Saturday, April 14, 2012

ഗുല്‍മോഹര്‍ പൂക്കള്‍.

കലാനിലയം സ്കൂളിന്റെ മുന്നില്‍ ഒരു വലിയമരം ഉണ്ട്.
 വളര്‍ന്ന് പന്തലിച്ച ഒരു ഗുല്‍മോഹര്‍ മരം.
സ്കൂളിലെ ഇടവേളകളില്‍ എന്റെ സങ്കേതം.

ഈമരം പൂക്കുന്നതായി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
ക്ലാസ് തുറക്കുന്ന ദിവസങ്ങളില്‍ ആമരത്തില്‍ കായകള്‍ തൂങ്ങിനില്‍ക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്
കാണാന്‍ പറ്റാത്ത പൂവായതിനാലാണോ എന്നെനിക്കറിയില്ല,
ഞാൻ ആ ഗുല്‍മോഹര്‍പ്പൂക്കളെ വല്ലാതെ സ്നേഹിച്ചിരുന്നു.
മറ്റുകുട്ടികള്‍ ഓടിക്കളിക്കുമ്പോള്‍  ഗ്രൗണ്ട് കാണാക്കുട്ടിയായ ഞാന്‍
ആ മരചുവട്ടിലെ കല്ലില്‍ ഇരിക്കും.
അവിടെ നിന്നും നോക്കിയാല്‍ ചുറ്റുപാടുകള്‍മുഴുവന്‍ കാണാം
പുലിയന്നൂര്‍ പാടത്തിന്റെ നടുവിലൂടെ കുന്നുകയറി വരുന്ന ചുവന്ന വഴിത്താര
ആവഴിയുടെ ഇടത്ത് വശത്ത് ഉള്ള അച്ചന്റെ ക്വാര്‍ട്ടേഴ്സ്
അതിനോട് ചേര്‍ന്ന് രണ്ട് തട്ടുകളായുള്ള കളിസ്ഥലം.
സ്കൂളിനോട് ചേര്‍ന്നുള്ള കപ്പേള(ചെറിയ പള്ളി), മഠം, എല്ലാം

പാലാ സെന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ
കൊട്ടാരത്തും മൂഴിഅച്ചനായിരുന്നു ക്വാര്‍ട്ടേഴ്സില്‍ താമസം.
വര്‍ഷത്തില്‍ ഒരു ദിവസം അച്ചന്‍ സ്കൂളില്‍ വന്ന് തിരുകര്‍മ്മങ്ങള്‍  നടത്തും
അച്ചനെ കാണുമ്പോള്‍ "ഗുഡ്മോണിഗ് ഫാദര്‍"  എന്ന്പറയാന്‍
റെമീജിയസമ്മടീച്ചര്‍ ഞങ്ങളോട് പറഞ്ഞതുമുതല്‍ ഞങ്ങള്‍ അത് മുടക്കിയിട്ടില്ല
പുഞ്ചിരിയോടെ കൊട്ടാരത്തും മൂഴി അച്ചന്‍
ഞങ്ങള്‍ക്കെല്ലാം ഗുഡ് മോണിഗ് തിരിച്ചും തന്നിരുന്നു

രാവിലെ ഈശ്വരപ്രാര്‍ത്ഥന,
ഉച്ചയ്ക്ക് ഇടവേളയ്ക്കുമുന്‍പ് നന്മനിറഞ്ഞമറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി.... എന്നുതുടങ്ങുന്ന പ്രാത്ഥന,
ഉച്ചയ്ക്ക് ഓ മൈ ഗോഡ് എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന
നാലുമണിയ്ക്ക് ദേശീയ ഗാനം

ഇങ്ങനെ കന്യാസ്ത്രീകളുടെ   സ്കൂളായിരുന്നതുകൊണ്ട്
പ്രാര്‍ത്ഥനകള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.
മറ്റുകുട്ടികളോടൊപ്പം ഞാനും
ആ പ്രാര്‍ത്ഥനകളിലെല്ലാം ആത്മാര്‍ത്ഥതയോടെ പങ്കെടുത്തിരുന്നു.

പതിവുപോലെ അന്നും ഉച്ചയ്ക്ക് ഞാന്‍ തൊണ്ടകീറുമ്പോലെ
ഉച്ചപ്രാര്‍ത്ഥന  കൂവിവിളിച്ച് പാടി
തല ഉയര്‍ത്തുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി
എന്റെ ക്ലാസ് ടീച്ചര്‍ ഫിഷര്‍മേരി ടീച്ചര്‍  എന്നെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കുന്നു.
ടീച്ചറിന്റെ മുഖത്ത് വല്ലാത്ത ഒരു ചിരി.

"ശ്രീനി ആ പ്രാര്‍ത്ഥന ഒന്നു കൂടി പറഞ്ഞേ"

എന്നെ മറ്റാരുംവിളിച്ചിട്ടില്ലാത്ത  ശ്രീനി എന്ന ചുരുക്കപ്പേരിലാണ്
എന്നും ഫിഷര്‍മേരിടീച്ചര്‍  വിളിച്ചിരുന്നത്.

സത്യത്തില്‍ എനിക്ക് ആ പ്രാര്‍ത്ഥന എന്താണെന്ന് അറിയില്ല
ആരും എനിക്ക് അത് പറഞ്ഞുതന്നിട്ടുമില്ല
അത് ലാറ്റിനോ മറ്റേതോ ഭാഷയോ ആണെന്നാണു ഞാന്‍ വിചാരിച്ചിരുന്നത്
ഓ മൈഗോഡ് കഴിഞ്ഞ് എനിക്ക് അറിയില്ല
ഐമസിസ്, ഏമസിസ് ഏമാന്‍
എന്നാണ്  ഞാന്‍ സാധാരണ വിളിച്ച് പറയാറുള്ളത്

രക്ഷയില്ലാത്തതിനാല്‍ ഞാന്‍ എനിക്കറിയാവുന്നതുപോലെ വിളിച്ച് കൂവി.
ടീച്ചര്‍ ചിരിക്കാന്‍ തുടങ്ങി തുടങ്ങി എന്നല്ല ടീച്ചറിനു ചിരി നിര്‍ത്താന്‍ പറ്റുന്നില്ല
ഞാന്‍ ചമ്മിപ്പോയി
കൂട്ടുകാരെല്ലാം തലതാഴ്ത്തിയിരിക്കുന്നു.അവരുടേയും അവസ്ഥ അതുതന്നെ.

അവസാനം ടീച്ചര്‍ പറഞ്ഞു

"എന്റെ ശ്രീനീ, വാക്കുകള്‍ എന്താണെങ്കിലും ഭക്തിയുണ്ടെങ്കില്‍ പ്രാര്‍ത്ഥന ഫലിക്കും
എന്നാലും ഇനി ഇത്തരം വിഢിത്തങ്ങള്‍ ആവര്‍ത്തിക്കരുത് "

ഓ മൈഗോഡ്, വി ആര്‍  എബൗട്ട് റ്റു ബിഗിന്‍  അവർ സ്റ്റഡീസ്
എന്നുതുടങ്ങുന്ന പ്രാര്‍ത്ഥന  ടീച്ചര്‍ ബോര്‍ഡില്‍ എഴുതി

"എന്നാലിത് നേരത്തെ ചെയ്യാന്‍ മേലായിരുന്നോ?
 കുഴീച്ചാടിച്ചിട്ടാണോ വലിച്ച് കേറ്റുന്നേ?"
 ബാബുതോമസിന്റെ ചോദ്യം കേട്ടെങ്കിലും ടീച്ചര്‍ ഒന്നും പറഞ്ഞില്ല.
 .........................................................................................
കലാനിലയത്തില്‍ ഏഴാം ക്ലാസില്‍ കയറിയപ്പോള്‍മുതല്‍
എനിക്ക് ഒരുലക്ഷ്യം ഉണ്ടായിരുന്നു.
സ്കൂളില്‍ ഒന്നാം റാങ്ക് .

മറ്റൊന്നിനുമല്ല കലാനിലയത്തില്‍ ഒന്നാം റാങ്ക് നേടുന്ന കുട്ടിക്ക് ഒരു സമ്മാനമുണ്ട്.
മുത്തോലി ഗ്രാമപഞ്ചായത്തിന്റെ സമ്മാനം.
പൊതുയോഗത്തില്‍ വെച്ച് ആ സമ്മാനം സ്വീകരിക്കുന്നത്
ഞാന്‍ സ്വപ്നങ്ങളില്‍ പോലും കണ്ടു...
ഏഴാം ക്ലാസില്‍പഠിച്ച ഓരോ നിമിഷവുമതുമാത്രമായിരുന്നു എന്റെ മനസില്‍.

അവസാനം പരീക്ഷകഴിഞ്ഞപ്പോള്‍ എനിക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു.
എങ്കിലും റിസല്‍റ്റ് അറിയാനായി സ്കൂളിലേയ്ക്ക് പോയപ്പോള്‍
അല്‍പം നെഞ്ചിടിപ്പുയര്‍ന്നുഎന്നത്  മറക്കുന്നില്ല

സ്കൂളിന്റെ പടികയറുമ്പോള്‍ കോണ്‍സലീത്താമ്മ ടീച്ചര്‍
"മിടുക്കന്‍, ഫസ്റ്റ്  റാങ്ക് അടിച്ചെടുത്തല്ലോ!!"
 എന്ന് പറഞ്ഞപ്പോളാണത് ആഹ്ലാദപൂത്തിരിയായി വിടര്‍ന്നത്.

"ദേ, ഫസ്റ്റ് റാങ്കുകാരന്‍ വന്നിരിക്കുന്നു"
ടീച്ചര്‍  എന്റെകൂടെ ഹെഡ്മിസ്ട്രസിന്റെ മുറിയിലേയ്ക്ക് വന്നു.

"സിസ്റ്ററിങ്ങുവന്നേ,"

കോണ്‍സലീത്താമ്മടീച്ചറിനെ മറ്റൊരുടീച്ചര്‍ കയ്യില്‍പിടിച്ച് അകത്തേയ്ക്ക്കൊണ്ടുപോയി
സമയം മുന്നോട്ട് നീങ്ങും തോറും എനിക്ക്  അസ്വസ്ഥത തോന്നി

"കോണ്‍സലീത്താമ്മ ടീച്ചറിനു തെറ്റുപറ്റിയതാ,
 റാങ്ക് ശ്രീനിവാസനല്ല  നമ്മുടെ ആലീസുകുട്ടിക്കാ "
സിസ്റ്റര്‍ തിരിച്ചുവരും വഴി പറഞ്ഞു.
.
ഞാന്‍ ഞെട്ടിപ്പോയി
എനിക്ക് വാക്കുകള്‍ പുറത്തേയ്ക്ക് വരുന്നില്ല

"ശ്രീനിവാസന്റെ  അഛന്‍ പ്രൊഫസറല്ലേ?
 പണത്തിനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ലല്ലോ,
നമ്മുടെ ആലീസുകുട്ടിഒരു പാവം   ക്രിസ്ത്യാനിക്കുട്ടിയല്ലേ?
അതിന് സ്കോളർഷിപ്പ് കിട്ടുമ്പോൾ  നമ്മളെല്ലാം സന്തോഷിക്കുകയാ വേണ്ടത് ?
ശ്രീനിവാസനു രണ്ടാം റാങ്കാ ഉള്ളത്."

 ഞാന്‍ ഒന്നും പറഞ്ഞില്ലെങ്കിലും
എന്റെ മുഖത്തേയ്ക്ക് നോക്കാന്‍ ധൈര്യമില്ലാഞ്ഞാവണം
സിസ്റ്റര്‍ തിരക്കിട്ട് മഠത്തിലേയ്ക്ക് പോയി.

കലാനിലയത്തിന്റെ പടികള്‍ ഇറങ്ങുമ്പോള്‍
എന്റെ മനസ് ശൂന്യമായിരുന്നു.
യാതൊരു ചിന്തകളും ഇല്ലാതെ തലച്ചോറാകെ മരവിച്ചതുപോലെ.

ഇത് മേയ് മാസം
ഗുല്‍മോഹര്‍ മരം പൂത്തിരിക്കുന്നു.
ചുവന്നഗുല്‍മോഹര്‍ പൂക്കളെയും നോക്കിക്കൊണ്ട് ഞാന്‍ ആ മരച്ചുവട്ടിലെ കല്ലില്‍ ഇരുന്നു.

