Thursday, May 31, 2007

അകേലാ ബോഗീ കാ ഏക് ആദ്മി

വെറ്റേറിനറി കോളേജില്‍ ഞങ്ങളുടെ ക്ലാസ്സില്‍ എന്നും ആവര്‍ത്തിച്ചിരുന്ന ഒരു സംഭവം ഉണ്ട്. ക്ലാസ് തുടങ്ങിക്കഴിഞ്ഞ് അല്‍പ്പം കഴിയുമ്പോള്‍ ഒരാള്‍ ഓടിക്കിതച്ച് എത്തും. ക്ലാസില്‍ കയറാനായി അപേക്ഷാ ഭാവത്തോടെ വാതിക്കല്‍ കാത്തുനില്‍ക്കും.

അയാളാണു ഞങ്ങളുടെ പ്രീയ സഹപാഠിയായ ശ്രീനാരായണപിള്ള.
ഈ പരിപാടി തുടര്‍ന്നപ്പോള്‍ പിള്ളക്ക് ഒരു പേരു വീണു
'ദി ലേറ്റ് നാരായണപിള്ള'

ഒരുപാടു പ്രശ്നങ്ങള്‍ പിള്ളക്കുണ്ടായിരുന്നു.
വീട്ടിലെ സാമ്പത്തിക പ്രശ്നം മൂലം പഠനം നിര്‍ത്തേണ്ടിവന്ന പിള്ളയേ ചില അദ്ധ്യാപകരാണു സഹായിച്ചുപഠിപ്പിച്ചതെന്ന് ഞാന്‍ പിന്നീടാണറിഞ്ഞത്.

ദീര്‍ഘദൂരനടപ്പുകാരെന്ന നിലയില്‍ ഞങ്ങള്‍ക്കിടയില്‍ വളരെ വലിയ സ്വൗഹൃദം നിലനിന്നിരുന്നു.

പഠനത്തിന്റെ ഭാഗമായിരുന്ന all india tourപിള്ളക്ക് ചില പ്രശനങ്ങള്‍ ഉണ്ടാക്കി.
ഒരു ബോഗി ബുക്കുചെയ്താണു യാത്ര.
ട്രയിന്‍ ഓരോ സ്റ്റേഷനിലെത്തുമ്പോഴും തോര്‍ത്തും ഉടുത്ത് പിള്ള പ്ലാറ്റുഫോമിലിറങ്ങും. പതിവുപോലെ ട്രയിന്‍ നീങ്ങുമ്പോള്‍ പിള്ള വരാന്‍ ലേറ്റ് ആകും.
ഓടി വന്ന് ഏതെങ്കിലും ഒരു കമ്പാര്‍ട്ടുമെന്റില്‍ കയറുന്ന
തോര്‍ത്തുധാരിയായ പിള്ളയെ ഒരു കള്ളനെന്നു കരുതി ആളുകള്‍ പിടികൂടും.
അവരോട് മുറി ഹിന്ദിയില്‍ പിള്ള ഒരു വാചകം പറയും.

“മേം ചോര്‍ നഹീം.
മേം അകേലാ ബോഗീ കാ ഹൂം.”

ആരും ഇത് വിശ്വസിക്കുകയില്ല.
ട്രയിന്‍ അടുത്ത സ്റ്റേഷനിലെത്തുമ്പോള്‍ വലിയ ഒരു പരിവാരത്തോടെ പിള്ള തിരിച്ചെത്തും

ഹിന്ദിഅറിയാവുന്ന ഞങ്ങളുടെ രാജാസാര്‍ ആളുകളെ ഇത് ചോര്‍ അല്ലാ എന്നുവിശ്വസിപ്പിക്കാന്‍ കഠിന പ്രയത്നം ചെയ്യുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു.

പിള്ളയെന്നും ഒരു ദുര്‍ഭാഗ്യവാനായിരുന്നു.
അഛനും അമ്മയും ഒരാഴ്ച്ച വ്യത്യാസത്തില്‍ മരിച്ചു.
പിള്ളയുടെ കല്യാണദിവസം ബന്ദായിപ്പോയതിനാല്‍ ഞങ്ങള്‍ക്കാര്‍ക്കും പങ്കെടുക്കാനായില്ല.
ഇടക്ക് ഭാര്യ ബന്ധം വേര്‍പെടുത്തി .

ഒരു ദിവസം പിള്ള സഹപ്രവര്‍ത്തകരോടു പറഞ്ഞു

“നാളെ ഞാന്‍ നിങ്ങളേ എന്റെ വീട്ടില്‍ വരുത്തും.”

പക്ഷേ ആരും അത് കാര്യമായി എടുത്തില്ല.
പിറ്റേന്ന് അത് സംഭവിച്ചു.

പിള്ള ആത്മഹത്യ ചെയ്തു!

ഞങ്ങളുടെ ബാച്ചായിരുന്നു വെറ്റേറിനറി കോളേജിലെ ഏറ്റവും ഭാഗ്യം ചെയ്ത ബാച്ച്

5 വര്‍ഷ കോഴ്സില്‍ ചേര്‍ന്ന ഞങ്ങള്‍
മഹാഭാഗ്യത്തിനു 4 വര്‍ഷത്തിന്റെ അവസാന ബാച്ചായി മാറി.
ആ നാലുവര്‍ഷം 3വര്‍ഷം 10 മാസം കൊണ്ട് പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

അതായത് ഞങ്ങള്‍ കോഴ്സ് തുടങ്ങി 4 വര്‍ഷം പൂര്‍ത്തിയായ
ദിവസത്തിനു മുന്‍പേ ജോലിയില്‍ കയറിയിരുന്നു.

ഈ ഭാഗ്യവാന്മാരുടെ കൂട്ടത്തില്‍ നിന്നും
എന്നും “അകേലാ ബോഗി” യിലായിപ്പോയി
ഞങ്ങളുടെ പ്രീയപ്പെട്ട 'ദി ലേറ്റ് നാരായണപിള്ള'.

ഇപ്പോഴും റെയില്‍ വേ സ്റ്റേഷനില്‍ ചെല്ലുമ്പോഴെക്കെ
ആ പഴയ കാഴ്ച എന്റെ മനസ്സിനെ അലട്ടാറുണ്ട്.

ഒരു വലിയ ആള്‍ക്കൂട്ടം.
അതിന്റെ നടുക്ക് പിള്ള.
തന്റെ കൈകള്‍ കൂട്ടിപ്പിടിച്ചിരിക്കുന്ന ആളിനോട് പിള്ള കെഞ്ചുന്നു
“മുഛേ ഛോട്ദോ,
മേംചോര്‍ നഹീം.
മേം ഇസ് ബോഗീ കാ ഹൂം.”

പിന്നെ ഓടി ബോഗിയില്‍ കയറിയ പിള്ള എല്ലാരോടുമായി പറയുന്നു. “എന്നെ ആരും തല്ലിയൊന്നുമില്ലടാ.....!”

13 comments:

Satheesh :: സതീഷ് said...

ആദ്യമായിട്ടാണ്‍ ഈ ബ്ലോഗ് കാണുന്നത്. ഇത്രയും കാലം ഇതെങ്ങിനെ മിസ്സായി എന്നെനിക്കറിയില്ല! വളരെ ഇഷ്ടപ്പെട്ടു ഈ എഴുത്ത്.

ഓടോ.. ഒറ്റയിരുപ്പിനു തന്നെ താങ്കളുടെ എല്ലാപോസ്റ്റുകളും വായിച്ചു എന്ന വിവരവും ഇവിടെ കുറിക്കട്ടെ.. വളരെ ഇഷ്ടപ്പെട്ടു എല്ലാം!

SAJAN | സാജന്‍ said...

ശരിക്കും മനസ്സില്‍ തൊട്ടു ഈ അനുഭവം..
പാവം നാരായണപിള്ള:(

sandoz said...

ശരിയാണു സതീഷ്‌ പറഞ്ഞത്‌..ഇത്ര കാലം എനിക്കും ഇതെങ്ങനെ മിസ്സായി.....
നല്ല മനസ്സില്‍ തൊടുന്ന എഴുത്ത്‌....

അജി said...

വായനകള്‍ക്കിടയില്‍ ഒളിച്ചിരുന്ന, ഈ ബ്ലോഗില്‍,ഇന്നു കയറാനായതില്‍ വളരെ സന്തോഷം. നല്ല എഴുത്തു, നാരായണ പിള്ള, നമ്മുക്കെന്തെങ്കിലും സന്ദേശം നല്‍കുന്നില്ലേ ? ആര്‍ദ്രത നിറഞ്ഞൊരു ഓര്‍മ്മകള്‍ക്കിടയില്‍, അവരെന്നെ തല്ലിയില്ലാ എന്നു പറയുമ്പോള്‍ .....

മൂര്‍ത്തി said...

നന്നായിട്ടുണ്ട്..

ഏറനാടന്‍ said...

ശ്രീനിയേട്ടാ പാട്ടുകള്‍ കേട്ടുകൊണ്ടുതന്നെ ഈ സായാഹ്നത്തില്‍ വായിച്ചുവിത്‌. എനിക്കും ഇത്‌ മിസ്സായിരുന്നു. ഇനിയും വരും തീര്‍ച്ച. (സിനിമയിലെ ശ്രീനിയെ പോലെ ബ്ലോഗിലെ ശ്രിനിയും ആയിരിക്കട്ടെ,,!)

ദില്‍ബാസുരന്‍ said...

ഈ പോസ്റ്റ് എന്നെ വേദനിപ്പിച്ചു.

ഒടോ:ടെമ്പ്ലേറ്റ് കാരണം വായിച്ച് കഴിഞ്ഞപ്പോഴേയ്ക്ക് തലവേദന വന്നു എന്നര്‍ത്ഥം. (പോസ്റ്റ് മനോഹരമായിരിക്കുന്നു)

ടിന്റുമോന്‍ said...

അപൂര്‍ണ്ണമായ ഒരു കവിത പോലെ പിള്ള മനസ്സില്‍ ഉടക്കി നില്‍ക്കുന്നു.

സഞ്ചാരി said...

നാരായണപിള്ള മനസ്സില്‍ വേദന കോറിയിട്ടു.കഥ പറഞ്ഞു തന്ന രീതി എനിക്കിഷ്ടപ്പെട്ടു.
ഞാനും ആദ്യമായിട്ടാണ ഈ പോസ്റ്റ് കണുന്നത്.

കുറുമാന്‍ said...

പിള്ളയുടെ ആത്മാവിനു നിത്യശാന്തി നേരുന്നതിനൊപ്പം തന്നെ, മാഷിനു വൈകിയാണെങ്കിലും ഒരു സ്വാഗതവും.

വല്യമ്മായി said...

നാരായണ പിള്ളയെ മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചിരിക്കുന്നു.

ഫ്രാന്‍‍സിയര്‍ said...

ശ്രിനി എന്നെ ഒര്‍ക്കുന്നു എന്നു കരുതട്ടേ...
നാരായണപിള്ള് ഒരു നല്ല സ്മ്രുതി യായ് നില്‍ക്ക്ട്ടേ...
ബ്ബ്ലൊഗ് വളരെ നന്നാവുന്നു ....FX

ലാപുട said...

മാഷേ, ആദ്യമായാണ് താങ്കളുടെ ബ്ലോഗില്‍ വരുന്നത്. പോസ്റ്റുകള്‍ കുറേ വായിച്ചു. വളരെ നന്നായിരിക്കുന്നു. ബ്ലോഗിന് മാത്രം തരാനാവുന്ന വായനാനുഭവങ്ങളെ പങ്കുവെയ്ക്കുന്നു താങ്കള്‍..
ആഴവും തെളിമയുമുള്ളതാണ് താങ്കളുടെ ഭാഷ.അതിലേക്ക് നോക്കുമ്പോള്‍ ജീവിതത്തിന്റെ നനവുള്ള പ്രതിച്ഛായ കാണുന്നു...