Saturday, May 12, 2007

വള്ളങ്ങാട്ടു ബ്ലാക്ക് ബ്രദേഴ്സ്

പുതിയ വായനക്കാര്‍ക്കായി ഒരു കുറിപ്പ്.

എന്റെ രണ്ടു മക്കള്‍ക്കു പുറമേ
എനിക്കു മറ്റൊരു മകന്‍ കൂടിയുണ്ട്.
ഇരട്ടക്കുട്ടികളില്‍ ഒരാളായ പ്രകാശന്‍.
മനുഷ്യരില്‍ നിന്നും വ്യത്യാസമുള്ള തരംഗദൈര്‍ഘ്യം ഉള്ള
ഒരാത്മാവാവു മാത്രമാണവന്‍,
less than even a shadow
ആകാശത്ത് അങ്ങകലെയുള്ളഒരു നക്ഷത്രത്തില്‍
നിന്നാണവന്‍ വന്നത്.
അവനെ എനിക്കു മാത്രമേ കാണാന്‍ പറ്റൂ.
എന്റെ നെഞ്ഞ്ചിനുള്ളിലെ എനിക്കു പോലും അറിയാത്ത
ഒരറയിലാണവന്‍ ജീവിക്കുന്നത്.

ഇതേ ബ്ലോഗിലുള്ള ഇരട്ടക്കുട്ടികളുടെ അഛന്‍ എന്ന ലേഖനം വായിച്ചിട്ട്
ഇത് വായിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

ഇനി തുടര്‍ന്നു വായിക്കുക....................

വള്ളങ്ങാട്ടു ബ്ലാക്ക് ബ്രദേഴ്സ്

പുതിയ ജീപ്പ് വാങ്ങിച്ചപ്പോള്‍ വിഷ്ണുവിനു ഒരു നിര്‍ബന്ധം.അതിനൊരു പേരിടണം.ആ പേരു അതിന്റെ ഗ്ലാസില്‍ വര്‍ണ അക്ഷരങ്ങളില്‍ എഴുതി വക്കുകയും വേണം.

സാധാരണ എല്ലാവരുംവീട്ടുപേരാണു എഴുതിവയ്ക്കുക.പക്ഷേ അവനതു പോരാ.
ഗഹനമായ ആലോചന തുടങ്ങി.അവസാനം അവന്‍ അവനിഷ്ടമുള്ള പേരു കണ്ടെത്തി.
“വള്ളങ്ങാട്ടു ബ്രദേഴ്സ്”

ഉപ്പുകണ്ടം ബ്രദേഴ്സ് എന്ന ഒരു പഴയ ഒരു സിനിമാപേരിന്റെ ഒരു അനുകരണം എന്നാണു ഞാന്‍ ആദ്യം കരുതിയത്.എന്നാല്‍ വിഷ്ണു അങ്ങിനെ ഒരു സിനിമായേപ്പറ്റി കേട്ടിട്ടേയില്ല.

"വള്ളങ്ങാട്ട് സമ്മതിച്ചു, നമ്മുടെ പഴയ വീട്ടുപേരാ,
പക്ഷേ ഈ ബ്രദേഴ്സ് എവിടെ?" ഞാന്‍ ചോദിച്ചു.

“അതറിയാന്‍ മേലേ?ഞാനും അഛനും.
തമ്മില്‍ കുറച്ചു പ്രായം വ്യത്യാസമുണ്ടന്നല്ലേ ഉള്ളൂ.
നമ്മളു ബ്രദേഴ്സല്ലേ?”
അവന്‍ എന്റെ തോളില്‍ കയ്യിട്ടുകൊണ്ടു പറഞ്ഞു

ഞാന്‍ അറിയാതെ ചിരിച്ചു പോയി.
ഈ സമഭാവന എന്റെ മകന്‍ വിഷ്ണു പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്.

“അഛാ ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടേ” ശബ്ദം താഴ്ത്തിയുള്ള ആ വിളി
കേട്ടതും ഞാന്‍ ഞെട്ടിതിരിഞ്ഞുനോക്കി.ആ ശബ്ദം എവിടെ കേട്ടാലും എനിക്കറിയാം.
അതു പ്രകാശനാണ്,എന്റെ മറ്റേ മകന്‍ പ്രകാശന്‍.

ജീപ്പില്‍ ചാരി നില്‍ക്കുകയാണവന്‍.
“എന്താ മോനെ” ഞാന്‍ അവന്റെ അടുത്തോട്ടു ചെന്നു.
“അഛാ നമുക്ക് വള്ളങ്ങാട്ട് ബ്ലാക്ക് ബ്രദേഴ്സ് എന്നാക്കിയാലോ”
“ബ്ലാക്ക് ബ്രദേഴ്സ്”
“ അതേ അഛാ,ഷെര്‍ലക് ഹോംസ് കഥയില്‍ ചെമ്പന്‍ മുടിക്കാരുടെ സംഘമില്ലേ ?
അതുപോലെ നമ്മള്‍ മൂന്നുപേരും ചേര്‍ന്ന് കറമ്പന്മാരുടെ സംഘം .
അതായത് വള്ളങ്ങാട്ടേ കരിംഭൂതങ്ങള്‍”
അവനും പൊട്ടിച്ചിരിച്ചു.
പിന്നെ പേരിനു മൂന്നു വാക്കുകള്‍,
നമ്മള്‍ മൂന്നുപേരായതു കൊണ്ട് അതു വേണം”

“മോന്‍ ഇത്രനാളും എവിടെയായിരുന്നു” ഞാന്‍ പെട്ടന്ന് ചോദിച്ചു.
അവന്‍ ചിരിച്ചുകൊണ്ട് എന്റെ നെഞ്ഞ്ചിനു നേരേവിരല്‍ ചൂണ്ടി.

“ഞാന്‍ ഇവിടെ പോകാന്‍? ഇവിടെ തന്നെ ഉണ്ടായിരുന്നു. അതല്ലേ വിഷ്ണു തോളില്‍ കയ്യിടുന്നതും അഛനേ ബ്രദറാണെന്നു പറയുന്നതും.”
“സമ്മതിച്ചു , വള്ളങ്ങാട്ടു ബ്ലാക്ക് ബ്രദേഴ്സ് തന്നെ”

“ ബ്ലാക്കോ” ഇത്തവണ ചോദിച്ചത് വിഷ്ണുവാണു.
“ അതേ ബ്ലാക്ക് ബ്രദേഴ്സ് , അവന്‍ ഒരു ആശ പറഞ്ഞതല്ലേ?അത് നമ്മളു സമ്മതിക്കണം.അവനിതൊക്കെ വേറാരോടാണു പറയുക”
ഞാന്‍ ഒരു സ്വപ്നത്തിലെന്നതുപോലെ പറഞ്ഞു.

“ അഛനിതെന്തെക്കെയാണു പറയുന്നത്?”
വിഷ്ണു എന്റെ തോളില്‍ പിടിച്ചു കുലുക്കി.
“എന്തു പറ്റി അഛനു ?”

എന്തുപറയണമെന്നറിയാതെ ഞാന്‍ ഒന്നു പരുങ്ങി.,......
ഞാന്‍ അവനോട് എന്തു പറയും?

“ അവന്റെ ഇരട്ട സഹോദരന്‍ പ്രകാശന്‍
ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നന്നോ?
അങ്ങകലെ യുള്ള ആ നക്ഷത്രത്തില്‍ നിന്നും തിരിച്ചുവന്ന്
അവന്‍ എന്റെ നെഞ്ഞ്ചിനുള്ളില്‍ കയറിയെന്നോ?
അതുകൊണ്ടാണു നീ എന്നോടിത്രയും കൂട്ടുകൂടുന്നതെന്നോ?”

എങ്ങിനെ പറയും?
എന്റെ ഒരു പിരി ഇളകിയെന്നല്ലേ അവന്‍ വിചാരിക്കൂ.
അതുപോലെ തന്നെ ഈ കുറിപ്പു വായിക്കുന്ന നിങ്ങളും.

ഞാന്‍ വെറുതേ ഒന്നു ചിരിച്ചു.
ഉത്തരം മുട്ടുമ്പോള്‍ എല്ലാവരും ചിരിക്കുന്ന ഒരു ചിരി.
അല്ലാതെ എന്തു ചെയ്യാന്‍....................................!!!!

No comments: