Saturday, August 25, 2012

നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ ?

കലാനിലയം കുന്നിറങ്ങിനടക്കുന്നതിനിടെ
ഞാന്‍ രണ്ടുതവണ എങ്കിലും തിരിഞ്ഞുനോക്കിക്കാണും.
അവസാനനിമിഷം മനസില്‍ മുറിവുണ്ടാക്കിയെങ്കിലും
ആ സ്കുളും, തട്ടിവെച്ച് തിരിച്ച ക്ലാസുമുറികളും
എനിക്ക് അന്നും ഇന്നും   മനസില്‍ കുളിരുകോരുന്നവയായിരുന്നു.

ഇനി ഹൈസ്കൂളിലേയ്ക്ക്.
മൂന്നുവര്‍ഷം ഒരുമിച്ച് നീങ്ങിയ കൂട്ടുകാര്‍ പലവഴികളിലേയ്ക്ക് തിരിയുന്നു
കൂടുതല്‍ പേരും മുത്തോലി സെന്റ് ജോസഫ്സിലേയ്ക്ക്,
ബാക്കിയുള്ളവര്‍ ചേര്‍പ്പുങ്കല്‍  ഹോളിക്രോസ്,പാലാ ഗവണ്മെന്റ് ഹൈസ്കൂള്‍ പിന്നെ
 പാലാ സെന്റ് തോമസ് സ്കൂളിലേയ്ക്കും.

ഞാനും ബാബുതോമസും സെന്റ് തോമസ് സ്കൂളിലേയ്ക്ക് തന്നെ ടി സി വാങ്ങി.
ഇടവപ്പാതി കുതിര്‍ത്ത 1972 ജൂണ്‍ 2നു ഞങ്ങള്‍ പാലാസെന്റ് തോമസ് സ്കൂളിന്റെ പടികള്‍ കയറി.

ഹൈസ്കൂള്‍ സ്റ്റുഡന്റായതിന്റെ പ്രതീകമായി സ്കൂള്‍ ബാഗ് കളഞ്ഞ്
രണ്ട് നോട്ടുബുക്ക് അതേവലിപ്പമുള്ള ഫയലില്‍ പൊതിഞ്ഞാണ്  കൈയ്യില്‍ കരുതിയത്.
സ്കൂള്‍ ബാഗും പെട്ടിയുമെല്ലാം കൊച്ചുകുട്ടികള്‍ക്കുള്ളതല്ലേ ?
ഞങ്ങള്‍ ഇപ്പോള്‍ കുട്ടികളല്ലല്ലോ ഹൈസ്കൂളിലെ ചേട്ടന്മാരല്ലേ?

പാലാ സെന്റ് തോമസ് വലിയ ഒരുസ്കൂളാണ്
ആയിരത്തിതൊള്ളായിരങ്ങളുടെ ആരംഭത്തില്‍ തുടങ്ങിയ സ്കൂള്‍
എല്‍പി തൊട്ട് ഹൈസ്കൂള്‍ വരെ ക്ലാസുകള്‍.ഓരോക്ലാസിനും നാലും അഞ്ചും ഡിവിഷനുകള്‍

ആറുഡിവിഷനുകള്‍ മാത്രമുള്ള ശാന്തസുന്ദരമായ കലാനിലയത്തില്‍ നിന്നും
വലിയ വെള്ളച്ചാട്ടം പോലെ ശബ്ദായമാനമായ പുതിയസ്ക്കൂളിലേയ്ക്ക്ത്തിയപ്പോള്‍
ഞാന്‍ ശരിക്കും പകച്ചുപോയി എന്നാതാണു സത്യം.

എനിക്ക് എട്ട് ബി ഡിവിഷനാണ്  ബാബുനു എട്ട് ഡി
കലാനിലയത്തില്‍ നിന്നും എന്റെ ക്ലാസില്‍ ഒരാള്‍കൂടിയുണ്ട് ജോണ്‍

പത്താം ക്ലാസില്‍ നിന്നും എന്റെ ചേട്ടനും കുറച്ചുകൂട്ടുകാരുംകൂടി എന്നെ അന്വേഷിച്ചുവന്നു.
അതുകഴിഞ്ഞപ്പോള്‍ എനിക്ക് അല്‍പം സമാധാനം തോന്നി
ഒരുതുരുത്തില്‍ ഒറ്റക്ക് അകപ്പെട്ടതുപോലെയായിരുന്നു അതുവരെ എന്റെ അവസ്ഥ.

പത്തുമണിക്ക് ക്ലാസുകള്‍ തുടങ്ങി കെ എസ് മാത്യു സാറാണെന്റെ ക്ലാസ് ടീച്ചര്‍
സാറിന്റെ ഇടത്തുകൈയ്യില്‍ കെ എസ് എം എന്ന് പച്ചകുത്തിയിരിക്കുന്നു.

കലാനിലയത്തിലെ പാവം കന്യാസ്ത്രീകളുടെ രീതിയില്‍നിന്നും വ്യത്യസ്തമായ
ആണ്‍ സാറുമ്മാരുടെ ക്ലാസുകള്‍
കെ എസ് യു, കെ എസ് സി,എസ് എഫ് ഐ  കുട്ടിനേതാക്കമാരുടെ ചാക്കിടല്‍
ടീച്ചറുമാരെ ബഹുമാനിച്ച് മാത്രം ഇടപെട്ടിരുന്നിടത്ത് മിക്ക സാറുമ്മാര്‍ക്കും ഇരട്ടപ്പേരുകള്‍, ബോണ്ടാ സാര്‍,പുകലപ്പാപ്പന്‍,കള്ളുംചാറ...  ലോങ്ങന്‍,ചാമ്പങ്ങാമൂക്കന്‍
എല്ലാം പുതിയ അനുഭവമായി.
സെന്റ് തോമസ് സ്കൂളില്‍ ആണ്‍കുട്ടികള്‍ മാത്രമാണുള്ളത്
സെന്റ് മേരീസ് ആണു പെണ്‍കുട്ടികളുടെസ്കൂള്‍

ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ എല്ലാം പരിചിതമായി
ഞാനും മെറ്റാമോര്‍ഫോസിസ് നടന്ന് ഒരു ഹൈസ്കൂള്‍ ചേട്ടനായി മാറി.

എട്ടാം ക്ലാസിലെ അവസാനത്തെ വര്‍ഷാവസാനപരീക്ഷകഴിഞ്ഞ്
ഇറങ്ങുമ്പോളാണു ഗോപാലകൃഷ്ണന്‍ എന്നെ വിളിച്ചത് .

"നീ വാടാനമുക്ക് ഓരോ മിഠായി വാങ്ങിത്തിന്നാം"

ഗോപാലകൃഷ്ണന്‍ എന്റെ ക്ലാസിലെ ഒരു ശാന്തനായ സുഹൃത്താണു
അവന്‍ അധികമാരോടും സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല എന്നെകാണുമ്പോള്‍ചിരിക്കാറുണ്ടെങ്കിലും വര്‍ത്തമാനം പറയുന്നത് ആദ്യം

മെയിന്‍ റോഡ് ക്രോസുചെയ്ത് ഞങ്ങള്‍കടയില്‍ ചെന്നു.
മിഠായി ഭരണിയില്‍കൈയ്യിട്ട് രണ്ട് മിഠായി ഗോപാലകൃഷ്ണന്‍ തന്നെയാണെടുത്തത്
അതിലൊന്ന് അവന്‍ എന്റെ പോക്കറ്റിലേയ്ക്കിട്ടു

പൈസയും കൊടുത്ത് ഞങ്ങള്‍ റോഡിലേയ്ക്ക് ഇറങ്ങി,
ഞാന്‍ ആ മിഠായി വായിലേയ്ക്കിട്ടതേയുള്ളൂ
കടക്കാരന്‍ ചാടിയിറങ്ങി ഞങ്ങളുടെ ഷര്‍ട്ടില്‍ പിടിച്ച് പുറകിലേയ്ക്ക് വലിച്ചു

അയാള്‍ വായിലിട്ടമിഠായി തിരിച്ചു വാങ്ങിച്ചു.
എനിക്ക് ഒന്നും മനസിലായില്ല.

"ഇതാ നിന്റെ പൈസ, എന്റെടുത്ത് ഇനി ഇത്തരം വേഷം കെട്ടുമായി വരരുത്"

 അയാള്‍ ഗോപാലകൃഷ്ണനെ തല്ലാന്‍ കൈ ഓങ്ങി
ഞങ്ങള്‍ ജീവനുംകൊണ്ടോടി  

"ആപൈസയ്ക്ക് എന്നാടാ കുഴപ്പം?"
 ഞാന്‍  ചോദിച്ചു
അവന്‍ ആ പൈസ എന്റ് കയ്യില്‍ തന്നു.

ആ വിഷമത്തിലും ഞാന്‍ ചിരിച്ചുപോയി.
ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ തലയും കടുവയുമുള്ള
1945 ലെപഴയ ബ്രിട്ടീഷ് ഇന്‍ഡ്യന്‍  അരരൂപാ
 എടുക്കാത്ത നാണയം

"നീ എന്നോട് ക്ഷമിക്കണം, എന്റെ കൈയ്യില്‍ വേറേ പണമൊന്നും ഇല്ല,
 ഇത്തവണ വിഷുവിനു കിട്ടുന്ന കൈനീട്ടം ഞാന്‍സൂക്ഷിച്ച്
അടുത്തവര്‍ഷം ക്ലാസുതുറക്കുന്നദിവസം കൊണ്ടുവന്ന്
നിനക്ക് ഒന്നിനു പകരം രണ്ട് മിഠായി വാങ്ങിത്തരാം."

"അതൊന്നും സാരമില്ലെടാ,
 എന്നാലും നീ എന്തിനാ ഈ  എടുക്കാത്ത നാണയം കൊടുത്ത് മിഠായി വാങ്ങിയത് ?"

 ഞാന്‍ ചോദിച്ചു.

ഗോപാലകൃഷ്ണന്‍ എന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു

"നമ്മുടെ ക്ലാസില്‍ ഏറ്റവും നേരും നെറിയുമുള്ളവന്‍ നീയാ,
 അപ്പോനീകൊടുത്താല്‍ കടക്കാരന്‍ ഒന്നും നോക്കാതെ പൈസ പെട്ടീലിടുമെന്നാ
ഞാന്‍ വിചാരിച്ചേ

അടുത്തസ്കൂള്‍ തുറക്കുന്നദിവസം ഇതേസ്ഥലത്ത് രാവിലെ 9.30നു ഞാന്‍ വരും
നീയും വരണം നിനക്ക് മിഠായി തന്നിട്ടേ ഞാന്‍ ക്ലാസില്‍ കയറൂ.!!"

ഗോപാലകൃഷ്ണന്റെ കണ്ണുകള്‍ നനയുന്നതുകണ്ടപ്പോള്‍ എനിക്കും വിഷമം തോന്നി
കൈവീശിയിട്ട് അവന്‍ നടന്നു
ദൂരെ ളാലം പാലംകയറി അവന്‍ നടന്ന് നീങ്ങി മറയുന്നതുവരെ
ഞാന്‍ അവന്റെ നടപ്പ് നോക്കിക്കൊണ്ട് നിന്നു.

പെട്ടന്ന് എനിക്ക് ഒരു സംശയം

ക്ലാസില്‍ എത്രകുട്ടികളുണ്ട്?
അവരില്‍ ഏറ്റവും നേരും നെരിയും ഉള്ളവന്‍ ഞാനാണെന്ന് ഇവനുതോന്നാന്‍ എന്താകാര്യം ?ആണെങ്കില്‍ തന്നെ ഒരു കടക്കാരന്‍ അതെങ്ങിനെ അറിയും?

എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല
ഇനി രണ്ട് മാസം കാത്തേപറ്റൂ
സ്കൂള്‍ അവധിതുടങ്ങിപ്പോയല്ലോ.
ആദ്യമായി അവധിയോടെനിക്ക് വെറുപ്പുതോന്നി

സ്കൂള്‍ തുറന്നദിവസം രാവിലെ 9.30നു ഞാന്‍ കടയുടെ അടുത്ത്  ഗോപാലകൃഷ്ണനെ കാത്തുനിന്നു 10മണിയായിട്ടും അവന്‍ വന്നില്ല എനിക്ക് നിരാശതോന്നി
ആ ചോദ്യം എന്റെ മനസില്‍  അത്രശക്തമായിരുന്നു.

"നീ എന്നാടാ ക്ലാസില്‍ കേറാതെനില്‍ക്കുന്നത്?"
 എന്റെക്ലാസിലെ കൃഷ്ണന്‍ കുട്ടി  എന്റെ തോളില്‍ തട്ടി

"നമ്മുടെ ഗോപാലകൃഷ്ണന്‍ 9.30നു ഇവിടെ വരാമെന്ന് പറഞ്ഞിരുന്നു."

"അപ്പോ നീ ഒന്നും അറിഞ്ഞില്ലേ?
 രണ്ടാഴ്ച്ചമുന്‍പ് അവന്‍ മരിച്ചുപോയി മഞ്ഞപ്പിത്തമായിരുന്നു."

ഞാന്‍ വിറച്ചുപോയി
എനിക്ക് ആ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കുറച്ചുസമയം വേണ്ടിവന്നു.

ഉള്‍ക്കൊള്ളാതെ പറ്റില്ലല്ലോ
ഇനി ഗോപാലകൃഷ്ണന്‍ ഒരു ഓര്‍മ്മമാത്രം

"ക്ലാസിലെ ഏറ്റവും നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍"
 എന്ന  അവന്റെ വാക്കുകളുടെ കാരണവും ഇനിതിരശീലയ്ക്ക്   പുറകിലേയ്ക്ക്!!

പിന്നെപ്പതുക്കെ
ആടാന്‍ കഴിയാതെപോയ നാടകത്തിന്റെ പറയാതെപോയ ഡയലോഗായി വിസ്മൃതിയിലേയ്ക്ക്

ഒരുപക്ഷേ മരണം പടിവാതുക്കല്‍ നില്‍ക്കുമ്പോള്‍ മനുഷ്യനു ദിവ്യചക്ഷുസ് ലഭിക്കുമെന്നവിശ്വാസം ശരിയായിരിക്കുമോ??


1 comment:

sree said...

hmmm... nanma niranjavan sreenivasan... kollam kollam... ;)