Friday, April 29, 2011

ഹര്‍ത്താല്‍ തിരുമുറിവുകള്‍

കോട്ടയത്തുപോയാല്‍ മനോരമയിലാണു കിടക്കുക, കോഴിക്കോടാണെങ്കില്‍ മാതൃഭൂമിയിലും!!
സ്കൂളില്‍ വെച്ച് പലപ്പോഴും തമാശായി  പറയാറുണ്ടായിരുന്നത്, ദൈവം എനിക്ക് ഒരിക്കൽ അനുഭവിക്കുവാൻ അലോട്ട് ചെയ്ത് തരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരിന്നില്ല.
കോട്ടയം ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റില്‍ രാത്രി രണ്ടുമണിക്ക് കിടക്കാനായിമനോരമപത്രം വിരിച്ചപ്പോള്‍ മനസില്‍ സ്കൂള്‍ ദിനങ്ങളിലെ ആ തമാശ് ഉയര്‍ന്നുവന്നു. 
ചില്ല് തകര്‍ന്ന ബസുകള്‍ സ്റ്റാന്റില്‍ നിരനിരയായി പാര്‍ക്കുചെയ്തിരിക്കുന്നു.ഒരു ഹര്‍ത്താല്‍ ദിന ആഘോഷങ്ങളുടെ ബാക്കിപത്രം!
അബ്ദുള്‍ നാസര്‍ മദനിയെ ബോംബറിഞ്ഞതിന്റെ 
ഹര്‍ത്താല്‍തലേന്ന് വൈകിട്ട് തുടങ്ങിയതറിയാതെ ഞാനും ഇസ്മായേലും കോട്ടയത്ത് ബസ് സ്റ്റാന്റില്‍ രാത്രി 10 മണിയോടുകൂടിയെത്തിയതായിരുന്നു.
ഒരു ടാക്സിപോലും ഇല്ല, സ്റ്റാന്റില്‍ നിന്നും പുറത്തുപോകുന്നത് ബുദ്ധിയല്ലായെന്ന് പോലീസുകാരന്‍ പറഞ്ഞതിനാല്‍ പാലായ്ക്ക് നടന്നുപോകാനുള്ള പ്ലാന്‍ ഉപേക്ഷിക്കേണ്ടിവന്നു. 
സ്റ്റാന്റില്‍ നല്ല തിരക്കാണ്. അമ്മമാരും കുട്ടികളും വൃദ്ധന്മാരും എല്ലാം ഹര്‍ത്താലിനെ പഴിച്ചുകൊണ്ട് മണ്ണുനിറഞ്ഞ തറയില്‍ ഇരിക്കുന്നു.
ബസ് സ്റ്റാന്റില്‍ കിടക്കുന്ന ധര്‍മ്മക്കാരെയും കുടിയന്മാരേയും ഒക്കെ എത്രമാത്രം പുഛത്തോടെയാണു കണ്ടിരുന്നതെന്നോര്‍ത്തപ്പോള്‍  വല്ലാത്ത ഒരു ആത്മനിന്ദതോന്നി. കൊട്ടിഘോഷിക്കപ്പെട്ടഒരു ഹര്‍ത്താല്‍ എന്നേയുംഅത്തരത്തിലൊരാളാക്കിയിരിക്കുന്നു. 
രണ്ടുമണികഴിഞ്ഞപ്പോള്‍ ഞാന്‍ മനോരമയിലും , ഇസ്മായേല്‍ മാതൃഭൂമിയിലും കിടന്നു.കിടന്നതറിയാതെ ഇസ്മായേലുറങ്ങി. എനിക്ക് ഉറക്കം വരുന്നില്ല,പണവും റിക്കാഡുകളും ഉള്ളബാഗാണു ഞാന്‍ തലയിണയായി വെച്ചിരിക്കുന്നത്,നാളെ നേരം പുലരുമ്പോ ള്‍ അത് കണ്ടില്ലെങ്കിലോ?
എങ്കിലും തണുത്ത കാറ്റടിച്ചപ്പോള്‍ ഞാന്‍ അറിയാതെ ഒന്നുമയങ്ങിപ്പോയി.എന്തോഒന്ന് ദേഹത്തു വീണെന്ന് തോന്നിയപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റു.
ഒരു പന്നിയെലി എന്റെദേഹത്തുകൂടി ഓടിപ്പോയി. 
ഞാന്‍ ആകെ വിയര്‍ത്തു സമയം മൂന്നുമണി,
ചുറ്റുമെല്ലാവരും നല്ല ഉറക്കം.മുതലാളിമാരും തൊഴിലാളികളും ധര്‍മ്മക്കാരുമെല്ലാം  സുന്ദര സ്വപ്നങ്ങളും കണ്ട്നാച്ച്വറല്‍ എയര്‍കണ്ടീഷന്റെ സുഖത്തില്‍ ഒരുമിച്ച് ഉറങ്ങുന്നു. 
