Monday, January 16, 2012

വീണ്ടും ചില സ്കൂള്‍ വിശേഷങ്ങള്‍


 വൈകുന്നേരത്തെ ഉല്ലാസനടപ്പ് 
പുലിയന്നൂര്‍ അമ്പലംറോഡിലൂടെ കലാനിലയം സ്കൂള്‍ വരെ നീണ്ടു. കുന്നുകയറിസ്കൂളിന്റെ അടുത്തെത്തിയപ്പോള്‍ സമയം ഇരുട്ടിത്തുടങ്ങി.ഇന്ന് ഇത്രമതി. ഞാന്‍ സ്കൂളിന്റെ പടിക്കലെ ഗുല്‍മോഹര്‍ മരത്തിന്റെ ചുവട്ടിലുള്ള കല്ലില്‍ ഇരുന്നു.  


42  വര്‍ഷം മുന്‍പ് ഞാന്‍ ആദ്യമായി കയറിയ പടികള്‍ കാണുമ്പോള്‍ മനസില്‍ എന്തോ ഒരു ഗൃഹാതുരത്വം.


"അപ്പ് അപ്പ് കലാനിലയം!!
 അപ്പ് അപ്പ് കലാനിലയം!!
 എന്നൊരാരവം ചെവിയില്‍ മുഴങ്ങുന്നതുപോലെ  


തലയില്‍ മല്‍സരിച്ച് വിജയിച്ച് നേടിയ കപ്പുമായി ഒരുകൂട്ടം കുട്ടികള്‍ കയറിവരുന്നു അക്കൂട്ടത്തില്‍ ഞാനുമുണ്ട്.


"പൊട്ടിച്ചേ പൊട്ടിച്ചേ കണ്ണാടിയുറുമ്പിനെ പൊട്ടിച്ചേ,
 പൊട്ടിച്ചേ പൊട്ടിച്ചേ വിളക്കുമാടത്തെ പൊട്ടിച്ചേ"


 എല്ലാവരും ആര്‍ത്തുവിളിക്കുന്നു.ഒരു സ്പോര്‍ട്ട്സ് ഐറ്റത്തിലും ഞാന്‍ എന്റെ ജീവിതത്തില്‍ പങ്കെടുത്തിട്ടില്ല. ഗ്രൗണ്ട്കാണാക്കുട്ടിയായ എനിക്ക് ആ ആര്‍പ്പുവിളിയില്‍ പങ്കുചേരുകമാത്രമേ പണിയുള്ളു.


കണ്ണാടിയുറുമ്പ് യുപിസ്കൂളും വിളക്കുമാടം  യുപി സ്കൂളുമാണ് 
ഞങ്ങളുടെ പ്രധാന എതിരാളികള്‍.


എല്ലാം കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളുകള്‍ രാവിലെ 8 മണിക്ക് കണ്ണാടിയുറുമ്പില്‍ ഓട്ടവും ചാട്ടവും തുടങ്ങുമെന്ന് അറിവ് കിട്ടിയനാള്‍മുതല്‍  ഞങ്ങളുടെസ്കൂളില്‍ 7 മണിക്ക് പ്രാക്ടീസ് തുടങ്ങി ഏതായാലും ഞാന്‍ പഠിച്ച മൂന്നുവര്‍ഷവുംകപ്പുകള്‍ എല്ലാം നേടിയത് ഞങ്ങളുടെ കലാനിലയം തന്നെ.


അങ്ങിനെയിരിക്കെ ഒരു ദിവസം ദീപിക കൊച്ചേട്ടന്‍ ഞങ്ങളുടെ സ്കൂളില്‍ വന്നു. ദീപികബാലസഖ്യത്തിന്റെ ചുമതലക്കാരനാണ് കൊച്ചേട്ടന്‍. സരസമായ പ്രസംഗം.പ്രസംഗത്തിന്റെ അവസാനം കൊച്ചേട്ടന്‍പറഞ്ഞു 


"കുട്ടികളെ ഞാന്‍ ഇന്ന് ഇവിടെ ഒരു ചെടിയുടെ വിത്ത് വിതയ്ക്കുവാന്‍ പോവുകയാണ്. നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെടിയുടെ വിത്ത്. അത് നാളെ മുളയ്ക്കും ഉടനെ വള്ളിവീശും തിങ്കളാഴ്ച്ച അത് വളര്‍ന്ന് പന്തലിച്ച് നിറയെപൂവിടും."


എനിക്ക് വിശ്വസിക്കാനായില്ല 


"ഇങ്ങിനെ ഒരു വിത്തോ? എന്റെ ഈശ്വരാ അതെന്തുവിത്ത് ?" 

തിങ്കളാഴ്ച്ചയ്ക്കായി ഞാന്‍ കാത്തിരുന്നു അതിരാവിലെ സ്കൂളില്‍ വന്ന് എല്ലായിടത്തും നോക്കിയിട്ടും ആ ചെടി എനിയ്ക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ തപ്പിനടക്കുന്നതുകണ്ട കോണ്‍സലീത്താമ്മ ടീച്ചര്‍  എന്റെ അടുത്തേക്കുവന്നു. ടീച്ചറിനോട് ഞാന്‍ ആചെടിയേപ്പറ്റി ചോദിച്ചു.


" ആ ചെടിയാണോ നീ ഈ കൊച്ചുവെളുപ്പാന്‍കാലത്ത് നോക്കാന്‍ വന്നത്?"


ടീച്ചര്‍ പൊട്ടിപ്പിട്ടിചിരിച്ചു.


"എന്റെ ശ്രീനിവാസാ, അത് ചെടിയും മരവും ഒന്നുമല്ല ദീപികാ ബാലസഖ്യത്തിന്റെ ശാഖയാ.കൊച്ചേട്ടന്‍ പറഞ്ഞത് സാഹിത്യഭാഷയാ നിങ്ങളെല്ലാം ദീപിക ബാലസഖ്യത്തില്‍ ചേരും എന്നാ കൊച്ചേട്ടന്‍ ഉദ്ദേശിച്ചത്."


 ടീച്ചര്‍ പിന്നെയും പൊട്ടിച്ചിരിച്ചു. ഞാന്‍ ചമ്മിപ്പോയി.


"സാരമില്ല അത്രയും പിള്ളേരു പ്രസംഗം കേട്ടെങ്കിലും 
ചിന്തിച്ചത് നീമാത്രമല്ലേയുള്ളു, നീ നന്നായി വരും."


ഞാന്‍ മോണിട്ടറായിരുന്നപ്പോള്‍ ജോഷിസ്കറിയായുടെ ഒരു നോട്ടുബുക്ക് കാണാതെപോയി.
ഹിന്ദി നോട്ടുബുക്ക്  കോമ്പോസിഷന്‍ എഴുതി ടീച്ചറുടെ മേശപ്പുറത്ത് വെച്ചതാണ്.  


"മോണിട്ടര്‍, നീയല്ലേ ആ ബുക്ക് ക്ലാസില്‍നിന്നും ഓഫീസ് റൂമിലേയ്ക്ക് കൊണ്ടുപോയത് അപ്പോള്‍ അത് നഷടപ്പെട്ടെങ്കില്‍ അത് നീ തന്നെ വാങ്ങിക്കൊടുക്കണം"
ഹിന്ദിപഠിപ്പിക്കുന്ന സിക്സ്തൂസമ്മടീച്ചര്‍  വിധിപ്രസ്താവിച്ചു.  


എനിക്ക് അന്നും ഇന്നും ആ തീരുമാനത്തിന്റെ ലോജിക്ക് മനസിലായിട്ടില്ല മോണിട്ടര്‍ സ്കൂളില്‍ നിന്നും പുറത്തു കൊണ്ടുപോകാത്ത നോട്ടുബുക്ക് നഷ്ടപ്പെട്ടാല്‍ അത് ടീച്ചറല്ലേ വാങ്ങിക്കൊടുക്കേണ്ടത് ?
എന്റെ വാദങ്ങള്‍ സിക്തൂസമ്മടീച്ചറിന്റെ ഉഗ്രശാസനയ്ക്കുമുന്‍പില്‍ വിലപ്പോയില്ല.
എനിക്ക് ഒരു പുതിയബുക്ക് വാങ്ങിക്കൊടുക്കേണ്ടിവന്നു. എനിക്ക് വല്ലാത്ത സങ്കടം വന്നു.
എന്റെ സങ്കടം എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ബാബുതോമസിനെ  വല്ലാതെ വിഷമിപ്പിച്ചു 
"കൂട്ടുകാരാ  കരയാതെ,  ഈ അനീതിയ്ക്ക്   പകരം ഒരു പണി തിരിച്ച് കൊടുക്കാന്‍ പറ്റുമോന്ന് ഞാന്‍ ഒന്ന് ആലോചിക്കട്ടെ !! 
എന്തേലും നമുക്ക് ഒപ്പിക്കാം." 
ബാബു എന്നെ സമാധാനിപ്പിച്ചു  


രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ബാബുവിനു ഒരു ബുദ്ധിഉദിച്ചു.
200 പേജിന്റെ ഒരു നല്ല ബുക്കുമായിട്ടാണു ബാബു വന്നത് 
എന്നെ രഹസ്യമായി വിളിച്ച് അവന്‍ പദ്ധതി വിശദീകരിച്ചു. 


"ഞാന്‍ നല്ലപോലെ ആലോചിച്ചു, ജോഷിയുടെ ബുക്ക് എടുത്തിരിക്കുന്നത് കുട്ടികളല്ല, ഏതോ ഒരു ടീച്ചറാണ്.
ചിലപ്പോള്‍ ഈ ഹിന്ദിടീച്ചര്‍ തന്നെയാവാം 
പക്ഷേ നമ്മുടെ കൈയ്യില്‍ തെളിവുകളില്ല. 
അതുകൊണ്ട് സിനിമയിലൊക്കെ കാണുന്നതുപോലെ നമുക്ക് പഴയ രംഗം പുനര്‍ശൃഷ്ടിക്കണം എന്നാലെ കള്ളനെ പിടിക്കാന്‍ പറ്റൂ അതിനാണീ വലിയ നല്ല ബുക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതില്‍ കോമ്പോസിഷന്‍ എഴുതിനിന്റെ പേരില്‍ വയ്ക്ക് നമുക്ക്  കളിതുടങ്ങാം!!"
ബാബു ആ ബുക്കിന്റെ 100,150 പേജുകളില്‍  പെന്‍സില്‍ കൊണ്ട് ചെറുതായി എന്റെ പേരെഴുതി. പുറമേ എല്ലാപേജുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരുചെറിയ വരയുമിട്ടു. 


"കള്ളി  ടീച്ചര്‍ ഞാന്‍ ഇടുന്ന ഈ ചൂണ്ടയില്‍ കൊത്തും 
ബുക്കിന്റെ ഒന്നാം പേജ് കീറിക്കളഞ്ഞ് സ്വന്തമാക്കി അതുമായി ക്ലാസില്‍ വരും അന്ന് നമുക്ക് പിടികൂടാം, നമ്മളോടാ കളി!!"
ബാബു ഇല്ലാത്ത മീശപിരിച്ചുകൊണ്ട് പറഞ്ഞു. 
എനിക്കും രസമായി  
"ഇനി ഒരു കളികൂടെയുണ്ട്  ഞാന്‍ ഇന്ന് കോമ്പോസിഷന്‍ വെയ്ക്കുന്നില്ല.പക്ഷേ ടീച്ചര്‍ ചോദിച്ചാല്‍ വെച്ചൂ എന്ന് നീ പറയണം 
കിളി പടം എടുത്തില്ലേല്‍ കളത്തില്‍ കയറി കളിക്കാനുള്ള പണി കൂടി നമ്മള്‍കരുതിവെക്കെണ്ടേ?"
ബാബു വളരെ ഉല്‍സാഹത്തിലാണ്.
ബാബു പറഞ്ഞത് സത്യമായി , കിളി പടം എടുത്തു. 
എന്റെ പുതിയ കോമ്പോസിഷന്‍ ബുക്ക് കാണാനില്ല


"ടീച്ചര്‍,  എന്റെ കോമ്പോസിഷന്‍ ബുക്ക് കാണാനില്ല  
മോണിട്ടര്‍ അത് വാങ്ങിത്തരണം!"
 ഞാന്‍ തര്‍ക്കവുമായി എഴുന്നേറ്റു. 
"എന്റെ ബുക്കും കാണാനില്ല 
200 പേജിന്റെ പുതിയ നോട്ടുബുക്ക് ഞങ്ങള്‍ ഒരുമിച്ച് വാങ്ങിയതാ" 
ബാബുവും എഴുന്നേറ്റതോടെ രംഗം കൊഴുത്തു.
ടീച്ചര്‍ വഴങ്ങുന്നില്ല  
പ്രശ്നംഹെഡ്മിസ്ട്രസിന്റെ മുമ്പിലെത്തി .
"ഈ  ശ്രീനിവാസന്‍ മോണിട്ടറായിരുന്നപ്പോള്‍ നഷ്ടപ്പെട്ടബുക്ക് ഇയാളെക്കൊണ്ട് വാങ്ങിപ്പിച്ച ടീച്ചറിന് സണ്ണിമാത്യു മോണിട്ടറായിരിക്കുമ്പോളെന്നാ പുതിയനിയമം? 
ഒരുപന്തിയില്‍ രണ്ട് വിളമ്പ് പറ്റില്ല ടീച്ചറേ!!"


ബാബു വിട്ടുകൊടുക്കാന്‍ ഒരുക്കമില്ലഎന്ന്  മനസിലായ ഹെഡ്മിസ്ട്രസ് ജയിനമ്മ ടീച്ചര്‍രണ്ട് ബുക്കിന്റെ വില സ്വന്തം കൈയ്യില്‍ നിന്നും എടുത്ത് തന്നു.


" ടീച്ചറിനെപ്പോലുള്ള നീതിമാന്മാരുള്ളത് ഞങ്ങളുടെ ഭാഗ്യം, താങ്ക്യൂടീച്ചര്‍!!"
ബാബു നന്ദിപറയാന്‍ മറന്നില്ല. 
"എങ്ങിനെയുണ്ടെന്റെ ബുദ്ധി?"
ബാബുവിനു അന്ന് വൈകിട്ട് പോകുമ്പോള്‍ ആഹ്ലാദം അടക്കാനാകുന്നില്ല. 


ബാബു പറഞ്ഞത് ശരിയായി 
മറ്റൊരുടീച്ചര്‍  എന്റെ ബുക്ക് ആദ്യപേജ് കീറിക്കളഞ്ഞ് ഉപയോഗിക്കുന്നത് ഞങ്ങള്‍ അധികം താമസിയാതെ കണ്ടെത്തി. എങ്കിലും പ്രശനമുണ്ടാക്കാന്‍ പോയില്ല 
ഹെഡ്മിസ്ട്രസിനോടുപറഞ്ഞാല്‍, ആ ബുക്ക് വാങ്ങിതിരികെ തന്നിട്ട് തന്ന പണം തിരികെ വാങ്ങിയാലോ....?

1 comment:

kARNOr(കാര്‍ന്നോര്) said...

കൊള്ളാം സ്കൂള്‍ വിശേഷങ്ങള്‍