Thursday, January 13, 2011

മണ്ണുത്തിക്കനവുകള്‍

 മണ്ണുത്തി
തൃശൂരുനിന്നും പാലക്കാട് ഹൈവേയില്‍ 6 കിലോമീറ്റര്‍ചെല്ലുമ്പോള്‍ എത്തുന്ന നഗരത്തിന്റെ പകിട്ടുള്ള ഒരു ചെറുഗ്രാമം, വെറ്റേറിനറിഡോക്ടര്‍മാരുടെ  മനസില്‍ എന്നെന്നും ഒരു ദൗര്‍ബ്ബല്യമാണാ ഗ്രാമം

33 വര്‍ഷം മുന്‍പ് ഞാനും  ആ ഗ്രാമവീഥിയില്‍ എത്തി. വെറ്റേറിനറി കോളേജിലെ ഒരുഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായി ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ ആ പരിസരങ്ങളും ഫാറം പടിയും പാലക്കാടന്‍ കാറ്റുമെല്ലാം എന്റെ മനസിലും എന്തെക്കെയോ കോറിയിട്ടു.

1981ല്‍ മൃഗസംരക്ഷണവകുപ്പില്‍ ജോലിയില്‍  പ്രവേശിച്ചശേഷം മണ്ണൂത്തിപതുക്കെപതുക്കെ കണ്ടുമറന്ന  ഒരു സ്വപ്നം പോലെ മനസിന്റെ ഒരുകോണിലേയ്ക്ക് ഒതുങ്ങിപ്പോയി.

വീണ്ടും ഇന്ന് ഈ എഴുത്തുമേശയില്‍ വച്ച്  മണ്ണൂത്തി എന്റെ മനസിലേയ്ക്ക് കടന്നുവരുമ്പോള്‍                                                                                 33 വര്‍ഷം മുന്‍പുള്ള മണ്ണുത്തി ദിനങ്ങള്‍ ഇപ്പോഴും എന്റെ മനസില്‍ അവശേഷിപ്പിക്കുന്ന   കാലത്തിനു മായിക്കാന്‍ കഴിയാതെപോയ മൂന്നു കനവുകൾ / കനലുകൾ  ഞാന്‍ തിരിച്ചറിയുന്നു....

  കനവ് 1    ഒരു ദുസ്വപ്നം                                                                                                                                      

“ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്നാപകയോഹന്നാന്‍ വന്നൂ.....”മനസില്‍ എന്തോഒന്ന് കൊളുത്തിവലിച്ചതുപോലെ ഞാന്‍ ഒന്നു ഞെട്ടി. റേഡിയോയിലൂടെ സ്നാപകയോഹന്നാന്റെ കഥ പാട്ടായി ഒഴുകിവരുന്നു.ആപാട്ട് കേള്‍ക്കുംതോറും എന്റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിയുന്നു,                                                                          കാല്‍ മുട്ടുകള്‍ക്ക് ബലം കുറയുന്നതുപോലെ,ആകെ ഒരുതളര്‍ച്ച അനുഭവപ്പെടുന്നു.കണ്ണുകളില്‍  ഇരുട്ട് നിറയുന്നു.                                                                                                                                        

“ആ സ്നാപകന്റെ സ്വരം കേട്ടുണര്‍ന്നൂ,ജോര്‍ദ്ദാന്‍ നദിയുടെ തീരം......”പാട്ട് തുടരുകയാണ്
 ഇപ്പോള്‍ അത് റേഡിയോയില്‍ നിന്നല്ല മണ്ണൂത്തിപ്പള്ളിയുടെ മൈക്കില്‍നിന്നാണ്.
വെറ്റേറിനറി കോളേജ് ഹോസ്റ്റലിലെ  ഇരുപത്തി ആറാം നംബർ മുറിയില്‍തറയില്‍ വിരിച്ച വിരിപ്പില്‍ ഒരു പതിനേഴുകാരന്‍ ഇരുന്ന് വിറയ്ക്കുന്നു.
തണുത്ത ആ പ്രഭാതത്തിലും അവന്റെ ദേഹം വിയര്‍ത്ത് ഒഴുകുന്നുണ്ട്.തലേദിവസം രാത്രി 2 വരെ മറ്റ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോടൊപ്പംഹോസ്റ്റലിന്റെ മട്ടുപ്പാവില്‍ പരേഡ് നടത്തി  തളര്‍ന്നുറങ്ങിയ ഒരു നിര്‍ഭാഗ്യവാന്‍, മണ്ണൂത്തിപ്പള്ളിയിലെ പാട്ടുകേട്ട് രാവിലെ 5 മണിക്ക് ഞെട്ടിയുണര്‍ന്നിരിക്കുന്നു.

ഭീതിയുടെ താഴ്വരയില്‍ വീണ്ടും തലേദിവസത്തിന്റെ പുനരാവര്‍ത്തനത്തിനായി വീണ്ടും ഒരു ദിവസം കൂടി പെട്ടന്ന് എത്തിയിരിക്കുന്നു,ഈ രാത്രി പുലരാതിരുന്നെങ്കില്‍  അതുമാത്രമായിരുന്നു ഉള്ളില്‍

"അന്നു സലോമിയെ ദൈവം ശപിച്ചു കണ്ണില്‍ കനലുകളോടെ..
നിത്യദുഖത്തിന്റെ മുള്‍ക്കിരീടങ്ങളേ നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ....."

മൈക്കിലൂടെ പാട്ടുതുടരുമ്പോള്‍  അതിലും കൂടിയ ഒച്ചയില്‍ സീനിയേഴ്സിന്റെ അലര്‍ച്ച എണീറ്റുവാടാ...!!.$ @&*....പിന്നെ വാതിലില്‍ ആഞ്ഞ് ചവിട്ടുന്ന ഒച്ച.

 അതുകേട്ട് ഭയന്നുവിറച്ചുകൊണ്ട് ചാടി എണീറ്റ ആ പയ്യന്‍ ഈ ഞാനായിരുന്നു,
77 03 04 എന്ന ഞാന്‍

ഇതെല്ലാം ഒരു കിനാവുപോലെ മനസില്‍നിന്നും മറഞ്ഞിട്ട് 33 വര്‍ഷം കഴിഞ്ഞിരിക്കുന്നു
എന്നിട്ടും ഇപ്പോഴും പള്ളിയില്‍ നിന്നുമുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ചൂളിപ്പോകുന്നു.
വല്ലാത്ത ഒരു അധൈര്യം അപ്പോഴൊക്കെ എന്നെ അടിമുടി തളര്‍ത്തുന്നു.

ഈ അവസ്ഥ അതെനിക്കറിയാം,
കണ്ടീഷന്‍ഡ് റിഫ്ളക്സ്!!!

 പാതിരിക്കുപ്പായം ഊരിമാറ്റി ശാസ്ത്ര ജ് ഞനായിമാറി നോബല്‍ സമ്മാനം നേടിയ
റഷ്യാക്കാരന്‍ ഐവാന്‍ പാവ്ലോവ് വിവരിച്ച സിദ്ധാന്തം.
പാലാസെന്റ് തോമസ് ഹൈസ്കൂളില്‍ ഫിസിക്സ് പഠിപ്പിച്ച നരീക്കാട്ടച്ചന്‍(ഫാദര്‍ വര്‍ക്കിനരീക്കാട്ട്)പട്ടിയേയും തീറ്റയേയും ബെല്ലിനേയും ബന്ധിപ്പിച്ച് ഈ റിഫ്ളക്സ് പഠിപ്പിച്ചപ്പോള്‍ സ്വപ്നത്തില്‍പോലും കരുതിയില്ലല്ലോ ഞാന്‍ അതിന്റെ ഒരു ഇരയായി മാറുമെന്ന്,
ജീവിതകാലം മുഴുവനും ആ തടവറയില്‍ അടയ്ക്കപ്പെടുമെന്ന്

അടിയന്തിരാവസ്ഥക്കാലത്ത് ഭയന്ന് അടക്കിവെയ്ക്കേണ്ടിവന്നതെല്ലാം
1977ല്‍ വന്ന ഞങ്ങളിലേയ്ക്ക് ചൊരിഞ്ഞസീനിയേഴ്സിലാരെങ്കിലും ചിന്തിച്ചിരിക്കുമോ
എന്റെ ഈ ഒരു അവസ്ഥയെപ്പറ്റി,
ഉണ്ടാകില്ല ഒരിയ്ക്കലും ഉണ്ടാകില്ല.....
പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ മനസില്‍ അവരേല്‍പ്പിക്കുന്നക്ഷതങ്ങളേപ്പറ്റി
 ചിന്തിക്കേണ്ട ഭാരം അവര്‍ക്കില്ലല്ലോ....

കനവ് 2  ഒക്ടോബറിന്റെ നഷ്ടം

 പതുക്കെപ്പതുക്കെ ദിവസങ്ങള്‍ ശാന്തമായി ക്ലാസുകള്‍ ആരംഭിച്ചു
ക്ലാസില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്
വിരലിലെണ്ണാനും മാത്രം പെണ്‍കുട്ടികളും

1977 ഒക്ടോബര്‍ മാസം
ഞാന്‍ വെറുതെ മണ്ണൂത്തിയിലൂടെ നടക്കുകയായിരുന്നു.
സമയം സന്ധ്യമയങ്ങുന്നു.മഴപെയ്ത് നനഞ്ഞ ഒരു സായം സന്ധ്യ

ഫാറംപടി ബസ് സ്റ്റോപ്പില്‍ എന്റെ ക്ലാസിലെ മറിയാമ്മ ഉമ്മന്‍ നില്‍ക്കുന്നത്
ഞാന്‍ യാധൃശ്ചികമായാണുകണ്ടത്

ആണ്‍കുട്ടികളെ എല്ലാം പരിചയപ്പെട്ടിട്ടും
ഞാന്‍ ക്ലാസിലെ ഒരു പെണ്‍കുട്ടിയെപ്പോലും പരിചയപ്പെട്ടിരുന്നില്ല
ആദ്യമായി മിക്സഡ് ക്ലാസില്‍ പഠിക്കുന്നതിന്റെ സങ്കോചം
മറ്റുള്ളവരുടെ മുന്നില്‍ വെച്ച് എന്തോ പെണ്‍കുട്ടികളോടു സംസാരിക്കുവാന്‍
എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല.

പെട്ടന്നാണെനിക്ക് ഒരു ആശയം തോന്നിയത്.
എന്റെ ഒരു വനിതാ ക്ലാസ് മേറ്റിനെ ഒറ്റയ്ക്ക് കിട്ടിയിരിക്കുന്നു.
പരിചയക്കാരാരും അടുത്തില്ല

ഇതു തന്നെ ഏറ്റവും പറ്റിയ അവസരം.
മറിയാമ്മ ഉമ്മനെ പരിചയപ്പെട്ടേക്കാം.
എനിക്ക് വല്ലാത്ത ഒരു ത്രില്‍ അനുഭവപ്പെട്ടു. ഞാന്‍ തിടുക്കത്തില്‍ ബസ് സ്റ്റോപ്പിലേയ്ക്ക്നടന്നു.

അപ്പോഴേയ്ക്കും മണ്ണൂത്തി തൃശൂര്‍ ഓടുന്ന അയ്യപ്പാ ബസ് വന്നു
മറിയാമ്മ ഉമ്മന്‍ ബസ്സിലേയ്ക്ക് കയറി.

ഒരു നിമിഷം,അവള്‍ എന്നെകണ്ടു.
ആ മുഖത്ത് ഒരു പരിചയച്ചിരി മിന്നിമറഞ്ഞു.
എന്തോ പറയാനായി അവള്‍ മുന്നോട്ടാഞ്ഞപ്പോഴേയ്ക്കും ബസ്സ്  വിട്ടു.

മറിയാമ്മ ഉമ്മന്‍ എന്നെനോക്കി കൈവീശി.
ഞാനും കൈവീശിക്കൊണ്ട് നിസ്സഹായനായി നിന്നു.

മറിയാമ്മ ഉമ്മന്‍ പിന്നീട് ഒരിക്കലും തിരിച്ചുവന്നില്ല.
അവള്‍ വെറ്റേറിനറി കോളേജിലെ പഠനം അവസാനിപ്പിച്ച് പോയതായിരുന്നു അന്ന്

ഞാനും മറിയാമ്മ ഉമ്മനുംതമ്മില്‍ ജീവിതത്തില്‍ ഒരു വാക്കുപോലും പരസ്പരം മിണ്ടിയിട്ടില്ല
ഇനി എവിടെവെച്ചെങ്കിലും കണ്ടാല്‍ തമ്മില്‍ തിരിച്ചറിയുകപോലുമില്ല.
എങ്കിലും
മണ്ണൂത്തിയേപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ
മഴനനഞ്ഞീറനായ ആ സായം സന്ധ്യയും എന്റെ ക്ലാസുമേറ്റ് മറിയാമ്മ ഉമ്മനും
പറയാന്‍ കഴിയാതെപോയ ആയാത്രാമൊഴിയും
എന്റെ മനസിലേയ്ക്ക് ഓടിയെത്താറുണ്ട് 33 വര്‍ഷം കഴിഞ്ഞിട്ടും

കിനാവ് 3    ഒരുമധുരക്കിനാവ്   

മലയാളികളല്ലാത്ത 15 പേരാണ്  ക്ലാസിലുണ്ടായിരുന്നത്.
കാഷ്മീരികള്‍ ഭൂട്ടാന്‍കാര്‍,പോണ്ടിച്ചേരിക്കാര്‍ പിന്നെ ഒരു ആഫ്രിക്കാക്കാരനും.

അതില്‍ ഒരു കാഷ്മീരിയെ ഞാന്‍പ്രത്യേകം ശ്രദ്ധിച്ചു.
ആറടിയിലധികം പൊക്കം,വെളുത്തനിറം, പേരുവാജിഅഹമ്മദ് മിര്‍
.ഉയരം കൂടുതാലണെന്നചിന്തയിലാണോഎന്നറിയില്ല വാജി എപ്പോഴും
മുന്നോട്ട് കുനിഞ്ഞാണു നടക്കുന്നത്.

മൂന്നാം ദിവസം വാജി എന്നെതേടിയെത്തി.
ഞാന്‍ ഒന്നു പരുങ്ങി.ഭാഷാ പ്രശ്നമായിരുന്നു എന്റെ മനസില്‍

"എന്തുണ്ടു ശ്രീനിവാസാ വിശേഷങ്ങള്‍ ?"
വാജി മലയാള ത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി
വാജി ചിരിക്കുന്നു.

"എങ്ങിനേയും അരിമേടിക്കേണ്ടേ?  ഞാന്‍ മലയാളം പഠിച്ചുതുടങ്ങി."

 ഉത്തരേന്ത്യന്‍ ചുവയുള്ള മലയാള ത്തില്‍ വാജി പറഞ്ഞു.

മൂന്നുദിവസം കൊണ്ട് വാജി ഭാഷയുടെ വേലി കടന്നിരിക്കുന്നു.
അതായിരുന്നു വാജി.പത്തുതലയുടെ ബുദ്ധിയുള്ള തനി രാവണന്‍.

വാജിയും ഞാനും സുഹൃത്തുക്കളായി.
ഒരു നീണ്ട സൗഹൃദത്തിന്റെ തുടക്കം
.
ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.
അനാറ്റമിയുടേയും.ബയോകെമിസ്ട്രിയുടേയും കോഴ്സുകള്‍ കടക്കാന്‍
 ഞാന്‍ അല്‍പം ബുദ്ധിമുട്ടി.

ഒരുദിവസം വാജി എന്നെതേടിയെത്തി.

"എന്റെ ശ്രീനിവാസാ, എനിക്ക് തന്നെ പഠിച്ചിട്ട് ഒന്നും മനസിലാകുന്നില്ല,എന്താചെയ്യുക?"

 ഞാന്‍ അന്നത്തെ പത്രത്തിലെഒരു പരസ്യം വാജിയെക്കാണിച്ചു.
എങ്ങിനെ പഠിക്കണം പരീക്ഷ എഴുതണം
പ്രോഫസര്‍ പി എം മാത്യു വെല്ലൂര്‍  എഴുതിയ പുസ്തകം

നന്നായി പഠിക്കാനും പരീക്ഷയെഴുതുവാനും മുഴുവന്‍ മാര്‍ക്കും മേടിച്ചെടുക്കാനുമുള്ള തന്ത്രങ്ങള്‍
ആ പുസ്തകത്തില്‍ ഉണ്ടെന്ന് പരസ്യം

കൊള്ളാം നമുക്ക് ഇപ്പോള്‍ തന്നെ പോയി വാങ്ങാം

ഒന്നും പിന്നീടേയ്ക്ക് മാറ്റി വെയ്ക്കുന്ന ശീലം വാജിയ്ക്കില്ല.

ഞങ്ങള്‍ തൃശൂരുള്ള ഒരു പുസ്തകക്കടയില്‍ ചെന്നു അവിടെ ഈ പുസ്തകം ഇല്ല. പുറത്തേയ്ക്കിറങ്ങിയ ഞങ്ങളേ ആ കടയുടെ ഉടമസ്ഥന്‍ തിരികെ വിളിച്ചു
 "കുട്ടികളെ എന്റെ കൈയ്യില്‍ ആ പുസ്തകം ഇല്ലാത്തതുകൊണ്ട് പറയുകയാണെന്ന് കരുതരുത്.
ഈ ലോകത്ത് പഠിക്കാനും പരീക്ഷ എഴുതാനും ഒരു സൂത്രപ്പണിയുമില്ല
.ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ ശ്രദ്ധിച്ചിരിക്കുകയും
അതാതുദിവസം പഠിപ്പിക്കുന്നത് അതാതുദിവസം പഠിക്കുകയും ചെയ്താല്‍ നല്ലമാര്‍ക്കുകിട്ടും.
ഈ റപ്പായിച്ചേട്ടന്‍ പറയുന്നത് ശരിയാണെന്ന് തോന്നുന്നെങ്കില്‍
ഇനി ഈ പുസ്തകം തേടി സമയം കളയാതെ തിരികെപ്പോയി പാഠപുസ്തകം എടുത്ത് വായിക്കുക. ആതായിരിക്കും നിങ്ങള്‍ക്ക് നല്ലത് ഞങ്ങള്‍ അടുത്തവണ്ടിക്ക് മണ്ണൂത്തിയ്ക്ക് തിരിച്ചുപോന്നു.
"അപ്പോള്‍ കാര്യങ്ങള്‍ റപ്പായിച്ചേട്ടന്‍ പറഞ്ഞതുപോലെ ,
നമ്മള്‍ നാളെമുതല്‍ ഒരുമിച്ച് പഠിച്ചുതുടങ്ങുന്നു "

വാജികാര്യങ്ങളുടെ നടപടിയിലേയ്ക്ക് കടന്നു.
പിറ്റേന്ന് രാവിലെ 4 മണിക്ക് വാജി എന്റെ മുറിയുടെ കതകില്‍ തട്ടി

"എണീക്ക് മടിയാ,ഉറക്കം നമുക്ക് ജോലികിട്ടിയിട്ട് ഓഫീസ് സമയത്ത് ഇപ്പോള്‍ പഠിക്കണം "
ചുറുചുറുക്കോടെ വാജി , ഞാനും ചാടി എഴുന്നേറ്റു.

അതൊരു തുടക്കമായിരുന്നു.
പിന്നീട് എന്നും രാവിലെ 4 മണിക്ക് വാജി എത്തും .പഠനം ഊര്‍ജ്ജിതമായി.

പലഭാഗങ്ങളും വാജി മനസിലാക്കാന്‍ ബുദ്ധിമുട്ടുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ഞാന്‍  പലതവണ ആ പാഠഭാഗങ്ങള്‍ വായിച്ച് വിശദീകരിക്കേണ്ടിവന്നു.
ഇടയ്ക്ക് വാജി സ്വയം പരിതപിക്കും

"എന്തുപറ്റീ എന്റെ ഈ തലമണ്ടയ്ക്ക് ചിലപ്പോള്‍ ഈ പാലക്കാടന്‍ കാറ്റ് പിടിച്ചിട്ടാണെന്ന് തോന്നുന്നു ഒന്നും അങ്ങ് ശരിക്ക് തലയില്‍കയറുന്നില്ല."

 അടുത്തട്രൈമെസ്റ്റര്‍ കഴിഞ്ഞപ്പോള്‍ എന്റെ ഗ്രേഡുകള്‍ വളരെ മെച്ചപ്പെട്ടു
.പാലക്കാടന്‍ കാറ്റിനെകുറ്റപ്പെടുത്തിക്കൊണ്ടിരുന്ന വാജിക്ക് 4/4
 എല്ലാ വിഷയത്തിനും 100ല്‍ 95ല്‍ കൂടുതല്‍

അതിനെപ്പറ്റി ചോദിച്ചപ്പോള്‍ വാജി പൊട്ടിപ്പൊട്ടിചിരിച്ചു,

"തന്റെ കഴിഞ്ഞ ട്രൈമെസ്റ്ററിലെ ആന്‍സര്‍ പേപ്പറുകള്‍ കണ്ടപ്പോള്‍
എനിക്ക് തോന്നിയ ഒരു കൊച്ചുബുദ്ധിയല്ലേ ഇത്.

എന്റെ തന്ത്രം കൊണ്ട് താന്‍ എത്രമെച്ചപ്പെട്ടു, അത് മതിയെടോ എനിക്ക്

ബുദ്ധിമുട്ടുള്ള പാഠ ഭാഗങ്ങള്‍ തന്റെ തലയില്‍കയറ്റാന്‍ വേണ്ടിയല്ലേ
ഞാന്‍  മരമണ്ടനായിട്ട് അഭിനയിച്ചത്. അത്രയും ചെയ്തില്ലായെങ്കില്‍
ഞാന്‍ തന്റെ ആത്മാര്‍ത്ഥസുഹൃത്താണെന്ന് പറഞ്ഞുനടക്കുന്നതില്‍ എന്താകാര്യം?"
.
എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി
 ഞാന്‍ അതുവരെ അറിഞ്ഞിരുന്നില്ല,

 ഞാന്‍ പറയാതെ, ഞാന്‍ അറിയാതെ, എനിക്കായി മനസ്സില്‍ ഒരുനുള്ളുസ്നേഹം
. ഈ കാഷ്മീരി മുസല്‍മാന്‍ സൂക്ഷിച്ചിരുന്നു എന്ന്

  ഒരു ആത്മാര്‍ത്ഥസുഹൃത്തിന്റെ സൗഹൃദത്തിന്റെ ശീതള ഛായയില്‍നില്‍ക്കുന്നതിന്റെ സുഖം
ഞാന്‍ അറിയുകയായിരുന്നു ആനിമിഷങ്ങളില്‍..

  33 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ആ ദിവസങ്ങള്‍കഴിഞ്ഞിട്ട്,
 എങ്കിലും ആ കിനാവിന്റെ മധുരം ഇപ്പോഴും മനസില്‍ നിറയുന്നു

 ഒരു കൊച്ചിളം കാറ്റായി,  മറയാതെ, മായാതെ, മനസിനെ കുളിര്‍പ്പിച്ചികൊണ്ട്.........

2 comments:

Marykkutty said...

Nostalgic....!

priyan said...

മണ്ണുത്തി അത്ര നല്ല സ്ഥലമാണോ? ഇപ്പോള്‍ അല്ലാ, എന്നു തോന്നുന്നു എനിക്ക്... ഈ കാലത്ത് നൊസ്റ്റാള്‍ജിയ ബാധിക്കാന്‍ സാധ്യത കുറവായതിനാലാവും..