പിന്നെയെനിക്ക് ഉറക്കം വന്നില്ല. പന്നിയെലികളും പട്ടികളും എല്ലാം സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്ന കോട്ടയം ട്രാന്‍സ്പോര്‍ട്ട്  ബസ് സ്റ്റാന്റും കണ്ടുകൊണ്ട് രാവിലെ അഞ്ച് മണിയ്ക്കുള്ള പുള്ളിക്കാനം ബസു പ്രതീക്ഷിച്ച് മനോരമയില്‍ തന്നെയിരുന്നു.
  
ഇന്ദിരാഗാന്ധികൊല്ലപ്പെടുമ്പോള്‍ ഞാന്‍ മേലുകാവ് മൃഗാശുപത്രിയിലായിരുന്നു. റേഡിയോയില്‍ വാര്‍ത്തവന്നത് അടുത്തുള്ള ഒരു കടക്കാരനാണു വന്നുപറഞ്ഞത്.
"ആകെ പ്രശ്നമാണ്. ഒള്ളനേരത്തെ ഡോക്ടര്‍ വീട്ടില്‍ പോകാന്‍ നോക്കുന്നതാ ബുദ്ധി!"
 കടക്കാരന്റെ ആ ഉപദേശം കേട്ടപ്പോഴെ ഞാന്‍ ആശുപത്രിയടച്ച്  അടുത്ത  പാലാ ബസില്‍ കയറി.കുറുമണ്ണിലെത്തിയപ്പോള്‍ മൈക്ക് അനൗണ്‍സ്മെന്റ് വാഹനം  കണ്ടു 
"നമ്മുടെ പ്രീയപ്പെട്ട ഇന്ദിരാ പ്രീയദര്‍ശിനി വെടിയേറ്റു മരിച്ചതിനെ തുടന്ന് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനങ്ങള്‍ കടകമ്പോളങ്ങള്‍ അടച്ചും,  വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും  സഹകരിക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു!!"
ബസ് കൊല്ലപ്പള്ളിയിലെത്തിയപ്പോള്‍ ഒരു വലിയസംഘം വാഹനങ്ങള്‍ തടയുന്നു.   ബസില്‍ നിന്നും യാത്രക്കാരെ ഇറക്കിവിട്ടിട്ട് ബസ്സുകള്‍ ഇന്നിനി ആളേക്കേറ്റരുത് ഷെഡില്‍ കയറ്റിയിട്ടോണം എന്ന് ആജ് ഞാപിച്ച് പറഞ്ഞുവിടുന്നു. 
ഇനി പന്ത്രണ്ട് കിലോമീറ്റര്‍  നടക്കുകയേ  സാധിക്കൂ ,  ഇന്ദിരാഗാന്ധിയേ വെടിവെച്ചവര്‍ ഇവരെവെച്ച് നോക്കുമ്പോ ള്‍  എത്ര മെച്ചപ്പെട്ടവരാണെന്നെനിക്കു തോന്നി. ചെയതത് പൊറുക്കാനാവാത്ത തെറ്റാണെങ്കിലും, അവര്‍ക്ക് അവരുടേതായ ഒരു ലക്ഷ്യവും കാരണവും ഉണ്ടായിരുന്നു. എന്നാല്‍ ഈ ഹര്‍ത്താലുകാര്‍ബസ്സില്‍ വന്നവരോടു ചെയ്ത ദ്രോഹത്തിനോ? ഇങ്ങിനെയാണോ ഇന്ദിരാ പ്രീയദര്‍ശിനിയോടുള്ള സ്നേഹവും ബഹുമാനവും കാണിക്കേണ്ടത്?
  
എം ജി ആര്‍ മരിച്ച സമയം  ഞാന്‍ തമിഴ് നാട്ടിലായിരുന്നു.ഒരു ബസ് യാത്രയില്‍,നാമയ്ക്കലിനും രാശിപുരത്തിനും ഇടയ്ക്കുള്ള ഒരു സ്ഥലത്തുവെച്ച് ഹര്‍ത്താലുകാര്‍(ക്ഷമിക്കണം, അന്ന് ഹര്‍ത്താലില്ല, ബന്ദാണു നടക്കുന്നത്) ബസ് തടഞ്ഞു . 
അണ്ണന്‍ പോയി എന്നുകേട്ടതോടെ ബസില്‍ കൂട്ടകരച്ചിലുയര്‍ന്നു. കണ്ടക്ടര്‍ ബാക്കി ടിക്കറ്റ് ചാര്‍ജ്ജ് തന്ന് ഞങ്ങളെ ഒഴിവാക്കി അത് തമിഴന്റെ മാന്യത.
"ഇനി കേരളത്തിലേയ്ക്ക് പോകാന്‍ സേലത്തുചെന്നാല്‍  ട്രയിന്‍ കിട്ടും"
എന്റെ ദയനീയ മുഖം കണ്ടിട്ടാകണം കണ്ടക്റ്റര്‍ വഴിപറഞ്ഞുതന്നു.   ഒരു എളുപ്പവഴിയുണ്ട് ഒരു 32 കിലോമീറ്റര്‍ നടന്നാല്‍ മതി. 
ഞാന്‍ പെട്ടിയും തലയില്‍ വെച്ച് സേലത്തേയ്ക്ക് നടന്നു തുടങ്ങി. 
ഈ യാത്രയില്‍ ഞാന്‍ ഒറ്റയ്ക്കല്ല, ചില സിനിമകളില്‍ കാണുന്ന മഹായാത്രകള്‍ പോലെ ആളുകള്‍ സംഘം സംഘമായിനീങ്ങുന്നു. തലയില്‍ ഭാണ്ഡക്കെട്ടുകള്‍, കരയുന്ന കുഞ്ഞുങ്ങളെ വഴക്കു പറഞ്ഞും, മാറത്തടിച്ച്  സ്വയം പഴിച്ചുമെല്ലാം നടന്നുനീങ്ങുന്ന ഒരു വലിയസംഘം. 
ഏതാണ്ട് 20 കിലോമീറ്ററോളം നടന്നപ്പോഴേയ്ക്കും ഞാന്‍ ശരിയ്ക്കും തളര്‍ന്നു.വഴിയിലെങ്ങും ഒരു മാടക്കടപോലുമില്ല തൊണ്ട വരണ്ട് ആകെ തളരുന്നതുപോലെ,അപ്പോഴാണുകണ്ടത് ഒരു മനുഷ്യന്‍  ദൈവദൂതനെപ്പോലെഒരു  ഉന്തുവണ്ടിയില്‍ ഒരു വലിയ ഗ്ലാസ് ജാര്‍ നിറയെ ചെത്തിയ  പഴുത്ത കൈതച്ചക്ക കഷണങ്ങളുമായിവരുന്നു. നടന്നു തളര്‍ന്ന ആളുകള്‍ ആശയോടെ കൈതചക്കകള്‍ വാങ്ങാനയാളുടെ ചുറ്റും കൂട്ടം കൂടി  
അപ്പോഴേയ്ക്കും ബന്ദ് അനുകൂലികളുടെ ഒരു സംഘം  അവിടെ വന്നു. അവരുടെ നേതാവിനു കലികൊണ്ട് കണ്ണ് ചുമന്നു. കച്ചവടക്കാരന്റെ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ടയാള്‍ അലറി 
"അണ്ണന്‍ മരിച്ച് കിടക്കുമ്പോള്‍ നീ കൈതചക്കകള്‍ വിൽക്കുമോടാ നായേ!!" 
അനുയായികൾ ആ കച്ചവടക്കാരനെ ചവിട്ടിക്കൂട്ടുന്നതിനിടെ അയാള്‍  ആഗ്ലാസ് ഭരണി പൊക്കി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. 
 പഴുത്ത കൈതച്ചക്കകഷണങ്ങള്‍  ചെളിയില്‍ വീണുകുതിരുന്നത് അമ്പരപ്പോടെ ഞങ്ങള്‍  കണ്ടു.
ചവിട്ടിക്കുതിച്ച് അവര്‍പോയിക്കഴിഞ്ഞതേ വല്ലാത്ത ഉന്തും തള്ളുമായി. അമ്മമാരും, യുവാക്കളുമെല്ലാം  ചെളിതുടയ്ക്കാന്‍ പോലും നില്‍ക്കാതെ കൈതച്ചക്കകഷണങ്ങള്‍ തിന്നുന്നു.
ഞാനും ആ ചെളിയില്‍ വീണ രണ്ട്കൈതച്ചക്കകഷണങ്ങള്‍ എടുത്ത്മണ്ണു തുടച്ചു.ഇനി  മണ്ണുപറ്റിയതാണോ എച്ചിലാണോ എന്നൊന്നും നോക്കാന്‍ നിന്നിട്ടുകാര്യമില്ല സേലത്തേയ്ക്ക് 10 കിലോമീറ്ററില്‍ കൂടുതല്‍ നടക്കേണ്ടതല്ലേ?തൊണ്ടവരണ്ട് ഞാന്‍ വീണുപോകാതിരിക്കാന്‍ ഇതെങ്കിലും കഴിച്ചേപറ്റൂ.
നമ്മള്‍ ഇതും ഇതിനപ്പുറവും ഒക്കെ സഹിച്ചല്ലേ പറ്റൂ??
 ഇതു ഹര്‍ത്താലല്ലേ??
 നമ്മുടെ ദേശീയോല്‍സവങ്ങളില്‍ ഒന്നായ ഹര്‍ത്താല്‍!!!
നമ്മളെ പുരോഗതിയില്‍ നിന്നും പുരോഗതിയിലേയ്ക്ക് നയിക്കാനായി നാം വോട്ടുചെയ്ത് വിജയിപ്പിച്ചു വിടുന്ന  നമ്മുടെ നേതാക്കള്‍ നമ്മുടെ രക്ഷയ്ക്കായി പാകം ചെയ്തു തരുന്ന അത്ഭുത, ആരോഗ്യപാനീയം. സാരമില്ല, സഹിക്കുക, ആഘോഷിക്കുക  ........