Wednesday, July 14, 2010

കാബൂളിവാലാ ഗോപാലന്‍

ഞങ്ങളുടെ നാട്ടിലുംശനിയാഴ്ച്ചയായായിരുന്നു ധര്‍മ്മക്കാരുടെ ദിവസം.
അന്നേദിവസം അവര്‍ക്ക് എവിടെ വേണമെങ്കിലും കയറിചെല്ലാം
ഓരോ വീടുകളിലും അവര്‍ക്കായി എന്തെങ്കിലും കരുതിവെയ്ക്കും.
മറ്റുദിവസങ്ങളില്‍ കയറി ചെന്നാല്‍ എല്ലാവരുടേയും പക്കല്‍ ഒരു റെഡിമെയിഡ് മറുപടിയുണ്ട്.

"പോയിട്ട് ശനിയഴ്ച്ച വാ ."

കുട്ടിക്കാലത്ത് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട് ,
ആരാണു ധര്‍മ്മക്കാര്‍ക്കായി ഇങ്ങിനെ ഒരു പ്രത്യേകദിവസം നിശ്ചയിച്ചതെന്ന്.
ആഴ്ച്ചയില്‍ ഒരു ദിവസം അധ്വാനം ബാക്കി ദിവസം വിശ്രമം
എത്ര നല്ല ജീവിതം!
ആദ്യം എനിക്ക് അങ്ങിനെ തോന്നി
പിന്നീട് ഒരു സംശയം
അത്രമാത്രം വരുമാനം ഈ ജോലിക്കുണ്ടാകുമോ? സംശയമാണു
ശനിയാഴ്ച്ചയോടുകൂടി ഒരു ബുധനാഴ്ച്ചകൂടിഅവര്‍ക്കായി നല്‍കേണ്ടതല്ലേ?
എന്ന് അങ്ങിനെയാണെനിക്ക് തോന്നിയത് .

ശനിയാഴ്ച്ച സ്കൂളിനു അവധിയാകയാല്‍ വീട്ടില്‍ ധര്‍മ്മംകൊടുക്കേണ്ട ചുമതല എനിക്കായി.
അങ്ങിനെയാണു എനിക്ക് വീട്ടില്‍ വരുന്ന ധര്‍മ്മക്കാരുമായികൂടുതല്‍ പരിചയമായത്.
എല്ലാശനിയാഴ്ച്ചയും മുറതെറ്റാതെ രാവിലെ വരുന്ന ഒരു ധര്‍മ്മക്കാരനായിരുന്നു ഗോപാലന്‍.
പ്രായം കൂടിയ ആളാകയാല്‍ ഞാന്‍ അയാളെ ഗോപാലന്‍ ചേട്ടന്‍ എന്നാണു ഞാന്‍ വിളിച്ചിരിന്നത്.
ഗോപാലന്‍ ചേട്ടന്‍ നന്നായി വാചകമടിക്കും അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ ഗോപാലന്‍ ചേട്ടനു
"വാചകം ഗോപാലന്‍!" എന്നപേരുവീണു.
എന്തോ എനിക്ക് ആപേരു ഒരു സുഖമുള്ള പേരായി തോന്നിയില്ല.
കുറച്ചുകൂടി യോജിക്കുന്ന ഒരു പേരു ഗോപാലന്‍ ചേട്ടനിടണമെന്ന് എനിക്ക് തോന്നിയിരുന്നു.

വാചകം ഗോപാലനു നല്ല പൊക്കമുണ്ട്.
താടി നീട്ടിവളര്‍ത്തിയിട്ടുണ്ട്കയ്യില്‍ ഒരു ചെറിയ ചാക്കുകെട്ട് ഉണ്ടാകും
അതില്‍ പലവീടുകളില്‍ നിന്നും ലഭിച്ച അരിയും തുണിയും ഒക്കെകാണും.
എന്നേകണ്ടാല്‍ പുള്ളിക്കാരന്‍ മനോഹരമായി ചിരിക്കും

"ബാബുക്കൊച്ചേ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?"

എന്നുചോദിച്ചുകൊണ്ടാണു സാധാരണ ഗോപാലന്‍ ചേട്ടന്റെ വരവ്
പിന്നെ വീടിന്റെ തിണ്ണയിലിരുന്ന് പല ലോകകാര്യങ്ങളും സംസാരിക്കും
ആരേയും ആകര്‍ഷിക്കുന്ന വാചകകസര്‍ത്തിനുള്ള പാടവം വാചകം ഗോപാലനുണ്ട്.

അക്കാലത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഉള്‍ത്താളുകളില്‍
പല പ്രശസ്ത സാഹിത്യകൃതികളുടേയും രംഗങ്ങള്‍ അഭിനയിച്ച് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിച്ചിരുന്നു

വൈലോപ്പള്ളിയുടെ മാമ്പഴം,ടാഗോറിന്റെ കാബൂളിവാലാ തുടങ്ങി പല ഫോട്ടോബ്ലോഗുകള്‍
അവകണ്ട് ഇഷ്ടപ്പെട്ടിട്ടാണു ഞാന്‍ ടാഗോറിന്റെ കാബൂളിവാലാ എന്നകഥ വായിച്ച് ആസ്വദിച്ചത്

അതിലെ "കാബൂളിവാലാ ശ്വശ്വരഗൃഹത്തിലേക്കാണോ യാത്ര?" എന്നചോദ്യം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ശ്വശ്വരഗൃഹം എന്നതിനു അമ്മായിഅപ്പന്റെ വീട് എന്നും പോലീസ് സ്റ്റേഷന്‍ എന്നും പ്രയോഗ അര്‍ത്ഥങ്ങള്‍ ഉണ്ടല്ലോ !

ഇത്തരം ദ്വയാര്‍ത്ഥ വാക്കുകള്‍ അന്നേ എന്നെ ഒരുപാട് ആകര്‍ഷിച്ചിരുന്നു.

പിറ്റേയാഴ്ച്ച വാചകം ഗോപാലനെ കണ്ടപ്പോഴാണു ഗോപാലന്‍ ചേട്ടനെ കണ്ടാല്‍
കാബൂളിവാലായുടെ ഛായയുണ്ടല്ലോ എന്ന് എനിക്ക് തോന്നിയത്.

അന്നു തന്നെ ഞാന്‍ വാചകം ഗോപാലന്‍ എന്ന പേരുമാറ്റി
പകരം കാബൂളിവാലാ ഗോപാലന്‍ എന്ന പേരു നിശ്ചയിച്ചു.

പിന്നീട് എന്നും ഗോപാലന്‍ ചേട്ടന്‍ പോകാന്‍ തുടങ്ങുമ്പോഴൊക്കെ ഞാന്‍ ചോദിക്കും

"ഗോപാലന്‍ ചേട്ടാ ശ്വശ്വരഗൃഹത്തിലേക്കാണോ യാത്ര?"

ഗോപാലന്‍ ചേട്ടനു അതെന്താണെന്ന് മനസിലാകാറില്ല.
എങ്കിലും വെറുതെ ചിരിക്കും

"ഈ ബാബുക്കൊച്ചിന്റെ ഒരു കാര്യം, ഓ ചുമ്മാ കളിയാക്കാതെ"

ഞാന്‍ കളിയാക്കുകയാണെന്ന് അറിയമെങ്കിലും ഗോപാലന്‍ ചേട്ടനു അതില്‍ യാതൊരുവിരോധവും ഉണ്ടായിരുന്നില്ല.

ഗോപാലന്‍ ചേട്ടന്‍ വരുമ്പോഴെക്കെ എനിക്കായി ഒരു പൊതി കൊണ്ടുവരാറുണ്ട്
നാരങ്ങാമിഠായി,ഗ്യാസു മിഠായി ജിലേബി അങ്ങിനെ എന്തെങ്കിലും
പകരം ഞാന്‍ ഗോപാലന്‍ ചേട്ടനു പൈസക്കുപുറമേ
രാവിലെ വീട്ടില്‍ ഉണ്ടാക്കുന്ന പലഹാരത്തിന്റെ ഒരു പങ്കുകൂടി വാങ്ങിക്കൊടുക്കും.

ഗോപാലന്‍ ചേട്ടന്‍ കാപ്പികുടിച്ചിട്ട് കുറച്ചുനേരം കൂടി ഇരുന്ന് വാചകമടിക്കും.
പത്രവാര്‍ത്തകള്‍,റേഡിയോ ന്യൂസ് ,നടപ്പുവഴിയില്‍ കിട്ടിയവാര്‍ത്തകള്‍,സ്കൂള്‍ വിശേഷങ്ങള്‍ ....
എല്ലാം ഞങ്ങള്‍ സംസാരിക്കും

എനിക്ക് വളരെ ഇഷ്ടപ്പെട്ടഒന്നായിരുന്നു
നാടന്‍ ചായക്കടകളില്‍ മാത്രം കിട്ടുന്ന ഒരു പലഹാരമായ കേക്ക്.
പൂവിന്റെ ആകൃതിയിലുള്ള അച്ചിലാണു കേക്കുണ്ടാക്കുക.
മഞ്ഞനിറത്തില്‍ കല്ലുപോലെ കട്ടിയായുള്ള കേക്ക് ഓരോ കടിക്കും പൊടിഞ്ഞ് പൊടിഞ്ഞ് വരും.

ഒരിക്കല്‍ ഞാന്‍ എന്റെ ഈ ഇഷ്ടപലഹാരത്തേപ്പറ്റി ഗോപാലന്‍ ചേട്ടനോട് പറഞ്ഞു.

പിറ്റേ ആഴ്ച്ച ഗോപാലന്‍ ചേട്ടന്‍ വന്നപ്പോള്‍
ഗുരുസ്വാമിയുടെ ചായക്കടയില്‍ നിന്നും വാങ്ങിയ ഒരു കേക്ക് കൊണ്ടുവന്നു.

"ബാബുക്കൊച്ചിന്റെ ഇഷ്ടപലഹാരം തന്നെയാകട്ടേ ഇത്തവണ"

"എന്തിനാ ഗോപാലാ ഇതൊക്കെ ?" അഛന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

"സാറേ, ഈ ബാബുക്കൊച്ചിനെ കാണുമ്പോഴെക്കെ എന്റെ മോന്റെ ഓര്‍മ്മവരും.
അവന്‍ ചെറുപ്പത്തിലേ ഒളിച്ചോടിപ്പോയതാ.
എവിടെയാണിപ്പോഴെന്നറിയില്ല.ജീവിച്ചിരിപ്പുണ്ടോ ആവോ അറിയില്ല.
എനിക്ക് വേറേ ആരാ ഉള്ളത് ?
ഇതൊക്കെയല്ലേ ഉള്ളൂ എനിക്ക് ഒരു സന്തോഷത്തിനായി"

"ആയിക്കോട്ടെ ഗോപാലാ,"

അഛന്‍ പിന്നെ എതിരൊന്നും പറഞ്ഞില്ല.

ഗോപാലന്‍ ചേട്ടന്‍ പോകാന്‍ എഴുന്നേറ്റു.

"ഗോപാലന്‍ ചേട്ടാ, ശ്വശ്വരഗൃഹത്തിലോട്ടാണോ യാത്ര ?"

ഞാന്‍ എന്റെ പതിവു ചോദ്യം മുടക്കിയില്ല

"എന്റെ ബാബുക്കൊച്ചേ ,എന്റെ ശ്വശ്വരഗൃഹം അങ്ങുദൂരെയാ.
അങ്ങോട്ടുചെന്നാല്‍ അവരെന്നെ ഓടിക്കും. ഞാന്‍ എങ്ങോട്ടുമില്ലേ........."

ഗോപാലന്‍ ചേട്ടന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

ഗോപാലന്‍ ചേട്ടനെ ചിരിച്ചുകൊണ്ടല്ലാതെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങളിലൂടെ ഈ മനുഷ്യന്‍ കടന്നുപോയിട്ടുണ്ട് എന്ന് എനിക്ക് തോന്നി.
എന്നിട്ടും എങ്ങിനെ ഇത്രമാത്രം സന്തോഷമായിരിക്കാന്‍ ഗോപാലന്‍ ചേട്ടനു കഴിയുന്നു
എന്നു ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.