ആരോ എന്റെ തോളില്‍ കൈവെച്ചു
ഞാന്‍ ചാടി എഴുന്നേറ്റു
കോണ്‍സലീത്താമ്മ ടീച്ചര്‍ ,
ടീച്ചറിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു,
 ടീച്ചര്‍ ഒരു കൊന്ത എന്റെ കയ്യില്‍ വെച്ചു.
"ഇത് ശ്രീനിവാസന് എന്റെ സമ്മാനം.
നീ മിടുക്കനാ നീ നന്നായി വരും.
നിനക്ക്  കിട്ടാതെപോയ ആ സ്കോളര്‍ഷിപ്പിനേക്കാള്‍ വിലയുണ്ട് ഈ കൊന്തയ്ക്ക്. ഇപ്പോള്‍മനസിലായില്ലേലും നീയത് ഒരിക്കല്‍ മനസിലാക്കും."

ടീച്ചര്‍   എന്നെ ചേര്‍ത്തുപിടിച്ച് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.
എന്റെ സര്‍വ്വനിയന്ത്രണങ്ങളും വിട്ടുപോയി
ഞാന്‍ ഉച്ചത്തിൽ ഏങ്ങിഏങ്ങിക്കരഞ്ഞു.

ഒരു കാറ്റുവന്നതുകൊണ്ടാവാം,
എന്റെ മേല്‍ ഗുല്‍മോഹര്‍  പൂക്കള്‍ ചിതറി വീണു
ആപൂക്കള്‍ക്ക് ചോരയുടെ ചുവപ്പാണെന്നെനിക്കു തോന്നി
പണ്ട് ട്രോയി യുദ്ധത്തില്‍ തന്റെ പ്രിയപുത്രന്‍ സാര്‍പ്പോഡന്റെ ബഹുമാനാര്‍ത്ഥം
സ്യൂസ് ദേവന്‍ വര്‍ഷിച്ച രക്തത്തുള്ളികളുടെ ചുവപ്പ്.
.........................................................................................................................
ഇന്നേയ്ക്ക് ആ ദിവസത്തിനു ശേഷം 40 വഷം കടന്നുപോയിരിക്കുന്നു.
എനിക്ക് ഇപ്പോള്‍ ആരോടും പക  മനസിലില്ല.

പാവം ആലീസുകുട്ടി,
പഠനത്തില്‍ എന്നോട് ഒപ്പത്തിനൊപ്പം നിന്നിരുന്ന ആ നല്ലകൂട്ടുകാരി
ഈ ബ്ലോഗ് വായിക്കാനിടയായാല്‍ മാത്രമായിരിക്കും ഈ കഥയറിയുക.

കോണ്‍സലീത്താമ്മ ടീച്ചര്‍ അന്നുതന്ന കൊന്ത
ഞാന്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു.
ആ കൊന്തയിലൂടെ കോൺസലീത്താമ്മ ടീച്ചർ എനിയ്ക്ക് തന്ന
അനുഗ്രഹത്തിന്റെ  മഹത്വം ഇന്നെനിക്കറിയാം.

ഒരു കാര്യം മാത്രം ഇന്ന് ഈ ബ്ലോഗ് എഴുതുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.

ആ ദിനം തൊട്ട് ഇന്നുവരെ ഞാന്‍ എന്തെങ്കിലും നേടണമെന്ന് ആഗ്രഹിക്കുകയോ
നേട്ടങ്ങളില്‍ മനസറിഞ്ഞ് സന്തോഷിക്കുകയോ ചെയ്തിട്ടില്ല.
ഒരുനിര്‍വ്വികാരത എന്റെ മനസില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.
ആ ചെറിയസംഭവം
ഇത്രക്ക് ആഴത്തില്‍ ആഴ്ന്നിറങ്ങാനുമാത്രം ശക്തമായിരുന്നോ?
 മനുഷ്യന്റെ മനസു സഞ്ചരിക്കുന്ന വഴികള്‍ എത്ര വിചിത്രമാണല്ലേ?
-----------------------------------------------------------------------------------------------
  കുറിപ്പ്:
ഒരാളുടെ ബഹുമാനാര്‍ത്ഥം ദൈവങ്ങള്‍ രക്തത്തുള്ളികള്‍ വര്‍ഷിക്കുക എന്നത്
ഒരു ഗ്രീക്ക് വിശ്വാസമായിരിക്കാം,
ഹോമറിന്റെ ഇലിയഡില്‍  നമുക്ക് ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങള്‍ കാണാം .

No comments: