ്ടാകാന്‍ അത്ര വിചിത്രമായിരുന്നില്ലേ എന്റെ മനസ്സു സഞ്ചരിച്ചിരുന്ന വഴികള്‍
 
 എന്റെ വിവാഹത്തിനുവളരെമുന്‍പേതന്നെ ഞാന്‍ രണ്ട് സ്ത്രീകളുമായി പ്രണയത്തിലായിരുന്നു. രണ്ടുപേരും വിവാഹം കഴിഞ്ഞവര്‍,  ഭര്‍ത്താവുമൊത്ത് ജീവിക്കുന്നവര്‍
ഗ്രീസിലെ അലക്സാണ്ടറുടെ ഭാര്യ നാദിശയും, വെനീസിലെ ബസ്സാനിയോവിന്റെ ഭാര്യ പോര്‍ഷ്യയും.
ആരുമറിയാതെ ഭാരതത്തില്‍ വന്ന് പുരുഷോത്തമമഹാരാജാവിനു രാഖികെട്ടി തന്റെ ഭാവി ഭര്‍ത്താവായിരുന്ന അലക്സാണ്ടറുടെ ജീവന്‍ രക്ഷിച്ച നാദിശയും

വക്കീലിന്റെ വേഷത്തില്‍ വന്ന് ബുദ്ധിയുപയോഗിച്ച് അന്റോണിയോവിന്റെ ജീവന്‍ രക്ഷിച്ച് ബസ്സാനിയോവിനു മനസമാധാനം കൊടുത്ത പോര്‍ഷ്യയും  എന്റെ മനസില്‍ ഹിമാലയം പോലെ  ഉന്നതരായപ്പോള്‍  ടിവിസീരിയലുകളിലും മാസികകളിലെ തുടര്‍ക്കഥകളിലും മുഴുകി ജീവിക്കുന്ന  മലയാള പെണ്‍കുട്ടികളില്‍ ആരും പോര്‍ഷ്യയുടേയും നാദിശയുടേയും അടുത്തുപോലും വരാന്‍ പോണില്ല എന്നെനിക്കുതോന്നി.
അതുകൊണ്ടായിരിക്കണം പെണ്ണുകാണല്‍ എന്നത് വിവാഹത്തിനാവശ്യമായഒന്നാണെന്ന് ഞാന്‍ കരുതിയില്ല. മലയാളി പെണ്‍കുട്ടികളുടെ സുഹൃത്തും വഴികാട്ടിയും വാരികകളും മാസികകളും ആയിരിക്കെ അവരില്‍ ആരെകെട്ടിയാലും എന്താ വ്യത്യാസം ?

പാഞ്ചാലിയെ കെട്ടണമെങ്കില്‍ കിളിയുടെ കണ്ണില്‍ അമ്പ് എയ്ത് കൊള്ളിക്കണം,സീതയെ കെട്ടണമെങ്കില്‍ ത്രയംബകം വില്ല് ഒടിക്കണം അങ്ങിനെ പുരാണങ്ങളില്‍ പോലും ആണുങ്ങള്‍ക്ക് പരീക്ഷണങ്ങളും പരീക്ഷകളും ഏറെ.കുടുംബത്തിന്റെ നട്ടെല്ലായിരിക്കേണ്ട സ്ത്രീകളുടെ ക്വാളിറ്റിപരീക്ഷിക്കാന്‍  ഒരു ടെസ്റ്റും ഇല്ല. പിന്നെ എന്തിനു ഒരു ചായകുടിയില്‍ ഒതുങ്ങുന്ന പെണ്ണുകാണല്‍?

അതുകൊണ്ടുതന്നെയാണു ജാതകം ചേര്‍ന്ന് മറ്റുചുറ്റുപാടുകളും സമാനമാണെന്ന് അഛന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ കല്യാണം ഉറപ്പിച്ചോളാന്‍ പറഞ്ഞത്.
  ആ വിവരം അഛന്‍ അന്നുതന്നെ കത്തുവഴി ശ്രീജയുടെ അഛനെയും അറിയിച്ചു.

എന്റെ അത്രയൊന്നും പുരോഗമിക്കാത്തതുകൊണ്ടാവണം അവിടെ നിന്നും ഒരു കത്തു വന്നു ആ കത്ത് ഞാന്‍ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
 “വിവാഹത്തിനു സമ്മതമാണെന്നറിഞ്ഞതില്‍ വളരെ സന്തോഷം, എന്നാല്‍ നിങ്ങളില്‍ ആരും ഇതുവരെ ശ്രീജയെ കണ്ടില്ലല്ലോ മാത്രവുമല്ല വിവാഹത്തിനുമുന്‍പായി കുട്ടികള്‍ തമ്മില്‍ കണ്ട് സംസാരിച്ച് ഒരു മാനസിക ഐക്യം ഉണ്ടാകേണ്ടത് ആവശ്യമാണെന്നാണു എന്റെ വിനീത അഭിപ്രായം ആയതിനാല്‍ ഏറ്റവും അടുത്ത ഒരു ദിവസം ഇവിടെ വരെ വന്ന് ശ്രീജയെ കാണണമെന്നാണു എന്റെ അപേക്ഷ“
 
  അങ്ങിനെ ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങിനു പാണാവള്ളിയിലേയ്ക്ക് പോയി പാണാവള്ളി അതിമനോഹരമായ ഒരു സ്ഥലമാണ്. കടുത്തുരുത്തിവരെ ഉണ്ടായിരുന്ന അറബിക്കടല്‍ ഏതോ പ്രകൃതി ക്ഷോഭത്തില്‍പിന്നോട്ട് മാറിയപ്പോള്‍ ഉണ്ടായഭൂപ്രദേശം.പഞ്ചാരമണല്‍ നിറഞ്ഞസ്ഥലം പാണാവള്ളിയിലെ വീടിന്റെ മതില്‍ക്കെട്ടിനകത്ത് കയറിയപ്പോള്‍ അല്‍പംടെന്‍ഷന്‍ ഉണ്ടായെങ്കിലും ഞാന്‍ അത് പുറമേകാണിച്ചില്ല. തീരുമാനം ആയശേഷം ഉള്ള പെണ്ണുകാണല്‍ ആയതിനാല്‍പതിവ് ആകാംഷ പെണ്ണുവീട്ടിലില്ല.പുതിയാപ്ലയുടെ ഭാര്യവീട് കാണല്‍ എന്ന മറ്റൊരു കല്യാണത്തിനുമില്ലാത്ത ഒരുചടങ്ങിന്റെ അരങ്ങേറ്റം.ആകെ സുഖകരമായ ഒരുഅന്തരീക്ഷം.

കല്യാണപ്പെണ്ണിന്റെ പ്രവേശനത്തിനുമുന്‍പേ അമ്മ കാപ്പിയും പലഹാരങ്ങളും കൊണ്ടുവെച്ചു. പലഹാരപ്പാത്രത്തില്‍നോക്കിയതേഎന്റെ മനസില്‍ ഒരു ലഡു പൊട്ടി.പാത്രത്തിലെ പ്രധാന വിഭവം എന്റെഏറ്റവും പ്രീയപ്പെട്ട  പൂവമ്പഴം

നാക്കില്‍ വെള്ളമൂറുന്നു. ഞാന്‍ അതില്‍നിന്നും ഒന്നെടുത്തു
നല്ലമൂത്ത് പഴുത്തപൂവമ്പഴം, തേന്‍പോലെമധുരിക്കുന്നു.
ഇതിനിടെപെണ്ണുവന്നു. എന്റെഭാവിനല്ലപാതി
എന്തൊക്കെയാണു ഞാന്‍ സംസാരിച്ചതെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല
മനസില്‍  അപ്പോള്‍നിറഞ്ഞു നിന്നത് പൂവമ്പഴമായിരുന്നല്ലോ

“എന്താ ഇഷ്ടപ്പെട്ടോ?” ഭാവി അമ്മായിഅമ്മയുടെ ചോദ്യം
“എനിക്ക് ശരിക്കും ഇഷ്ടമായി,  നല്ലസ്വാദ് !!”
 എന്റെമറുപടികേട്ടതും സദസ് ഒരുനിമിഷംനിശബ്ദമായി.പിന്നെഒരു കൂട്ട പൊട്ടിചിരി .
ചോദ്യം  പെണ്ണിനേ ഇഷ്ടപ്പെട്ടോഎന്ന് ഉത്തരം പൂവന്‍പഴം ഇഷ്ടപ്പെട്ടെന്ന്
ഞാന്‍ചമ്മിപ്പോയി.

“ഇത് ഇനി അന്യവീടൊന്നുമല്ലല്ലോ ഇഷ്ടം പോലെ തിന്നോളൂ.“
ഒരുപടലപൂവന്‍പഴം എന്റെ പ്ലേറ്റിലോട്ടെത്തി.അധികം താമസിയാതെ ഞാന്‍ ആ പ്ലേറ്റ് കാലിയാക്കി,മനസില്‍ ലെഡു വീണ്ടും വീണ്ടും പൊട്ടുമ്പോള്‍ ഫോര്‍മാലിറ്റിക്ക് എന്തുസ്ഥാനം


പെണ്ണുകാണല്‍ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ കാറിന്റെ ഡിക്കിയില്‍ ഒരുപൂവന്‍ കുലയിരിക്കുന്നു.ഭാവിമരുമകന്റെ താല്‍പ്പര്യം/ആര്‍ത്തികണ്ടിട്ട് അമ്മായിയഛന്‍ അറിഞ്ഞ്  പെരുമാറിയിരിക്കുന്നു.

25 വര്‍ഷം കഴിഞ്ഞിട്ടും എന്റെ പെണ്ണുകാണല്‍ ചടങ്ങ് എനിക്ക് ഇപ്പോഴും ഓര്‍മ്മിച്ചാല്‍ മധുരിക്കുന്ന ഒരു സംഭവമായി  തുടരുന്നു.

25 വര്‍ഷങ്ങള്‍ എത്രപെട്ടന്നാണുകടന്നുപോയത് എന്തെല്ലാം സംഭവങ്ങള്‍ .
വായിച്ചറിഞ്ഞ ബുദ്ധിയുടെ മഹത്ത്വത്തേക്കാള്‍ അനുഭവിച്ചറിഞ്ഞസ്നേഹത്തിനാണ് ഗുണമേന്മയെന്ന് ഇന്നു ഞാന്‍ തിരിച്ചറിയുന്നു
അല്ലങ്കില്‍ 25 വര്‍ഷത്തെ കുടുംബജീവിതം എന്നെ പഠിപ്പിച്ചിരിക്കുന്നു.

അങ്ങിനെയാണ് പോര്‍ഷ്യയുടെ ഭര്‍ത്താവായ ബസ്സാനിയോ ആകാന്‍ കൊതിച്ച ഞാന്‍
ഇന്ന് ജോണപ്പാപ്പന്റെ സ്നേഹമാണു ബുദ്ധിയേക്കാളും മുന്‍കരുതലിനേക്കാളും ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉണ്ടാവേണ്ടത് എന്ന് ചിന്തിക്കുന്നത്.

ലീലാമ്മച്ചിയും ജോണപ്പാപ്പനുമായുള്ള സ്നേഹം
അത് ഞാന്‍ 
ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്
എന്നബ്ലോഗില്‍ വിവരിച്ചിട്ടുണ്ട്.
അത് ഒന്നുകൂടി ക്ലിക്ക് ചെയ്ത് വായിക്കൂ
നിങ്ങളുടെ മനസിലും ഒരു ലഡുപൊട്ടിയോ കൊതിവരുന്നില്ലേ ജോണപ്പാപ്പനെപ്പോലുള്ളഒരുജീവിതപങ്കാളിയെ കിട്ടാന്‍
അതു തന്നെയാണ് ഞങ്ങളുടെ വിവാഹ രജതജൂബിലി സന്ദേശവും..!!

2013 മേയ് 1, ഞങ്ങളുടെ വിവാഹരജതജൂബിലി ദിനം ,
 25 വര്‍ഷങ്ങള്‍ക്കുമുന്‍പ് തൊടുപുഴയിലെ വിശ്വനാഥന്‍ ജോല്‍സ്യര്‍ ഞങ്ങളുടെ ജാതകം നോക്കിപറഞ്ഞ സമസപ്തമത്തിന്റെ അനുഭവയോഗം ഇനിയും തുടരണമെന്നുമാത്രം ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു, ഞങ്ങളും ഞങ്ങളുടെ കുട്ടികള്‍ ശ്രീലക്ഷ്മിയും വിഷ്ണുപ്രകാശും.... 

Saturday, August 25, 2012

നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ ?

കലാനിലയം കുന്നിറങ്ങിനടക്കുന്നതിനിടെ
ഞാന്‍ രണ്ടുതവണ എങ്കിലും തിരിഞ്ഞുനോക്കിക്കാണും.
അവസാനനിമിഷം മനസില്‍ മുറിവുണ്ടാക്കിയെങ്കിലും
ആ സ്കുളും, തട്ടിവെച്ച് തിരിച്ച ക്ലാസുമുറികളും
എനിക്ക് അന്നും ഇന്നും   മനസില്‍ കുളിരുകോരുന്നവയായിരുന്നു.

ഇനി ഹൈസ്കൂളിലേയ്ക്ക്.
മൂന്നുവര്‍ഷം ഒരുമിച്ച് നീങ്ങിയ കൂട്ടുകാര്‍ പലവഴികളിലേയ്ക്ക് തിരിയുന്നു
കൂടുതല്‍ പേരും മുത്തോലി സെന്റ് ജോസഫ്സിലേയ്ക്ക്,
ബാക്കിയുള്ളവര്‍ ചേര്‍പ്പുങ്കല്‍  ഹോളിക്രോസ്,പാലാ ഗവണ്മെന്റ് ഹൈസ്കൂള്‍ പിന്നെ
 പാലാ സെന്റ് തോമസ് സ്കൂളിലേയ്ക്കും.

ഞാനും ബാബുതോമസും സെന്റ് തോമസ് സ്കൂളിലേയ്ക്ക് തന്നെ ടി സി വാങ്ങി.
ഇടവപ്പാതി കുതിര്‍ത്ത 1972 ജൂണ്‍ 2നു ഞങ്ങള്‍ പാലാസെന്റ് തോമസ് സ്കൂളിന്റെ പടികള്‍ കയറി.

ഹൈസ്കൂള്‍ സ്റ്റുഡന്റായതിന്റെ പ്രതീകമായി സ്കൂള്‍ ബാഗ് കളഞ്ഞ്
രണ്ട് നോട്ടുബുക്ക് അതേവലിപ്പമുള്ള ഫയലില്‍ പൊതിഞ്ഞാണ്  കൈയ്യില്‍ കരുതിയത്.
സ്കൂള്‍ ബാഗും പെട്ടിയുമെല്ലാം കൊച്ചുകുട്ടികള്‍ക്കുള്ളതല്ലേ ?
ഞങ്ങള്‍ ഇപ്പോള്‍ കുട്ടികളല്ലല്ലോ ഹൈസ്കൂളിലെ ചേട്ടന്മാരല്ലേ?

പാലാ സെന്റ് തോമസ് വലിയ ഒരുസ്കൂളാണ്
ആയിരത്തിതൊള്ളായിരങ്ങളുടെ ആരംഭത്തില്‍ തുടങ്ങിയ സ്കൂള്‍
എല്‍പി തൊട്ട് ഹൈസ്കൂള്‍ വരെ ക്ലാസുകള്‍.ഓരോക്ലാസിനും നാലും അഞ്ചും ഡിവിഷനുകള്‍

ആറുഡിവിഷനുകള്‍ മാത്രമുള്ള ശാന്തസുന്ദരമായ കലാനിലയത്തില്‍ നിന്നും
വലിയ വെള്ളച്ചാട്ടം പോലെ ശബ്ദായമാനമായ പുതിയസ്ക്കൂളിലേയ്ക്ക്ത്തിയപ്പോള്‍
ഞാന്‍ ശരിക്കും പകച്ചുപോയി എന്നാതാണു സത്യം.

എനിക്ക് എട്ട് ബി ഡിവിഷനാണ്  ബാബുനു എട്ട് ഡി
കലാനിലയത്തില്‍ നിന്നും എന്റെ ക്ലാസില്‍ ഒരാള്‍കൂടിയുണ്ട് ജോണ്‍

പത്താം ക്ലാസില്‍ നിന്നും എന്റെ ചേട്ടനും കുറച്ചുകൂട്ടുകാരുംകൂടി എന്നെ അന്വേഷിച്ചുവന്നു.
അതുകഴിഞ്ഞപ്പോള്‍ എനിക്ക് അല്‍പം സമാധാനം തോന്നി
ഒരുതുരുത്തില്‍ ഒറ്റക്ക് അകപ്പെട്ടതുപോലെയായിരുന്നു അതുവരെ എന്റെ അവസ്ഥ.

പത്തുമണിക്ക് ക്ലാസുകള്‍ തുടങ്ങി കെ എസ് മാത്യു സാറാണെന്റെ ക്ലാസ് ടീച്ചര്‍
സാറിന്റെ ഇടത്തുകൈയ്യില്‍ കെ എസ് എം എന്ന് പച്ചകുത്തിയിരിക്കുന്നു.

കലാനിലയത്തിലെ പാവം കന്യാസ്ത്രീകളുടെ രീതിയില്‍നിന്നും വ്യത്യസ്തമായ
ആണ്‍ സാറുമ്മാരുടെ ക്ലാസുകള്‍
കെ എസ് യു, കെ എസ് സി,എസ് എഫ് ഐ  കുട്ടിനേതാക്കമാരുടെ ചാക്കിടല്‍
ടീച്ചറുമാരെ ബഹുമാനിച്ച് മാത്രം ഇടപെട്ടിരുന്നിടത്ത് മിക്ക സാറുമ്മാര്‍ക്കും ഇരട്ടപ്പേരുകള്‍, ബോണ്ടാ സാര്‍,പുകലപ്പാപ്പന്‍,കള്ളുംചാറ...  ലോങ്ങന്‍,ചാമ്പങ്ങാമൂക്കന്‍
എല്ലാം പുതിയ അനുഭവമായി.
സെന്റ് തോമസ് സ്കൂളില്‍ ആണ്‍കുട്ടികള്‍ മാത്രമാണുള്ളത്
സെന്റ് മേരീസ് ആണു പെണ്‍കുട്ടികളുടെസ്കൂള്‍

ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ എല്ലാം പരിചിതമായി
ഞാനും മെറ്റാമോര്‍ഫോസിസ് നടന്ന് ഒരു ഹൈസ്കൂള്‍ ചേട്ടനായി മാറി.

എട്ടാം ക്ലാസിലെ അവസാനത്തെ വര്‍ഷാവസാനപരീക്ഷകഴിഞ്ഞ്
ഇറങ്ങുമ്പോളാണു ഗോപാലകൃഷ്ണന്‍ എന്നെ വിളിച്ചത് .

"നീ വാടാനമുക്ക് ഓരോ മിഠായി വാങ്ങിത്തിന്നാം"

ഗോപാലകൃഷ്ണന്‍ എന്റെ ക്ലാസിലെ ഒരു ശാന്തനായ സുഹൃത്താണു
അവന്‍ അധികമാരോടും സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല എന്നെകാണുമ്പോള്‍ചിരിക്കാറുണ്ടെങ്കിലും വര്‍ത്തമാനം പറയുന്നത് ആദ്യം

മെയിന്‍ റോഡ് ക്രോസുചെയ്ത് ഞങ്ങള്‍കടയില്‍ ചെന്നു.
മിഠായി ഭരണിയില്‍കൈയ്യിട്ട് രണ്ട് മിഠായി ഗോപാലകൃഷ്ണന്‍ തന്നെയാണെടുത്തത്
അതിലൊന്ന് അവന്‍ എന്റെ പോക്കറ്റിലേയ്ക്കിട്ടു

പൈസയും കൊടുത്ത് ഞങ്ങള്‍ റോഡിലേയ്ക്ക് ഇറങ്ങി,
ഞാന്‍ ആ മിഠായി വായിലേയ്ക്കിട്ടതേയുള്ളൂ
കടക്കാരന്‍ ചാടിയിറങ്ങി ഞങ്ങളുടെ ഷര്‍ട്ടില്‍ പിടിച്ച് പുറകിലേയ്ക്ക് വലിച്ചു

അയാള്‍ വായിലിട്ടമിഠായി തിരിച്ചു വാങ്ങിച്ചു.
എനിക്ക് ഒന്നും മനസിലായില്ല.

"ഇതാ നിന്റെ പൈസ, എന്റെടുത്ത് ഇനി ഇത്തരം വേഷം കെട്ടുമായി വരരുത്"

 അയാള്‍ ഗോപാലകൃഷ്ണനെ തല്ലാന്‍ കൈ ഓങ്ങി
ഞങ്ങള്‍ ജീവനുംകൊണ്ടോടി  

"ആപൈസയ്ക്ക് എന്നാടാ കുഴപ്പം?"
 ഞാന്‍  ചോദിച്ചു
അവന്‍ ആ പൈസ എന്റ് കയ്യില്‍ തന്നു.

ആ വിഷമത്തിലും ഞാന്‍ ചിരിച്ചുപോയി.
ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ തലയും കടുവയുമുള്ള
1945 ലെപഴയ ബ്രിട്ടീഷ് ഇന്‍ഡ്യന്‍  അരരൂപാ
 എടുക്കാത്ത നാണയം

"നീ എന്നോട് ക്ഷമിക്കണം, എന്റെ കൈയ്യില്‍ വേറേ പണമൊന്നും ഇല്ല,
 ഇത്തവണ വിഷുവിനു കിട്ടുന്ന കൈനീട്ടം ഞാന്‍സൂക്ഷിച്ച്
അടുത്തവര്‍ഷം ക്ലാസുതുറക്കുന്നദിവസം കൊണ്ടുവന്ന്
നിനക്ക് ഒന്നിനു പകരം രണ്ട് മിഠായി വാങ്ങിത്തരാം."

"അതൊന്നും സാരമില്ലെടാ,
 എന്നാലും നീ എന്തിനാ ഈ  എടുക്കാത്ത നാണയം കൊടുത്ത് മിഠായി വാങ്ങിയത് ?"

 ഞാന്‍ ചോദിച്ചു.

ഗോപാലകൃഷ്ണന്‍ എന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു

"നമ്മുടെ ക്ലാസില്‍ ഏറ്റവും നേരും നെറിയുമുള്ളവന്‍ നീയാ,
 അപ്പോനീകൊടുത്താല്‍ കടക്കാരന്‍ ഒന്നും നോക്കാതെ പൈസ പെട്ടീലിടുമെന്നാ
ഞാന്‍ വിചാരിച്ചേ

അടുത്തസ്കൂള്‍ തുറക്കുന്നദിവസം ഇതേസ്ഥലത്ത് രാവിലെ 9.30നു ഞാന്‍ വരും
നീയും വരണം നിനക്ക് മിഠായി തന്നിട്ടേ ഞാന്‍ ക്ലാസില്‍ കയറൂ.!!"

ഗോപാലകൃഷ്ണന്റെ കണ്ണുകള്‍ നനയുന്നതുകണ്ടപ്പോള്‍ എനിക്കും വിഷമം തോന്നി
കൈവീശിയിട്ട് അവന്‍ നടന്നു
ദൂരെ ളാലം പാലംകയറി അവന്‍ നടന്ന് നീങ്ങി മറയുന്നതുവരെ
ഞാന്‍ അവന്റെ നടപ്പ് നോക്കിക്കൊണ്ട് നിന്നു.

പെട്ടന്ന് എനിക്ക് ഒരു സംശയം

ക്ലാസില്‍ എത്രകുട്ടികളുണ്ട്?
അവരില്‍ ഏറ്റവും നേരും നെരിയും ഉള്ളവന്‍ ഞാനാണെന്ന് ഇവനുതോന്നാന്‍ എന്താകാര്യം ?ആണെങ്കില്‍ തന്നെ ഒരു കടക്കാരന്‍ അതെങ്ങിനെ അറിയും?

എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല
ഇനി രണ്ട് മാസം കാത്തേപറ്റൂ
സ്കൂള്‍ അവധിതുടങ്ങിപ്പോയല്ലോ.
ആദ്യമായി അവധിയോടെനിക്ക് വെറുപ്പുതോന്നി

സ്കൂള്‍ തുറന്നദിവസം രാവിലെ 9.30നു ഞാന്‍ കടയുടെ അടുത്ത്  ഗോപാലകൃഷ്ണനെ കാത്തുനിന്നു 10മണിയായിട്ടും അവന്‍ വന്നില്ല എനിക്ക് നിരാശതോന്നി
ആ ചോദ്യം എന്റെ മനസില്‍  അത്രശക്തമായിരുന്നു.

"നീ എന്നാടാ ക്ലാസില്‍ കേറാതെനില്‍ക്കുന്നത്?"
 എന്റെക്ലാസിലെ കൃഷ്ണന്‍ കുട്ടി  എന്റെ തോളില്‍ തട്ടി

"നമ്മുടെ ഗോപാലകൃഷ്ണന്‍ 9.30നു ഇവിടെ വരാമെന്ന് പറഞ്ഞിരുന്നു."

"അപ്പോ നീ ഒന്നും അറിഞ്ഞില്ലേ?
 രണ്ടാഴ്ച്ചമുന്‍പ് അവന്‍ മരിച്ചുപോയി മഞ്ഞപ്പിത്തമായിരുന്നു."

ഞാന്‍ വിറച്ചുപോയി
എനിക്ക് ആ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കുറച്ചുസമയം വേണ്ടിവന്നു.

ഉള്‍ക്കൊള്ളാതെ പറ്റില്ലല്ലോ
ഇനി ഗോപാലകൃഷ്ണന്‍ ഒരു ഓര്‍മ്മമാത്രം

"ക്ലാസിലെ ഏറ്റവും നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍"
 എന്ന  അവന്റെ വാക്കുകളുടെ കാരണവും ഇനിതിരശീലയ്ക്ക്   പുറകിലേയ്ക്ക്!!

പിന്നെപ്പതുക്കെ
ആടാന്‍ കഴിയാതെപോയ നാടകത്തിന്റെ പറയാതെപോയ ഡയലോഗായി വിസ്മൃതിയിലേയ്ക്ക്

ഒരുപക്ഷേ മരണം പടിവാതുക്കല്‍ നില്‍ക്കുമ്പോള്‍ മനുഷ്യനു ദിവ്യചക്ഷുസ് ലഭിക്കുമെന്നവിശ്വാസം ശരിയായിരിക്കുമോ??


Saturday, April 14, 2012

ഗുല്‍മോഹര്‍ പൂക്കള്‍.

കലാനിലയം സ്കൂളിന്റെ മുന്നില്‍ ഒരു വലിയമരം ഉണ്ട്.
 വളര്‍ന്ന് പന്തലിച്ച ഒരു ഗുല്‍മോഹര്‍ മരം.
സ്കൂളിലെ ഇടവേളകളില്‍ എന്റെ സങ്കേതം.

ഈമരം പൂക്കുന്നതായി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
ക്ലാസ് തുറക്കുന്ന ദിവസങ്ങളില്‍ ആമരത്തില്‍ കായകള്‍ തൂങ്ങിനില്‍ക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്
കാണാന്‍ പറ്റാത്ത പൂവായതിനാലാണോ എന്നെനിക്കറിയില്ല,
ഞാൻ ആ ഗുല്‍മോഹര്‍പ്പൂക്കളെ വല്ലാതെ സ്നേഹിച്ചിരുന്നു.
മറ്റുകുട്ടികള്‍ ഓടിക്കളിക്കുമ്പോള്‍  ഗ്രൗണ്ട് കാണാക്കുട്ടിയായ ഞാന്‍
ആ മരചുവട്ടിലെ കല്ലില്‍ ഇരിക്കും.
അവിടെ നിന്നും നോക്കിയാല്‍ ചുറ്റുപാടുകള്‍മുഴുവന്‍ കാണാം
പുലിയന്നൂര്‍ പാടത്തിന്റെ നടുവിലൂടെ കുന്നുകയറി വരുന്ന ചുവന്ന വഴിത്താര
ആവഴിയുടെ ഇടത്ത് വശത്ത് ഉള്ള അച്ചന്റെ ക്വാര്‍ട്ടേഴ്സ്
അതിനോട് ചേര്‍ന്ന് രണ്ട് തട്ടുകളായുള്ള കളിസ്ഥലം.
സ്കൂളിനോട് ചേര്‍ന്നുള്ള കപ്പേള(ചെറിയ പള്ളി), മഠം, എല്ലാം

പാലാ സെന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ
കൊട്ടാരത്തും മൂഴിഅച്ചനായിരുന്നു ക്വാര്‍ട്ടേഴ്സില്‍ താമസം.
വര്‍ഷത്തില്‍ ഒരു ദിവസം അച്ചന്‍ സ്കൂളില്‍ വന്ന് തിരുകര്‍മ്മങ്ങള്‍  നടത്തും
അച്ചനെ കാണുമ്പോള്‍ "ഗുഡ്മോണിഗ് ഫാദര്‍"  എന്ന്പറയാന്‍
റെമീജിയസമ്മടീച്ചര്‍ ഞങ്ങളോട് പറഞ്ഞതുമുതല്‍ ഞങ്ങള്‍ അത് മുടക്കിയിട്ടില്ല
പുഞ്ചിരിയോടെ കൊട്ടാരത്തും മൂഴി അച്ചന്‍
ഞങ്ങള്‍ക്കെല്ലാം ഗുഡ് മോണിഗ് തിരിച്ചും തന്നിരുന്നു

രാവിലെ ഈശ്വരപ്രാര്‍ത്ഥന,
ഉച്ചയ്ക്ക് ഇടവേളയ്ക്കുമുന്‍പ് നന്മനിറഞ്ഞമറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി.... എന്നുതുടങ്ങുന്ന പ്രാത്ഥന,
ഉച്ചയ്ക്ക് ഓ മൈ ഗോഡ് എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന
നാലുമണിയ്ക്ക് ദേശീയ ഗാനം

ഇങ്ങനെ കന്യാസ്ത്രീകളുടെ   സ്കൂളായിരുന്നതുകൊണ്ട്
പ്രാര്‍ത്ഥനകള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.
മറ്റുകുട്ടികളോടൊപ്പം ഞാനും
ആ പ്രാര്‍ത്ഥനകളിലെല്ലാം ആത്മാര്‍ത്ഥതയോടെ പങ്കെടുത്തിരുന്നു.

പതിവുപോലെ അന്നും ഉച്ചയ്ക്ക് ഞാന്‍ തൊണ്ടകീറുമ്പോലെ
ഉച്ചപ്രാര്‍ത്ഥന  കൂവിവിളിച്ച് പാടി
തല ഉയര്‍ത്തുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി
എന്റെ ക്ലാസ് ടീച്ചര്‍ ഫിഷര്‍മേരി ടീച്ചര്‍  എന്നെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുന്നു.
ടീച്ചറിന്റെ മുഖത്ത് വല്ലാത്ത ഒരു ചിരി.

"ശ്രീനി ആ പ്രാര്‍ത്ഥന ഒന്നു കൂടി പറഞ്ഞേ"

എന്നെ മറ്റാരുംവിളിച്ചിട്ടില്ലാത്ത  ശ്രീനി എന്ന ചുരുക്കപ്പേരിലാണ്
എന്നും ഫിഷര്‍മേരിടീച്ചര്‍  വിളിച്ചിരുന്നത്.

സത്യത്തില്‍ എനിക്ക് ആ പ്രാര്‍ത്ഥന എന്താണെന്ന് അറിയില്ല
ആരും എനിക്ക് അത് പറഞ്ഞുതന്നിട്ടുമില്ല
അത് ലാറ്റിനോ മറ്റേതോ ഭാഷയോ ആണെന്നാണു ഞാന്‍ വിചാരിച്ചിരുന്നത്
ഓ മൈഗോഡ് കഴിഞ്ഞ് എനിക്ക് അറിയില്ല
ഐമസിസ്, ഏമസിസ് ഏമാന്‍
എന്നാണ്  ഞാന്‍ സാധാരണ വിളിച്ച് പറയാറുള്ളത്

രക്ഷയില്ലാത്തതിനാല്‍ ഞാന്‍ എനിക്കറിയാവുന്നതുപോലെ വിളിച്ച് കൂവി.
ടീച്ചര്‍ ചിരിക്കാന്‍ തുടങ്ങി തുടങ്ങി എന്നല്ല ടീച്ചറിനു ചിരി നിര്‍ത്താന്‍ പറ്റുന്നില്ല
ഞാന്‍ ചമ്മിപ്പോയി
കൂട്ടുകാരെല്ലാം തലതാഴ്ത്തിയിരിക്കുന്നു.അവരുടേയും അവസ്ഥ അതുതന്നെ.

അവസാനം ടീച്ചര്‍ പറഞ്ഞു

"എന്റെ ശ്രീനീ, വാക്കുകള്‍ എന്താണെങ്കിലും ഭക്തിയുണ്ടെങ്കില്‍ പ്രാര്‍ത്ഥന ഫലിക്കും
എന്നാലും ഇനി ഇത്തരം വിഢിത്തങ്ങള്‍ ആവര്‍ത്തിക്കരുത് "

ഓ മൈഗോഡ്, വി ആര്‍  എബൗട്ട് റ്റു ബിഗിന്‍  അവർ സ്റ്റഡീസ്
എന്നുതുടങ്ങുന്ന പ്രാര്‍ത്ഥന  ടീച്ചര്‍ ബോര്‍ഡില്‍ എഴുതി

"എന്നാലിത് നേരത്തെ ചെയ്യാന്‍ മേലായിരുന്നോ?
 കുഴീച്ചാടിച്ചിട്ടാണോ വലിച്ച് കേറ്റുന്നേ?"
 ബാബുതോമസിന്റെ ചോദ്യം കേട്ടെങ്കിലും ടീച്ചര്‍ ഒന്നും പറഞ്ഞില്ല.
 .........................................................................................
കലാനിലയത്തില്‍ ഏഴാം ക്ലാസില്‍ കയറിയപ്പോള്‍മുതല്‍
എനിക്ക് ഒരുലക്ഷ്യം ഉണ്ടായിരുന്നു.
സ്കൂളില്‍ ഒന്നാം റാങ്ക് .

മറ്റൊന്നിനുമല്ല കലാനിലയത്തില്‍ ഒന്നാം റാങ്ക് നേടുന്ന കുട്ടിക്ക് ഒരു സമ്മാനമുണ്ട്.
മുത്തോലി ഗ്രാമപഞ്ചായത്തിന്റെ സമ്മാനം.
പൊതുയോഗത്തില്‍ വെച്ച് ആ സമ്മാനം സ്വീകരിക്കുന്നത്
ഞാന്‍ സ്വപ്നങ്ങളില്‍ പോലും കണ്ടു...
ഏഴാം ക്ലാസില്‍പഠിച്ച ഓരോ നിമിഷവുമതുമാത്രമായിരുന്നു എന്റെ മനസില്‍.

അവസാനം പരീക്ഷകഴിഞ്ഞപ്പോള്‍ എനിക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു.
എങ്കിലും റിസല്‍റ്റ് അറിയാനായി സ്കൂളിലേയ്ക്ക് പോയപ്പോള്‍
അല്‍പം നെഞ്ചിടിപ്പുയര്‍ന്നുഎന്നത്  മറക്കുന്നില്ല

സ്കൂളിന്റെ പടികയറുമ്പോള്‍ കോണ്‍സലീത്താമ്മ ടീച്ചര്‍
"മിടുക്കന്‍, ഫസ്റ്റ്  റാങ്ക് അടിച്ചെടുത്തല്ലോ!!"
 എന്ന് പറഞ്ഞപ്പോളാണത് ആഹ്ലാദപൂത്തിരിയായി വിടര്‍ന്നത്.

"ദേ, ഫസ്റ്റ് റാങ്കുകാരന്‍ വന്നിരിക്കുന്നു"
ടീച്ചര്‍  എന്റെകൂടെ ഹെഡ്മിസ്ട്രസിന്റെ മുറിയിലേയ്ക്ക് വന്നു.

"സിസ്റ്ററിങ്ങുവന്നേ,"

കോണ്‍സലീത്താമ്മടീച്ചറിനെ മറ്റൊരുടീച്ചര്‍ കയ്യില്‍പിടിച്ച് അകത്തേയ്ക്ക്കൊണ്ടുപോയി
സമയം മുന്നോട്ട് നീങ്ങും തോറും എനിക്ക്  അസ്വസ്ഥത തോന്നി

"കോണ്‍സലീത്താമ്മ ടീച്ചറിനു തെറ്റുപറ്റിയതാ,
 റാങ്ക് ശ്രീനിവാസനല്ല  നമ്മുടെ ആലീസുകുട്ടിക്കാ "
സിസ്റ്റര്‍ തിരിച്ചുവരും വഴി പറഞ്ഞു.
.
ഞാന്‍ ഞെട്ടിപ്പോയി
എനിക്ക് വാക്കുകള്‍ പുറത്തേയ്ക്ക് വരുന്നില്ല

"ശ്രീനിവാസന്റെ  അഛന്‍ പ്രൊഫസറല്ലേ?
 പണത്തിനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ലല്ലോ,
നമ്മുടെ ആലീസുകുട്ടിഒരു പാവം   ക്രിസ്ത്യാനിക്കുട്ടിയല്ലേ?
അതിന് സ്കോളർഷിപ്പ് കിട്ടുമ്പോൾ  നമ്മളെല്ലാം സന്തോഷിക്കുകയാ വേണ്ടത് ?
ശ്രീനിവാസനു രണ്ടാം റാങ്കാ ഉള്ളത്."

 ഞാന്‍ ഒന്നും പറഞ്ഞില്ലെങ്കിലും
എന്റെ മുഖത്തേയ്ക്ക് നോക്കാന്‍ ധൈര്യമില്ലാഞ്ഞാവണം
സിസ്റ്റര്‍ തിരക്കിട്ട് മഠത്തിലേയ്ക്ക് പോയി.

കലാനിലയത്തിന്റെ പടികള്‍ ഇറങ്ങുമ്പോള്‍
എന്റെ മനസ് ശൂന്യമായിരുന്നു.
യാതൊരു ചിന്തകളും ഇല്ലാതെ തലച്ചോറാകെ മരവിച്ചതുപോലെ.

ഇത് മേയ് മാസം
ഗുല്‍മോഹര്‍ മരം പൂത്തിരിക്കുന്നു.
ചുവന്നഗുല്‍മോഹര്‍ പൂക്കളെയും നോക്കിക്കൊണ്ട് ഞാന്‍ ആ മരച്ചുവട്ടിലെ കല്ലില്‍ ഇരുന്നു.

ആരോ എന്റെ തോളില്‍ കൈവെച്ചു
ഞാന്‍ ചാടി എഴുന്നേറ്റു
കോണ്‍സലീത്താമ്മ ടീച്ചര്‍ ,
ടീച്ചറിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു,
 ടീച്ചര്‍ ഒരു കൊന്ത എന്റെ കയ്യില്‍ വെച്ചു.
"ഇത് ശ്രീനിവാസന് എന്റെ സമ്മാനം.
നീ മിടുക്കനാ നീ നന്നായി വരും.
നിനക്ക്  കിട്ടാതെപോയ ആ സ്കോളര്‍ഷിപ്പിനേക്കാള്‍ വിലയുണ്ട് ഈ കൊന്തയ്ക്ക്. ഇപ്പോള്‍മനസിലായില്ലേലും നീയത് ഒരിക്കല്‍ മനസിലാക്കും."

ടീച്ചര്‍   എന്നെ ചേര്‍ത്തുപിടിച്ച് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.
എന്റെ സര്‍വ്വനിയന്ത്രണങ്ങളും വിട്ടുപോയി
ഞാന്‍ ഉച്ചത്തിൽ ഏങ്ങിഏങ്ങിക്കരഞ്ഞു.

ഒരു കാറ്റുവന്നതുകൊണ്ടാവാം,
എന്റെ മേല്‍ ഗുല്‍മോഹര്‍  പൂക്കള്‍ ചിതറി വീണു
ആപൂക്കള്‍ക്ക് ചോരയുടെ ചുവപ്പാണെന്നെനിക്കു തോന്നി
പണ്ട് ട്രോയി യുദ്ധത്തില്‍ തന്റെ പ്രിയപുത്രന്‍ സാര്‍പ്പോഡന്റെ ബഹുമാനാര്‍ത്ഥം
സ്യൂസ് ദേവന്‍ വര്‍ഷിച്ച രക്തത്തുള്ളികളുടെ ചുവപ്പ്.
.........................................................................................................................
ഇന്നേയ്ക്ക് ആ ദിവസത്തിനു ശേഷം 40 വഷം കടന്നുപോയിരിക്കുന്നു.
എനിക്ക് ഇപ്പോള്‍ ആരോടും പക  മനസിലില്ല.

പാവം ആലീസുകുട്ടി,
പഠനത്തില്‍ എന്നോട് ഒപ്പത്തിനൊപ്പം നിന്നിരുന്ന ആ നല്ലകൂട്ടുകാരി
ഈ ബ്ലോഗ് വായിക്കാനിടയായാല്‍ മാത്രമായിരിക്കും ഈ കഥയറിയുക.

കോണ്‍സലീത്താമ്മ ടീച്ചര്‍ അന്നുതന്ന കൊന്ത
ഞാന്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു.
ആ കൊന്തയിലൂടെ കോൺസലീത്താമ്മ ടീച്ചർ എനിയ്ക്ക് തന്ന
അനുഗ്രഹത്തിന്റെ  മഹത്വം ഇന്നെനിക്കറിയാം.

ഒരു കാര്യം മാത്രം ഇന്ന് ഈ ബ്ലോഗ് എഴുതുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.

ആ ദിനം തൊട്ട് ഇന്നുവരെ ഞാന്‍ എന്തെങ്കിലും നേടണമെന്ന് ആഗ്രഹിക്കുകയോ
നേട്ടങ്ങളില്‍ മനസറിഞ്ഞ് സന്തോഷിക്കുകയോ ചെയ്തിട്ടില്ല.
ഒരുനിര്‍വ്വികാരത എന്റെ മനസില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.
ആ ചെറിയസംഭവം
ഇത്രക്ക് ആഴത്തില്‍ ആഴ്ന്നിറങ്ങാനുമാത്രം ശക്തമായിരുന്നോ?
 മനുഷ്യന്റെ മനസു സഞ്ചരിക്കുന്ന വഴികള്‍ എത്ര വിചിത്രമാണല്ലേ?
-----------------------------------------------------------------------------------------------
  കുറിപ്പ്:
ഒരാളുടെ ബഹുമാനാര്‍ത്ഥം ദൈവങ്ങള്‍ രക്തത്തുള്ളികള്‍ വര്‍ഷിക്കുക എന്നത്
ഒരു ഗ്രീക്ക് വിശ്വാസമായിരിക്കാം,
ഹോമറിന്റെ ഇലിയഡില്‍  നമുക്ക് ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങള്‍ കാണാം .

Monday, January 16, 2012

വീണ്ടും ചില സ്കൂള്‍ വിശേഷങ്ങള്‍


 വൈകുന്നേരത്തെ ഉല്ലാസനടപ്പ് 
പുലിയന്നൂര്‍ അമ്പലംറോഡിലൂടെ കലാനിലയം സ്കൂള്‍ വരെ നീണ്ടു. കുന്നുകയറിസ്കൂളിന്റെ അടുത്തെത്തിയപ്പോള്‍ സമയം ഇരുട്ടിത്തുടങ്ങി.ഇന്ന് ഇത്രമതി. ഞാന്‍ സ്കൂളിന്റെ പടിക്കലെ ഗുല്‍മോഹര്‍ മരത്തിന്റെ ചുവട്ടിലുള്ള കല്ലില്‍ ഇരുന്നു.  


42  വര്‍ഷം മുന്‍പ് ഞാന്‍ ആദ്യമായി കയറിയ പടികള്‍ കാണുമ്പോള്‍ മനസില്‍ എന്തോ ഒരു ഗൃഹാതുരത്വം.


"അപ്പ് അപ്പ് കലാനിലയം!!
 അപ്പ് അപ്പ് കലാനിലയം!!
 എന്നൊരാരവം ചെവിയില്‍ മുഴങ്ങുന്നതുപോലെ  


തലയില്‍ മല്‍സരിച്ച് വിജയിച്ച് നേടിയ കപ്പുമായി ഒരുകൂട്ടം കുട്ടികള്‍ കയറിവരുന്നു അക്കൂട്ടത്തില്‍ ഞാനുമുണ്ട്.


"പൊട്ടിച്ചേ പൊട്ടിച്ചേ കണ്ണാടിയുറുമ്പിനെ പൊട്ടിച്ചേ,
 പൊട്ടിച്ചേ പൊട്ടിച്ചേ വിളക്കുമാടത്തെ പൊട്ടിച്ചേ"


 എല്ലാവരും ആര്‍ത്തുവിളിക്കുന്നു.ഒരു സ്പോര്‍ട്ട്സ് ഐറ്റത്തിലും ഞാന്‍ എന്റെ ജീവിതത്തില്‍ പങ്കെടുത്തിട്ടില്ല. ഗ്രൗണ്ട്കാണാക്കുട്ടിയായ എനിക്ക് ആ ആര്‍പ്പുവിളിയില്‍ പങ്കുചേരുകമാത്രമേ പണിയുള്ളു.


കണ്ണാടിയുറുമ്പ് യുപിസ്കൂളും വിളക്കുമാടം  യുപി സ്കൂളുമാണ് 
ഞങ്ങളുടെ പ്രധാന എതിരാളികള്‍.


എല്ലാം കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളുകള്‍ രാവിലെ 8 മണിക്ക് കണ്ണാടിയുറുമ്പില്‍ ഓട്ടവും ചാട്ടവും തുടങ്ങുമെന്ന് അറിവ് കിട്ടിയനാള്‍മുതല്‍  ഞങ്ങളുടെസ്കൂളില്‍ 7 മണിക്ക് പ്രാക്ടീസ് തുടങ്ങി ഏതായാലും ഞാന്‍ പഠിച്ച മൂന്നുവര്‍ഷവുംകപ്പുകള്‍ എല്ലാം നേടിയത് ഞങ്ങളുടെ കലാനിലയം തന്നെ.


അങ്ങിനെയിരിക്കെ ഒരു ദിവസം ദീപിക കൊച്ചേട്ടന്‍ ഞങ്ങളുടെ സ്കൂളില്‍ വന്നു. ദീപികബാലസഖ്യത്തിന്റെ ചുമതലക്കാരനാണ് കൊച്ചേട്ടന്‍. സരസമായ പ്രസംഗം.പ്രസംഗത്തിന്റെ അവസാനം കൊച്ചേട്ടന്‍പറഞ്ഞു 


"കുട്ടികളെ ഞാന്‍ ഇന്ന് ഇവിടെ ഒരു ചെടിയുടെ വിത്ത് വിതയ്ക്കുവാന്‍ പോവുകയാണ്. നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെടിയുടെ വിത്ത്. അത് നാളെ മുളയ്ക്കും ഉടനെ വള്ളിവീശും തിങ്കളാഴ്ച്ച അത് വളര്‍ന്ന് പന്തലിച്ച് നിറയെപൂവിടും."


എനിക്ക് വിശ്വസിക്കാനായില്ല 


"ഇങ്ങിനെ ഒരു വിത്തോ? എന്റെ ഈശ്വരാ അതെന്തുവിത്ത് ?" 

തിങ്കളാഴ്ച്ചയ്ക്കായി ഞാന്‍ കാത്തിരുന്നു അതിരാവിലെ സ്കൂളില്‍ വന്ന് എല്ലായിടത്തും നോക്കിയിട്ടും ആ ചെടി എനിയ്ക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ തപ്പിനടക്കുന്നതുകണ്ട കോണ്‍സലീത്താമ്മ ടീച്ചര്‍  എന്റെ അടുത്തേക്കുവന്നു. ടീച്ചറിനോട് ഞാന്‍ ആചെടിയേപ്പറ്റി ചോദിച്ചു.


" ആ ചെടിയാണോ നീ ഈ കൊച്ചുവെളുപ്പാന്‍കാലത്ത് നോക്കാന്‍ വന്നത്?"


ടീച്ചര്‍ പൊട്ടിപ്പിട്ടിചിരിച്ചു.


"എന്റെ ശ്രീനിവാസാ, അത് ചെടിയും മരവും ഒന്നുമല്ല ദീപികാ ബാലസഖ്യത്തിന്റെ ശാഖയാ.കൊച്ചേട്ടന്‍ പറഞ്ഞത് സാഹിത്യഭാഷയാ നിങ്ങളെല്ലാം ദീപിക ബാലസഖ്യത്തില്‍ ചേരും എന്നാ കൊച്ചേട്ടന്‍ ഉദ്ദേശിച്ചത്."


 ടീച്ചര്‍ പിന്നെയും പൊട്ടിച്ചിരിച്ചു. ഞാന്‍ ചമ്മിപ്പോയി.


"സാരമില്ല അത്രയും പിള്ളേരു പ്രസംഗം കേട്ടെങ്കിലും 
ചിന്തിച്ചത് നീമാത്രമല്ലേയുള്ളു, നീ നന്നായി വരും."


ഞാന്‍ മോണിട്ടറായിരുന്നപ്പോള്‍ ജോഷിസ്കറിയായുടെ ഒരു നോട്ടുബുക്ക് കാണാതെപോയി.
ഹിന്ദി നോട്ടുബുക്ക്  കോമ്പോസിഷന്‍ എഴുതി ടീച്ചറുടെ മേശപ്പുറത്ത് വെച്ചതാണ്.  


"മോണിട്ടര്‍, നീയല്ലേ ആ ബുക്ക് ക്ലാസില്‍നിന്നും ഓഫീസ് റൂമിലേയ്ക്ക് കൊണ്ടുപോയത് അപ്പോള്‍ അത് നഷടപ്പെട്ടെങ്കില്‍ അത് നീ തന്നെ വാങ്ങിക്കൊടുക്കണം"
ഹിന്ദിപഠിപ്പിക്കുന്ന സിക്സ്തൂസമ്മടീച്ചര്‍  വിധിപ്രസ്താവിച്ചു.  


എനിക്ക് അന്നും ഇന്നും ആ തീരുമാനത്തിന്റെ ലോജിക്ക് മനസിലായിട്ടില്ല മോണിട്ടര്‍ സ്കൂളില്‍ നിന്നും പുറത്തു കൊണ്ടുപോകാത്ത നോട്ടുബുക്ക് നഷ്ടപ്പെട്ടാല്‍ അത് ടീച്ചറല്ലേ വാങ്ങിക്കൊടുക്കേണ്ടത് ?
എന്റെ വാദങ്ങള്‍ സിക്തൂസമ്മടീച്ചറിന്റെ ഉഗ്രശാസനയ്ക്കുമുന്‍പില്‍ വിലപ്പോയില്ല.
എനിക്ക് ഒരു പുതിയബുക്ക് വാങ്ങിക്കൊടുക്കേണ്ടിവന്നു. എനിക്ക് വല്ലാത്ത സങ്കടം വന്നു.
എന്റെ സങ്കടം എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ബാബുതോമസിനെ  വല്ലാതെ വിഷമിപ്പിച്ചു 
"കൂട്ടുകാരാ  കരയാതെ,  ഈ അനീതിയ്ക്ക്   പകരം ഒരു പണി തിരിച്ച് കൊടുക്കാന്‍ പറ്റുമോന്ന് ഞാന്‍ ഒന്ന് ആലോചിക്കട്ടെ !! 
എന്തേലും നമുക്ക് ഒപ്പിക്കാം." 
ബാബു എന്നെ സമാധാനിപ്പിച്ചു  


രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ബാബുവിനു ഒരു ബുദ്ധിഉദിച്ചു.
200 പേജിന്റെ ഒരു നല്ല ബുക്കുമായിട്ടാണു ബാബു വന്നത് 
എന്നെ രഹസ്യമായി വിളിച്ച് അവന്‍ പദ്ധതി വിശദീകരിച്ചു. 


"ഞാന്‍ നല്ലപോലെ ആലോചിച്ചു, ജോഷിയുടെ ബുക്ക് എടുത്തിരിക്കുന്നത് കുട്ടികളല്ല, ഏതോ ഒരു ടീച്ചറാണ്.
ചിലപ്പോള്‍ ഈ ഹിന്ദിടീച്ചര്‍ തന്നെയാവാം 
പക്ഷേ നമ്മുടെ കൈയ്യില്‍ തെളിവുകളില്ല. 
അതുകൊണ്ട് സിനിമയിലൊക്കെ കാണുന്നതുപോലെ നമുക്ക് പഴയ രംഗം പുനര്‍ശൃഷ്ടിക്കണം എന്നാലെ കള്ളനെ പിടിക്കാന്‍ പറ്റൂ അതിനാണീ വലിയ നല്ല ബുക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതില്‍ കോമ്പോസിഷന്‍ എഴുതിനിന്റെ പേരില്‍ വയ്ക്ക് നമുക്ക്  കളിതുടങ്ങാം!!"
ബാബു ആ ബുക്കിന്റെ 100,150 പേജുകളില്‍  പെന്‍സില്‍ കൊണ്ട് ചെറുതായി എന്റെ പേരെഴുതി. പുറമേ എല്ലാപേജുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരുചെറിയ വരയുമിട്ടു. 


"കള്ളി  ടീച്ചര്‍ ഞാന്‍ ഇടുന്ന ഈ ചൂണ്ടയില്‍ കൊത്തും 
ബുക്കിന്റെ ഒന്നാം പേജ് കീറിക്കളഞ്ഞ് സ്വന്തമാക്കി അതുമായി ക്ലാസില്‍ വരും അന്ന് നമുക്ക് പിടികൂടാം, നമ്മളോടാ കളി!!"
ബാബു ഇല്ലാത്ത മീശപിരിച്ചുകൊണ്ട് പറഞ്ഞു. 
എനിക്കും രസമായി  
"ഇനി ഒരു കളികൂടെയുണ്ട്  ഞാന്‍ ഇന്ന് കോമ്പോസിഷന്‍ വെയ്ക്കുന്നില്ല.പക്ഷേ ടീച്ചര്‍ ചോദിച്ചാല്‍ വെച്ചൂ എന്ന് നീ പറയണം 
കിളി പടം എടുത്തില്ലേല്‍ കളത്തില്‍ കയറി കളിക്കാനുള്ള പണി കൂടി നമ്മള്‍കരുതിവെക്കെണ്ടേ?"
ബാബു വളരെ ഉല്‍സാഹത്തിലാണ്.
ബാബു പറഞ്ഞത് സത്യമായി , കിളി പടം എടുത്തു. 
എന്റെ പുതിയ കോമ്പോസിഷന്‍ ബുക്ക് കാണാനില്ല


"ടീച്ചര്‍,  എന്റെ കോമ്പോസിഷന്‍ ബുക്ക് കാണാനില്ല  
മോണിട്ടര്‍ അത് വാങ്ങിത്തരണം!"
 ഞാന്‍ തര്‍ക്കവുമായി എഴുന്നേറ്റു. 
"എന്റെ ബുക്കും കാണാനില്ല 
200 പേജിന്റെ പുതിയ നോട്ടുബുക്ക് ഞങ്ങള്‍ ഒരുമിച്ച് വാങ്ങിയതാ" 
ബാബുവും എഴുന്നേറ്റതോടെ രംഗം കൊഴുത്തു.
ടീച്ചര്‍ വഴങ്ങുന്നില്ല  
പ്രശ്നംഹെഡ്മിസ്ട്രസിന്റെ മുമ്പിലെത്തി .
"ഈ  ശ്രീനിവാസന്‍ മോണിട്ടറായിരുന്നപ്പോള്‍ നഷ്ടപ്പെട്ടബുക്ക് ഇയാളെക്കൊണ്ട് വാങ്ങിപ്പിച്ച ടീച്ചറിന് സണ്ണിമാത്യു മോണിട്ടറായിരിക്കുമ്പോളെന്നാ പുതിയനിയമം? 
ഒരുപന്തിയില്‍ രണ്ട് വിളമ്പ് പറ്റില്ല ടീച്ചറേ!!"


ബാബു വിട്ടുകൊടുക്കാന്‍ ഒരുക്കമില്ലഎന്ന്  മനസിലായ ഹെഡ്മിസ്ട്രസ് ജയിനമ്മ ടീച്ചര്‍രണ്ട് ബുക്കിന്റെ വില സ്വന്തം കൈയ്യില്‍ നിന്നും എടുത്ത് തന്നു.


" ടീച്ചറിനെപ്പോലുള്ള നീതിമാന്മാരുള്ളത് ഞങ്ങളുടെ ഭാഗ്യം, താങ്ക്യൂടീച്ചര്‍!!"
ബാബു നന്ദിപറയാന്‍ മറന്നില്ല. 
"എങ്ങിനെയുണ്ടെന്റെ ബുദ്ധി?"
ബാബുവിനു അന്ന് വൈകിട്ട് പോകുമ്പോള്‍ ആഹ്ലാദം അടക്കാനാകുന്നില്ല. 


ബാബു പറഞ്ഞത് ശരിയായി 
മറ്റൊരുടീച്ചര്‍  എന്റെ ബുക്ക് ആദ്യപേജ് കീറിക്കളഞ്ഞ് ഉപയോഗിക്കുന്നത് ഞങ്ങള്‍ അധികം താമസിയാതെ കണ്ടെത്തി. എങ്കിലും പ്രശനമുണ്ടാക്കാന്‍ പോയില്ല 
ഹെഡ്മിസ്ട്രസിനോടുപറഞ്ഞാല്‍, ആ ബുക്ക് വാങ്ങിതിരികെ തന്നിട്ട് തന്ന പണം തിരികെ വാങ്ങിയാലോ....?

Friday, September 9, 2011

ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് !!!


 ജോണ്‍ അപ്പാപ്പന്റെഅസ്വസ്ഥത ഞാന്‍ യാധൃശ്ചികമായാണ് ശ്രദ്ധിച്ചത്.
സമയം 8 ആയതേയുള്ളു ഒ.പി.തുടങ്ങാന്‍ ഇനിയും അരമണിക്കൂറു കൂടി കഴിയണം.

അപ്പാപ്പന്‍ വീണ്ടും വീണ്ടും വാച്ചില്‍ നോക്കുന്നു.
മനസ് ഇവിടെയെങ്ങുമല്ല എന്ന് തോന്നിച്ചപ്പോള്‍ ഞാന്‍ അപ്പാപ്പന്റെ അടുത്തേയ്ക്ക് ചെന്നു.

"ഗുഡ് മോര്‍ണിഗ് ജോണപ്പാപ്പാ, ഇന്നെന്താ സൂചിമുനയില്‍ നില്‍ക്കുന്നതുപോലെ?
വേറെ എവിടെങ്കിലും അപ്പാപ്പൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തിട്ടുണ്ടോ?"

"വേറെ അപ്പോയിന്റ് മെന്റ്  ഒന്നും അല്ല,
 9 മണിയ്ക്ക്   എന്റെ ലീലാമ്മയ്ക്ക്   കാപ്പികുടിക്കാറാകുമ്പോഴേയ്ക്കുംഎനിക്ക് അവിടെ എത്തണം,
 അത് മുടക്കാന്‍ പറ്റില്ല".

എനിക്ക് അതുകേട്ടപ്പോള്‍ ചിരിവന്നു

"അതെന്നാ അപ്പാപ്പാ, സമയത്ത് ചെന്നില്ലങ്കില്‍ ലീലാമ്മച്ചി അപ്പാപ്പനെ
ബെഞ്ചില്‍ കയറ്റി നിര്‍ത്തുമോ?"

അപ്പാപ്പന്‍ എന്നെ നോക്കി പതിവുപോലെ ആ നിഷ്കളങ്കമായ  ആ ചിരി  ചിരിച്ചു 

"അതിനുലീലാമ്മയ്ക്ക്  അറിഞ്ഞുകൂടല്ലോ ഞാനാണവളുടെ കൂടെ കാപ്പികുടിക്കുന്നതെന്ന് ."

 ജോണപ്പാപ്പന്‍ എന്താണുപറഞ്ഞുവരുന്നതെന്ന് എനിക്ക് മനസിലായില്ല . അതുമനസിലായിട്ടാണെന്നുതോന്നുന്നുഅപ്പാപ്പന്‍ കൂടുതല്‍ വിശദീകരിച്ചു

"എന്റെ ലീലാമ്മ ആശുപത്രിയിലാ, അല്‍ഷിമേഴ്സ് രോഗം ബാധിച്ച്
കഴിഞ്ഞ അഞ്ചുവര്‍ഷമായി അവള്‍ ആരേയും തിരിച്ചറിയാറില്ല."

ജോണപ്പാപ്പന്‍+85ലുള്ള ഒരു വൃദ്ധനാണ്  ലീലാമ്മച്ചി ഏതാണ്ടതിനടുത്ത് പ്രായം വരുന്ന ജോണപ്പാപ്പന്റെ നല്ലപകുതിയും.

"പക്ഷേ, എനിക്കറിയാമല്ലോ
ഞാന്‍ എന്റെ ലീലാമ്മയുടെ കൂടെയാണ്  ഭക്ഷണം കഴിക്കുന്നതെന്ന്,
ആരാണുകൂടെ എന്ന് അറിയില്ലെങ്കിലും എന്റെ ലീലാമ്മയ്ക്ക് ഒറ്റയ്ക്കാണെന്ന് തോന്നുകയുമില്ലല്ലോ അതെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കില്‍..."

ജോണപ്പാപ്പന്റെ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടു.
അപ്പാപ്പൻ    പോയിക്കഴിഞ്ഞിട്ടും  ആ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.

ഈ സ്നേഹം , അതല്ലേ ഓരോ ഭാര്യയും കിട്ടാന്‍ കൊതിക്കുന്നത്?
എന്നാല്‍ ഒരു ഭാര്യക്കും കിട്ടാതെ പോകുന്നതും!!

എന്റെ അനിയന്റെ ഭാര്യ ഡോ.ഇളമതി ഫോര്‍വേഡ് ചെയ്ത ഒരു ഇ മെയിലില്‍ നിന്നാണ്  ഞാന്‍  ജോണപ്പാപ്പന്റേയും ലീലാമ്മച്ചിയുടേയും കഥവായിക്കുന്നത്.

എന്റേയും മനസിന്  ഒരു ഭാരം പോലെ.

ജോണപ്പാപ്പനെപ്പോലെ    സ്നേഹസമ്പന്നനായ   ഒരു  ഭര്‍ത്താവും,
 ലീലാമ്മാച്ചിയേപ്പോലെ  ഭാര്യയും ഈലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ?

 സാധ്യതവളരെ കുറവാണ്,

"അഗ്നിസാക്ഷിണിയായുള്ളോരു ഭാര്യയെ സ്വപ്നത്തില്‍ പോലും കാണുന്നില്ലാ ചിലര്‍"

 എന്നല്ലേ പൂന്താനം ഞാനപ്പാനയില്‍ പാടിയിരിക്കുന്നത്?

പ്രേമിച്ച് വിവാഹിതരാകുന്നവരില്‍പോലും ആ പ്രേമവും സ്നേഹവും
വിവാഹത്തോടുകൂടി  അവസാനിക്കുകയാണല്ലോ  പതിവ്.

എല്ലാവര്‍ക്കും തിരക്കാണ്,
നില്‍ക്കാന്‍ സമയമില്ല, പരസ്പരം സംസാരിക്കാന്‍പോലും പോലും സമയമില്ല

ആവശ്യത്തിലധികം യാന്ത്രികത നമ്മുടെ ഒക്കെ ജീവിതത്തിന്റെ ഭാഗമായി  മാറിയിരിക്കുന്നു.

ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് ഫയലിന്റെ കെട്ടുകളുമായി  വരുന്ന വലിയ ഉദ്യോഗസ്ഥര്‍ തൊട്ട് കിട്ടിയകാശിനുമുഴുവന്‍ വാറ്റുചാരായം വാങ്ങിക്കുടിച്ച് ഓടയില്‍ കിടക്കുന്നവര്‍ വരെ
ഇക്കാര്യത്തില്‍ ഒന്നുതന്നെ.

ഭര്‍ത്താക്കന്മാരെ മാത്രം പറഞ്ഞിട്ട് എന്തുകാര്യം ?
തിരക്കില്‍ ഭാര്യമാരും ഒട്ടും പുറകിലല്ല.

 ഭര്‍ത്താവിനോടൊത്ത് വിശേഷങ്ങളും പറഞ്ഞ്ചായകുടിക്കുന്നതിനേപ്പറ്റി
ചിന്തിക്കാന്‍ പോലും ഏതുഭാര്യയ്ക്കാണു താല്‍പ്പര്യം ??


"പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ ""
എന്നപുതിയപാട്ടു കേട്ടാലും

"അപ്പൂപ്പനെന്തുപറഞ്ഞാലുമമ്മൂമ്മ അപ്പടികാര്യങ്ങള്‍ ചെയ്തിരുന്നു"
എന്ന പഴയപാട്ടുകേട്ടലുംചിരിവരാത്തവരായി ആരുണ്ട്.?

  ഇങ്ങിനെഒക്കെ മതിയോ നമ്മുടെ ജീവിതം?

 ഞാന്‍ ഒന്ന് ചോദിച്ചോട്ടേ

"ഭര്‍ത്താക്കന്മാരെ,   ജോണപ്പാപ്പന്‍ ലീലാമ്മച്ചിയെ സ്നേഹിച്ചതുപോലെ
നിങ്ങളുടെ ഭാര്യമാരെ നിങ്ങള്‍ സ്നേഹിക്കുന്നുവോ?

ഭാര്യമാരെ, ലീലാമ്മച്ചിയെപ്പോലെ സുഖത്തിലും ദുഖത്തിലും സ്നേഹിക്കപ്പെടുവാന്‍
നിങ്ങളുടെ പ്രവര്‍ത്തികള്‍ നിങ്ങളെ അര്‍ഹരാക്കുന്നുണ്ടോ ?

 ഇളമതി ഫോര്‍വേഡ് ചെയ്തുതന്ന ഇ മെയിലില്‍ പറയുന്നതുപോലെ


 " true love is neither physical nor romantic,
  true love is an acceptance of all,
  that is,  has been,  will be   and will not be"

 " life isn't about how to survive the storm,
    but how to dance in the rain"

   we are getting older tomorrow may be our turn !!!!

  ചിന്തിക്കുക !!!

Saturday, May 14, 2011

കാണാമറയത്ത് ഒരു വെളുത്ത പനിനീര്‍പ്പൂവ്

( ഇവിടെ ക്ലിക്ക് ചെയ്ത് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്ന എന്റെ പഴയ ഒരുബ്ലോഗുപോസ്റ്റ് വായിച്ച ശേഷം വേണം പുതിയ ബ്ലോഗ് വായിക്കുവാന്‍)
ഓര്‍മ്മക്കുറിപ്പ്  - 54
  ഞാന്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ ഇരിക്കുമ്പോഴാണ്  രാഗിണിയും രാജീവനും കാറില്‍ വന്ന് ഇറങ്ങിയത്.രാഗിണി കാറിലിരുന്നുതന്നെ എന്നെ നോക്കി കൈവീശി.
"അണ്ണന്‍ ഇന്നുരാവിലെ എട്ടുമണിക്ക് ഈ ആല്‍ത്തറയില്‍ കാണുമെന്ന് രാഗിപറഞ്ഞതുകൊണ്ട് ഞങ്ങള്‍ വേഗം വരികയായിരുന്നു."
രാജീവനെന്റെ അടുത്തേയ്ക്ക് വരുന്നവഴിപറഞ്ഞു.


