Saturday, September 25, 2010

സിക്സ്തൂസമ്മ ടീച്ചറും,ചപ്രാസിയും പിന്നെ ഞാനും...!!

 (കലാനിലയം യു പി സ്കൂളില്‍ ഒന്നാം ദിവസം)
പുലിയന്നൂര്‍ പാടത്തിന്റെ ഒരു വശത്ത് ഒരു കുന്നിന്‍ മുകളിലാണ് കലാനിലയം സ്കൂള്‍. കുത്തനെയുള്ള ആ കയറ്റം കയറി ചെന്നപ്പോള്‍ ആദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്
ഒരു വലിയ മരമാണ്
“ഇതാണു ഗുല്‍മോഹര്‍,“
ആ മരം ചൂണ്ടിക്കാട്ടി അഛന്‍ എനിക്ക് പറഞ്ഞുതന്നു.
ഞാന്‍ അവിശ്വസനീയതയോടെ ആ മരത്തിനെ നോക്കി.
ഞാന്‍ വായിച്ച കഥകളിലെവിടെയോ ഉള്ള ഒരു ഗുല്‍മോഹര്‍ മരത്തിന്റെ തണലും തണുപ്പും
എന്റെ മനസിലേയ്ക്ക് ഒഴുകി വരുന്നതുപോലെ...

അഛന്റെ പുറകേ ഞാന്‍ സ്കൂളിന്റെ പടികള്‍ കയറി.
മനസില്‍ വലിയ ഒരു സങ്കടത്തിന്റെ നനവ്
അരുണാപുരം എല്‍ പി സ്കൂളില്‍നിന്നും ടി സി വാങ്ങാന്‍ ചെന്നപ്പോള്‍ തുടങ്ങിയതാണത്.

ഹെഡ്മാസ്റ്റര്‍ ഉദ്ദണ്ഡന്‍ സാര്‍ പറഞ്ഞു
“നിങ്ങളു കലാനിലയം സ്കൂളിലേയ്ക്കല്ലേ,
ആതൊമ്മന്റെ മകനൊക്കെ സെന്റ് തോമസിലേയ്ക്കാ പോകുന്നത്.”

“തൊമ്മന്റെ മകൻ.” അത് എന്റെ ഏറ്റവും പ്രീയപ്പെട്ടകൂട്ടുകാരന്‍ ബാബു തോമസാണ്
ഇനി എന്റെ കൂടെ ക്ലാസില്‍ബാബുവുണ്ടാകില്ല
മറ്റാരുടെ കൂട്ടും അതുപോലാകില്ലാ എന്ന് എനിക്ക് തോന്നി.
അപ്പോള്‍ തുടങ്ങിയതാണു മനസിലെ വിഷമം

സ്കൂളിന്റെ പടികയറുമ്പോള്‍ എതിരേവന്നയാളിനെ കണ്ടപ്പോള്‍ എനിക്ക് അത്ഭുതം,
എന്റെ ഏറ്റവും വലിയകൂട്ടുകാരന്‍ ബാബുതോമസ്
(ബാബുവിനെ പ്പറ്റി ഞാന്‍ ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട് ഒരു സ്നേഹ സ്പര്‍ശം)

പാലാസെന്റ് തോമസ് സ്കൂളിലേയ്ക്ക് ടി സി വാങ്ങിയ ബാബു എന്താ ഇവിടെ?
എന്റെ കയ്യില്‍ പിടിച്ചമര്‍ത്തിക്കൊണ്ട് ബാബു ചെവിയില്‍ പറഞ്ഞു
“ ഞാന്‍ സെന്റ് തോമസ് സ്കൂളിലേയ്ക്കാ ടി സി വാങ്ങിയത്,
സ്കൂളിന്റെ ഗേറ്റുവരെ ഞാന്‍ പോയി, അപ്പോ ഞാന്‍ നമ്മുടെ കൂട്ട് ഓര്‍ത്തു,
എനിക്ക് ഒത്തിരി സങ്കടം വന്നു,
പിന്നെ ഒന്നും ചിന്തിച്ചില്ല എന്റെ കൂട്ടുകാരന്‍ പോന്ന സ്കൂളിലേയ്ക്ക് ഞാനിങ്ങ് ഓടി പ്പോന്നു.” “അപ്പോള്‍ ടി സി യോ?” ഞാന്‍ ചോദിച്ചു
 “ആ ടിസി തന്നെ ഇവിടെ കൊടുത്തു, ഒരു കുഴപ്പവുമില്ല.
സ്കൂളുകാരോരുത്തരും വല്യ വലയും വെച്ചുകൊണ്ടിരിക്കുകയല്ലേ പിള്ളേരെ പിടിക്കാന്‍
വലയില്‍ കുടുങ്ങുന്നവരെഅവരു വിടുമോ.”
എനിക്ക് സമാധാനമായി.
ഇനി ഈ സ്കൂളില്‍ ഞാന്‍ ഒറ്റയ്ക്കല്ല
പുതിയ സ്കൂളിലെ എല്ലാ അപരിചിതത്വവും ഒരുനിമിഷം കൊണ്ട് അലിഞ്ഞ് ഇല്ലാതായതുപോലെ .

കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു യു പി സ്കൂളാണ് കലാനിലയം
പണ്ട് ഇത് ഒരു ഹിന്ദുകുടുംബം വക സ്കൂളായിരുന്നു.
സിസ്റ്റേഴ്സ് ഏറ്റെടുത്തിട്ടും പഴയ പേരു മാറ്റിയില്ല
അദ്ധ്യാപകരില്‍ നാലുപേരൊഴിച്ചെല്ലാവരും കന്യാസ്ത്രീകള്‍.
ലക്ഷ്മിക്കുട്ടി സാര്‍,ലീലാവതിസാര്‍,
പിന്നെ ഡ്രില്ലിനു ജോസഫ് സാറും ഡ്രോയിംഗിനു ഇമ്മാനുവേല്‍ സാറും.
ജയിനമ്മ സിസ്റ്ററാണു ഹെഡ് മിസ്ട്രസ്
പാലാ ബിഷപ്പ് സെബാസ്റ്റിൻ വയലില്‍ തിരുമേനിയുടെ സഹോദരി.
ടീച്ചര്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ പേരെഴുതിക്കൊണ്ടിറ്റുന്നപ്പോള്‍ ഒരു സിസ്റ്റര്‍ രണ്ടുകപ്പ് കാപ്പിയും ഒരു പ്ലേറ്റുനിറയെ വരിക്ക ചക്കപ്പഴവുമായി വന്നു.
“വിദ്യാര്‍ത്ഥിക്ക് ഇതു വേണോ സിസ്റ്ററേ?” അഛന്‍ തമാശായി ചോദിച്ചു
“നാളെത്തൊട്ടല്ലേ ഇവിടെ വിദ്യാര്‍ത്ഥി, ഇന്ന് ശ്രീനിവാസന്‍ സാറിന്റെ മകനാ,
അപ്പോള്‍ കാപ്പികുടിക്കാം, ചക്കപ്പഴം മുഴുവനും തിന്നാം.
മുഴുവനും തിന്നണം കേട്ടോ.” ജയിനമ്മ ടീച്ചര്‍ എന്നേ നോക്കി വാല്‍സല്യത്തോടെ ചിരിച്ചു

അഞ്ചാം ക്ലാസില്‍ ക്ലാസുതുടങ്ങിയ ദിവസം നല്ല മഴയായിരുന്നു.
ഈറന്‍ കാറ്റില്‍ ഞാന്‍ തണുത്ത് വിറച്ചു.
ക്ലാസില്‍ ബാബുവിനെകൂടാതെ എന്റെ പഴയസ്കൂളിലെ മൂന്നുകൂട്ടുകാരുകൂടിയുണ്ട്.
ആദ്യദിവസം തന്നെ എനിക്ക് ധാരാളം പുതിയ കൂട്ടുകാരായി,
ജോഷിസ്കറിയ,ജോയി ചെറിയാന്‍,ജോസ്.............
റെമീജിയസമ്മയാണു ക്ലാസ് ടീച്ചര്‍

ആദ്യപീരീഡില്‍ ടീച്ചര്‍ എന്നെ മോണിട്ടറാക്കി.
അടുത്ത പീരീഡ് ഹിന്ദിയാണ് ,
കയ്യില്‍ വലിയ ഒരു ചൂരലുമായി സിക്സ്തൂസമ്മ ടീച്ചര്‍ വന്നു.
പൊക്കം കുറഞ്ഞ് കണ്ണാടി വെച്ച ഒരു ടീച്ചര്‍.
ടീച്ചര്‍ ആദ്യം തന്നെ വടിയുടെ ഉപയോഗത്തേപ്പറ്റിയും അതുകൊണ്ടുള്ള പ്രയോജനത്തേപ്പറ്റിയുമാണ് പറഞ്ഞു തുടങ്ങിയത് എനിക്ക് ചെറിയ ഭയം തോന്നിയതിനാല്‍ ടീച്ചര്‍ എന്നെ നോക്കാതിരിക്കാന്‍ തലകുനിച്ചിരുന്നു
“മോണിട്ടര്‍ എവിടെ?”  ടീച്ചര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചെറിയ വിറയലോടെ എഴുന്നേറ്റു
“മോണിട്ടര്‍, തും ഉസ് ചപ്രാസികോ ബുലാവോ!!”  ടീച്ചറിന്റെ ഗര്‍ജ്ജനം.
ഞാന്‍ പകച്ചുപോയി.എന്റെ മുട്ട് കൂട്ടിയിടിച്ചു, നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.
“എടോ താന്‍ ആ ചപ്രാസിയെ ഒന്ന് വിളിക്ക്.” ടീച്ചര്‍ വീണ്ടും പറഞ്ഞു
“ചപ്രാസി!....ആ വാക്ക് എനിക്ക് പിടികിട്ടിയില്ല”  ഞാന്‍ പരുങ്ങലോടെ പറഞ്ഞു
എന്റെ പരിതാപകരമായ അവസ്ത മനസിലാക്കിയിട്ടാവണം ടീച്ചര്‍ വാക്കുമയപ്പെടുത്തി
“എടോ ആ ബെല്ലടിക്കുന്ന സ്ത്രീ, അവരാണു ചപ്രാസി.”
ടീച്ചര്‍ വീണ്ടും പറഞ്ഞപ്പോള്‍ ഞാന്‍ ചപ്രാസിയെതേടി ക്ലാസില്‍നിന്നും പുറത്തിറങ്ങി.
ചപ്രാസി എന്ന് പേരുള്ള ഒരാളെ ഞാന്‍ ആദ്യമായിട്ടാണുകാണുന്നത്
അങ്ങിനെ പേരുള്ള ഒരാള്‍ഗൂര്‍ഖയോ ബീഹാറിയോ മറ്റോ ആയിരിക്കുമെന്ന് എനിക്ക് തോന്നി. അവരോട് എങ്ങിനെ കാര്യം പറയും? അവര്‍ക്ക് മലയാളം മനസിലാകുമോ?
ആംഗ്യ ഭാഷയല്ലാതെ എനിക്ക് ഇനി എന്തുമാര്‍ഗം?

ഞാന്‍ കൈകാണിച്ച് അവരെ വിളിച്ച് ക്ലാസിനുനേരെ വിരല്‍ ചൂണ്ടി
ആംഗ്യ ഭാഷ എല്ലാ നാട്ടുകാര്‍ക്കും മനസിലാകുമല്ലോ
“എന്നാകൊച്ചേ, ഈ കാണിക്കുന്നത്?”
ചപ്രാസി ചേച്ചി ശുദ്ധമലയാളത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചമ്മിപ്പോയി.
“ചേച്ചിയേ ടീച്ചര്‍ വിളിക്കുന്നു.” ഞാന്‍ ക്ലാസിലേയ്ക്ക് ഓടി.
പിന്നീട് നിരവധി വര്‍ഷങ്ങള്‍കഴിഞ്ഞാണ്  ഞാന്‍ അറിയുന്നത്
അവരുടെ പേര് ഏലിയാമ്മ എന്നാണെന്നും,
ചപ്രാസി എന്നാല്‍ ഹിന്ദിയില്‍ ശിപായി/തൂപ്പുകാരി എന്നാണെന്നും,
ചപ്രാസി എന്ന വിളി ഹിന്ദിടീച്ചറിന്റെ ഒരുകൊച്ചു തമാശായിരുന്നു എന്നും.

ക്ലാസില്‍ രണ്ടു ബാബുമാര്‍, രണ്ടു ശ്രീനിവാസന്മാര്‍!!!
“പിള്ളേരേ, ഇവരേ തമ്മില്‍ തെറ്റാതിരിക്കാന്‍ നമുക്ക് എന്തേലും ചെയ്യേണ്ടേ?”
സിക്സ്തൂസമ്മ ടീച്ചര്‍ ചോദിച്ചു. മറ്റുകുട്ടികള്‍ കൗതുകത്തോടെ ഞങ്ങളേ നോക്കി
ഒരു ബാബു അല്‍പം തടിയനാണ്,
ഇവനെ നമുക്ക് മോട്ടീ ബാബു എന്ന് വിളിക്കാം(മോട്ടീ = തടിച്ച)
മോട്ടീ ബാബൂ......... മോട്ടീ ബാബൂ......... കുട്ടികള്‍ എല്ലാവരും ഏറ്റുവിളിച്ചു
മോട്ടീ ബാബു എന്നത് ദിവസങ്ങള്‍ക്കുള്ളില്‍ ലോപിച്ച് മോട്ടിയായി
കാലപ്പഴക്കത്തില്‍ തേഞ്ഞ് മോത്തിയായി
40 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ആ ബാബു അറിയപ്പെടുന്നത് മോത്തി എന്ന പേരിലാണ്. വിളിക്കുന്നവര്‍ക്ക് ആ പേരിന്റെ ഉല്‍പ്പത്തി അറിഞ്ഞു കൂടെങ്കിലും...

“ഇനി ശ്രീനിവാസന്മാരുടെ കാര്യം.” ടീച്ചര്‍ ഞങ്ങളുടെ നേരേ തിരിഞ്ഞു
“നമുക്ക് ഇവരുടെ പേരു മുറിക്കാം,
ഇവന്‍ ശ്രീനിയും, അവന്‍ വാസനും എന്താ പോരേ?”
കുട്ടികള്‍ അത് ഏറ്റുവിളിച്ചു ശ്രീനീ......,വാസാ.......,ശ്രീനീ......,വാസാ.......,
അങ്ങിനെ ഞാന്‍ വാലുമുറിഞ്ഞ് ശ്രീനിയും,
എന്റെ കൂട്ടുകാരന്‍ ശ്രീനിവാസയ്യര്‍ തലമുറിഞ്ഞ് വാസനുമായി.

ചപ്രാസി ചേച്ചി ബല്ലടിച്ചു.
ഇനി പത്തുമിനിട്ട് ഇടവേള.
ഞാനും ബാബുവും തോളില്‍ കൈയ്യിട്ട് പുറത്തേയ്ക്ക് നടന്നു.

2 comments:

Remya Mary George said...

പറയൂ.....
നമ്മുടെ പാല കഥകള്‍ ....
ഇനിയും....ഇനിയും....

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