Thursday, May 17, 2007

ഗബ്രിയേലും ധനലക്ഷ്മിയും പിന്നെ ഞാനും


അന്നുപ്രിന്‍സിപ്പാളച്ചന്റെ കൂടെ വന്നത് ഒരു ജര്‍മ്മന്‍കാരനായിരുന്നു.
ഒരു ഗബ്രിയേല്‍.
ഇങ്ങിനെയുള്ള സുഹൃത്തുക്കളെ അച്ചന്‍ പലപ്പോഴും
ഞങ്ങളുടെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ട്
പല വിദേശരാജ്യങ്ങളില്‍നിന്നുമുള്ളവര്‍.
പ്രിന്‍സിപ്പാളച്ചനു വിദേശത്ത് ഒരുപാടു സുഹൃത്തുക്കളുണ്ട്.

അച്ചന്റെ അതിഥിയായി വരുന്ന ഗവേഷകരായ ആ പ്രൊഫസര്‍മാര്‍
ഹിന്ദുക്കളേപ്പറ്റി അറിയണമെന്നു പറയുമ്പോള്‍ പ്രിന്‍സിപ്പാളച്ചന്‍
അവരെ ഇങ്ങോട്ടു കൊണ്ടുവരും.

പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ കൊക്കാട്ട് അച്ചനു
സ്വന്തം വീട്ടിലേക്കെന്നപോലെ സ്വാതന്ത്ര്യത്തോടെ അവരെ കൊണ്ടുവരാവുന്ന
ഒരു ഹിന്ദു ഭവനം ആണല്ലോ ഞങ്ങളുടേത്.
ഈ അതിഥികള്‍ ഒരുപാട് സംശയങ്ങള്‍ ചോദിക്കാറുണ്ട്.
ജര്‍മ്മനിഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ
ആംഗലേയഭാഷാ പരിജ്ഞാനം എന്നേക്കാള്‍ വലിയവ്യത്യാസമില്ലത്തതുകൊണ്ട്
ഞാന്‍ ഒരു മടിയും കൂടാതെ ഹൈന്ദവ മതത്വങ്ങള്‍ അരച്ചുകലക്കി കുടിച്ചിട്ടുള്ള
ഒരു ആചാര്യനായി മാറും.
ദൈവങ്ങളേ ഇരുത്തുന്ന തെക്കേപ്പുരമുതല്‍ അവസാനം
തെക്കോട്ടെടുക്കുന്നതുവരെയുള്ള
ഹൈന്ദവാചാരങ്ങള്‍ എന്റെ മനോധര്‍മ്മം കൂടി ചേര്‍ത്ത് തട്ടും.
ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല, ഗബ്രിയേല്‍ വരുന്നതു വരെ.
ഗബ്രിയേല്‍ ശ്രദ്ധിച്ചത് ഞങ്ങളുടെ പൂജാമുറിയാണു.
നിരവധി ദൈവങ്ങള്‍ നിരന്നിരിക്കുന്ന ഞങ്ങളുടെ പൂജാമുറി.
ഓരോ ദൈവങ്ങളേപ്പറ്റിയും ഗബ്രിയേല്‍ വളരെ വിശദമായിചോദിച്ചു.
അവസാനം ഒരുചോദ്യം
“ഇത്രയും ദൈവങ്ങളേ വച്ചിട്ടും വേണ്ടതു മാത്രം ഇല്ലല്ലോ”
ഞാന്‍ അമ്പരന്നുപോയി അതാരപ്പാ ഈ വേണ്ട ദൈവം?.
ഗബ്രിയേല്‍ തന്നെ ഉടനെ ഉത്തരവും തന്നു. “ധനലക്ഷ്മി” വിശദീകരണവും,
“മനുഷ്യന്‍ പണത്തിനുവേണ്ടിയല്ലാതെ മറ്റെന്തിനാണു ഈശ്വരനെ പ്രാത്ഥിക്കേണ്ടതു?”
ആ ചോദ്യത്തിനു മുന്‍പില്‍ ശരിക്കും ഞാന്‍ ആടിപ്പോയി .
ഈശ്വരാ നാല്‍പ്പതില്‍ കൂടുതല്‍ വര്‍ഷം ഞാന്‍ നിത്യവും വിളക്കു കൊളുത്തി പ്രാര്‍ത്ഥിച്ച
ഈ പൂജാമുറിയില്‍ ധനലക്ഷ്മി ഇല്ലന്ന് ഇതുവരെ ഞാന്‍ അറിഞ്ഞില്ലല്ലോ?
അത് പറയാന്‍ ജര്‍മ്മനിയില്‍നിന്നും ഒരു ഗബ്രിയേല്‍ വരേണ്ടിവന്നു.
ഈയാള്‍ക്കു തൃപ്തികരമായ ഒരു മറുപടി എങ്ങിനെ കൊടുക്കും?
എന്റെ ആചാര്യ ഇമേജ് തകര്‍ന്നുപോകുമെന്ന് എനിക്ക് തോന്നി.

രക്ഷപെടാന്‍ ഒരുവഴികാണിക്കാന്‍
സാക്ഷാല്‍ ഗുരുവായൂരപ്പനല്ലാതെ മറ്റാരും സഹായത്തിനില്ലാത്ത ഒരു നിമിഷം.
പ്രാര്‍ത്ഥനയോടെ കണ്ണടച്ചപ്പോള്‍ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചു
“ഭഗവാനേ ഭക്തവത്സലാ” ഒരു മിന്നല്‍പ്പിണര്‍ മനസ്സിലൂടെ കടന്നുപോയി.
അതെ അതാണുത്തരം.
ഇവിടെ ഭഗവാന്‍ ഭക്തവല്‍സലനാണു.
ലോകത്ത് മറ്റെങ്ങും ഇല്ലാത്ത ഒരു സങ്കല്‍പ്പം.

പൂജാമുറിയില്‍ ഏറ്റവും പ്രാധാന്യത്തോടെ വച്ചിരിക്കുന്ന
ഉണ്ണികൃഷണന്റെ ചിത്രത്തിലോട്ടു ചൂണ്ടിക്കൊണ്ട് ആത്മവിശ്വാസത്തോടെ
ഞാന്‍ ഗബ്രിയേലിനോടു പറഞ്ഞു

“സുഹൃത്തേ എതാണു സാക്ഷാല്‍ ഗുരുവായൂരപ്പന്‍,
ഭക്ത വത്സലനായ ഭഗവാന്‍,
നമ്മുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഈശ്വരന്‍,
ഇവിടെ പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ ധനം പ്രത്യേകിച്ച് ആവശ്യപ്പെടേണ്ടതില്ല”
രംഗം ഒന്നുകൂടി കൊഴുപ്പിക്കാന്‍ ഞാ‍ന്‍ കുറൂരമ്മയുടെ കഥ കൂടിപ്പറഞ്ഞു .

എല്ലാം കേട്ടുമനസ്സിലാക്കിയപ്പോഴും ഗബ്രിയേലിനു ഒരു സംശയം മാത്രം ബാക്കി വന്നു.
“ഈശ്വരന്മാര്‍ അങ്ങിനെയാകുന്നത് വളരെ നല്ലതു തന്നെ,
പക്ഷേ അപ്പോള്‍ ആളുകള്‍ക്കു ബഹുമാനം കുറയില്ലേ?”
ഞാന്‍ അതിനു മറുപടി പറഞ്ഞില്ല.
കൃത്രിമ സ്റ്റാറ്റസ്സും ഉപചാരങ്ങളും ഫോര്‍മാലിറ്റികളും പിന്തുടരുന്ന
സായിപ്പുമാര്‍ വെറും കാടന്മാരായതുകൊണ്ടാണിങ്ങനെ തോന്നുന്നതെന്ന്
എനിക്ക് പറയാന്‍ പറ്റുമോ?
ഗബ്രിയേല്‍ എന്റെ പ്രീയപ്പെട്ട പ്രിന്‍സിപ്പാളച്ചന്റെ അതിഥിയല്ലേ?

ഒരു അടിക്കുറിപ്പ്
ഭക്തവത്സലനായ ഈശ്വരന്‍ എന്ന മഹത്തായ ഭാരതീയ സങ്കല്‍പ്പത്തിന്റെ
ഔന്നത്യം ഇന്നു ഞാന്‍ മനസ്സിലാക്കുന്നു.
അതിനു കാരണക്കാരനായ ഗബ്രിയേലിനെ നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു.

No comments: