Tuesday, December 11, 2007

മണ്ണുത്തിയില്‍ ഒരു കറുത്ത പൗര്‍ണമി.

അപ്രതീക്ഷിതമായിരുന്നു ഹോസ്റ്റലിലേ എന്റെ മുറിയിലേക്ക് അദ്ദേഹത്തിന്റെ വരവ് .
സമയം രാത്രി 12 മണികഴിഞ്ഞിരുന്നു.
വെറ്റേറിനറികോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍.
അതിഥി കോളേജിലേ സീനിയര്‍ അദ്ധ്യാപകനും.
കോളേജിലെ ഒരു ടെറര്‍ ആയി ആണു അദ്ദേഹം അറിയപ്പെട്ടിരുന്നത് .
അദ്ദേഹം പറഞ്ഞകാര്യം കേട്ടപ്പോള്‍ എന്റെ രക്തം തണുത്തപോലെതോന്നി.
പ്രശ്നം വളരെ ഗൗരവം ഉള്ളതാണ്.
വെറ്റേറിനറികോഴ്സിനു ചേര്‍ന്നശേഷം മറ്റൊരുകോഴ്സിനു അഡ്മിഷന്‍ കിട്ടി പോയ ഒരു കുട്ടിയും രക്ഷകര്‍ത്താവും എനിക്കെതിരേ പരാതി നല്‍കിയിരിക്കുന്നു.
ഞാന്‍ അവനേ ഭീകരമായി റാഗുചെയ്തെന്ന് !!

സ്റ്റാഫ് കൌണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ചക്കു വന്നു.
ഇത് വിടാന്‍ പാടില്ല എന്നും ,
എനിക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും തീരുമാനമായി

“ പക്ഷേ സാര്‍, ഞാന്‍ ആരേയും റാഗുചെയ്തിട്ടില്ലല്ലോ?”
എന്റെ വാക്കുകള്‍ വിറച്ചു .
“എനിക്ക് തന്നേ അറിയാം, താന്‍ റാഗിങ്ങില്‍ ഉള്‍പ്പെടുകയില്ല എന്നും അറിയാം, പക്ഷേ പരാതി വന്നുപോയി. ഇനി നടപടിയും ഉണ്ടാകും,”

“പരാതി വന്നെങ്കില്‍ എന്നേ വിളിച്ച് ചോദിക്കേണ്ടേ ?
എന്നാലല്ലേ എനിക്ക് പറയാനുള്ളത് പറയാന്‍ പറ്റൂ?”
എന്റെ വാക്കുകള്‍ ദുര്‍ബലമായിരുന്നു.
“ ഞാന്‍ അത് കൗണ്‍സിലില്‍ പറഞ്ഞു പക്ഷേ കൃഷ്ണന്‍ നായര്‍ സാര്‍ അത് എതിര്‍ത്തു. രക്ഷകര്‍ത്താവിനെ വിളിച്ച് വരുത്തി സസ്പെന്‍ഷന്‍ ഓഡര്‍ കൊടുക്കുമ്പോള്‍ അറിഞ്ഞാല്‍ മതി എന്നാണദ്ദേഹം പറഞ്ഞത് .അത് തീരുമാനമായി.”

“ സാര്‍ ഒരു തെറ്റും ചെയ്യാതെ ......” എന്റെ വാക്കുകള്‍ പകുതിയില്‍ മുറിഞ്ഞു . “എനിക്കറിയാം കുട്ടീ തന്റെ അവസ്ഥ, നാളെ തന്റെ വീട്ടിലേക്ക് രജിസ്റ്റേഡ് കത്ത് പോകും പരാതി കൃഷ്ണന്‍ നായരാണു കൈകാര്യം ചെയ്യുന്നത് .എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ രാവിലെ തന്നേ ചെയ്യണം.
അതല്ലേ ഞാന്‍ ഈ രാത്രിയില്‍ വന്ന് തന്നോട് ഇത് പറഞ്ഞത്.”
അദ്ദേഹം എഴുന്നേറ്റു .

“ഇനി താന്‍ രക്ഷപെടണമെങ്കില്‍ എന്തെങ്കിലും അത്ഭുതം നടക്കണം!
ഈ വെറ്റേറിനറി കോളേജിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാനിടയില്ലാത്ത
ഒരു അത്ഭുതം ,ഈശ്വരന്‍ തന്നേ രക്ഷിക്കട്ടേ...!!”

ക്രൂരനെന്ന് എല്ലാവരും പറയുന്ന ആ മനുഷ്യന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. സാര്‍ പോയശേഷം കുറേ സമയം ഞാന്‍ തരിച്ച് ഇരുന്നുപോയി പിന്നെ അറിയാതെ മണ്ണുത്തിയിലേക്ക് നടന്നു.

അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കറിയാം .റാഗിങ്ങ് ഒരു തരംഗം ആണ്.
എല്ലാ സീനിയര്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന ഒരു തരംഗം.
അളവില്‍ വ്യത്യാസം ഉണ്ടാകാമെങ്കിലും എല്ലാ സീനിയേഴ്സും ഇതില്‍ ഭാഗഭാക്കാകും .
ഇവിടെ എന്നേ രക്ഷിക്കണമെങ്കില്‍ പരാതിക്കാരന്‍ പരാതി പിന്‍വലിക്കണം. അതിനു ശ്രമിക്കാന്‍ പോയാല്‍ അവരെന്നെ മരത്തില്‍ കെട്ടിഇട്ട് അടിക്കുമെന്ന് ഉറപ്പ് .
എന്റെ വിദ്യാഭ്യാസജീവിതം ഇവിടെ അവസാനിക്കും .
ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യം ലോകം അറിയും.
റാഗിങ്ങുവീരനായി കോളേജില്‍ നിന്നും പുറത്താക്കപ്പെടുന്ന എന്നെനോക്കി
ലോകം കാര്‍ക്കിച്ച് തുപ്പും!!!

പക്ഷേ ഞാന്‍ ഈ പയ്യനേ റാഗുചെയ്തിട്ടില്ലല്ലോ ?
ചെയ്യാത്ത കുറ്റത്തിനു പൊതുജന മദ്ധ്യത്തില്‍ വിവസ്ത്രനാക്കപ്പെടുമ്പോള്‍
പണ്ട് പാഞ്ചാലിക്ക് കൊടുത്തതു പോലെ എനിക്ക് വസ്ത്രം നല്‍കുവാന്‍
ഭഗവാന്‍ കൃഷ്ണന്‍ അവതരിക്കുമോ?

ചിന്തിക്കും തോറും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു .
എങ്ങോട്ടെന്നറിയാതെ ഞാന്‍ നടക്കുകയായി രുന്നു .
ചെന്നെത്തിയത് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ നടയിലാണ്.

ഞാന്‍ ആ തറയില്‍ ഇരുന്നു.
സമയം രാത്രി രണ്ടര കഴിഞ്ഞെന്നുതോന്നുന്നു,നല്ലനിലാവ്.
പണ്ട് നെഹ്രുജി പ്രസംഗിച്ച പ്രസംഗമണ്ഡപം നിലാവില്‍ തിളങ്ങുന്നു.
ഭക്തനായ മാര്‍ക്കണ്ഡേയനുവേണ്ടി കാലനെ നിഗ്രഹിച്ച ഭഗവാന്‍ എനിക്കായി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചെങ്കില്‍ എന്ന് അപ്പോള്‍ ഞാന്‍ ആശിച്ചുപോയി.

എത്രനേരം അവിടെ ഇരുന്നു എന്നെനിക്കറിയില്ല.
സമയം രാവിലെ ഒന്‍പത് കഴിഞ്ഞെന്ന് എനിക്ക് തോന്നി ഞാന്‍ പതുക്കെ എഴുന്നേറ്റ് മണ്ണുത്തിയിലേക്ക് നടന്നു .

ഹോസ്റ്റലില്‍ ആകെ നിശബ്ദത.എല്ലാവരും ക്ലാസുകളിലേക്ക്പോയികഴിഞ്ഞിരിക്കുന്നു. ഞാന്‍ എന്റെ മുറിയില്‍ കയറി.
തറയില്‍ എന്റെ വിലാസത്തില്‍ ഒരുകവര്‍ കിടക്കുന്നു. ഞാന്‍ അത് തുറന്നു.

“ പ്രീയപ്പെട്ട ചേട്ടാ,
ഞാന്‍ചേട്ടന്റെ റൂം മേറ്റായിരുന്നിട്ട് വേറെ അഡ്മിഷന്‍ കിട്ടിപ്പോയ ആളാണ്.
ഞാന്‍ പോകും മുന്‍പേ ചിലര്‍ എന്റെ മീശ പകുതി വടിക്കുകയും വല്ലാതെ അടിക്കുകയും ചെയ്തിരുന്നു.വീട്ടില്‍ ചെന്നപ്പോള്‍ അത് പ്രശ്നമായി. കോളേജില്‍ ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട് .അത് മുക്കിക്കളയാനാണു സാദ്ധ്യത. അക്കാര്യം ചിന്തിച്ചപ്പോഴാണു ഞാന്‍ ചേട്ടനെ ഓര്‍ത്തത്.
കുറച്ചു ദിവസമേ ഒരുമിച്ചുണ്ടായിരുന്നൊള്ളൂ എങ്കിലും ചേട്ടന്‍ ഒരു നല്ല ആളാണന്നും റാഗിങ്ങിനോട് എതിര്‍പ്പുള്ള ആളാണന്നും എനിക്ക് തോന്നി.
പരതിയുടെ പകര്‍പ്പ് ഇതോടൊപ്പം വയ്ക്കുന്നു.
എനിക്കുവേണ്ടി ചേട്ടന്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു .”

വിശ്വസിക്കാനാവാതെ ഞാന്‍ ആ കത്തിലേക്ക് നോക്കിയിരുന്നു.
ആ അത്ഭുതം സംഭവിച്ചിരിക്കുന്നു!
വെറ്റേറിനറി കോളേജിന്റെ ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാനിടയില്ലാത്ത
ഒരു അത്ഭുതം!!

ഞാന്‍ ആ കത്തുമായി സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയായ ഉമ്മര്‍ സാറിന്റെ അടുത്തേക്ക് ചെന്നു. സാര്‍ ആ കത്ത് വായിച്ചശേഷം ഒന്നു ചിരിച്ചു .
മണ്ണുത്തിയിലാണോ ഇത് പോസ്റ്റ് ചെയ്തത് ?”
പോസ്റ്റല്‍ സീല്‍ നോക്കിയതും അദ്ദേഹത്തിന്റെ ചിരി പെട്ടന്നുനിലച്ചു .
“ആനയറ തിരുവനന്തപുരം, അപ്പോള്‍ ഇത് സത്യമാണല്ലോ.
വേഗം പോയി കൃഷ്ണന്‍ നായര്‍ സാറിനെ കാണണം തന്റെ വീട്ടിലേക്കുള്ള കത്ത് പോയാല്‍ വലിയ പ്രശ്നം ആകുമല്ലോ!”

ഞാന്‍ ആകത്തുമായി ഓടി. ഈശ്വരന്‍ രക്ഷിച്ചു!!
രജിസ്റ്റേഡ് കത്തുമായി പ്യൂണ്‍ പോയില്ല.
കൃഷ്ണന്‍ നായര്‍ സാര്‍ കത്തു വായിച്ചു എന്നിട്ടു പറഞ്ഞു.
“ താന്‍ രക്ഷപെട്ടു അല്ലേ ?തന്റെ ഭാഗ്യം !!”

എന്റെ മനസ്സില്‍ പലസംശയങ്ങളും ഉണ്ടായിരുന്നു.
“ സാര്‍, ഈ പരാതിയില്‍ പറയുന്നത് എന്റെ മകന്‍ മുറിയില്‍ ഒറ്റക്കിരിക്കുമ്പോള്‍ മറ്റു ചില വിദ്യാര്‍ത്ഥികള്‍ വന്ന് അവനേ ഉപദ്രവിച്ചു എന്നല്ലേ?
അതില്‍ നിന്നുതന്നെ അത് അവന്റെ റൂം മേറ്റായ ഞാനല്ല എന്നു വ്യക്തമല്ലേ ?
പിന്നെ എന്റെ പേരില്‍ സാര്‍ എന്തിനു നടപടി എടുക്കാന്‍ തീരുമാനിച്ചു ?”

കൃഷ്ണന്‍ നായര്‍ സാര്‍ എന്നേനോക്കി ഒരു ചിരി ചിരിച്ചു.
ഒരു വിളറിയ ചിരി .

“സാര്‍ കുറ്റവാളികള്‍ ആരെന്നു ഞാന്‍ പറഞ്ഞുതരാം,
സാര്‍ ഇതേ വാശിയോടെ അവരുടെ പേരില്‍ നടപടി എടുക്കുമോ ?”

സാര്‍ മറുപടി പറയാതെ എന്നെ തുറിച്ചു നോക്കി.
എനിക്ക് അടിഒഴുക്കുകള്‍ എല്ലാം മനസ്സിലായി. ഞാന്‍ പിന്നെ അവിടെ നിന്നില്ല .
എന്തിനു നില്‍ക്കണം ?
നിരപരാധിയായ ഒരുവിദ്യാര്‍ത്ഥിയേ യാതൊരു മനസ്സാക്ഷിയും കൂടാതെ പിച്ചിച്ചീന്താന്‍ നോക്കിയ നരഭോജികളോട് എനിക്ക് വെറുപ്പാണു തോന്നിയത് .

എന്നേയും എന്റെ കുടുമ്പത്തേയും അത്ഭുതകരമായി രക്ഷിച്ച ആ അദ്രുശ്യകരങ്ങളോട് എനിക്ക് അങ്ങേഅറ്റത്തേ കടപ്പാടു തോന്നി.
അത് ഞങ്ങള്‍ നിത്യവും വിളക്കു കൊളുത്തി പ്രാര്‍ത്ഥിക്കുന്ന കുടുമ്പകാരണവര്‍
സാക്ഷാല്‍ കുഞ്ചൈക്കുട്ടിപ്പിള്ള സര്‍വാധികാര്യക്കാരാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അല്ലാതെ മറ്റാര്‍ക്കാണു എന്നോട് ഇത്രക്ക് താല്‍പ്പര്യം ഉണ്ടാകുക.....?

7 comments:

ശ്രീ said...

എന്തെല്ലാം അത്ഭുതങ്ങള്‍‌ സംഭവിയ്ക്കുന്നു.
തെറ്റു ചെയ്യാത്തവന്‍‌ ശിക്ഷിക്കപ്പെടുന്നത് നീതിയല്ലല്ലോ.
:)

കുഞ്ഞന്‍ said...

ശ്രീനിയേട്ടാ,

ജീവിതം ഒരു കടുങ്കഥപോലെയാണ്. പലപ്പോഴും നമ്മള്‍ എങ്ങിനെയോ ആപത്തുകളില്‍ നിന്നു രക്ഷപ്പെടുന്നു. പക്ഷെ എങ്ങിനെ രക്ഷപ്പെട്ടു ആരാണു രക്ഷപ്പെടുത്തിയെതെന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകും.

പിന്നെ ഈ അനുഭവ കഥ വായിച്ചപ്പോള്‍ എന്നിലെ ഡിക്റ്ററ്റീവ് ഉണര്‍ന്നു....

priyan said...

ഇതു നമ്മുടേ കോളേജില്‍ നടന്നതാണല്ലേ..സ്വന്തം അനുഭവം..വളരെ ഹൃദയസ്പര്‍ശിയായി...:-)

Jeevs || ജീവന്‍ said...

മാഷെ, നന്നായിട്ടുണ്ടു.

എനിക്കിങനെ ഒരു അനുഭവം ഉണ്ടായി. ഇക്കൊല്ലം, കോളേജ് ബസില്‍ പോകുന്ന സമയം. ഒരു കൊച്ചിനെ രണ്ടാം വര്‍ഷക്കാര്‍ പേരു ചോദിച്ചു.
ശെരി ശെരി.. ഇത്തിരി കടുപ്പത്തില്‍തന്നെ ചോദിച്ചു എന്നു കൂട്ടിക്കൊള്ളു.

കുട്ടി വല്ലാതായപ്പോള്‍ ഞാന്‍ അവരോടു മാറാന്‍ പറഞ്ഞു. അടുത്തു ചെന്നു, പറഞ്ഞു.
സാരില്ല കുട്ടീ. ഇവിടെ ആരും ഒന്നും ചെയ്യില്ല. ഒരു പ്രശ്നവുമില്ല.
യേയ്.. കുട്ടി ഇപ്പഴും തെങ്ങേല്‍ തന്നെ.
ശെരിയെന്നാ.. ഞാന്‍ ജീവന്‍. ഫൈനല്‍ ഇയര്‍.
പിന്നെ നീട്ടിപ്പിടിച്ച് എന്റെ ഒരു “self intro“. അതു കഴിഞപ്പോള്‍ കുട്ടി ഹാപ്പി. ചിരിച്ചു, താങ്ക്സ് ചേട്ടാ.

മൂന്നാം ദിവസം പ്യൂണ്‍ ക്ലാസ്സില്‍.
ജീവന്‍ ജോസഫ് ഒഫീസിലേക്കു വാ.

ഓഫീസില്‍ പ്രിന്‍സിയുടെ വക ഗാനമേള.
വിഷയം: ഭരണിപ്പാട്ട്.
ഞാന്‍ കൊച്ചിനെ കരയിച്ചു, “mentally torture“ചെയ്തു, പീഡിപ്പിച്ചു, മാങ്ങ, ചേന, വാഴക്കൊല.

ഞാന്‍ പറയുന്നതു ആരു കേള്‍ക്കാന്‍!
എനിക്കിപ്പോഴും അറിയില്ല ആരു കമ്പ്ലേന്റ് ചെയ്തു, എന്തിനു ചെയ്തു!
ഇപ്പോഴും ആ കുട്ടി എന്നെ കാണുമ്പോള്‍ ചിരിക്കും, ഞാന്‍ ഓടും.ഇനി കണ്ണുരുട്ടി കാനിച്ചു എന്നും പറഞ്ഞൊരു സസ്പെന്‍ഷന്‍,
നന്ദി സഖാവെ, വേണ്ട.

Rural vet said...

Dear dr sreenivasan,njan ariyunna bahumanikkunna krishnan nair saril ninnu itharam perumattamundavumennu thonnunnilla.pinne ella seniorsum ragu cheyyumo? illa,njan 4 varsham senior ayirunnu,cheythittilla.etahayalum blog nannayi
kanaran

കടവന്‍ said...

i'm somebite late.

sreeni, believ in god. may god bless you.
again, don't beleive in religion. beleive in god.
00966 502172785

സൂര്യോദയം said...

Good