"ശരിയാ രാജീവാ, ഈ പതിവ് ഞാന്‍ തെറ്റിയ്ക്കാറില്ല.
ദുഖ വെള്ളിയാഴ്ച്ചയല്ലേ നമ്മുടെ കുടുംബ അമ്പലത്തിലെ പൂജ. അതിനുവരുമ്പോള്‍ ഞാന്‍ രാവിലെ  ഈ ഏവൂര്‍കൃഷ്ണസ്വാമിയുടെ അടുത്ത്   വന്ന് ഈ  കുറച്ചുസമയം ഈ ആല്‍ത്തറയില്‍ ഇരിക്കാറുണ്ട്.പുഷ്പ്പാഞ്ജലിക്ക് കൊടുത്തിട്ടുണ്ട്. അതുവാങ്ങിയിട്ടേ ഞാന്‍ ഇവിടെനിന്നും പോകൂ."


"ഇതെന്തുപറ്റി? കാക്ക വല്ലതും മലന്നുപറക്കുന്നുണ്ടോ? എന്നുമുതലാ അണ്ണന്‍ അമ്പലത്തില്‍ വഴിപാടുകഴിക്കാന്‍ തുടങ്ങിയത്?" രാഗിണിയുടെ കണ്ണുകളില്‍ അത്ഭുതം. 


"കാക്കയൊന്നും മലന്നുപറക്കുന്നില്ലെന്റെ രാഗീ.ഏവൂര്‍ കൃഷ്ണസ്വാമിയുടെ പുഷ്പാ ഞ്ജലിയുടെ കൂടെ കുറച്ചു പായസം കൂടികിട്ടും. ബാക്കിഅമ്പലങ്ങളില്‍ പൂവുമാത്രമല്ലേ ഉള്ളൂ. അതുതന്നെ കാര്യം."


"ആ പഴയകൊതിയന്‍ സ്വഭാവത്തിനു ഒരുമാറ്റവും ഇല്ലാ അല്ലേ?" രാഗി എനിക്കിട്ടൊന്നു തോണ്ടി. 


"അണ്ണാന്‍ മൂത്തെന്നുവെച്ച് മരംകേറ്റം മറക്കുമോ  രാഗീ?"
 ഞാനും ചിരിച്ചു. 
രാഗിണി എന്റെ കൈയ്യില്‍നിന്നും രസീതും വാങ്ങി പുഷ്പാഞ്ജ്ലി പ്രസാദം വാങ്ങാന്‍ പോയി.


"അണ്ണന്‍ ഞങ്ങളുടെ വീടിന്റെ പാലുകാച്ചലിനു വന്നില്ലല്ലോ,  അന്നുരാഗിണി തീരുമാനിച്ചതാ കുടുംബ അമ്പലത്തിലെപൂജയ്ക്ക് വരുമ്പോള്‍ അണ്ണനെ കൂട്ടിക്കൊണ്ടുപോകണമെന്ന്.അതാ ഞങ്ങള്‍ രാവിലെ വന്നത്."  രാജീവന്‍ എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.


രാഗിണിപ്രസാദവുമായി വന്നു.
 "അണ്ണന്‍ ചന്ദനം വാങ്ങിയില്ലല്ലോ,  ഇതെടുത്തോളൂ." 
രാഗിണി കയ്യിലിരുന്ന ചന്ദനം എന്റെ നേരേ നീട്ടി. 
ഞാന്‍ അതില്‍നിന്നല്‍പ്പം എടുത്ത് നെറ്റിയില്‍ തൊട്ടു. 


"ഞാന്‍ ആകെക്കഴിക്കുന്ന വഴിപാടാണു ഈ ഏവൂര്‍ അമ്പലത്തിലെ പുഷ്പാ ഞ്ജലി.മറ്റ് അമ്പലങ്ങളില്‍ ഞാന്‍ തൊഴാറേ ഉള്ളൂ."
 ഞാന്‍ വിശദീകരിക്കാന്‍ തുടങ്ങിയതോടെ രാഗിണി പൊട്ടിപ്പൊട്ടിച്ചിരിച്ചു 


"അടുത്തരംഗം കുറൂരമ്മയുടെകൃഷണന്റെ കഥയല്ലേ എനിക്കറിയാം അണ്ണാ, അണ്ണന്റെ സ്വഭാവത്തിനൊരുമാറ്റവുമില്ല. എല്ലാം പഴയതുപോലെ തന്നെ." 


പണ്ട് ഞാനും രാഗിണിയും ഏവൂര്‍ കൃഷണസ്വാമിയുടെ പുഷ്പാ ഞ്ജലി പ്രസാദം  വാങ്ങാന്‍ വന്നിരുന്നതിന്റെ ഓര്‍മ്മ എന്റെ മനസിലേയ്ക്കോടിയെത്തി. ഞാനും കൂടെ ചിരിച്ചു.


ഞാന്‍  കാറിന്റെ മുന്‍സീറ്റില്‍ കയറി. രാഗിണി പിന്‍ സീറ്റിലും. രാജീവനാണു കാര്‍ ഓടിച്ചത്.
പച്ചച്ച വയലേലകളെ പിന്നോട്ടോടിച്ചുകൊണ്ട് കാര്‍ മണ്ണുറോഡുകളിലൂടെ ഓടി അവസാനം രാഗിണിയുടെ വീടിന്റെ മുന്‍പില്‍ നിന്നു.
പുതിയതായി വെച്ച മനോഹരമായ ഒരു ഇരുനിലവീട്.


"അണ്ണന്‍ കേറി വരൂ." രാഗിണി വാതില്‍ തുറന്ന് എന്നെ അകത്തേയ്ക്ക് ക്ഷണിച്ചു.


"നല്ല പുതുമയുള്ള ഡിസൈന്‍, രാജീവാ വീടുനന്നായിട്ടുണ്ട്." എനിക്ക് ഉള്ളു തുറന്ന് അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 


"ഇവിടെ കുറെനാളായിട്ട്  ഊണിലും ഉറക്കത്തിലും വീടുപണിയില്‍ തന്നെയായിരുന്നു ഒരാളുടെ മനസ്സ്.പിന്നെനന്നാകാതിരിക്കുമോ?" ഊണുമേശയില്‍ കാപ്പിയും പലഹാരവും എടുത്തുവെച്ചുകൊണ്ട്  രാഗിണി വിശദീകരിച്ചു. 


ഞങ്ങള്‍ കാപ്പി കുടിക്കാനിരുന്നു. ഞാന്‍ ഇടിയപ്പം പ്ലേറ്റിലേയ്ക്ക് എടുക്കാന്‍ തുടങ്ങിയപ്പോള്‍ രാഗിണിതടഞ്ഞു.


" അണ്ണനു ഞാന്‍ വിളമ്പിത്തരാം."  
രാഗിണി ഇടിയപ്പവും മുട്ടക്കറിയും എന്റെ പ്ലേറ്റിലേയ്ക്ക് വിളമ്പി പിന്നെ ഒരു പ്ലേറ്റില്‍ ഭക്ഷണവുമെടുത്തുകൊണ്ട് എന്റെ അടുത്തകസേരയില്‍ ഇരുന്നു.


രാഗിണി വളരെ സന്തോഷത്തിലായിരുന്നു.അവള്‍ ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു.
തമ്മില്‍ കണ്ടുമുട്ടിയിട്ട് കുറച്ചുവര്‍ഷങ്ങളായതുകൊണ്ട് ഒരുപാടുകാര്യങ്ങള്‍ പരസ്പരം പറയാനുണ്ടായിരുന്നു. 


10 മണികഴിയുമ്പോള്‍ കുടുമ്പ അമ്പലത്തില്‍ പൂജ തുടങ്ങുന്നതു കൊണ്ട് കാപ്പികുടിച്ചുകഴിഞ്ഞ് ഞാന്‍ പോകാന്‍ ഇറങ്ങി. 
രാഗിണിയുടെ വീടിന്റെ മുന്‍പില്‍ ഒരു റോസത്തോട്ടം അപ്പോഴാണെന്റെ ശ്രദ്ധയില്‍ പെട്ടത്.
വെളുത്ത പനിനീര്‍പൂക്കളുടെ ഒരു കൂട്ടം.


"എന്താ രാഗിണീ, മൊത്തം വെളുത്ത റോസകളാണല്ലോ,
 എന്താ ഈ വെളുപ്പിനോടിത്ര  താല്‍പ്പര്യം?"  ഞാന്‍ ചോദിച്ചു.


"ഇത് അമ്മയുടെ തൊഴിലാളിദിന ആഘോഷം." 
രാഗിണിയുടെ മക്കളാണത് വിശദീകരിച്ചത്.


"എല്ലാവര്‍ഷവും തൊഴിലാളിദിനത്തില്‍ അമ്മ ഒരു വെളുത്ത പനിനീര്‍ച്ചെടി നടും. കുറെ നാളായി ഈ വട്ടു തുടങ്ങിയിട്ട്." 


"തൊഴിലാളി ദിനാഘോഷമാണെങ്കില്‍ ചുവപ്പ് പനിനീര്‍ച്ചെടി വേണ്ടേ നടാന്‍? 
വെള്ള കണ്ടാല്‍ അഗ്രഹാരത്തിലെ വിധവകളെ യാണെനിക്ക് ഓര്‍മ്മവരിക, 
എന്നുവെച്ചാല്‍ വെള്ള ആഘോഷത്തിന്റെ അല്ല ദുഖത്തിന്റെ ഛിന്നമായിട്ടാ എനിക്ക് എന്നും തോന്നുന്നത്." 


"അപ്പോള്‍ അണ്ണാ, നമ്മുടെ ദേശീയപതാകയിലേ വെള്ളയോ?  അത് ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും ഛിന്നമെന്നല്ലേനമ്മള്‍ സ്കൂളില്‍ പഠിച്ചിരിക്കുന്നത്. ക്ഷീരമുള്ളോരകിട്ടിന്‍ ചുവട്ടിലും ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം." 
രാഗിണി വിട്ടുതരാന്‍ തയാറില്ല. 


ഞാന്‍ എണ്ണി. ഇരുപത്തിമൂന്നു റോസാച്ചെടികള്‍ .
"2011ല്‍നിന്നും 23 പോയാല്‍ 1988 അല്ലേ? 
1988 മേയ്1 , 
എന്റെ പുലിയന്നൂര്‍ തേവരേ 1988 മേയ് 1 നാ എന്റെ കല്യാണം. അപ്പോള്‍ എന്റെ വിവാഹവാര്‍ഷികങ്ങള്‍ക്കെല്ലാം 
ഇവിടെ ഇങ്ങിനെ ഒരു ആഘോഷം നടക്കുന്നകാര്യം 
ഞാന്‍ ഇപ്പോഴാണല്ലോ അറിയുന്നത്. 
thank you raagini, thankyou very much!!


 രാഗിണി എന്നെ നോക്കി പുഞ്ചിരിച്ചു. 
" ഇത്  അണ്ണനിരിക്കട്ടേ,  
   better late than never  എന്നല്ലേ പ്രമാണം." 
 അവള്‍ ഒരു വെളുത്ത പനിനീര്‍പ്പൂവു പൊട്ടിച്ച് എന്റെ നേരേനീട്ടി.  
ഞാന്‍ ആ പനിനീര്‍പ്പൂ വാങ്ങിയപ്പോള്‍ കുട്ടികള്‍ കൈയ്യടിച്ചു. 


"അണ്ണന്റെ നമ്പരിലേയ്ക്ക് എന്റെ സെല്ലില്‍നിന്നും ഒരു മിസ്ഡ് കോള്‍ ഇട്ടേക്കാം, അണ്ണന്‍ അത് സേവ് ചെയ്യണം. വല്ലപ്പോഴും  വിളിക്കുകയും ചെയ്യണം.  ഞാനും ഇടയ്ക്കുവിളിക്കാം." 
രാഗിണി പറഞ്ഞു.


" രാഗിണിയുടെ   മിസ്ഡ് കോള്‍"
ഞാന്‍ ചെറുതായൊന്നു ചിരിച്ചു. പെട്ടന്ന് ഞാനൊന്നു ഞെട്ടി, 


ഈശ്വരാ ഇതെന്ത്? 
എന്റെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്നബ്ലോഗിലെ സംഭവങ്ങളും സംഭാഷണങ്ങളും തനിയാവര്‍ത്തനം ചെയ്യപ്പെടുകയാണോ?


 എനിക്ക് ആകെ ഒരു വിഭ്രാന്തി പോലെ തോന്നി
എന്റെ നെറ്റിയില്‍ വിയര്‍പ്പുപൊടിഞ്ഞു. 
എന്റെ ഭാവപ്പകര്‍ച്ച രാഗിണിക്കു മനസിലായെന്നു തോന്നുന്നു, അവള്‍ ശബ്ദം താഴ്ത്തി പ്പറഞ്ഞു.


"അണ്ണാ   ഒത്തിരി ഒന്നും ചിന്തിക്കേണ്ട, 
ഞാന്‍ അണ്ണന്റെ ഓര്‍മ്മയില്‍സൂക്ഷിക്കാന്‍ എന്ന ബ്ലോഗ് വായിച്ചിരുന്നു. അപ്പോഴാ അണ്ണനു ഏറ്റവും ഇഷ്ടമുള്ള വിഭവം ഇടിയപ്പമാണെന്ന് എനിക്ക് മനസിലായത്, അതാ ഇന്ന്  ഇടിയപ്പം തന്നെ ഉണ്ടാക്കിയത്.


 പിന്നെ ഈ മുടങ്ങാത്ത ആഘോഷം,  
നമ്മളൊക്കെ ഇപ്പോള്‍  വളരെ സീനിയേഴ്സായ സ്ഥിതിക്ക്  കാര്യങ്ങള്‍ മറയില്ലാതെ പറയാം,  
നമ്മളൊക്കെ വെറും സാധാരണ മനുഷ്യരല്ലേ അണ്ണാ,  ചെറുപ്പകാലത്ത്നമ്മുടെയൊക്കെ മനസ്സില്‍ ആരോടും പറഞ്ഞിട്ടില്ലാത്ത മറ്റാരും അറിയാത്ത ചില ചിന്തകളും ആശകളും ഒക്കെയുണ്ടാവും. എത്ര ശ്രമിച്ചാലും  അതൊന്നും പൂര്‍ണ്ണമായും മനസില്‍ നിന്നും പോവില്ല
 ആ ചിന്തകളു നമ്മളേക്കൊണ്ട് മറ്റാരേയുമറിയിക്കാതെ ചിലതൊക്കെ ചെയ്യിക്കും, അങ്ങിനെ കൂട്ടിയാല്‍ മതി.


നമ്മളു പണ്ട് കെപി കേശവമേനോന്റെ ജീവിതചിന്തകളെന്ന പുസ്തകത്തില്‍ വായിച്ചിട്ടില്ലേ?  അങ്ങകലെ മാഞ്ചെസ്റ്ററിലും മഞ്ചൂക്കോയിലും ഒക്കെ ജനിച്ച് ജീവിച്ച് മരിക്കുന്നവരെപ്പറ്റി 
നമ്മള്‍ ജീവിതത്തിലൊരിക്കലും അറിയാറില്ല എന്ന്? 


മാഞ്ചെസ്റ്ററിന്റേയും  മഞ്ചൂക്കോയുടേയും കൂടി വേണമെങ്കില്‍  
ഒരു മാവേലിക്കരകൂടി ചേര്‍ത്ത് വായിക്കാന്‍ 
അണ്ണനു ബുദ്ധിമുട്ടൊന്നുമില്ലല്ലോ  അല്ലേ?


രാഗിണി മണികിലുങ്ങും പോലെ ചിരിച്ചു.
ആ ചിരി ഒരുപാടകലെനിന്നുംവരുന്നതുപോലെ എനിക്ക് തോന്നി.

Friday, April 29, 2011

ഹര്‍ത്താല്‍ തിരുമുറിവുകള്‍

കോട്ടയത്തുപോയാല്‍ മനോരമയിലാണു കിടക്കുക, കോഴിക്കോടാണെങ്കില്‍ മാതൃഭൂമിയിലും!!
സ്കൂളില്‍ വെച്ച് പലപ്പോഴും തമാശായി  പറയാറുണ്ടായിരുന്നത്, ദൈവം എനിക്ക് ഒരിക്കൽ അനുഭവിക്കുവാൻ അലോട്ട് ചെയ്ത് തരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരിന്നില്ല.
കോട്ടയം ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റില്‍ രാത്രി രണ്ടുമണിക്ക് കിടക്കാനായിമനോരമപത്രം വിരിച്ചപ്പോള്‍ മനസില്‍ സ്കൂള്‍ ദിനങ്ങളിലെ ആ തമാശ് ഉയര്‍ന്നുവന്നു. 
ചില്ല് തകര്‍ന്ന ബസുകള്‍ സ്റ്റാന്റില്‍ നിരനിരയായി പാര്‍ക്കുചെയ്തിരിക്കുന്നു.ഒരു ഹര്‍ത്താല്‍ ദിന ആഘോഷങ്ങളുടെ ബാക്കിപത്രം!
അബ്ദുള്‍ നാസര്‍ മദനിയെ ബോംബറിഞ്ഞതിന്റെ 
ഹര്‍ത്താല്‍തലേന്ന് വൈകിട്ട് തുടങ്ങിയതറിയാതെ ഞാനും ഇസ്മായേലും കോട്ടയത്ത് ബസ് സ്റ്റാന്റില്‍ രാത്രി 10 മണിയോടുകൂടിയെത്തിയതായിരുന്നു.
ഒരു ടാക്സിപോലും ഇല്ല, സ്റ്റാന്റില്‍ നിന്നും പുറത്തുപോകുന്നത് ബുദ്ധിയല്ലായെന്ന് പോലീസുകാരന്‍ പറഞ്ഞതിനാല്‍ പാലായ്ക്ക് നടന്നുപോകാനുള്ള പ്ലാന്‍ ഉപേക്ഷിക്കേണ്ടിവന്നു. 
സ്റ്റാന്റില്‍ നല്ല തിരക്കാണ്. അമ്മമാരും കുട്ടികളും വൃദ്ധന്മാരും എല്ലാം ഹര്‍ത്താലിനെ പഴിച്ചുകൊണ്ട് മണ്ണുനിറഞ്ഞ തറയില്‍ ഇരിക്കുന്നു.
ബസ് സ്റ്റാന്റില്‍ കിടക്കുന്ന ധര്‍മ്മക്കാരെയും കുടിയന്മാരേയും ഒക്കെ എത്രമാത്രം പുഛത്തോടെയാണു കണ്ടിരുന്നതെന്നോര്‍ത്തപ്പോള്‍  വല്ലാത്ത ഒരു ആത്മനിന്ദതോന്നി. കൊട്ടിഘോഷിക്കപ്പെട്ടഒരു ഹര്‍ത്താല്‍ എന്നേയുംഅത്തരത്തിലൊരാളാക്കിയിരിക്കുന്നു. 
രണ്ടുമണികഴിഞ്ഞപ്പോള്‍ ഞാന്‍ മനോരമയിലും , ഇസ്മായേല്‍ മാതൃഭൂമിയിലും കിടന്നു.കിടന്നതറിയാതെ ഇസ്മായേലുറങ്ങി. എനിക്ക് ഉറക്കം വരുന്നില്ല,പണവും റിക്കാഡുകളും ഉള്ളബാഗാണു ഞാന്‍ തലയിണയായി വെച്ചിരിക്കുന്നത്,നാളെ നേരം പുലരുമ്പോ ള്‍ അത് കണ്ടില്ലെങ്കിലോ?
എങ്കിലും തണുത്ത കാറ്റടിച്ചപ്പോള്‍ ഞാന്‍ അറിയാതെ ഒന്നുമയങ്ങിപ്പോയി.എന്തോഒന്ന് ദേഹത്തു വീണെന്ന് തോന്നിയപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റു.
ഒരു പന്നിയെലി എന്റെദേഹത്തുകൂടി ഓടിപ്പോയി. 
ഞാന്‍ ആകെ വിയര്‍ത്തു സമയം മൂന്നുമണി,
ചുറ്റുമെല്ലാവരും നല്ല ഉറക്കം.മുതലാളിമാരും തൊഴിലാളികളും ധര്‍മ്മക്കാരുമെല്ലാം  സുന്ദര സ്വപ്നങ്ങളും കണ്ട്നാച്ച്വറല്‍ എയര്‍കണ്ടീഷന്റെ സുഖത്തില്‍ ഒരുമിച്ച് ഉറങ്ങുന്നു. 
പിന്നെയെനിക്ക് ഉറക്കം വന്നില്ല. പന്നിയെലികളും പട്ടികളും എല്ലാം സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്ന കോട്ടയം ട്രാന്‍സ്പോര്‍ട്ട്  ബസ് സ്റ്റാന്റും കണ്ടുകൊണ്ട് രാവിലെ അഞ്ച് മണിയ്ക്കുള്ള പുള്ളിക്കാനം ബസു പ്രതീക്ഷിച്ച് മനോരമയില്‍ തന്നെയിരുന്നു.
  
ഇന്ദിരാഗാന്ധികൊല്ലപ്പെടുമ്പോള്‍ ഞാന്‍ മേലുകാവ് മൃഗാശുപത്രിയിലായിരുന്നു. റേഡിയോയില്‍ വാര്‍ത്തവന്നത് അടുത്തുള്ള ഒരു കടക്കാരനാണു വന്നുപറഞ്ഞത്.
"ആകെ പ്രശ്നമാണ്. ഒള്ളനേരത്തെ ഡോക്ടര്‍ വീട്ടില്‍ പോകാന്‍ നോക്കുന്നതാ ബുദ്ധി!"
 കടക്കാരന്റെ ആ ഉപദേശം കേട്ടപ്പോഴെ ഞാന്‍ ആശുപത്രിയടച്ച്  അടുത്ത  പാലാ ബസില്‍ കയറി.കുറുമണ്ണിലെത്തിയപ്പോള്‍ മൈക്ക് അനൗണ്‍സ്മെന്റ് വാഹനം  കണ്ടു 
"നമ്മുടെ പ്രീയപ്പെട്ട ഇന്ദിരാ പ്രീയദര്‍ശിനി വെടിയേറ്റു മരിച്ചതിനെ തുടന്ന് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനങ്ങള്‍ കടകമ്പോളങ്ങള്‍ അടച്ചും,  വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും  സഹകരിക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു!!"
ബസ് കൊല്ലപ്പള്ളിയിലെത്തിയപ്പോള്‍ ഒരു വലിയസംഘം വാഹനങ്ങള്‍ തടയുന്നു.   ബസില്‍ നിന്നും യാത്രക്കാരെ ഇറക്കിവിട്ടിട്ട് ബസ്സുകള്‍ ഇന്നിനി ആളേക്കേറ്റരുത് ഷെഡില്‍ കയറ്റിയിട്ടോണം എന്ന് ആജ് ഞാപിച്ച് പറഞ്ഞുവിടുന്നു. 
ഇനി പന്ത്രണ്ട് കിലോമീറ്റര്‍  നടക്കുകയേ  സാധിക്കൂ ,  ഇന്ദിരാഗാന്ധിയേ വെടിവെച്ചവര്‍ ഇവരെവെച്ച് നോക്കുമ്പോ ള്‍  എത്ര മെച്ചപ്പെട്ടവരാണെന്നെനിക്കു തോന്നി. ചെയതത് പൊറുക്കാനാവാത്ത തെറ്റാണെങ്കിലും, അവര്‍ക്ക് അവരുടേതായ ഒരു ലക്ഷ്യവും കാരണവും ഉണ്ടായിരുന്നു. എന്നാല്‍ ഈ ഹര്‍ത്താലുകാര്‍ബസ്സില്‍ വന്നവരോടു ചെയ്ത ദ്രോഹത്തിനോ? ഇങ്ങിനെയാണോ ഇന്ദിരാ പ്രീയദര്‍ശിനിയോടുള്ള സ്നേഹവും ബഹുമാനവും കാണിക്കേണ്ടത്?
  
എം ജി ആര്‍ മരിച്ച സമയം  ഞാന്‍ തമിഴ് നാട്ടിലായിരുന്നു.ഒരു ബസ് യാത്രയില്‍,നാമയ്ക്കലിനും രാശിപുരത്തിനും ഇടയ്ക്കുള്ള ഒരു സ്ഥലത്തുവെച്ച് ഹര്‍ത്താലുകാര്‍(ക്ഷമിക്കണം, അന്ന് ഹര്‍ത്താലില്ല, ബന്ദാണു നടക്കുന്നത്) ബസ് തടഞ്ഞു . 
അണ്ണന്‍ പോയി എന്നുകേട്ടതോടെ ബസില്‍ കൂട്ടകരച്ചിലുയര്‍ന്നു. കണ്ടക്ടര്‍ ബാക്കി ടിക്കറ്റ് ചാര്‍ജ്ജ് തന്ന് ഞങ്ങളെ ഒഴിവാക്കി അത് തമിഴന്റെ മാന്യത.
"ഇനി കേരളത്തിലേയ്ക്ക് പോകാന്‍ സേലത്തുചെന്നാല്‍  ട്രയിന്‍ കിട്ടും"
എന്റെ ദയനീയ മുഖം കണ്ടിട്ടാകണം കണ്ടക്റ്റര്‍ വഴിപറഞ്ഞുതന്നു.   ഒരു എളുപ്പവഴിയുണ്ട് ഒരു 32 കിലോമീറ്റര്‍ നടന്നാല്‍ മതി. 
ഞാന്‍ പെട്ടിയും തലയില്‍ വെച്ച് സേലത്തേയ്ക്ക് നടന്നു തുടങ്ങി. 
ഈ യാത്രയില്‍ ഞാന്‍ ഒറ്റയ്ക്കല്ല, ചില സിനിമകളില്‍ കാണുന്ന മഹായാത്രകള്‍ പോലെ ആളുകള്‍ സംഘം സംഘമായിനീങ്ങുന്നു. തലയില്‍ ഭാണ്ഡക്കെട്ടുകള്‍, കരയുന്ന കുഞ്ഞുങ്ങളെ വഴക്കു പറഞ്ഞും, മാറത്തടിച്ച്  സ്വയം പഴിച്ചുമെല്ലാം നടന്നുനീങ്ങുന്ന ഒരു വലിയസംഘം. 
ഏതാണ്ട് 20 കിലോമീറ്ററോളം നടന്നപ്പോഴേയ്ക്കും ഞാന്‍ ശരിയ്ക്കും തളര്‍ന്നു.വഴിയിലെങ്ങും ഒരു മാടക്കടപോലുമില്ല തൊണ്ട വരണ്ട് ആകെ തളരുന്നതുപോലെ,അപ്പോഴാണുകണ്ടത് ഒരു മനുഷ്യന്‍  ദൈവദൂതനെപ്പോലെഒരു  ഉന്തുവണ്ടിയില്‍ ഒരു വലിയ ഗ്ലാസ് ജാര്‍ നിറയെ ചെത്തിയ  പഴുത്ത കൈതച്ചക്ക കഷണങ്ങളുമായിവരുന്നു. നടന്നു തളര്‍ന്ന ആളുകള്‍ ആശയോടെ കൈതചക്കകള്‍ വാങ്ങാനയാളുടെ ചുറ്റും കൂട്ടം കൂടി  
അപ്പോഴേയ്ക്കും ബന്ദ് അനുകൂലികളുടെ ഒരു സംഘം  അവിടെ വന്നു. അവരുടെ നേതാവിനു കലികൊണ്ട് കണ്ണ് ചുമന്നു. കച്ചവടക്കാരന്റെ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ടയാള്‍ അലറി 
"അണ്ണന്‍ മരിച്ച് കിടക്കുമ്പോള്‍ നീ കൈതചക്കകള്‍ വിൽക്കുമോടാ നായേ!!" 
അനുയായികൾ ആ കച്ചവടക്കാരനെ ചവിട്ടിക്കൂട്ടുന്നതിനിടെ അയാള്‍  ആഗ്ലാസ് ഭരണി പൊക്കി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. 
 പഴുത്ത കൈതച്ചക്കകഷണങ്ങള്‍  ചെളിയില്‍ വീണുകുതിരുന്നത് അമ്പരപ്പോടെ ഞങ്ങള്‍  കണ്ടു.
ചവിട്ടിക്കുതിച്ച് അവര്‍പോയിക്കഴിഞ്ഞതേ വല്ലാത്ത ഉന്തും തള്ളുമായി. അമ്മമാരും, യുവാക്കളുമെല്ലാം  ചെളിതുടയ്ക്കാന്‍ പോലും നില്‍ക്കാതെ കൈതച്ചക്കകഷണങ്ങള്‍ തിന്നുന്നു.
ഞാനും ആ ചെളിയില്‍ വീണ രണ്ട്കൈതച്ചക്കകഷണങ്ങള്‍ എടുത്ത്മണ്ണു തുടച്ചു.ഇനി  മണ്ണുപറ്റിയതാണോ എച്ചിലാണോ എന്നൊന്നും നോക്കാന്‍ നിന്നിട്ടുകാര്യമില്ല സേലത്തേയ്ക്ക് 10 കിലോമീറ്ററില്‍ കൂടുതല്‍ നടക്കേണ്ടതല്ലേ?തൊണ്ടവരണ്ട് ഞാന്‍ വീണുപോകാതിരിക്കാന്‍ ഇതെങ്കിലും കഴിച്ചേപറ്റൂ.
നമ്മള്‍ ഇതും ഇതിനപ്പുറവും ഒക്കെ സഹിച്ചല്ലേ പറ്റൂ??
 ഇതു ഹര്‍ത്താലല്ലേ??
 നമ്മുടെ ദേശീയോല്‍സവങ്ങളില്‍ ഒന്നായ ഹര്‍ത്താല്‍!!!
നമ്മളെ പുരോഗതിയില്‍ നിന്നും പുരോഗതിയിലേയ്ക്ക് നയിക്കാനായി നാം വോട്ടുചെയ്ത് വിജയിപ്പിച്ചു വിടുന്ന  നമ്മുടെ നേതാക്കള്‍ നമ്മുടെ രക്ഷയ്ക്കായി പാകം ചെയ്തു തരുന്ന അത്ഭുത, ആരോഗ്യപാനീയം. സാരമില്ല, സഹിക്കുക, ആഘോഷിക്കുക  ........

Saturday, April 9, 2011

"മോന്‍"

കലാനിലയം സ്കൂളിലെ എന്റെ കൂട്ടുകാര്‍ 
വെറും സാധാരണ ഗ്രാമീണകുടുംബങ്ങളില്‍നിന്നുമുള്ളവരായിരുന്നു.
ജാഡകളോ പണത്തിന്റെ തികട്ടലുകളോ ഇല്ലാത്തവര്‍.
വഴിവക്കിലെ മാവുകളില്‍ കല്ലെറിഞ്ഞ് മാങ്ങപറിച്ച്
ഉച്ചയ്ക്ക് ഉപ്പും മുളകും ഉള്ളിയും ചേര്‍ത്ത് പങ്കിട്ട് കഴിക്കുന്നവര്‍. 
അമ്പലപ്പറമ്പുകളില്‍ ഉല്‍സവം കൂടി നടക്കാന്‍ വീട്ടില്‍നിന്നും അനുവാദമുള്ളവര്‍.ചുരുക്കത്തില്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ പോലും സാധിക്കാത്ത ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്.
അക്കൂട്ടത്തില്‍ ഒരു ഗോപാലകൃഷ്ണന്‍ ഉണ്ടായിരുന്നു.
പുലിയന്നൂര്‍ അമ്പലത്തിലെ ഉല്‍സവത്തിന്  മാലപ്പടക്കം പൊട്ടിയപ്പോള്‍ അതില്‍ നിന്നും തെറിച്ചുവീണ ഒരു ഗുണ്ട് ഗോപാലകൃഷ്ണനുകിട്ടി. അത് ആരും കാണാതെ വീട്ടിലേയ്ക്ക് കൊണ്ടുപോകും വഴി അത് പൊട്ടി.                                            പാവം ഗോപാലകൃഷ്ണന്‍! നെഞ്ചുനിറയെ മുറിപ്പാടുകളോടെ ആണെങ്കിലും ജീവന്‍ രക്ഷപെട്ടു.                            
ക്ലാസുകള്‍ മുന്നോട്ടുനീങ്ങും തോറും
ടീച്ചര്‍മാര്‍ ചോദ്യം ചോദിക്കലും എണീറ്റുനിര്‍ത്തിക്കലും ചൂരല്‍പ്രയോഗവും തുടങ്ങിയതോടെ ഞങ്ങളുടെ മനസില്‍ കന്യാസ്ത്രീകളോടു മൊത്തത്തില്‍ ഒരു പകയും വൈരാഗ്യവും രൂപപ്പെട്ടുതുടങ്ങി.
അങ്ങിനെയിരിക്കെ ഞങ്ങള്‍ക്ക് ഒരു വടി  വീണുകിട്ടി. കന്യാസ്ത്രീകള്‍ക്കെതിരെ വീശാന്‍ പറ്റിയ ഒരു വലിയ വടി! 
തൊടുപുഴയ്ക്കടുത്ത് മാറിക എന്നസ്ഥലത്തെ കോണ്‍വെന്റില്‍ ഒരു കന്യാസ്ത്രീ മറ്റൊരു സുന്ദരി കന്യാസ്ത്രീയുടെ മുഖം ചൂടാക്കിയ എണ്ണഒഴിച്ച് വിരൂപമാക്കി.ഉറങ്ങിക്കിടന്ന സുന്ദരിയുടെ മുഖത്താണു പകമൂത്ത മറ്റൊരു കന്യാസ്ത്രീ ഈ പ്രയോഗം നടത്തിയത്.
ഇതിനുപുറകിലുള്ള മനശാസ്ത്രം 
എനിക്ക് ഇന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. 
പത്രങ്ങളില്‍ വലിയ വാര്‍ത്തയായി,
നിരവധിലേഖനങ്ങള്‍ ഈ വിഷയത്തില്‍ എഴുതപ്പെട്ടു.
ബസ് സ്റ്റാന്റുകളില്‍ ഈ സംഭവം 
ഒരു പാട്ടുപുസ്തകരൂപത്തില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.
"മാറികമഠത്തിലെ ഭീകരസംഭവം!!" 
അതായിരുന്നു അന്നത്തെ പ്രധാന ചര്‍ച്ചാ വിഷയം. 
ഞങ്ങള്‍ക്ക് ആപാട്ടുപുസ്തകം കാണാപ്പാഠമായി.
ക്ലാസില്‍ ഒഴിവുസമയങ്ങളില്‍ അത് ഉച്ചത്തില്‍ പാടുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത ഒരു സന്തോഷം.ഉള്ളില്‍ കലിയുണ്ടെങ്കിലും ടീച്ചര്‍മാര്‍ ബധിരരേപ്പോലെ ഭാവിച്ചു. 
ഒരുദിവസം രാവിലെ ഞങ്ങളുടെസംഘം ആഘോഷമായി സ്കൂളിലേയ്ക്ക് പോകുകയാണു. 
ഞങ്ങള്‍ക്കെതിരെ പരിചയമില്ലാത്ത രണ്ടുകന്യാസ്ത്രീകള്‍ വരുന്നതുകണ്ടപ്പോള്‍ എല്ലാവരും ഉജാറായി.
മാറികമഠത്തിലെ ഭീകരസംഭവം  കോറസായി പാടിത്തുടങ്ങി. 
"എണ്ണ, എണ്ണ, എണ്ണേ, എണ്ണ!!"
ഒരു കൂട്ടുകാരന്‍ ശരണം വിളിക്കുന്നതുപോലെ 
ഉച്ചത്തില്‍ കൂവിവിളിച്ചു.
"എണ്ണയുണ്ടോ, എണ്ണ!!"
 ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കൂടെ വിളിച്ചു.
കന്യാസ്ത്രീകളുടെ മുഖം കറക്കുന്നതുകണ്ടപ്പോള്‍ 
ഞങ്ങളുടെ ആവേശം പത്തിരട്ടിയായി. 
"ഞങ്ങള്‍ക്ക് കുറച്ച് എണ്ണതരാമോ,  എണ്ണ!!!"
 വീണ്ടും ശരണം  വിളി 
"നല്ലചൂടു ചൂടു വെളിച്ചെണ്ണ!!"
ഞങ്ങള്‍ എല്ലാവരും കൂടി കൂവി.
പെട്ടന്നാണു അതിലൊരു സിസ്റ്റര്‍ ഞങ്ങളുടെ നേരേ തിരിഞ്ഞത് 
"നിനക്കൊക്കെ എണ്ണ  തരാമെടാ കൊരങ്ങന്മാരേ, ആര്‍ക്കാടാ ഇത്രയ്ക്ക് എണ്ണക്കൊതി"
സിസ്റ്റര്‍ കയ്യിലിരുന്ന വളഞ്ഞകാലന്‍ കുട വീശിക്കൊണ്ട് ഞങ്ങളുടെ നേരേ തിരിഞ്ഞു. 
ഞങ്ങള്‍ കൂവിക്കൊണ്ട് ഓടി.
കുറേദൂരം ചെന്നിട്ട് തിരിഞ്ഞുനിന്നു കൂവി വിളിച്ചു.
അപ്പോഴും ആ കന്യാസ്ത്രീ അമര്‍ഷത്തോടെ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. 
ഞങ്ങള്‍ക്ക് വളരെ വളരെ സന്തോഷമായി.
ഇത്രയെങ്കിലും ചെയ്യാന്‍ പറ്റിയല്ലോ.
അന്ന് മുഴുവന്‍ അതുമാത്രമായിരുന്നു ഞങ്ങളുടെസംസാര വിഷയം, എത്രപറഞ്ഞിട്ടും മതിയാകുന്നില്ല.
  വൈകിട്ട് വീട്ടിലെത്തിയപ്പോഴാണു ഞാന്‍ ഞെട്ടിപ്പോയത് ഞങ്ങള്‍ രാവിലെ കളിയാക്കിയ കന്യാസ്ത്രീയുണ്ട് 
എന്റെ വീട്ടുമുറ്റത്ത് ഒരു കസേരയിട്ട് ഇരിക്കുന്നു.
അമ്മ അടുത്ത് നില്‍പ്പുണ്ടു 
ചേട്ടന്‍ ഒരു പുളിവാറുചെത്തിമിനുക്കി എടുക്കുന്നു.
"വാടാ കൊരങ്ങാ, ഞാന്‍ നീവരാന്‍ കാത്തിരിക്കുകയായിരുന്നു." സിസ്റ്റര്‍  എന്നെ കണ്ടതേ ചീറിത്തുടങ്ങി. 
"മണീ, ഇവനു എണ്ണ വേണമെന്ന്!!!
 അത് ചൂടുള്ള വെളിച്ചെണ്ണ!!!"
സിസ്റ്റര്‍ അമ്മയോട് വീണ്ടും വര്‍ണ്ണിച്ചു തുടങ്ങി.
അമ്മ രൂക്ഷമായി എന്നെനോക്കി. 
ഞാന്‍ ആകെ വിയര്‍ത്തുതുടങ്ങി.
"ഇന്ന് ഇവനെ അടിച്ച് തോലുരിക്കണം, അഹങ്കാരി!!
 അല്ലങ്കില്‍ ഇവനൊക്ക്ക്കെ വലുതാകുമ്പോള്‍ 
പിടിച്ചാല്‍ കിട്ടുകേല."
"അഛന്‍ ഇങ്ങു വരട്ടേ!,
ഇനി ഇവന്‍ ഇങ്ങനെ കാണിക്കാതെ ശരിയാക്കാം,
നല്ല അടിയുടെ കുറവാ ഇവനൊക്കെ."
അമ്മസിസ്റ്ററിന്റെ കൂടെ ചേര്‍ന്നു.
ചേട്ടന്‍ മിനുക്കിക്കൊണ്ടിരിക്കുന്ന പുളിവാറു കാണുംതോറുമെന്റെ മുട്ട് കൂട്ടിയിടിച്ചുതുടങ്ങി.
"ഇവന്റെ കൂട്ടത്തില്‍ ഒരു പത്തുപതിനാറുകുരങ്ങന്മാരുണ്ടായിരുന്നു,  പട്ടികളെപ്പോലെ ഓലിയിട്ടോണ്ട്.ഒന്നു നോക്കിയപ്പോഴേ ഇവനെ എനിക്ക് പിടികിട്ടി,രാമകൃഷ്ണപിള്ള സാറിന്റെ മകനാന്ന് അവന്റെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട്. അതാ മണിയോട് ഇത് വന്നു പറയണമെന്ന് ഞാന്‍ തീരുമാനിച്ചത്.അഹങ്കാരി!!"
സിസ്റ്ററിന്റെ കലിതീരുന്നില്ല. 
"അഛന്‍ വരട്ടേ, എന്നിട്ടുമതി ഇവനു കാപ്പികൊടുക്കുന്നത്, ഇവനെയൊക്കെ പഠിപ്പിക്കാന്‍ വിടുന്നതെന്തിനാണെന്ന്  ഒന്ന് അറിയണമല്ലോ!!"
അമ്മ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.
ഞാന്‍ ഒന്നും പറയാതെ അകത്തെ മുറിയിലെ കട്ടിലില്‍ പോയി
കിടന്നു.കുറെനേരം കൂടി സിസ്റ്ററിന്റെ അമര്‍ഷപ്രകടനം എനിക്ക് കേള്‍ക്കാമായിരുന്നു.
അഛന്‍ വന്നത് ഞാന്‍ അറിഞ്ഞിട്ടും കണ്ണടച്ചുതന്നെ കിടന്നു. അമ്മ സിസ്റ്റര്‍ വന്നതും പറഞ്ഞതുമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞുകേള്‍പ്പിക്കുന്നത് ഞാന്‍ ഭയത്തോടെ കേട്ടുകിടന്നു. 
"എടാബാബൂ, ഇവിടെ വാ!
 അഛന്‍ നിന്നെ വിളിക്കുന്നു!!" 
അമ്മ ഉച്ചത്തില്‍ വിളിച്ചപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റ് ചെന്നു. അഛന്റെ നേരേ നോക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. ഞാന്‍ താഴോട്ടുനോക്കി നിന്നു.
കുറച്ചുസമയം ആയിട്ടും അഛന്‍ ഒന്നും പറയാതെ വന്നപ്പോള്‍ ഞാന്‍പതുക്കെ കണ്ണുകള്‍ ഉയര്‍ത്തി.
അഛന്റെ മുഖത്ത് അല്‍പ്പം പോലും ദേഷ്യമില്ല
പകരം വല്ലാത്ത ഒരു സന്തോഷം!
കണ്ണുകളില്‍ ഞാന്‍ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു തിളക്കം. എന്നെ ആദ്യമായി കാണുന്നതുപോലെ അടിമുടി നോക്കുന്നു. 
"മോന്‍ കാപ്പികുടിച്ചില്ലല്ലോ, 
വേഗം പോയികുടിക്ക്. എന്നിട്ട് പോയിപഠിച്ചോളൂ!"
 അഛന്റെ ഈ ഭാവമാറ്റം  കണ്ട് ഞാന്‍ അമ്പരന്നുപോയി. പുളിവാറുകൊണ്ടുള്ള അടിയ്ക്കുപകരം സ്നേഹത്തലോടല്‍,
മോന്‍ എന്നുള്ള വിളി 
എന്റെ അഛന്‍ എന്നെ ജീവിതത്തില്‍ ഒരിക്കലേ 
അങ്ങിനെ "മോനേ" എന്ന് വിളിച്ചിട്ടുള്ളു 
അന്ന് അതെന്താണെന്ന്  മനസിലായില്ലെങ്കിലും ഇപ്പോള്‍   എനിക്ക് മനസിലാക്കാനാകുന്നുണ്ട് അഛന്റെ മനസില്‍ എന്തായിരുന്നെന്നും, 
കൂടാതെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും തന്റെ മകനെ തന്നോടുള്ള രൂപസാമൃം കൊണ്ട് ഒരപരിചിതന്‍ തിരിച്ചറിഞ്ഞപ്പോള്‍ അന്ന് അഛന്‍ അനുഭവിച്ച  അളക്കാനാവാത്ത സായൂജ്യവും...!!!

Thursday, January 13, 2011

മണ്ണുത്തിക്കനവുകള്‍

 മണ്ണുത്തി
തൃശൂരുനിന്നും പാലക്കാട് ഹൈവേയില്‍ 6 കിലോമീറ്റര്‍ചെല്ലുമ്പോള്‍ എത്തുന്ന നഗരത്തിന്റെ പകിട്ടുള്ള ഒരു ചെറുഗ്രാമം, വെറ്റേറിനറിഡോക്ടര്‍മാരുടെ  മനസില്‍ എന്നെന്നും ഒരു ദൗര്‍ബ്ബല്യമാണാ ഗ്രാമം

33 വര്‍ഷം മുന്‍പ് ഞാനും  ആ ഗ്രാമവീഥിയില്‍ എത്തി. വെറ്റേറിനറി കോളേജിലെ ഒരുഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായി ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ ആ പരിസരങ്ങളും ഫാറം പടിയും പാലക്കാടന്‍ കാറ്റുമെല്ലാം എന്റെ മനസിലും എന്തെക്കെയോ കോറിയിട്ടു.

1981ല്‍ മൃഗസംരക്ഷണവകുപ്പില്‍ ജോലിയില്‍  പ്രവേശിച്ചശേഷം മണ്ണൂത്തിപതുക്കെപതുക്കെ കണ്ടുമറന്ന  ഒരു സ്വപ്നം പോലെ മനസിന്റെ ഒരുകോണിലേയ്ക്ക് ഒതുങ്ങിപ്പോയി.

വീണ്ടും ഇന്ന് ഈ എഴുത്തുമേശയില്‍ വച്ച്  മണ്ണൂത്തി എന്റെ മനസിലേയ്ക്ക് കടന്നുവരുമ്പോള്‍                                                                                 33 വര്‍ഷം മുന്‍പുള്ള മണ്ണുത്തി ദിനങ്ങള്‍ ഇപ്പോഴും എന്റെ മനസില്‍ അവശേഷിപ്പിക്കുന്ന   കാലത്തിനു മായിക്കാന്‍ കഴിയാതെപോയ മൂന്നു കനവുകൾ / കനലുകൾ  ഞാന്‍ തിരിച്ചറിയുന്നു....

  കനവ് 1    ഒരു ദുസ്വപ്നം                                                                                                                                      

“ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്നാപകയോഹന്നാന്‍ വന്നൂ.....”മനസില്‍ എന്തോഒന്ന് കൊളുത്തിവലിച്ചതുപോലെ ഞാന്‍ ഒന്നു ഞെട്ടി. റേഡിയോയിലൂടെ സ്നാപകയോഹന്നാന്റെ കഥ പാട്ടായി ഒഴുകിവരുന്നു.ആപാട്ട് കേള്‍ക്കുംതോറും എന്റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിയുന്നു,                                                                          കാല്‍ മുട്ടുകള്‍ക്ക് ബലം കുറയുന്നതുപോലെ,ആകെ ഒരുതളര്‍ച്ച അനുഭവപ്പെടുന്നു.കണ്ണുകളില്‍  ഇരുട്ട് നിറയുന്നു.                                                                                                                                        

“ആ സ്നാപകന്റെ സ്വരം കേട്ടുണര്‍ന്നൂ,ജോര്‍ദ്ദാന്‍ നദിയുടെ തീരം......”പാട്ട് തുടരുകയാണ്
 ഇപ്പോള്‍ അത് റേഡിയോയില്‍ നിന്നല്ല മണ്ണൂത്തിപ്പള്ളിയുടെ മൈക്കില്‍നിന്നാണ്.
വെറ്റേറിനറി കോളേജ് ഹോസ്റ്റലിലെ  ഇരുപത്തി ആറാം നംബർ മുറിയില്‍തറയില്‍ വിരിച്ച വിരിപ്പില്‍ ഒരു പതിനേഴുകാരന്‍ ഇരുന്ന് വിറയ്ക്കുന്നു.
തണുത്ത ആ പ്രഭാതത്തിലും അവന്റെ ദേഹം വിയര്‍ത്ത് ഒഴുകുന്നുണ്ട്.തലേദിവസം രാത്രി 2 വരെ മറ്റ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോടൊപ്പംഹോസ്റ്റലിന്റെ മട്ടുപ്പാവില്‍ പരേഡ് നടത്തി  തളര്‍ന്നുറങ്ങിയ ഒരു നിര്‍ഭാഗ്യവാന്‍, മണ്ണൂത്തിപ്പള്ളിയിലെ പാട്ടുകേട്ട് രാവിലെ 5 മണിക്ക് ഞെട്ടിയുണര്‍ന്നിരിക്കുന്നു.

ഭീതിയുടെ താഴ്വരയില്‍ വീണ്ടും തലേദിവസത്തിന്റെ പുനരാവര്‍ത്തനത്തിനായി വീണ്ടും ഒരു ദിവസം കൂടി പെട്ടന്ന് എത്തിയിരിക്കുന്നു,ഈ രാത്രി പുലരാതിരുന്നെങ്കില്‍  അതുമാത്രമായിരുന്നു ഉള്ളില്‍

"അന്നു സലോമിയെ ദൈവം ശപിച്ചു കണ്ണില്‍ കനലുകളോടെ..
നിത്യദുഖത്തിന്റെ മുള്‍ക്കിരീടങ്ങളേ നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ....."

മൈക്കിലൂടെ പാട്ടുതുടരുമ്പോള്‍  അതിലും കൂടിയ ഒച്ചയില്‍ സീനിയേഴ്സിന്റെ അലര്‍ച്ച എണീറ്റുവാടാ...!!.$ @&*....പിന്നെ വാതിലില്‍ ആഞ്ഞ് ചവിട്ടുന്ന ഒച്ച.

 അതുകേട്ട് ഭയന്നുവിറച്ചുകൊണ്ട് ചാടി എണീറ്റ ആ പയ്യന്‍ ഈ ഞാനായിരുന്നു,
77 03 04 എന്ന ഞാന്‍

ഇതെല്ലാം ഒരു കിനാവുപോലെ മനസില്‍നിന്നും മറഞ്ഞിട്ട് 33 വര്‍ഷം കഴിഞ്ഞിരിക്കുന്നു
എന്നിട്ടും ഇപ്പോഴും പള്ളിയില്‍ നിന്നുമുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ചൂളിപ്പോകുന്നു.
വല്ലാത്ത ഒരു അധൈര്യം അപ്പോഴൊക്കെ എന്നെ അടിമുടി തളര്‍ത്തുന്നു.

ഈ അവസ്ഥ അതെനിക്കറിയാം,
കണ്ടീഷന്‍ഡ് റിഫ്ളക്സ്!!!

 പാതിരിക്കുപ്പായം ഊരിമാറ്റി ശാസ്ത്ര ജ് ഞനായിമാറി നോബല്‍ സമ്മാനം നേടിയ
റഷ്യാക്കാരന്‍ ഐവാന്‍ പാവ്ലോവ് വിവരിച്ച സിദ്ധാന്തം.
പാലാസെന്റ് തോമസ് ഹൈസ്കൂളില്‍ ഫിസിക്സ് പഠിപ്പിച്ച നരീക്കാട്ടച്ചന്‍(ഫാദര്‍ വര്‍ക്കിനരീക്കാട്ട്)പട്ടിയേയും തീറ്റയേയും ബെല്ലിനേയും ബന്ധിപ്പിച്ച് ഈ റിഫ്ളക്സ് പഠിപ്പിച്ചപ്പോള്‍ സ്വപ്നത്തില്‍പോലും കരുതിയില്ലല്ലോ ഞാന്‍ അതിന്റെ ഒരു ഇരയായി മാറുമെന്ന്,
ജീവിതകാലം മുഴുവനും ആ തടവറയില്‍ അടയ്ക്കപ്പെടുമെന്ന്

അടിയന്തിരാവസ്ഥക്കാലത്ത് ഭയന്ന് അടക്കിവെയ്ക്കേണ്ടിവന്നതെല്ലാം
1977ല്‍ വന്ന ഞങ്ങളിലേയ്ക്ക് ചൊരിഞ്ഞസീനിയേഴ്സിലാരെങ്കിലും ചിന്തിച്ചിരിക്കുമോ
എന്റെ ഈ ഒരു അവസ്ഥയെപ്പറ്റി,
ഉണ്ടാകില്ല ഒരിയ്ക്കലും ഉണ്ടാകില്ല.....
പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ മനസില്‍ അവരേല്‍പ്പിക്കുന്നക്ഷതങ്ങളേപ്പറ്റി
 ചിന്തിക്കേണ്ട ഭാരം അവര്‍ക്കില്ലല്ലോ....

കനവ് 2  ഒക്ടോബറിന്റെ നഷ്ടം

 പതുക്കെപ്പതുക്കെ ദിവസങ്ങള്‍ ശാന്തമായി ക്ലാസുകള്‍ ആരംഭിച്ചു
ക്ലാസില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്
വിരലിലെണ്ണാനും മാത്രം പെണ്‍കുട്ടികളും

1977 ഒക്ടോബര്‍ മാസം
ഞാന്‍ വെറുതെ മണ്ണൂത്തിയിലൂടെ നടക്കുകയായിരുന്നു.
സമയം സന്ധ്യമയങ്ങുന്നു.മഴപെയ്ത് നനഞ്ഞ ഒരു സായം സന്ധ്യ

ഫാറംപടി ബസ് സ്റ്റോപ്പില്‍ എന്റെ ക്ലാസിലെ മറിയാമ്മ ഉമ്മന്‍ നില്‍ക്കുന്നത്
ഞാന്‍ യാധൃശ്ചികമായാണുകണ്ടത്

ആണ്‍കുട്ടികളെ എല്ലാം പരിചയപ്പെട്ടിട്ടും
ഞാന്‍ ക്ലാസിലെ ഒരു പെണ്‍കുട്ടിയെപ്പോലും പരിചയപ്പെട്ടിരുന്നില്ല
ആദ്യമായി മിക്സഡ് ക്ലാസില്‍ പഠിക്കുന്നതിന്റെ സങ്കോചം
മറ്റുള്ളവരുടെ മുന്നില്‍ വെച്ച് എന്തോ പെണ്‍കുട്ടികളോടു സംസാരിക്കുവാന്‍
എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല.

പെട്ടന്നാണെനിക്ക് ഒരു ആശയം തോന്നിയത്.
എന്റെ ഒരു വനിതാ ക്ലാസ് മേറ്റിനെ ഒറ്റയ്ക്ക് കിട്ടിയിരിക്കുന്നു.
പരിചയക്കാരാരും അടുത്തില്ല

ഇതു തന്നെ ഏറ്റവും പറ്റിയ അവസരം.
മറിയാമ്മ ഉമ്മനെ പരിചയപ്പെട്ടേക്കാം.
എനിക്ക് വല്ലാത്ത ഒരു ത്രില്‍ അനുഭവപ്പെട്ടു. ഞാന്‍ തിടുക്കത്തില്‍ ബസ് സ്റ്റോപ്പിലേയ്ക്ക്നടന്നു.

അപ്പോഴേയ്ക്കും മണ്ണൂത്തി തൃശൂര്‍ ഓടുന്ന അയ്യപ്പാ ബസ് വന്നു
മറിയാമ്മ ഉമ്മന്‍ ബസ്സിലേയ്ക്ക് കയറി.

ഒരു നിമിഷം,അവള്‍ എന്നെകണ്ടു.
ആ മുഖത്ത് ഒരു പരിചയച്ചിരി മിന്നിമറഞ്ഞു.
എന്തോ പറയാനായി അവള്‍ മുന്നോട്ടാഞ്ഞപ്പോഴേയ്ക്കും ബസ്സ്  വിട്ടു.

മറിയാമ്മ ഉമ്മന്‍ എന്നെനോക്കി കൈവീശി.
ഞാനും കൈവീശിക്കൊണ്ട് നിസ്സഹായനായി നിന്നു.

മറിയാമ്മ ഉമ്മന്‍ പിന്നീട് ഒരിക്കലും തിരിച്ചുവന്നില്ല.
അവള്‍ വെറ്റേറിനറി കോളേജിലെ പഠനം അവസാനിപ്പിച്ച് പോയതായിരുന്നു അന്ന്

ഞാനും മറിയാമ്മ ഉമ്മനുംതമ്മില്‍ ജീവിതത്തില്‍ ഒരു വാക്കുപോലും പരസ്പരം മിണ്ടിയിട്ടില്ല
ഇനി എവിടെവെച്ചെങ്കിലും കണ്ടാല്‍ തമ്മില്‍ തിരിച്ചറിയുകപോലുമില്ല.
എങ്കിലും
മണ്ണൂത്തിയേപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ
മഴനനഞ്ഞീറനായ ആ സായം സന്ധ്യയും എന്റെ ക്ലാസുമേറ്റ് മറിയാമ്മ ഉമ്മനും
പറയാന്‍ കഴിയാതെപോയ ആയാത്രാമൊഴിയും
എന്റെ മനസിലേയ്ക്ക് ഓടിയെത്താറുണ്ട് 33 വര്‍ഷം കഴിഞ്ഞിട്ടും

കിനാവ് 3    ഒരുമധുരക്കിനാവ്   

മലയാളികളല്ലാത്ത 15 പേരാണ്  ക്ലാസിലുണ്ടായിരുന്നത്.
കാഷ്മീരികള്‍ ഭൂട്ടാന്‍കാര്‍,പോണ്ടിച്ചേരിക്കാര്‍ പിന്നെ ഒരു ആഫ്രിക്കാക്കാരനും.

അതില്‍ ഒരു കാഷ്മീരിയെ ഞാന്‍പ്രത്യേകം ശ്രദ്ധിച്ചു.
ആറടിയിലധികം പൊക്കം,വെളുത്തനിറം, പേരുവാജിഅഹമ്മദ് മിര്‍
.ഉയരം കൂടുതാലണെന്നചിന്തയിലാണോഎന്നറിയില്ല വാജി എപ്പോഴും
മുന്നോട്ട് കുനിഞ്ഞാണു നടക്കുന്നത്.

മൂന്നാം ദിവസം വാജി എന്നെതേടിയെത്തി.
ഞാന്‍ ഒന്നു പരുങ്ങി.ഭാഷാ പ്രശ്നമായിരുന്നു എന്റെ മനസില്‍

"എന്തുണ്ടു ശ്രീനിവാസാ വിശേഷങ്ങള്‍ ?"
വാജി മലയാള ത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി
വാജി ചിരിക്കുന്നു.

"എങ്ങിനേയും അരിമേടിക്കേണ്ടേ?  ഞാന്‍ മലയാളം പഠിച്ചുതുടങ്ങി."

 ഉത്തരേന്ത്യന്‍ ചുവയുള്ള മലയാള ത്തില്‍ വാജി പറഞ്ഞു.

മൂന്നുദിവസം കൊണ്ട് വാജി ഭാഷയുടെ വേലി കടന്നിരിക്കുന്നു.
അതായിരുന്നു വാജി.പത്തുതലയുടെ ബുദ്ധിയുള്ള തനി രാവണന്‍.

വാജിയും ഞാനും സുഹൃത്തുക്കളായി.
ഒരു നീണ്ട സൗഹൃദത്തിന്റെ തുടക്കം
.
ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.
അനാറ്റമിയുടേയും.ബയോകെമിസ്ട്രിയുടേയും കോഴ്സുകള്‍ കടക്കാന്‍
 ഞാന്‍ അല്‍പം ബുദ്ധിമുട്ടി.

ഒരുദിവസം വാജി എന്നെതേടിയെത്തി.

"എന്റെ ശ്രീനിവാസാ, എനിക്ക് തന്നെ പഠിച്ചിട്ട് ഒന്നും മനസിലാകുന്നില്ല,എന്താചെയ്യുക?"

 ഞാന്‍ അന്നത്തെ പത്രത്തിലെഒരു പരസ്യം വാജിയെക്കാണിച്ചു.
എങ്ങിനെ പഠിക്കണം പരീക്ഷ എഴുതണം
പ്രോഫസര്‍ പി എം മാത്യു വെല്ലൂര്‍  എഴുതിയ പുസ്തകം

നന്നായി പഠിക്കാനും പരീക്ഷയെഴുതുവാനും മുഴുവന്‍ മാര്‍ക്കും മേടിച്ചെടുക്കാനുമുള്ള തന്ത്രങ്ങള്‍
ആ പുസ്തകത്തില്‍ ഉണ്ടെന്ന് പരസ്യം

കൊള്ളാം നമുക്ക് ഇപ്പോള്‍ തന്നെ പോയി വാങ്ങാം

ഒന്നും പിന്നീടേയ്ക്ക് മാറ്റി വെയ്ക്കുന്ന ശീലം വാജിയ്ക്കില്ല.

ഞങ്ങള്‍ തൃശൂരുള്ള ഒരു പുസ്തകക്കടയില്‍ ചെന്നു അവിടെ ഈ പുസ്തകം ഇല്ല. പുറത്തേയ്ക്കിറങ്ങിയ ഞങ്ങളേ ആ കടയുടെ ഉടമസ്ഥന്‍ തിരികെ വിളിച്ചു
 "കുട്ടികളെ എന്റെ കൈയ്യില്‍ ആ പുസ്തകം ഇല്ലാത്തതുകൊണ്ട് പറയുകയാണെന്ന് കരുതരുത്.
ഈ ലോകത്ത് പഠിക്കാനും പരീക്ഷ എഴുതാനും ഒരു സൂത്രപ്പണിയുമില്ല
.ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ ശ്രദ്ധിച്ചിരിക്കുകയും
അതാതുദിവസം പഠിപ്പിക്കുന്നത് അതാതുദിവസം പഠിക്കുകയും ചെയ്താല്‍ നല്ലമാര്‍ക്കുകിട്ടും.
ഈ റപ്പായിച്ചേട്ടന്‍ പറയുന്നത് ശരിയാണെന്ന് തോന്നുന്നെങ്കില്‍
ഇനി ഈ പുസ്തകം തേടി സമയം കളയാതെ തിരികെപ്പോയി പാഠപുസ്തകം എടുത്ത് വായിക്കുക. ആതായിരിക്കും നിങ്ങള്‍ക്ക് നല്ലത് ഞങ്ങള്‍ അടുത്തവണ്ടിക്ക് മണ്ണൂത്തിയ്ക്ക് തിരിച്ചുപോന്നു.
"അപ്പോള്‍ കാര്യങ്ങള്‍ റപ്പായിച്ചേട്ടന്‍ പറഞ്ഞതുപോലെ ,
നമ്മള്‍ നാളെമുതല്‍ ഒരുമിച്ച് പഠിച്ചുതുടങ്ങുന്നു "

വാജികാര്യങ്ങളുടെ നടപടിയിലേയ്ക്ക് കടന്നു.
പിറ്റേന്ന് രാവിലെ 4 മണിക്ക് വാജി എന്റെ മുറിയുടെ കതകില്‍ തട്ടി

"എണീക്ക് മടിയാ,ഉറക്കം നമുക്ക് ജോലികിട്ടിയിട്ട് ഓഫീസ് സമയത്ത് ഇപ്പോള്‍ പഠിക്കണം "
ചുറുചുറുക്കോടെ വാജി , ഞാനും ചാടി എഴുന്നേറ്റു.

അതൊരു തുടക്കമായിരുന്നു.
പിന്നീട് എന്നും രാവിലെ 4 മണിക്ക് വാജി എത്തും .പഠനം ഊര്‍ജ്ജിതമായി.

പലഭാഗങ്ങളും വാജി മനസിലാക്കാന്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ഞാന്‍  പലതവണ ആ പാഠഭാഗങ്ങള്‍ വായിച്ച് വിശദീകരിക്കേണ്ടിവന്നു.
ഇടയ്ക്ക് വാജി സ്വയം പരിതപിക്കും

"എന്തുപറ്റീ എന്റെ ഈ തലമണ്ടയ്ക്ക് ചിലപ്പോള്‍ ഈ പാലക്കാടന്‍ കാറ്റ് പിടിച്ചിട്ടാണെന്ന് തോന്നുന്നു ഒന്നും അങ്ങ് ശരിക്ക് തലയില്‍കയറുന്നില്ല."

 അടുത്തട്രൈമെസ്റ്റര്‍ കഴിഞ്ഞപ്പോള്‍ എന്റെ ഗ്രേഡുകള്‍ വളരെ മെച്ചപ്പെട്ടു
.പാലക്കാടന്‍ കാറ്റിനെകുറ്റപ്പെടുത്തിക്കൊണ്ടിരുന്ന വാജിക്ക് 4/4
 എല്ലാ വിഷയത്തിനും 100ല്‍ 95ല്‍ കൂടുതല്‍

അതിനെപ്പറ്റി ചോദിച്ചപ്പോള്‍ വാജി പൊട്ടിപ്പൊട്ടിചിരിച്ചു,

"തന്റെ കഴിഞ്ഞ ട്രൈമെസ്റ്ററിലെ ആന്‍സര്‍ പേപ്പറുകള്‍ കണ്ടപ്പോള്‍
എനിക്ക് തോന്നിയ ഒരു കൊച്ചുബുദ്ധിയല്ലേ ഇത്.

എന്റെ തന്ത്രം കൊണ്ട് താന്‍ എത്രമെച്ചപ്പെട്ടു, അത് മതിയെടോ എനിക്ക്

ബുദ്ധിമുട്ടുള്ള പാഠ ഭാഗങ്ങള്‍ തന്റെ തലയില്‍കയറ്റാന്‍ വേണ്ടിയല്ലേ
ഞാന്‍  മരമണ്ടനായിട്ട് അഭിനയിച്ചത്. അത്രയും ചെയ്തില്ലായെങ്കില്‍
ഞാന്‍ തന്റെ ആത്മാര്‍ത്ഥസുഹൃത്താണെന്ന് പറഞ്ഞുനടക്കുന്നതില്‍ എന്താകാര്യം?"
.
എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി
 ഞാന്‍ അതുവരെ അറിഞ്ഞിരുന്നില്ല,

 ഞാന്‍ പറയാതെ, ഞാന്‍ അറിയാതെ, എനിക്കായി മനസ്സില്‍ ഒരുനുള്ളുസ്നേഹം
. ഈ കാഷ്മീരി മുസല്‍മാന്‍ സൂക്ഷിച്ചിരുന്നു എന്ന്

  ഒരു ആത്മാര്‍ത്ഥസുഹൃത്തിന്റെ സൗഹൃദത്തിന്റെ ശീതള ഛായയില്‍നില്‍ക്കുന്നതിന്റെ സുഖം
ഞാന്‍ അറിയുകയായിരുന്നു ആനിമിഷങ്ങളില്‍..

  33 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ആ ദിവസങ്ങള്‍കഴിഞ്ഞിട്ട്,
 എങ്കിലും ആ കിനാവിന്റെ മധുരം ഇപ്പോഴും മനസില്‍ നിറയുന്നു

 ഒരു കൊച്ചിളം കാറ്റായി,  മറയാതെ, മായാതെ, മനസിനെ കുളിര്‍പ്പിച്ചികൊണ്ട്.........