ദിവസങ്ങള്‍ കടന്നുപോയി.
ഒരുദിവസം ഞാന്‍ സ്കൂള്‍ വിട്ടുവരുമ്പോള്‍ ഗോപാലന്‍ ചേട്ടനെ വഴിയില്‍ വെച്ചുകണ്ടു.

"ഗോപാലന്‍ ചേട്ടാ എങ്ങോട്ടാ ശ്വശ്വരഗൃഹത്തിലോട്ടാണോ യാത്ര?"

ഞാന്‍ എന്റെ മാസ്റ്റര്‍പീസ് ചോദ്യവുമായി ഓടി അടുത്തുചെന്നു.

ഗോപാലന്‍ ചേട്ടന്‍ എന്റെ നേരേ നോക്കി.
മുഖത്ത് ആ പതിവ് ചിരിയില്ല.

"ബാബുക്കൊച്ചേ നന്നായി പഠിക്കണം,
വീട്ടില്‍ വഴക്കൊന്നുമുണ്ടാക്കാതെ നല്ലകുട്ടിയായി ജീവിക്കണം.
പിന്നെ ഒരിക്കലും കള്ളം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്.
ഈ ഗോപാലന്‍ ചേട്ടനെ വല്ലപ്പോഴും ഓക്കുകയും വേണേ....
ഞാന്‍ ഇപ്പോ ശരിക്കും ശ്വശ്വരഗൃത്തിലേക്കുതന്നെ പോവുകാ മോനെ..."

ഗോപാലന്‍ ചേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.

ഞാന്‍ അപ്പോഴാണു കണ്ടത് ,ഗോപാലന്‍ ചേട്ടന്റെ കൈയ്യില്‍ വിലങ്ങ്,
പുറകില്‍ രണ്ട് പോലീസുകാര്‍.
ഞാന്‍ തരിച്ചുനിന്നുപോയി.

"നമ്മുടെ വാചകം ഗോപാലനെ പോലീസുകാരുകൊണ്ടുപോയി.എന്താണു കേസെന്നറിഞ്ഞില്ല."
വൈകിട്ട് അഛന്‍ വന്നപ്പോള്‍ കുറേ സമയം അതായിരുന്നു ചര്‍ച്ചാ വിഷയം.

അടുത്തശനിയാഴ്ച്ച ഞാന്‍ വഴിക്കണ്ണുമായി ഒരുപാടു സമയം കാത്തിരുന്നു.
പക്ഷേ എന്റെ കാബൂളിവാലാ ഗോപാലന്‍ ചേട്ടന്‍ വന്നില്ല.

പിറ്റേ ശനിയാഴ്ച്ചയും ഞാന്‍ രാത്രി ഇരുളും വരെ കാത്തിരുന്നു.
ബാക്കി പതിവു ധര്‍മ്മക്കാരെല്ലാം വന്നു.
എന്നാല്‍ അന്നും ഗോപാലന്‍ ചേട്ടന്‍ മാത്രം വന്നില്ല.
എനിക്ക് വലിയ നിരാശതോന്നി.

ഗോപാലന്‍ ചേട്ടന്‍ ഇപ്പോഴും ശ്വശ്വരഗൃഹത്തില്‍ തന്നെയായിരിക്കുമോ?
അതോ നാണക്കേടുകൊണ്ട് ഈ നാടുവിട്ട് മറ്റേതെങ്കിലും നാട്ടിലേക്ക് പോയിരിക്കുമോ?

ചിന്തിക്കും തോറും എനിക്ക് സങ്കടം വര്‍ദ്ധിച്ചുവന്നു.

1988 മേയ് 1.
എന്റെ വിവാഹദിവസം.

അന്നുവൈകിട്ട് സുഹൃത്തുക്കള്‍ക്കായുള്ള ചായ സല്‍ക്കാരം നടക്കുമ്പോള്‍
ഒരു വൃദ്ധന്‍ ഗേറ്റിനടുത്തുനില്‍ക്കുന്നതു ഞാന്‍ കണ്ടു.

നീട്ടിവളര്‍ത്തിയ വെള്ള താടിയും മുടിയും.
തോളില്‍ ഒരു ചെറിയഭാണ്ഡം.വടിയുടെ സഹായത്തോടുകൂടിയാണു നില്‍ക്കുന്നത്.

എനിക്ക് എന്തോ പരിചയം തോന്നിയെങ്കിലും ആളെ മനസിലായില്ല.

"ആരാ? എന്തുവേണം?" ഞാന്‍ ഗേറ്റിനടുത്തേക്ക് ചെന്നു.

"ബാബുക്കൊച്ചിന്റെ വീടല്ലേ ഇത്?"

സംശയിച്ച് സംശയിച്ചുള്ള വൃദ്ധന്റെ ചോദ്യം കേട്ടപ്പോഴെ എനിക്ക് ആളെ മനസിലായി.

ഗോപാലന്‍ചേട്ടന്‍ !
എന്റെ പ്രീയപ്പെട്ടഗോപാലന്‍ ചേട്ടന്‍,കാബൂളിവാലാ ഗോപാലന്‍ ചേട്ടന്‍!

എനിക്ക് സന്തോഷം അടക്കാന്‍ സാധിച്ചില്ല.

"ഗോപാലന്‍ ചേട്ടാ, ഇത് ഞാന്‍ തന്നെയാ,ഗോപാലന്‍ ചേട്ടന്റെ ബാബുക്കൊച്ച്."

ഗോപാലന്‍ ചേട്ടന്റെ മുഖത്ത് അവിശ്വസനീയത.

ഗോപാലന്‍ ചേട്ടന്റെ മനസ്
ബാബുക്കൊച്ചെന്ന ഏഴുവയസുകാരനുപകരം 29 കാരനായ ഒരു കല്യാണ ചെറുക്കനെ ഉള്‍ക്കൊള്ളുവാനാകാതെ പതറുകയാണെന്ന് എനിക്ക് മനസിലായി.

ഗോപാലന്‍ ചേട്ടന്റെ കൈയ്യില്‍ ഒരു കൊച്ചുപൊതിയിരിക്കുന്നത് ഞാന്‍ അപ്പോഴാണു കണ്ടത്.

"ഗോപാലന്‍ ചേട്ടന്‍ ഒന്നും മറന്നില്ലല്ലോ.ആ പൊതിയിങ്ങുതാ,
എത്രനാളായി ഗോപാലന്‍ ചേട്ടന്റെ കൈയ്യില്‍ നിന്നും ഞാന്‍ എന്തെങ്കിലും വാങ്ങിയിട്ട്!"

ഞാന്‍ പൊതിവാങ്ങുവാനായി കൈനീട്ടി

ഗോപാലന്‍ ചേട്ടന്‍ കൈ പുറകിലോട്ട് വലിച്ചു.
ഞാന്‍ ആ പൊതി ബലമായി പിടിച്ച് വാങ്ങി.

ആ പൊതിയ്ക്കുള്ളില്‍ ഗുരുസ്വാമിയുടെ കടയില്‍ നിന്നും വാങ്ങിയ ഒരു കേക്ക്,എന്റെ പഴയ ഇഷ്ടപലഹാരം!! ഗോപാലന്‍ ചേട്ടന്‍ അത് ഇപ്പോഴും മറന്നിട്ടില്ല.

"ഗോപാലന്‍ ചേട്ടാ, ശ്വശ്വരഗൃഹത്തിലോട്ടാണോ ഇനി യാത്ര..?" ഞാന്‍ചിരിച്ചുകൊണ്ട് ചോദിച്ചു.

ഗോപാലന്‍ ചേട്ടന്‍ എന്നെനോക്കി ചിരിച്ചു.

കണ്ണീരില്‍ കുതിര്‍ന്ന ഒരു ചിരി.

ആ ചിരിയില്‍ സ്നേഹത്തിന്റെ ഒരായിരംസൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞിരിപ്പുണ്ടെന്നെനിക്ക് തോന്നി....

No comments: