Saturday, May 14, 2011

കാണാമറയത്ത് ഒരു വെളുത്ത പനിനീര്‍പ്പൂവ്

( ഇവിടെ ക്ലിക്ക് ചെയ്ത് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്ന എന്റെ പഴയ ഒരുബ്ലോഗുപോസ്റ്റ് വായിച്ച ശേഷം വേണം പുതിയ ബ്ലോഗ് വായിക്കുവാന്‍)
ഓര്‍മ്മക്കുറിപ്പ്  - 54
  ഞാന്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ ഇരിക്കുമ്പോഴാണ്  രാഗിണിയും രാജീവനും കാറില്‍ വന്ന് ഇറങ്ങിയത്.രാഗിണി കാറിലിരുന്നുതന്നെ എന്നെ നോക്കി കൈവീശി.
"അണ്ണന്‍ ഇന്നുരാവിലെ എട്ടുമണിക്ക് ഈ ആല്‍ത്തറയില്‍ കാണുമെന്ന് രാഗിപറഞ്ഞതുകൊണ്ട് ഞങ്ങള്‍ വേഗം വരികയായിരുന്നു."
രാജീവനെന്റെ അടുത്തേയ്ക്ക് വരുന്നവഴിപറഞ്ഞു.


"ശരിയാ രാജീവാ, ഈ പതിവ് ഞാന്‍ തെറ്റിയ്ക്കാറില്ല.
ദുഖ വെള്ളിയാഴ്ച്ചയല്ലേ നമ്മുടെ കുടുംബ അമ്പലത്തിലെ പൂജ. അതിനുവരുമ്പോള്‍ ഞാന്‍ രാവിലെ  ഈ ഏവൂര്‍കൃഷ്ണസ്വാമിയുടെ അടുത്ത്   വന്ന് ഈ  കുറച്ചുസമയം ഈ ആല്‍ത്തറയില്‍ ഇരിക്കാറുണ്ട്.പുഷ്പ്പാഞ്ജലിക്ക് കൊടുത്തിട്ടുണ്ട്. അതുവാങ്ങിയിട്ടേ ഞാന്‍ ഇവിടെനിന്നും പോകൂ."


"ഇതെന്തുപറ്റി? കാക്ക വല്ലതും മലന്നുപറക്കുന്നുണ്ടോ? എന്നുമുതലാ അണ്ണന്‍ അമ്പലത്തില്‍ വഴിപാടുകഴിക്കാന്‍ തുടങ്ങിയത്?" രാഗിണിയുടെ കണ്ണുകളില്‍ അത്ഭുതം. 


"കാക്കയൊന്നും മലന്നുപറക്കുന്നില്ലെന്റെ രാഗീ.ഏവൂര്‍ കൃഷ്ണസ്വാമിയുടെ പുഷ്പാ ഞ്ജലിയുടെ കൂടെ കുറച്ചു പായസം കൂടികിട്ടും. ബാക്കിഅമ്പലങ്ങളില്‍ പൂവുമാത്രമല്ലേ ഉള്ളൂ. അതുതന്നെ കാര്യം."


"ആ പഴയകൊതിയന്‍ സ്വഭാവത്തിനു ഒരുമാറ്റവും ഇല്ലാ അല്ലേ?" രാഗി എനിക്കിട്ടൊന്നു തോണ്ടി. 


"അണ്ണാന്‍ മൂത്തെന്നുവെച്ച് മരംകേറ്റം മറക്കുമോ  രാഗീ?"
 ഞാനും ചിരിച്ചു. 
രാഗിണി എന്റെ കൈയ്യില്‍നിന്നും രസീതും വാങ്ങി പുഷ്പാഞ്ജ്ലി പ്രസാദം വാങ്ങാന്‍ പോയി.


"അണ്ണന്‍ ഞങ്ങളുടെ വീടിന്റെ പാലുകാച്ചലിനു വന്നില്ലല്ലോ,  അന്നുരാഗിണി തീരുമാനിച്ചതാ കുടുംബ അമ്പലത്തിലെപൂജയ്ക്ക് വരുമ്പോള്‍ അണ്ണനെ കൂട്ടിക്കൊണ്ടുപോകണമെന്ന്.അതാ ഞങ്ങള്‍ രാവിലെ വന്നത്."  രാജീവന്‍ എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.


രാഗിണിപ്രസാദവുമായി വന്നു.
 "അണ്ണന്‍ ചന്ദനം വാങ്ങിയില്ലല്ലോ,  ഇതെടുത്തോളൂ." 
രാഗിണി കയ്യിലിരുന്ന ചന്ദനം എന്റെ നേരേ നീട്ടി. 
ഞാന്‍ അതില്‍നിന്നല്‍പ്പം എടുത്ത് നെറ്റിയില്‍ തൊട്ടു. 


"ഞാന്‍ ആകെക്കഴിക്കുന്ന വഴിപാടാണു ഈ ഏവൂര്‍ അമ്പലത്തിലെ പുഷ്പാ ഞ്ജലി.മറ്റ് അമ്പലങ്ങളില്‍ ഞാന്‍ തൊഴാറേ ഉള്ളൂ."
 ഞാന്‍ വിശദീകരിക്കാന്‍ തുടങ്ങിയതോടെ രാഗിണി പൊട്ടിപ്പൊട്ടിച്ചിരിച്ചു 


"അടുത്തരംഗം കുറൂരമ്മയുടെകൃഷണന്റെ കഥയല്ലേ എനിക്കറിയാം അണ്ണാ, അണ്ണന്റെ സ്വഭാവത്തിനൊരുമാറ്റവുമില്ല. എല്ലാം പഴയതുപോലെ തന്നെ." 


പണ്ട് ഞാനും രാഗിണിയും ഏവൂര്‍ കൃഷണസ്വാമിയുടെ പുഷ്പാ ഞ്ജലി പ്രസാദം  വാങ്ങാന്‍ വന്നിരുന്നതിന്റെ ഓര്‍മ്മ എന്റെ മനസിലേയ്ക്കോടിയെത്തി. ഞാനും കൂടെ ചിരിച്ചു.


ഞാന്‍  കാറിന്റെ മുന്‍സീറ്റില്‍ കയറി. രാഗിണി പിന്‍ സീറ്റിലും. രാജീവനാണു കാര്‍ ഓടിച്ചത്.
പച്ചച്ച വയലേലകളെ പിന്നോട്ടോടിച്ചുകൊണ്ട് കാര്‍ മണ്ണുറോഡുകളിലൂടെ ഓടി അവസാനം രാഗിണിയുടെ വീടിന്റെ മുന്‍പില്‍ നിന്നു.
പുതിയതായി വെച്ച മനോഹരമായ ഒരു ഇരുനിലവീട്.


"അണ്ണന്‍ കേറി വരൂ." രാഗിണി വാതില്‍ തുറന്ന് എന്നെ അകത്തേയ്ക്ക് ക്ഷണിച്ചു.


"നല്ല പുതുമയുള്ള ഡിസൈന്‍, രാജീവാ വീടുനന്നായിട്ടുണ്ട്." എനിക്ക് ഉള്ളു തുറന്ന് അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 


"ഇവിടെ കുറെനാളായിട്ട്  ഊണിലും ഉറക്കത്തിലും വീടുപണിയില്‍ തന്നെയായിരുന്നു ഒരാളുടെ മനസ്സ്.പിന്നെനന്നാകാതിരിക്കുമോ?" ഊണുമേശയില്‍ കാപ്പിയും പലഹാരവും എടുത്തുവെച്ചുകൊണ്ട്  രാഗിണി വിശദീകരിച്ചു. 


ഞങ്ങള്‍ കാപ്പി കുടിക്കാനിരുന്നു. ഞാന്‍ ഇടിയപ്പം പ്ലേറ്റിലേയ്ക്ക് എടുക്കാന്‍ തുടങ്ങിയപ്പോള്‍ രാഗിണിതടഞ്ഞു.


" അണ്ണനു ഞാന്‍ വിളമ്പിത്തരാം."  
രാഗിണി ഇടിയപ്പവും മുട്ടക്കറിയും എന്റെ പ്ലേറ്റിലേയ്ക്ക് വിളമ്പി പിന്നെ ഒരു പ്ലേറ്റില്‍ ഭക്ഷണവുമെടുത്തുകൊണ്ട് എന്റെ അടുത്തകസേരയില്‍ ഇരുന്നു.


രാഗിണി വളരെ സന്തോഷത്തിലായിരുന്നു.അവള്‍ ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു.
തമ്മില്‍ കണ്ടുമുട്ടിയിട്ട് കുറച്ചുവര്‍ഷങ്ങളായതുകൊണ്ട് ഒരുപാടുകാര്യങ്ങള്‍ പരസ്പരം പറയാനുണ്ടായിരുന്നു. 


10 മണികഴിയുമ്പോള്‍ കുടുമ്പ അമ്പലത്തില്‍ പൂജ തുടങ്ങുന്നതു കൊണ്ട് കാപ്പികുടിച്ചുകഴിഞ്ഞ് ഞാന്‍ പോകാന്‍ ഇറങ്ങി. 
രാഗിണിയുടെ വീടിന്റെ മുന്‍പില്‍ ഒരു റോസത്തോട്ടം അപ്പോഴാണെന്റെ ശ്രദ്ധയില്‍ പെട്ടത്.
വെളുത്ത പനിനീര്‍പൂക്കളുടെ ഒരു കൂട്ടം.


"എന്താ രാഗിണീ, മൊത്തം വെളുത്ത റോസകളാണല്ലോ,
 എന്താ ഈ വെളുപ്പിനോടിത്ര  താല്‍പ്പര്യം?"  ഞാന്‍ ചോദിച്ചു.


"ഇത് അമ്മയുടെ തൊഴിലാളിദിന ആഘോഷം." 
രാഗിണിയുടെ മക്കളാണത് വിശദീകരിച്ചത്.


"എല്ലാവര്‍ഷവും തൊഴിലാളിദിനത്തില്‍ അമ്മ ഒരു വെളുത്ത പനിനീര്‍ച്ചെടി നടും. കുറെ നാളായി ഈ വട്ടു തുടങ്ങിയിട്ട്." 


"തൊഴിലാളി ദിനാഘോഷമാണെങ്കില്‍ ചുവപ്പ് പനിനീര്‍ച്ചെടി വേണ്ടേ നടാന്‍? 
വെള്ള കണ്ടാല്‍ അഗ്രഹാരത്തിലെ വിധവകളെ യാണെനിക്ക് ഓര്‍മ്മവരിക, 
എന്നുവെച്ചാല്‍ വെള്ള ആഘോഷത്തിന്റെ അല്ല ദുഖത്തിന്റെ ഛിന്നമായിട്ടാ എനിക്ക് എന്നും തോന്നുന്നത്." 


"അപ്പോള്‍ അണ്ണാ, നമ്മുടെ ദേശീയപതാകയിലേ വെള്ളയോ?  അത് ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും ഛിന്നമെന്നല്ലേനമ്മള്‍ സ്കൂളില്‍ പഠിച്ചിരിക്കുന്നത്. ക്ഷീരമുള്ളോരകിട്ടിന്‍ ചുവട്ടിലും ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം." 
രാഗിണി വിട്ടുതരാന്‍ തയാറില്ല. 


ഞാന്‍ എണ്ണി. ഇരുപത്തിമൂന്നു റോസാച്ചെടികള്‍ .
"2011ല്‍നിന്നും 23 പോയാല്‍ 1988 അല്ലേ? 
1988 മേയ്1 , 
എന്റെ പുലിയന്നൂര്‍ തേവരേ 1988 മേയ് 1 നാ എന്റെ കല്യാണം. അപ്പോള്‍ എന്റെ വിവാഹവാര്‍ഷികങ്ങള്‍ക്കെല്ലാം 
ഇവിടെ ഇങ്ങിനെ ഒരു ആഘോഷം നടക്കുന്നകാര്യം 
ഞാന്‍ ഇപ്പോഴാണല്ലോ അറിയുന്നത്. 
thank you raagini, thankyou very much!!


 രാഗിണി എന്നെ നോക്കി പുഞ്ചിരിച്ചു. 
" ഇത്  അണ്ണനിരിക്കട്ടേ,  
   better late than never  എന്നല്ലേ പ്രമാണം." 
 അവള്‍ ഒരു വെളുത്ത പനിനീര്‍പ്പൂവു പൊട്ടിച്ച് എന്റെ നേരേനീട്ടി.  
ഞാന്‍ ആ പനിനീര്‍പ്പൂ വാങ്ങിയപ്പോള്‍ കുട്ടികള്‍ കൈയ്യടിച്ചു. 


"അണ്ണന്റെ നമ്പരിലേയ്ക്ക് എന്റെ സെല്ലില്‍നിന്നും ഒരു മിസ്ഡ് കോള്‍ ഇട്ടേക്കാം, അണ്ണന്‍ അത് സേവ് ചെയ്യണം. വല്ലപ്പോഴും  വിളിക്കുകയും ചെയ്യണം.  ഞാനും ഇടയ്ക്കുവിളിക്കാം." 
രാഗിണി പറഞ്ഞു.


" രാഗിണിയുടെ   മിസ്ഡ് കോള്‍"
ഞാന്‍ ചെറുതായൊന്നു ചിരിച്ചു. പെട്ടന്ന് ഞാനൊന്നു ഞെട്ടി, 


ഈശ്വരാ ഇതെന്ത്? 
എന്റെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്നബ്ലോഗിലെ സംഭവങ്ങളും സംഭാഷണങ്ങളും തനിയാവര്‍ത്തനം ചെയ്യപ്പെടുകയാണോ?


 എനിക്ക് ആകെ ഒരു വിഭ്രാന്തി പോലെ തോന്നി
എന്റെ നെറ്റിയില്‍ വിയര്‍പ്പുപൊടിഞ്ഞു. 
എന്റെ ഭാവപ്പകര്‍ച്ച രാഗിണിക്കു മനസിലായെന്നു തോന്നുന്നു, അവള്‍ ശബ്ദം താഴ്ത്തി പ്പറഞ്ഞു.


"അണ്ണാ   ഒത്തിരി ഒന്നും ചിന്തിക്കേണ്ട, 
ഞാന്‍ അണ്ണന്റെ ഓര്‍മ്മയില്‍സൂക്ഷിക്കാന്‍ എന്ന ബ്ലോഗ് വായിച്ചിരുന്നു. അപ്പോഴാ അണ്ണനു ഏറ്റവും ഇഷ്ടമുള്ള വിഭവം ഇടിയപ്പമാണെന്ന് എനിക്ക് മനസിലായത്, അതാ ഇന്ന്  ഇടിയപ്പം തന്നെ ഉണ്ടാക്കിയത്.


 പിന്നെ ഈ മുടങ്ങാത്ത ആഘോഷം,  
നമ്മളൊക്കെ ഇപ്പോള്‍  വളരെ സീനിയേഴ്സായ സ്ഥിതിക്ക്  കാര്യങ്ങള്‍ മറയില്ലാതെ പറയാം,  
നമ്മളൊക്കെ വെറും സാധാരണ മനുഷ്യരല്ലേ അണ്ണാ,  ചെറുപ്പകാലത്ത്നമ്മുടെയൊക്കെ മനസ്സില്‍ ആരോടും പറഞ്ഞിട്ടില്ലാത്ത മറ്റാരും അറിയാത്ത ചില ചിന്തകളും ആശകളും ഒക്കെയുണ്ടാവും. എത്ര ശ്രമിച്ചാലും  അതൊന്നും പൂര്‍ണ്ണമായും മനസില്‍ നിന്നും പോവില്ല
 ആ ചിന്തകളു നമ്മളേക്കൊണ്ട് മറ്റാരേയുമറിയിക്കാതെ ചിലതൊക്കെ ചെയ്യിക്കും, അങ്ങിനെ കൂട്ടിയാല്‍ മതി.


നമ്മളു പണ്ട് കെപി കേശവമേനോന്റെ ജീവിതചിന്തകളെന്ന പുസ്തകത്തില്‍ വായിച്ചിട്ടില്ലേ?  അങ്ങകലെ മാഞ്ചെസ്റ്ററിലും മഞ്ചൂക്കോയിലും ഒക്കെ ജനിച്ച് ജീവിച്ച് മരിക്കുന്നവരെപ്പറ്റി 
നമ്മള്‍ ജീവിതത്തിലൊരിക്കലും അറിയാറില്ല എന്ന്? 


മാഞ്ചെസ്റ്ററിന്റേയും  മഞ്ചൂക്കോയുടേയും കൂടി വേണമെങ്കില്‍  
ഒരു മാവേലിക്കരകൂടി ചേര്‍ത്ത് വായിക്കാന്‍ 
അണ്ണനു ബുദ്ധിമുട്ടൊന്നുമില്ലല്ലോ  അല്ലേ?


രാഗിണി മണികിലുങ്ങും പോലെ ചിരിച്ചു.
ആ ചിരി ഒരുപാടകലെനിന്നുംവരുന്നതുപോലെ എനിക്ക് തോന്നി.

No comments: