Tuesday, January 28, 2014

"കാണാപ്പുറങ്ങള്‍"

 എന്റെ അച്ചായീ ഞാനിപ്പോ ചത്തുപോകുവേ..എന്റെ അച്ചായീ...
ചേര്‍ത്തല ഗ്രീന്‍ ഗാര്‍ഡന്‍സ് ഹോസ്പിറ്റലിലെ പ്രസവവാര്‍ഡിലേയ്ക്ക് കയറിയ ഞങ്ങളെ എതിരേറ്റത് ഈ കരച്ചിലാണു.പ്രസവത്തിനായി വന്ന ഒരു പെണ്‍കുട്ടി അതിന്റെ അഛന്റെ കൈയ്യില്‍ പിടിച്ച് അലറിക്കരയുന്നു. വാര്‍ഡിലാകെ ആ കരച്ചില്‍ അസ്വസ്ഥത വിരിച്ചിരിക്കുന്നു. ഞങ്ങള്‍ തിരക്കിട്ട് ഞങ്ങള്‍ക്കുള്ള റൂമിലേയ്ക്ക് നടന്നു. എല്ലാരും പ്രസവിക്കാന്‍ തന്നെയാ വന്നിരിക്കുന്നത് .ഈ കൊച്ചിനു എന്തോന്നിന്റെ സൂക്കേടാ  മറ്റുള്ളവരെ പേടിപ്പിക്കാതെ
  ഒരു നെഴ്സ്  ദേഷ്യപ്പെട്ട് പറയുന്നു.ആ പെണ്‍കുട്ടി,ബീനാ അതൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ അച്ചായീ ഞാന്‍ ശരിക്കും ചത്തുപോവുമച്ചായീ....എന്റെ അടുത്തൂന്ന് പോവല്ലേ എന്റെ അച്ചായീ.......തനിക്കെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഭയപ്പെട്ടമട്ടില്‍ വീണ്ടും കരച്ചില്‍ തുടരുന്നു.
  ആകുട്ടിയുടെ അമ്മയും അമ്മൂമ്മയും മറ്റ് ചിലസ്ത്രീകളും വിഷണ്ണരായി ചുറ്റും നില്‍ക്കുന്നു
  ഈ കരച്ചില്‍ അധികം കേട്ടുനില്‍ക്കാനാകാതെ ഞാന്‍ അവിടെ നിന്നും ആശുപത്രിയുടെ മുന്നിലേയ്ക്ക് പോയി.നേരം ഇരുട്ടിത്തുടങ്ങി.ആശുപത്രിയുടെ മുന്നില്‍ ഒട്ടും തിരക്കില്ല.ഒപിവിഭാഗത്തില്‍ ഇട്ടിരിക്കുന്ന കസേരകളിലൊന്നില്‍ ഞാന്‍ ഇരുന്നു.എന്റെ മനസില്‍ പെട്ടന്ന് ഒരു സംശയം
  ആകുട്ടിയെന്താ അഛനെ വിളിച്ച് കരയുന്നത്?എന്റെ അമ്മേ,അമ്മച്ചീ,ഉമ്മാ അല്ലങ്കില്‍  മമ്മീ എന്നുവിളിച്ചല്ലേ ആപെണ്‍കുട്ടി കരയേണ്ടത്.അമ്മയാണു മക്കള്‍ക്ക് എന്നും അത്താണി എന്നല്ലേ എല്ലാവരും പറയുന്നത്?അഛന്റെ സ്നേഹത്തെപ്പറ്റിയല്ലല്ലോ
  അമ്മയുടെസ്നേഹത്തെയല്ലേ എല്ലാവരും പാടിപുകഴ്ത്തുന്നത് എന്നിട്ടും ഇതെന്തേഇങ്ങിനെ. 
  മന്നവേന്ദ്രാ വിളങ്ങുന്നൂ ചന്ദ്രനേപ്പോലെ നിന്മുഖം എന്ന് പാടിപ്പുകഴ്ത്തിയകവികള്‍ക്ക്  അമേരിക്കക്കാര്‍ ചന്ദ്രന്റെ ക്ലോസപ്പ് ചിത്രങ്ങള്‍ പുറത്തുവിട്ടപ്പോള്‍പറ്റിയതുപോലെ  വല്ലതും അമ്മയുടെ സ്നേഹത്തിനേപ്പറ്റി പാടിയവര്‍ക്കും പറ്റിയോ ഇതെല്ലാം ചിന്തിച്ചപ്പോള്‍
  എന്റെ ചുണ്ടില്‍ ഊറിവന്നഒരു ചെറു പുഞ്ചിരി
 
   മുന്‍പിലുള്ള ഒരു ബോര്‍ഡില്‍ കണ്ണുടക്കിയപ്പോള്‍ പെട്ടന്ന് നിന്നുപോയി.കുട്ടികളെ മുലയൂട്ടുന്നതിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന ഒരു ബോര്‍ഡ്. നിങ്ങളുടെ കുട്ടികള്‍ ആരോഗ്യമുള്ളവരായി വളര്‍ന്നുവരുവാന്‍
   അവര്‍ക്കു  മുലപ്പാല്‍ നല്‍കുക, ഇതിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണം.പരസ്യബോര്‍ഡ് ചിത്രങ്ങളിലൂടെ ഇക്കാര്യം വളരെ വിശദമായി പ്രദിപാദിക്കുന്നു.എനിക്ക് വീണ്ടും കണ്‍ഫ്യൂഷന്‍.എന്തിനാണീ ബോര്‍ഡ്? അമ്മമാര്‍ കുട്ടികള്‍ക്ക് മുലപ്പാലല്ലേ നല്‍കുക അല്ലാതെ കപ്പപുഴുങ്ങിയതും മുളകരച്ചതുമാണോ? മീന്‍ കുഞ്ഞുങ്ങളെ നീന്തല്‍പഠിപ്പിക്കണോ എന്നു പറഞ്ഞതുപോലെ അമ്മമാരെ പാല്‍ കൊടുക്കുവാന്‍ ആരെങ്കിലും ബോധവല്‍ക്കരിക്കണോ? അത് ആരും പറയാതെ പഠിപ്പിക്കാതെ  അമ്മമാര്‍ ചെയ്യുന്ന കാര്യമല്ലായിരുന്നോ? 
  മുലപ്പാല്‍ അമൃതാണെന്നും  അമ്മയുടെ സ്നേഹമാണന്നും എന്നുള്ളതിനെപ്പറ്റിയും
 
  അത് കുഞ്ഞിനുനല്‍കുമ്പോള്‍ അമ്മമാര്‍ അനുഭവിക്കുന്ന സ്വര്‍ഗീയാനുഭൂതിയെപ്പറ്റിയും എത്രയോ കവികള്‍ പാടിയിരിക്കുന്നു എന്നിട്ടും
  ഇങ്ങിനെ ഒരു പരസ്യം വേണമെന്ന് അധികൃതര്‍ക്ക് എങ്ങിനെ തോന്നി? അപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്ക്ക് പാല്‍ നല്‍കാത്ത അമ്മമാരുടെ എണ്ണം  വളരെ വര്‍ദ്ധിച്ചിരിക്കുന്നെന്നാണോ മനസിലാക്കേണ്ടത്?കുഞ്ഞിനു പാല്‍കൊടുത്താല്‍  അമ്മമാര്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടോ അല്ലങ്കില്‍ കൊടുക്കാതിരുന്നാല്‍ എന്തെങ്കിലും ലാഭമുണ്ടോ? ഒന്നും മനസിലാകുന്നില്ലല്ലോ എന്റെ പുലിയന്നൂര്‍ തേവരേ... ഞാന്‍ ഈശ്വരനെവിളിച്ച് അറിയാതെ തലയില്‍ കൈവെച്ചുപോയി.
   എന്റെ മുന്നിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന  ആളുകളിലൂടെ കണ്ണോടിച്ചപ്പോള്‍  മറ്റൊരുകാര്യം കൂടി  ഞാന്‍ ശ്രദ്ധിച്ചു.
  എന്റെമുന്നില്‍ കണ്ട എല്ലാ കുടുമ്പങ്ങളിലും കുട്ടി അഛന്റെ കൈയിലാണു.ചിലര്‍ ചിരിക്കുന്നു,ചിലര്‍ കരയുന്നു മറ്റുചിലര്‍
  അഛന്മാരുടെ തോളില്‍ കിടന്ന്  സമാധാനമായി ഉറങ്ങുന്നു. ഈശ്വരാ ഞാന്‍ ഇതുവരെയും ഇതു ശ്രദ്ധിച്ചില്ലല്ലോ.എന്റെ ചെറുപ്പകാലത്ത് ഇതായിരുന്നില്ലല്ലോ കാഴ്ച്ച..സിഗരറ്റും പുകച്ച് മുന്നില്‍ കൈയ്യും വീശി നടക്കുന്ന അഛന്‍.അല്‍പ്പദൂരം പിന്നിലായി തോളില്‍ തൂക്കിയ ബാഗും കൈയ്യില്‍ ഒരു കുട്ടിയുമായി അമ്മ മറ്റുകുട്ടികള്‍ അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി പുറകേയും. എപ്പോഴാണീ കുട്ടി അമ്മയുടെ തോളില്‍ നിന്നും അഛന്റെ തോളിലേയ്ക്ക് മാറിയത്? കുട്ടികളെ അമ്മമാര്‍ വേണ്ടതുപോലെ ശ്രദ്ധിക്കുകയില്ലായെന്ന് ഭയന്ന് അഛന്മാര്‍  കുട്ടികളെ സ്വയം എടുത്ത് തോളില്‍ ഇട്ടതാണോ അതോ സാരി ഉടയാതിരിക്കാന്‍ അമ്മമാര്‍ അഛന്മാരുടെ തോളിലേയ്ക്ക് കുട്ടികളെ മനപ്പൂര്‍വ്വം മാറ്റിയതാണോ?  എന്താണെങ്കിലും ഇവിടെ ഒരു നിശബ്ദവിപ്ലവം നടന്നിരിക്കുന്നു.അമ്മയുടെ  തോളില്‍ നിന്നും കുട്ടികള്‍ അഛന്റെ തോളിലേയ്ക്ക് മാറിയിരിക്കുന്നു.അല്ലെങ്കില്‍   അഛന്മാര്‍ അമ്മയ്ക്ക് കൊടുക്കാതെ തങ്ങളുടെ ഓമന മക്കളെ നെഞ്ചോടു ചേര്‍ത്തിരിക്കുന്നു.എന്തേഇത് ഇങ്ങിനെയൊക്കെ. എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
  ആചിന്ത തലയ്ക്ക് ചൂട് പിടിപ്പിക്കുന്നു. ആചൂട് വര്‍ദ്ധിച്ചപ്പോള്‍ ഞാന്‍ ആലപ്പുഴയ്ക്ക് പോകാമെന്ന് തീരുമാനിച്ചു. ആലപ്പുഴ കടല്‍ത്തീരത്ത് കടല്‍പ്പാലത്തിനടുത്തെവിടെയെങ്കിലും
    വാധ്യാരുണ്ടാവും. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വാധ്യാരാവും  പറ്റിയ ആള്‍.
  വാധ്യാര്‍
  എന്ന് ഞാന്‍ വിളിക്കുന്ന ഗോപീകൃഷ്ണന്‍ എന്റെ ഒരു പഴയ സുഹൃത്താണു.ധാരാളം വായിക്കുന്ന എല്ലാത്തിനേയും പറ്റി സ്വന്തം അഭിപ്രായം സൂക്ഷിക്കുന്ന ഒരു സ്കൂള്‍ മാഷ്
  ആലപ്പുഴ പോകുമ്പോളൊക്കെ  കടല്‍ത്തീരത്ത് ഒരുപാടുസമയം ഞങ്ങള്‍ സംസാരിച്ചിരിക്കാറുണ്ട്.
  രാത്രികാലങ്ങളില്‍ പാലൊളിചന്ദ്രികയില്‍ നീരാടിനില്‍ക്കുന്ന കടല്‍പ്പാലം അവനൊരുവീക്ക്നെസാണു എന്നറിയാവുന്നതുകൊണ്ട് ഞാന്‍ നേരെ അങ്ങോട്ടുതന്നെ ചെന്നു. എന്റെ ഊഹം തെറ്റിയില്ല  വാധ്യാര്‍ സ്ഥിരം സ്ഥലത്തുതന്നെയുണ്ട്.
   ഞാന്‍ മുഖവുരയൊന്നും കൂടാതെ എന്റെ മനസില്‍ തോന്നിയകാര്യങ്ങള്‍ ഒറ്റശ്വാസത്തില്‍ വിവരിച്ചു. ഞാന്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ വാധ്യാര്‍  ഒന്നും പറയാതെ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു.എന്നിട്ട് പൊട്ടിപ്പൊട്ടിചിരിച്ചു. അവസ്സാനം ഗോപീകൃഷ്ണന്‍ ചിരി നിര്‍ത്തിയിട്ട് പറഞ്ഞുതുടങ്ങി.
 
   അപ്പോള്‍ എന്നെ പത്തുമാസം വയറ്റില്‍ ചുമന്ന് നൊന്തുപ്രസവിച്ച അമ്മയെന്നതിനുപകരം  എന്നെ മാറോടുചേര്‍ത്ത്താരാട്ടുപാടി വളര്‍ത്തിയ അഛന്‍ എന്ന് കവികളും സാംസ്കാരിക നായകന്മാരും  എഴുതിത്തുടങ്ങും എന്നാണോ സുഹൃത്തേ പറഞ്ഞുവരുന്നത് കൊള്ളാം വളരെ നല്ല ആശയം അവന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.എന്റെ ഗോപീ എല്ലാ അമ്മമാരും മോശമാണന്നല്ല ഞാന്‍ പറയുന്നത്,എന്നാല്‍ കുറച്ചുപേരുടെ എങ്കിലും കാല്‍ ചുവട്ടിലെ മണ്ണ് ഇളകി ഒലിച്ച്പോകുന്നതായി ഞാന്‍ കരുതുന്നു,എന്തേ ഇതിങ്ങിനെ?അതിനെപ്പറ്റി ഒന്നു ചിന്തിക്കൂ മനുഷ്യാ  അതിനല്ലേ എന്റെ വാദ്ധ്യാരേ ഞാന്‍ നിന്നേതേടി ഇപ്പോളിവിടെ ഓടിവന്നത്  ഗോപീകൃഷ്ണന്‍ ചിരിനിര്‍ത്തി എങ്കിലും ഒരു തമാശമുഖഭാവത്തോടെ പറഞ്ഞുതുടങ്ങി ശ്രീനീ നിനക്കറിയാമല്ലോ നമ്മള്‍മലയാളികള്‍  പലപ്പോഴും കേള്‍ക്കുന്നതെല്ലാം ചിന്തിക്കാതെ  ഉള്‍ക്കൊള്ളുന്നവരാണു.  ഓണത്തപ്പന്‍ തന്നെയല്ലേ അതിനു ഏറ്റവും നല്ല ഉദാഹരണം ഓണത്തപ്പാ കുടവയറാ എന്ന് ആരോ പ്രാസമൊപ്പിച്ച് പാടി,നമ്മള്‍ അത് വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്തു. വലിയ കുടവയറുള്ളവരെ തിരഞ്ഞെടുത്ത് ഓണത്തപ്പനാക്കി എത്രയോ ഓണാഘോഷങ്ങള്‍ നടന്നു.നേരിട്ട് പടനയിച്ച് ലോകമെല്ലാം കീഴടക്കിയ മഹാബലി ഒരു കുടവയറനല്ല കാരിരിമ്പിന്റെ കരുത്തുള്ള ഉറച്ച മസിലുകളുള്ള ഒരു അഭ്യാസിയണെന്ന് ഇപ്പോഴും നമ്മളാരും ചിന്തിക്കാന്‍ പോലും തയാറാകുന്നില്ലല്ലോ പിന്നെ എന്റെ ശ്രീനീ ഈ
   കവികള്‍ പാടിപ്പുകഴ്ത്തിയതെല്ലാംസത്യമാണെന്ന് വരുത്തേണ്ട ബാദ്ധ്യത അമ്മമാര്‍ക്കുണ്ടെന്ന് നീചിന്തിച്ചതല്ലേനിന്നെ ആശയക്കുഴപ്പത്തിലാക്കിയത്? മക്കളെയെല്ലാം ഒരുപോലെ തന്നേക്കാള്‍ സ്നേഹിക്കുവാന്‍ അവര്‍ ദേവതമാരൊന്നുമല്ലല്ലോ
  അവരും നമ്മള്‍ ആണുങ്ങളെപ്പോലെ മനുഷ്യരല്ലേ
  അപ്പോള്‍ നീ പറഞ്ഞുവരുന്നത് ചില അമ്മമാരെങ്കിലും മക്കളെ സ്നേഹിക്കാത്തവരായി ഉണ്ടാകാമെന്നല്ലേ അതെങ്ങിനെയെന്ന് നീ ആലോചിച്ചിട്ടുണ്ടോ
  ശരിയാണു
  പൊതുവെ പറഞ്ഞാല്‍ അമ്മമാരെല്ലാം മക്കളെ സ്നേഹിക്കേണ്ടതാണു എന്നാല്‍ ചിലകേസുകളിലെങ്കിലും അങ്ങിനെ അല്ല  അതിനെപ്പറ്റി ഞാനും ചിന്തിച്ചിട്ടുണ്ട്  പലതിയറികളും നമുക്ക് അതിനെപ്പറ്റിപ്പറയാം എങ്കിലും എനിക്ക് കൂടുതല്‍ ശരിയായി തോന്നിയിട്ടുള്ളത് ആദ്യ സ്വീകരണ/തിരസ്കാര തിയറിയാണു
  അതെന്തു തിയറി? ഞാന്‍ ഒന്ന് അമ്പരന്നു ഗോപീകൃഷ്ണന്‍ തുടര്‍ന്നു. രണ്ട് വ്യക്തികള്‍ അവര്‍ ആരാണെങ്കിലും ഏതുപ്രായക്കാരാണെങ്കിലും ആദ്യമായി കണ്ടുമുട്ടുന്ന നിമിഷത്തില്‍ അവര്‍ക്കിടയില്‍ ഒരു ആകര്‍ഷണം /വികര്‍ഷണം ഉണ്ടാകും. അത് എത്രകാലം കഴിഞ്ഞാലും മാറ്റമില്ലാതെ നിലനില്‍ക്കുകയും ചെയ്യും  അതെങ്ങിനെ ശരിയാകും വാദ്ധ്യാരേ  പ്രിചയപ്പെട്ട് കുറെനാള്‍ കഴിയുമ്പോഴല്ലേ മനുഷ്യര്‍ തമ്മില്‍ അടുക്കുകയും അകലുകയും ചെയ്യുക എനിക്ക് അവന്റെ പുതിയ തിയറി അംഗീകരിക്കാനായില്ല.  ഗോപീകൃഷ്ണന്‍ ചിരിച്ചു. ഒരിക്കലുമല്ല ശ്രീനീ നീ പറയുമ്പോലെയാണു നമ്മളെയെല്ലാം പഠിപ്പിച്ച് വെച്ചിരിക്കുന്നത്.എന്നാല്‍ സത്യമതല്ല. ഒരു വ്യക്തിയോടുള്ള സഹവാസം കൂടുമ്പോള്‍ നമ്മുടെ ചില സ്വാര്‍ത്ഥതകള്‍  നേടിയെടുക്കുവാന്‍
  അവനോട് അടുപ്പം കൂടുതലുണ്ടെന്ന് തോന്നിപ്പിക്കുവാനോ അകല്‍ച്ചയുണ്ടെന്ന് ധ്വനിപ്പിക്കുവാനോ നമ്മേ പ്രേരിപ്പിക്കുന്നു അത്രമാത്രം.വാഴുന്നവനു വളയിടാന്‍ മല്‍സരിക്കുകയും വീഴുന്നവനു  വിരലില്ല എന്ന് വിളിച്ച് പറയുകയും ചെയ്യുന്നമനോഭാവം.  അത്രയേ ഉള്ളൂ നീയിപ്പോള്‍ പറഞ്ഞ പരിചയത്തിലൂടെ വളരുന്ന മനുഷ്യബന്ധം.ശരിയല്ലേ എന്ന് ചിന്തിച്ച് നോക്കൂ എങ്കിലും ഗോപീ  ഒറ്റനോട്ടത്തില്‍ സ്വീകരണവും തിരസ്കാരവും ഒക്കെയുണ്ടാവാന്‍ നമുക്ക്
  അതീന്ദ്രിയ ജ് ഞാനം ഒന്നും ഇല്ലല്ലോ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.പിന്നേം നീ തെറ്റായ ട്രാക്കിലാണല്ലോടാ നീങ്ങുന്നത് ഈ തിരസ്കാരത്തിനും സ്വീകരണത്തിനും  എല്ലാം അടിസ്ഥാനശില ആ സമയത്തെ ഓരോ വ്യക്തിയുടേയും മാനസികാവസ്ഥയാണു.
  എന്റെ ഗോപീ നീ എന്താ ഉദ്ദേശിക്കുന്നത് നിനക്ക് ബുദ്ധിജീവിചമയാതെ എനിക്ക് മനസിലാകുന്നതുപോലെ പോലെ പറഞ്ഞുകൂടെ
  ഇത് അത്രക്ക് ഗഹനമായ കാര്യം ഒന്നും അല്ല.ഒരു കുഞ്ഞും അമ്മയും തമ്മിലുള്ള  ആദ്യ സമ്പര്‍ക്കം എപ്പോഴാണു അത് അമ്മ കുഞ്ഞിനെ കാണുമ്പോഴാണോ ഒരിക്കലുമല്ല തന്റെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവന്‍ തുടിക്കുന്നു എന്ന് ആദ്യമായി മനസിലാക്കുമ്പോഴാണു. ആനിമിഷത്തെ അല്ലങ്കില്‍ ആ സമയത്തെ മാനസികാവസ്ഥായാണു ആ അമ്മയും ആ കുഞ്ഞുമായിസ്നേഹമോ വെറുപ്പോ രൂപപ്പെടുത്തുന്നത് നിനക്ക് മനസിലാകുന്നുണ്ടോ  പക്ഷേ ഇതൊക്കെ പണ്ടും ഇങ്ങിനെതന്നെയല്ലായിരുന്നോ ഇപ്പോഴെന്താണു വിശേഷം ഞാന്‍ തര്‍ക്കിച്ചു.ഗോപീകൃഷ്ണന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. അല്ല നമ്മുടെരീതികളില്‍  വലിയമാറ്റം വന്നിട്ടുണ്ടു പണ്ട് കൂട്ടുകുടുംബമായിരുന്നപ്പോള്‍ ഇതൊക്കെ ഒരു ഉല്‍സവമായിരുന്നു.പിന്നീട് അണുകുടുംബങ്ങളായപ്പോള്‍ പോലും അയല്‍പക്കങ്ങളുമായും സഹോദരങ്ങള്‍ തമ്മിലും ബന്ധങ്ങളുണ്ടായിരുന്നു എന്നാല്‍ ഇപ്പോഴോ? വല്ല കല്യാണങ്ങള്‍ക്കോ,മരണങ്ങള്‍ക്കോ അല്ലാതെ സൗഹൃദസംഭാഷണം നടത്താനായി തൊട്ടടുത്ത അയല്‍പക്കത്തേയ്ക്കെങ്കിലും ഒന്ന് കയറിയിട്ട് എത്രകാലമായെന്നു ഒന്ന് ഓര്‍ത്തുനോക്ക്.ശരിയാ ഗോപീ നമുക്ക് ഇപ്പോള്‍ ആരുമായും ഒരു ബന്ധവുമില്ല.കല്യാണമാണെങ്കിലും മരണമാണെങ്കിലും കറക്ട്മുഹൂര്‍ത്തത്തിനുമാത്രമേഅങ്ങോട്ട് നീങ്ങൂ എന്ന നിലയിണു പലരും പിന്നെ മൊബൈലിലൂടെ വല്ലപ്പോഴും ഒരു വിളി അത്രേ ഉള്ളൂ അയല്‍ സഹോദര ബന്ധങ്ങള്‍
   ചുരുക്കത്തില്‍ ഭാര്യ ഭര്‍ത്താവ് മക്കള്‍ എന്നചെറിയവട്ടത്തിലേയ്ക്ക് നമ്മള്‍ ചുരുങ്ങി. എന്നാല്‍ അവിടെയോ ഈ പറയുന്ന അടുപ്പം നിലനില്‍ക്കുന്നുണ്ടോ?പരസ്പരം മനസുതുറന്ന് സംസാരമുണ്ടോ ശരിയാ ഗോപീ സ്ത്രീകള്‍ക്ക്  ഇപ്പോഴത്തെ അണുകുടുംബങ്ങളിലുള്ള മാനസിക സമ്മര്‍ദ്ദം വളരെ വലുതാണു   അക്കാര്യം അതിമനോഹരമായി കൊള്ളണ്ടെടുത്തെല്ലാം കൊള്ളിച്ച് ഞങ്ങളുടെ ഒരു സോവനീറില്‍ ഡോ.ഉഷ ഒരു ലേഖനം എഴുതിയിരുന്നു. ഞാനും വായിച്ചിരുന്നു ആലേഖനം  സൂപ്പറായിരുന്നൂ അതിന്റെ അവതരണ ശൈലി ഞാന്‍ അത് വായിച്ച് ഒരു പാട് ചിരിച്ചു  പിന്നെ ഒരു പാട് ചിന്തിച്ചു.ഡോ.ഉഷ അവതരിപ്പിച്ചിരുന്ന രീതിയിലുള്ള  ആ ഭര്‍ത്താവിന്റെ കുട്ടി തന്റെ വയറ്റില്‍ വളരുന്നു എന്നറിയുന്ന ഭാര്യക്ക് ആകുട്ടിയോട് സ്വീകരണമാണോ തിരസ്കാരമാണോ ഉണ്ടാകുക ശ്രീനി തന്നെ ഒന്നു ചിന്തിച്ചുനോക്ക്.പിന്നെ ഒരുകാര്യം കാലമാണു കാലം നീങ്ങുമ്പോള്‍ ആദ്യ സ്വീകരണവും തിരസ്കരണവും ബോധമനസില്‍ നിന്നും മാഞ്ഞുപോകും പക്ഷേ ഉപബോധമനസില്‍ നിന്നും മരണം വരെ അത് മറയില്ല അമ്മയ്ക്കും കുട്ടിയ്ക്കും.
  നാമറിയാതെ നമ്മുടെ പ്രവര്‍ത്തികളിലെല്ലാം അതിന്റെപ്രതിഫലനം ഉണ്ടാകുകയും ചെയ്യും
  അഛന്മാര്‍ ഈ പ്രശ്നങ്ങള്‍ ഒന്നും സ്വയം അറിയാറില്ല അണുകുടുംബങ്ങളായതില്‍പ്പിന്നെ അവര്‍കുട്ടികളില്‍ ഭാവിയിലേയ്ക്കുള്ള പ്രതീക്ഷ അര്‍പ്പിക്കുന്നു അവരെ സ്നേഹിക്കുന്നു മിക്കവാറും അഞ്ച് വയസുവരെ  അതുകഴിയുമ്പോള്‍ കുട്ടികള്‍ തിരിച്ച് വല്ലതും പറഞ്ഞുതുടങ്ങും  അതോടെ അത് അവസാനിക്കും  ഓരോരുത്തരും ഒരു കൂരയ്ക്ക് കീഴെ ഓരോദ്വീപുകളായി ജീവിക്കാന്‍ തുടങ്ങും. എങ്കിലും അഞ്ച് വയസുവരെയുള്ള സ്വീകരണം അതാണു നിന്നെ ആശുപത്രിയില്‍ നീ കേട്ട എന്റെ അച്ചായീ എന്ന കരച്ചിലിനു പുറകിലുള്ള സ്നേഹവും വിശ്വാസവും മനസിലായോ എനിക്ക് ഏതാണ്ട് മനസിലായെങ്കിലും ഒന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല  ചുരുക്കത്തില്‍ ചില അമ്മമാര്‍ അവര്‍ക്ക് ദുഖവും ദുരിതവും അവഗണനയും മാത്രം തന്ന ഭര്‍ത്താവിന്റെ പ്രതിരൂപങ്ങളായികണ്ട് മക്കളെ വെറുക്കുന്നു അല്ലങ്കില്‍ ഭര്‍ത്താവിനോടുള്ള യുദ്ധത്തിനുള്ള ചാവേറുകളായികണ്ട് സ്നേഹം അഭിനയിക്കുന്നു അല്ലേഎന്നാലും വാദ്ധ്യാരേനമ്മുടെ യൗവ്വനകാലത്തെ തല്ലുകൊള്ളിത്തരമാണോ മറ്റുള്ളവരുടെ ഉപബോധമനസില്‍ കിടന്ന് പുകഞ്ഞ് പുകഞ്ഞ് ഇത്രേം വലിയ പ്രശ്നം ഉണ്ടാക്കുന്നത്.എന്നാരുപറഞ്ഞു നീപറഞ്ഞ തല്ലുകൊള്ളിത്തരം അതിലെ ഒരു ഘടകം മാത്രം ഇതിനു വേറേയും പലഘടകങ്ങളുണ്ട് എങ്കിലുംകുടുമ്പം,സ്നേഹം പരസ്പരബന്ധങ്ങള്‍ എന്നിവയെപ്പറ്റി പരസ്പരം പഴിപറയാതെ നമുക്ക് നന്നാവണമെങ്കില്‍  നാം നമ്മുടെ ജീവിത ശൈലി മാറ്റണം  അത്രയേ ഉള്ളൂ ഭാര്യമാരുടെ സമരം ഒഴിവാക്കേണ്ടതും മക്കളുടെ സ്നേഹം കിട്ടേണ്ടതും  നമ്മുടെ ആവശ്യങ്ങളല്ലേ? ശരി സമ്മതിച്ചൂ എന്റെ വാധ്യാരേ ഇനി ഞാന്‍ പോകട്ടേ ആശ്വാസത്തോടെ ഞാന്‍ ആ പഞ്ചസാരമണലില്‍ നിന്നും എഴുന്നേറ്റു.കടല്‍പ്പാലത്തില്‍ തിരമാലകള്‍ അടിച്ചുയരുന്നത് ഒരു നിമിഷം നോക്കിനിന്നു എന്നിട്ട് കാര്‍ പാര്‍ക്ക് ചെയ്തിടത്തേയ്ക്ക് നടന്നു

2 comments:

സുധി അറയ്ക്കൽ said...

ഡോക്ടറേ!!നന്നായിരിക്കുന്നു.ആരോടെങ്കിലും സമസാരികൻ പറ്റിയ ഒരു വിഷയം കിട്ടി.

സുധി അറയ്ക്കൽ said...

കമന്റിൽ ഒരു അക്ഷരപിശക്‌ പറ്റി.ക്ഷമിക്കുമല്ലോ,