Saturday, April 9, 2011

"മോന്‍"

കലാനിലയം സ്കൂളിലെ എന്റെ കൂട്ടുകാര്‍ 
വെറും സാധാരണ ഗ്രാമീണകുടുംബങ്ങളില്‍നിന്നുമുള്ളവരായിരുന്നു.
ജാഡകളോ പണത്തിന്റെ തികട്ടലുകളോ ഇല്ലാത്തവര്‍.
വഴിവക്കിലെ മാവുകളില്‍ കല്ലെറിഞ്ഞ് മാങ്ങപറിച്ച്
ഉച്ചയ്ക്ക് ഉപ്പും മുളകും ഉള്ളിയും ചേര്‍ത്ത് പങ്കിട്ട് കഴിക്കുന്നവര്‍. 
അമ്പലപ്പറമ്പുകളില്‍ ഉല്‍സവം കൂടി നടക്കാന്‍ വീട്ടില്‍നിന്നും അനുവാദമുള്ളവര്‍.ചുരുക്കത്തില്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ പോലും സാധിക്കാത്ത ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്.
അക്കൂട്ടത്തില്‍ ഒരു ഗോപാലകൃഷ്ണന്‍ ഉണ്ടായിരുന്നു.
പുലിയന്നൂര്‍ അമ്പലത്തിലെ ഉല്‍സവത്തിന്  മാലപ്പടക്കം പൊട്ടിയപ്പോള്‍ അതില്‍ നിന്നും തെറിച്ചുവീണ ഒരു ഗുണ്ട് ഗോപാലകൃഷ്ണനുകിട്ടി. അത് ആരും കാണാതെ വീട്ടിലേയ്ക്ക് കൊണ്ടുപോകും വഴി അത് പൊട്ടി.                                            പാവം ഗോപാലകൃഷ്ണന്‍! നെഞ്ചുനിറയെ മുറിപ്പാടുകളോടെ ആണെങ്കിലും ജീവന്‍ രക്ഷപെട്ടു.                            
ക്ലാസുകള്‍ മുന്നോട്ടുനീങ്ങും തോറും
ടീച്ചര്‍മാര്‍ ചോദ്യം ചോദിക്കലും എണീറ്റുനിര്‍ത്തിക്കലും ചൂരല്‍പ്രയോഗവും തുടങ്ങിയതോടെ ഞങ്ങളുടെ മനസില്‍ കന്യാസ്ത്രീകളോടു മൊത്തത്തില്‍ ഒരു പകയും വൈരാഗ്യവും രൂപപ്പെട്ടുതുടങ്ങി.
അങ്ങിനെയിരിക്കെ ഞങ്ങള്‍ക്ക് ഒരു വടി  വീണുകിട്ടി. കന്യാസ്ത്രീകള്‍ക്കെതിരെ വീശാന്‍ പറ്റിയ ഒരു വലിയ വടി! 
തൊടുപുഴയ്ക്കടുത്ത് മാറിക എന്നസ്ഥലത്തെ കോണ്‍വെന്റില്‍ ഒരു കന്യാസ്ത്രീ മറ്റൊരു സുന്ദരി കന്യാസ്ത്രീയുടെ മുഖം ചൂടാക്കിയ എണ്ണഒഴിച്ച് വിരൂപമാക്കി.ഉറങ്ങിക്കിടന്ന സുന്ദരിയുടെ മുഖത്താണു പകമൂത്ത മറ്റൊരു കന്യാസ്ത്രീ ഈ പ്രയോഗം നടത്തിയത്.
ഇതിനുപുറകിലുള്ള മനശാസ്ത്രം 
എനിക്ക് ഇന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. 
പത്രങ്ങളില്‍ വലിയ വാര്‍ത്തയായി,
നിരവധിലേഖനങ്ങള്‍ ഈ വിഷയത്തില്‍ എഴുതപ്പെട്ടു.
ബസ് സ്റ്റാന്റുകളില്‍ ഈ സംഭവം 
ഒരു പാട്ടുപുസ്തകരൂപത്തില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.
"മാറികമഠത്തിലെ ഭീകരസംഭവം!!" 
അതായിരുന്നു അന്നത്തെ പ്രധാന ചര്‍ച്ചാ വിഷയം. 
ഞങ്ങള്‍ക്ക് ആപാട്ടുപുസ്തകം കാണാപ്പാഠമായി.
ക്ലാസില്‍ ഒഴിവുസമയങ്ങളില്‍ അത് ഉച്ചത്തില്‍ പാടുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത ഒരു സന്തോഷം.ഉള്ളില്‍ കലിയുണ്ടെങ്കിലും ടീച്ചര്‍മാര്‍ ബധിരരേപ്പോലെ ഭാവിച്ചു. 
ഒരുദിവസം രാവിലെ ഞങ്ങളുടെസംഘം ആഘോഷമായി സ്കൂളിലേയ്ക്ക് പോകുകയാണു. 
ഞങ്ങള്‍ക്കെതിരെ പരിചയമില്ലാത്ത രണ്ടുകന്യാസ്ത്രീകള്‍ വരുന്നതുകണ്ടപ്പോള്‍ എല്ലാവരും ഉജാറായി.
മാറികമഠത്തിലെ ഭീകരസംഭവം  കോറസായി പാടിത്തുടങ്ങി. 
"എണ്ണ, എണ്ണ, എണ്ണേ, എണ്ണ!!"
ഒരു കൂട്ടുകാരന്‍ ശരണം വിളിക്കുന്നതുപോലെ 
ഉച്ചത്തില്‍ കൂവിവിളിച്ചു.
"എണ്ണയുണ്ടോ, എണ്ണ!!"
 ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കൂടെ വിളിച്ചു.
കന്യാസ്ത്രീകളുടെ മുഖം കറക്കുന്നതുകണ്ടപ്പോള്‍ 
ഞങ്ങളുടെ ആവേശം പത്തിരട്ടിയായി. 
"ഞങ്ങള്‍ക്ക് കുറച്ച് എണ്ണതരാമോ,  എണ്ണ!!!"
 വീണ്ടും ശരണം  വിളി 
"നല്ലചൂടു ചൂടു വെളിച്ചെണ്ണ!!"
ഞങ്ങള്‍ എല്ലാവരും കൂടി കൂവി.
പെട്ടന്നാണു അതിലൊരു സിസ്റ്റര്‍ ഞങ്ങളുടെ നേരേ തിരിഞ്ഞത് 
"നിനക്കൊക്കെ എണ്ണ  തരാമെടാ കൊരങ്ങന്മാരേ, ആര്‍ക്കാടാ ഇത്രയ്ക്ക് എണ്ണക്കൊതി"
സിസ്റ്റര്‍ കയ്യിലിരുന്ന വളഞ്ഞകാലന്‍ കുട വീശിക്കൊണ്ട് ഞങ്ങളുടെ നേരേ തിരിഞ്ഞു. 
ഞങ്ങള്‍ കൂവിക്കൊണ്ട് ഓടി.
കുറേദൂരം ചെന്നിട്ട് തിരിഞ്ഞുനിന്നു കൂവി വിളിച്ചു.
അപ്പോഴും ആ കന്യാസ്ത്രീ അമര്‍ഷത്തോടെ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. 
ഞങ്ങള്‍ക്ക് വളരെ വളരെ സന്തോഷമായി.
ഇത്രയെങ്കിലും ചെയ്യാന്‍ പറ്റിയല്ലോ.
അന്ന് മുഴുവന്‍ അതുമാത്രമായിരുന്നു ഞങ്ങളുടെസംസാര വിഷയം, എത്രപറഞ്ഞിട്ടും മതിയാകുന്നില്ല.
  വൈകിട്ട് വീട്ടിലെത്തിയപ്പോഴാണു ഞാന്‍ ഞെട്ടിപ്പോയത് ഞങ്ങള്‍ രാവിലെ കളിയാക്കിയ കന്യാസ്ത്രീയുണ്ട് 
എന്റെ വീട്ടുമുറ്റത്ത് ഒരു കസേരയിട്ട് ഇരിക്കുന്നു.
അമ്മ അടുത്ത് നില്‍പ്പുണ്ടു 
ചേട്ടന്‍ ഒരു പുളിവാറുചെത്തിമിനുക്കി എടുക്കുന്നു.
"വാടാ കൊരങ്ങാ, ഞാന്‍ നീവരാന്‍ കാത്തിരിക്കുകയായിരുന്നു." സിസ്റ്റര്‍  എന്നെ കണ്ടതേ ചീറിത്തുടങ്ങി. 
"മണീ, ഇവനു എണ്ണ വേണമെന്ന്!!!
 അത് ചൂടുള്ള വെളിച്ചെണ്ണ!!!"
സിസ്റ്റര്‍ അമ്മയോട് വീണ്ടും വര്‍ണ്ണിച്ചു തുടങ്ങി.
അമ്മ രൂക്ഷമായി എന്നെനോക്കി. 
ഞാന്‍ ആകെ വിയര്‍ത്തുതുടങ്ങി.
"ഇന്ന് ഇവനെ അടിച്ച് തോലുരിക്കണം, അഹങ്കാരി!!
 അല്ലങ്കില്‍ ഇവനൊക്ക്ക്കെ വലുതാകുമ്പോള്‍ 
പിടിച്ചാല്‍ കിട്ടുകേല."
"അഛന്‍ ഇങ്ങു വരട്ടേ!,
ഇനി ഇവന്‍ ഇങ്ങനെ കാണിക്കാതെ ശരിയാക്കാം,
നല്ല അടിയുടെ കുറവാ ഇവനൊക്കെ."
അമ്മസിസ്റ്ററിന്റെ കൂടെ ചേര്‍ന്നു.
ചേട്ടന്‍ മിനുക്കിക്കൊണ്ടിരിക്കുന്ന പുളിവാറു കാണുംതോറുമെന്റെ മുട്ട് കൂട്ടിയിടിച്ചുതുടങ്ങി.
"ഇവന്റെ കൂട്ടത്തില്‍ ഒരു പത്തുപതിനാറുകുരങ്ങന്മാരുണ്ടായിരുന്നു,  പട്ടികളെപ്പോലെ ഓലിയിട്ടോണ്ട്.ഒന്നു നോക്കിയപ്പോഴേ ഇവനെ എനിക്ക് പിടികിട്ടി,രാമകൃഷ്ണപിള്ള സാറിന്റെ മകനാന്ന് അവന്റെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട്. അതാ മണിയോട് ഇത് വന്നു പറയണമെന്ന് ഞാന്‍ തീരുമാനിച്ചത്.അഹങ്കാരി!!"
സിസ്റ്ററിന്റെ കലിതീരുന്നില്ല. 
"അഛന്‍ വരട്ടേ, എന്നിട്ടുമതി ഇവനു കാപ്പികൊടുക്കുന്നത്, ഇവനെയൊക്കെ പഠിപ്പിക്കാന്‍ വിടുന്നതെന്തിനാണെന്ന്  ഒന്ന് അറിയണമല്ലോ!!"
അമ്മ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.
ഞാന്‍ ഒന്നും പറയാതെ അകത്തെ മുറിയിലെ കട്ടിലില്‍ പോയി
കിടന്നു.കുറെനേരം കൂടി സിസ്റ്ററിന്റെ അമര്‍ഷപ്രകടനം എനിക്ക് കേള്‍ക്കാമായിരുന്നു.
അഛന്‍ വന്നത് ഞാന്‍ അറിഞ്ഞിട്ടും കണ്ണടച്ചുതന്നെ കിടന്നു. അമ്മ സിസ്റ്റര്‍ വന്നതും പറഞ്ഞതുമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞുകേള്‍പ്പിക്കുന്നത് ഞാന്‍ ഭയത്തോടെ കേട്ടുകിടന്നു. 
"എടാബാബൂ, ഇവിടെ വാ!
 അഛന്‍ നിന്നെ വിളിക്കുന്നു!!" 
അമ്മ ഉച്ചത്തില്‍ വിളിച്ചപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റ് ചെന്നു. അഛന്റെ നേരേ നോക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. ഞാന്‍ താഴോട്ടുനോക്കി നിന്നു.
കുറച്ചുസമയം ആയിട്ടും അഛന്‍ ഒന്നും പറയാതെ വന്നപ്പോള്‍ ഞാന്‍പതുക്കെ കണ്ണുകള്‍ ഉയര്‍ത്തി.
അഛന്റെ മുഖത്ത് അല്‍പ്പം പോലും ദേഷ്യമില്ല
പകരം വല്ലാത്ത ഒരു സന്തോഷം!
കണ്ണുകളില്‍ ഞാന്‍ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു തിളക്കം. എന്നെ ആദ്യമായി കാണുന്നതുപോലെ അടിമുടി നോക്കുന്നു. 
"മോന്‍ കാപ്പികുടിച്ചില്ലല്ലോ, 
വേഗം പോയികുടിക്ക്. എന്നിട്ട് പോയിപഠിച്ചോളൂ!"
 അഛന്റെ ഈ ഭാവമാറ്റം  കണ്ട് ഞാന്‍ അമ്പരന്നുപോയി. പുളിവാറുകൊണ്ടുള്ള അടിയ്ക്കുപകരം സ്നേഹത്തലോടല്‍,
മോന്‍ എന്നുള്ള വിളി 
എന്റെ അഛന്‍ എന്നെ ജീവിതത്തില്‍ ഒരിക്കലേ 
അങ്ങിനെ "മോനേ" എന്ന് വിളിച്ചിട്ടുള്ളു 
അന്ന് അതെന്താണെന്ന്  മനസിലായില്ലെങ്കിലും ഇപ്പോള്‍   എനിക്ക് മനസിലാക്കാനാകുന്നുണ്ട് അഛന്റെ മനസില്‍ എന്തായിരുന്നെന്നും, 
കൂടാതെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും തന്റെ മകനെ തന്നോടുള്ള രൂപസാമൃം കൊണ്ട് ഒരപരിചിതന്‍ തിരിച്ചറിഞ്ഞപ്പോള്‍ അന്ന് അഛന്‍ അനുഭവിച്ച  അളക്കാനാവാത്ത സായൂജ്യവും...!!!

3 comments:

sree said...

kollam kollam....
nannayittundu... :)

priyan said...

ഈ കാലം ഇനി വരില്ല, സത്യമാണ്.

Prof.R.K.Pillai said...

lol...