Sunday, December 27, 2009

ആ തണലില്‍ ഇത്തിരിനേരം കൂടി...

ഓടിട്ട വീടായതു കൊണ്ട് വലിയ മഴ പെയ്യുമ്പോള്‍ എവിടെയെങ്കിലും ചോര്‍ച്ചയുണ്ടാകുക എന്നതു
എന്‍റെ വീട്ടിലെ ഒരു സാധാരണ സംഭവമായിരുന്നു.
മഴവെള്ളത്തുള്ളികള്‍ മുറിക്കുള്ളില്‍ വീഴുമ്പോള്‍ അഛന്‍ തട്ടിന്‍പുറത്തേയ്ക്ക് കയറും
അമ്മ അപ്പോഴേ തടയും

" നടുവുവെട്ടുന്ന പരിപാടിയൊന്നും കാണിക്കാതെ,
ദേ ഈ ബാബുവിനേക്കൂടി കൂട്ട്."
അഛന്‍ അമ്മയുടെ വാക്കിനെതിരൊന്നും പറയാറില്ല
തട്ടിന്‍പുറത്തുനിന്നും എന്നേ ഉച്ചത്തില്‍ വിളിക്കും

"എടാ നീ കൂടി കേറി വാ, ഞാന്‍ പറഞ്ഞുതരാം നീ അതുപോലെ ചെയ്താമതി."

വീട്ടിലെ നാലുമക്കളില്‍ മല്ലന്‍ ഞാനാണ്.
കഠിനപ്രവര്‍ത്തികള്‍ ചെയ്യാന്‍ കെല്‍പ്പുള്ളവന്‍
എന്നേക്കാള്‍ ശക്തന്‍ ചേട്ടനാണ്
എന്നാലും പണ്ടെന്നോ ഒടിഞ്ഞ കൈയ്യുടെ മറവില്‍ ചേട്ടന്‍ ഇതില്‍നിന്നെല്ലാം രക്ഷപെടും

“അവന്‍റെ കൈപണ്ടൊടിഞ്ഞതല്ലേ, അധികം ഭാരം എടുക്കണ്ട.”

എന്നും അഛനും അമ്മയും ചേട്ടനു സപ്പോര്‍ട്ടായിട്ടുണ്ട്
ചേട്ടന്‍ അത് ശരിക്കും ഉപയോഗിക്കാറുമുണ്ട്

തട്ടുമ്പുറത്ത് എത്തിയ ഞാന്‍ ഓട് ശരിയാക്കാന്‍ നോക്കുമ്പോള്‍ അഛന്‍ എന്നേ തടയും

“നീയൊന്ന് അടങ്ങിനില്‍ക്ക്, ഞാന്‍ എന്താപറ്റിയതെന്നൊന്നു നോക്കട്ടേ.”

ചുരുക്കത്തില്‍ എന്നേ വെറും കാഴ്ച്ചക്കാരനായി ഇരുത്തിയിട്ട് അഛന്‍ ഓടുകള്‍ ശരിയാക്കിയിടും
തട്ടിന്‍പുറത്തുനിന്നും താഴെ വരുമ്പോള്‍ അഛന്‍ അമ്മയോടു പറയും

“ഓടൊക്കെ ശരിയാക്കിയിട്ടുണ്ട്, ബാബു ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ കഷ്ടപ്പെടാതെ സാധിച്ചു.”

എനിക്ക് അതു കേള്‍ക്കുമ്പോള്‍ ദേഷ്യം വരും
എന്നേ ശിഖണ്ഡിയാക്കിയിരുത്തിയിട്ട് അഛന്‍ യുദ്ധം ചെയ്യുന്നതില്‍
എനിക്ക് അടക്കാനാവാത്ത അമര്‍ഷം ഉണ്ടായിരുന്നു.

അഛന്‍റെ രീതി അങ്ങിനെയായിരുന്നു
എന്തും സ്വയം ചെയ്യും,
ജോലി അറിയാന്‍ പാടില്ലാത്ത ഒരാളേ ക്ഷമയോടെ സഹിച്ച്
ഒരു ജോലി ചെയ്യിക്കുവാന്‍ അഛന് ഒരിക്കലും സാധിക്കുമായിരുന്നില്ല

അഛന്‍ അപ്പുറത്തേക്ക് പോകും വരെ ഞാന്‍ ഒന്നും പറയാറില്ല
എന്നാല്‍ അതു കഴിഞ്ഞാന്‍ലുടനെ ഞാന്‍ അമ്മയോട് എന്‍റെ അമര്‍ഷം മുഴുവനും പ്രകടിപ്പിക്കും

“മേലാലീ പരിപാടിക്ക് എന്നേ വിളിച്ചേക്കരുത്,
മനുഷ്യനേ ഊളനാക്കുന്നതിന് ഒരു ലിമിറ്റുണ്ട്,
ഇത് കുറേ കൂടുതലാ.”

അമ്മ അതുകേട്ട് ചിരിക്കുകയേ ഉള്ളൂ

“നിന്‍റെ അഛനേ നിനക്കറിയാന്മേലേ?
നിന്‍റെ അഛനോ അമ്മൂമ്മക്കോ മറ്റൊരാളേക്കൊണ്ട് ഒരു പണി ചെയ്യിക്കാന്‍ പറ്റുമോ?”

എനിക്ക് ഓര്‍മ്മയുള്ള കാലം തുടങ്ങി ഈ കലാപരിപാടി
സ്ഥിരമായി ഞങ്ങളുടെ വീട്ടില്‍ അരങ്ങേറിക്കൊണ്ടിരുന്നു
ഓരോമഴയത്തും ഒരു വ്യത്യാസവുമില്ലാതെ...

വര്‍ഷങ്ങള്‍ മുന്നോട്ടുനീങ്ങി
അന്നു മഴ ശക്തിയായി പെയ്തു
പതിവുപോലെ അഛന്‍ തട്ടിന്‍പുറത്തുകയറി.
അമ്മ അതുകണ്ടില്ല
അതുകൊണ്ടുതന്നേ തടസമൊന്നും പറഞ്ഞുമില്ല

എന്നാല്‍ ആദ്യമായി അമ്മ പറയാതെ അഛന്‍ എന്നേ വിളിച്ചു
എന്നേക്കൊണ്ട് ഒന്നും ചെയ്യിക്കുകയില്ലാ എന്നറിയാവുന്നതുകൊണ്ടു ഞാന്‍ ഒരു കാഴ്ച്ചക്കാരനേപ്പോലെ നിന്നു
എന്നാല്‍ എന്നേ അത്ഭുതപ്പെടുത്തിക്കൊണ്ട് അഛന്‍ ശാന്തനായി പറഞ്ഞു

“എടാ എനിക്ക് ഓട് വലിച്ച് മാറ്റാന്‍ ബുദ്ധിമുട്ടുണ്ട് നിനക്ക് ശരിയാക്കാമോ എന്ന് ഒന്നു നോക്ക്.”

എത്രയോ വര്‍ഷങ്ങളായി ഞാന്‍ കാത്തിരുന്ന നിമിഷം....!!
എന്നാല്‍ എനിക്ക് സന്തോഷത്തിനു പകരം വലിയ സങ്കടമാണു വന്നത്

ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിയുകയായിരുന്നു
എന്‍റെ അഛനു വയസായിരിക്കുന്നു.
ഇനി ഈ തണലില്‍ എനിക്ക് കിട്ടാവുന്ന കാലത്തിന്‍റെ അവസാന ഘട്ടം അടുക്കുന്നു .

പഴയ ശിഖണ്ഡിയായി മാറാന്‍ കഴിഞ്ഞിരിന്നെങ്കിലെന്ന് അപ്പോള്‍ ഞാന്‍ ശരിക്കുമാഗ്രഹിച്ചു.
ആരും കാണാതെ ഞാന്‍ അന്ന് ഒരുപാടുകരഞ്ഞു

Ralph Hodgson ന്റെ കവിതയിലെ

“time, you old gipsy man,
will you not stay,
put up your caravan
just for one day?

all things I'll give you
will you be my guest....
........................
time you old gipsy,
why hasten away?

എന്ന വരികളിലെ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥന പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എനിക്ക് മനസിലാകുകയായിരുന്നു.

പിന്നെയും കാലം മുന്നോട്ട് നീങ്ങി
വെട്ടൂര്‍ രാമന്‍ നായര്‍ സാറിന്‍റെ നിര്‍ബ്ബന്ധമാണഛനെ
ഹോരാശാസ്ത്രത്തിന്റെ സഹൃദയ വ്യാഖ്യാനം എഴുതാന്‍ പ്രേരിപ്പിച്ചത്.
ആദ്യം അത്രക്ക് പ്രാധാന്യം കൊടുക്കാതെയാണു തുടങ്ങിയതെങ്കിലും
അദ്ധ്യായങ്ങള്‍ മുന്നോട്ടുനീങ്ങിയപ്പോള്‍ ഊണിലും ഉറക്കത്തിലും അഛന്‍റെ ശ്രദ്ധ അതില്‍ മാത്രമായി

ഒരുദിവസം എന്നോടു അഛന്‍ പറഞ്ഞു

“എടാ ഇതെന്‍റെ ജന്മ നിയോഗമാണ്,
ഇപ്പോള്‍ ഞാന്‍ സാക്ഷാല്‍ തലക്കുളത്തു ഭട്ടതിരിയായി മാറുന്നതുപോലെ എനിക്ക് തോന്നുന്നു.”

അഛന്‍ തമാശായിട്ടാണതുപറഞ്ഞതെങ്കിലും ഞാന്‍ ഒന്നു ഞെട്ടി.
“ജന്മനിയോഗം”
ആ വാക്ക് എന്‍റെ മനസ്സില്‍ ആഴത്തില്‍ തുളച്ചുകയറിയതുപോലെ എനിക്ക് തോന്നി

“ഓരോ മനുഷ്യനും ഓരോ ജന്മനിയോഗം ഉണ്ട്
അതിനു വേണ്ടിയാണു നമ്മള്‍ ഓരോരുത്തരും ഈ ഭൂമിയില്‍ ജീവിക്കുന്നത്
അത്പൂര്‍ത്തിയായാല്‍ പിന്നെ ഭൂമിയില്‍ നമുക്ക് ജീവിതമില്ല
തിരികെ യാത്രയായേ പറ്റൂ!”

പണ്ട് ഊരാശാല അമ്പലത്തിലെ രവിവാരപാഠശാലയില്‍ വച്ച്
ഉദ്ദണ്ഡന്‍ സാര്‍ പഠിപ്പിച്ച ആ വാചകങ്ങള്‍ചെവിയില്‍ മുഴങ്ങുന്നതുപോലെ...

അന്നും അഛന്‍ കാണാതെ ഞാന്‍ ഒരുപാടുകരഞ്ഞു.

ഓര്‍ന്മയിലെവിടെയോ ഒരു സന്ധ്യ
വൈകുന്നേരത്തേ ഉല്ലാസനടപ്പില്‍ അഛന്‍റെ കൈയ്യില്‍ തൂങ്ങി രണ്ട് ആണ്‍കുട്ടികള്‍
അഛന്‍ ചിരിക്കുന്നു
“അടുക്കെ ചവിട്ടി മുറുക്കെ നടക്ക്.....”

ഭീമനണ്ണാച്ചിയുടെ ഭാമാ സ്റ്റോഴ്സിന്‍റെ മുന്നിലെത്താറാകുമ്പോള്‍ ചേട്ടന്‍റെ അഭ്യാസം തുടങ്ങുന്നു
“ഓ, മടുത്തു വല്ലാത്താ ക്ഷീണം...”
അതു കേട്ട് അഛന്‍ ചിരിക്കും
നാരങ്ങാവെള്ളം ആണുദ്ദേശം എന്ന് അഛനറിയാം
അതുകൊണ്ടുതന്നേ അഛന്‍ എതിരൊന്നും പറയാറില്ല

അണ്ണാച്ചിയുടെ കടയില്‍ കയറി അഛന്‍ വര്‍ത്തമാനം തുടങ്ങുമ്പോഴേക്കും
കടക്കാരനോടു പറയാതെ തന്നെ തൊട്ടടുത്ത കടയില്‍ നിന്നും നാരങ്ങാവെള്ളം എത്തും
അഛന്‍ നാരങ്ങാവെള്ളത്തിന്‍റെ പൈസയും കൊടുത്ത് അവിടെ നിന്നും ഇറങ്ങിയാല്‍ പിന്നെ
നടക്കാന്‍ ഞങ്ങള്‍ക്കു മടി,
അടുത്ത ബസ്സിനു അഛന്‍ പറയാതെതന്നേ ചേട്ടന്‍ കൈകാണിക്കും,

പിന്നെ തിരികെ വീട്ടിലെത്തിയാല്‍ ചേട്ടന്‍റെ സ്ഥിരം കഥ കേള്‍ക്കാം

“ഒരഛനും രണ്ടു മക്കളും കൂടി നടക്കാന്‍പോയി,
അഛന്‍ കൈനീട്ടി, വണ്ടി നിറുത്തിയില്ല
മകന്‍ കൈനീട്ടി, വണ്ടി നിറുത്തി....”

അതെല്ലാം കേട്ട് പുഞ്ചിരിക്കുന്ന അഛന്‍റെ വാല്‍സല്യം നിറഞ്ഞ മുഖം...

ആ തണലില്‍ ഇത്തിരിനേരം കൂടി ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍,
വീണ്ടും ഒരിക്കല്‍ക്കൂടി ആ നിമിഷങ്ങളിലേക്ക് തിരിച്ചുപോയെങ്കില്‍,
എന്നൊക്കെ ഞാന്‍ ശരിക്കും അപ്പോള്‍ ആഗ്രഹിച്ചുപോയി....

1 comment: