നാട്ടില്‍ ഒരു വലിയ ബാങ്ക് കൊള്ള നടന്നു.
പോലീസ് പരാജയപ്പെട്ടപ്പോള്‍ കള്ളന്മാരേ തേടി ഫാന്റം കാട്ടില്‍നിന്നും
നാട്ടിലേക്ക് വന്നു. അദ്ദേഹം നേരേ പോയത്
വലിയ ഒരു ചൂതാട്ടകേന്ദ്രത്തിലേക്കാണ്.
കാരണം അദ്ദേഹം പറയുന്നതിതാണ്
“ വെറുതേ കിട്ടുന്നത് വെറുതേ പോകും!!”
പറഞ്ഞതുപോലെ തന്നെ കള്ളന്മാര്‍ ചൂതാട്ടകേന്ദ്രത്തില്‍ ഉണ്ടായിരുന്നു.
ഈകഥ ഞാന്‍ വായിക്കുന്നത് യുപി സ്കൂളില്‍ പഠിക്കുമ്പോഴാണ്.
കാലം കടന്നുപോയപ്പോള്‍ കഥ മറന്നെങ്കിലും
ആ വാക്കുകള്‍ മനസ്സില്‍ നിന്നും മാഞ്ഞില്ല .
“വെറുതേ കിട്ടുന്നത് വെറുതേ പോകും !”
വെറുതേ കിട്ടുന്നഒന്നിനും മനുഷ്യന്‍ വില കല്‍പ്പിക്കുന്നില്ല.
മെയ്യനങ്ങാതെ കിട്ടുന്ന പണം ചിലവഴിക്കുമ്പോള്‍
ആര്‍ക്കും മനസ്സുനോവുന്നില്ല.
വെറുതേ കിട്ടുന്നപണം എങ്ങിനെ ചിലവഴിക്കുമെന്ന് എന്നോട് ആദ്യം
ചോദിച്ചത് എന്റെ ഫിഷര്‍മേരി ടീച്ചറാണ്.
എന്റെ ആറാം ക്ലാസിലെ ക്ലാസ് ടീച്ചര്‍ .
അക്കാ ലത്ത് സ്കോളര്‍ഷിപ്പ് പരീക്ഷകളിലെ
ഒരു പ്രധാന ചോദ്യമായിരുന്നു അത് .
കേരളസര്‍ക്കാറിന്റെ ലോട്ടറിയില്‍ ഒന്നാം സമ്മാനം കിട്ടിയാല്‍
നിങ്ങള്‍ എന്തു ചെയ്യും?
ശ്രീ പി.കെ കുഞ്ഞ് സാഹിബ്ബ് ധനകാര്യമന്ത്രിയായിരുന്നപ്പോളായിരുന്നു
കേരളസര്‍ക്കാര്‍ ലോട്ടറി ആരംഭിക്കുന്നത് .
ഒരുരൂപാ കൊടുത്ത് ടിക്കറ്റ് എടുത്താല്‍ ഒരു ലക്ഷം രൂപാ കിട്ടുക!!
ആദ്യം വിശ്വസിക്കാന്‍ ആളുകള്‍ മടിച്ചു .
പിന്നെ പിന്നെ ലോട്ടറി മനുഷ്യനു ഒരുഹരമായി മാറി.
ലോട്ടറിയുടെ കഥകള്‍ പാട്ടുകളും സിനിമകളുമായി മാറി .
ടീച്ചര്‍ ചോദിച്ചപ്പോള്‍ എനിക്ക് ഒരു സംശയവും ഉണ്ടായില്ല.
“ ആദ്യ ദിവസം പാലാ യൂണിവേഴ്സല്‍ തീയറ്ററില്‍ ഒരു സിനിമ,
ബ്ലൂമൂണ്‍ ഹോട്ടലില്‍ നിന്നും ഏത്തക്കാറോസ്റ്റും കാപ്പിയും .
പിറ്റേന്ന് തൊടുപുഴ സൈഡില്‍ ഒരു റബ്ബര്‍ തോട്ടം വാങ്ങുക
പിന്നെ പണിയൊന്നും എടുക്കാതെ റബ്ബര്‍ ഷീറ്റ് വിറ്റ് കിട്ടുന്ന
പണം ചിലവഴിച്ച് സുഖമായി ജീവിക്കുക.”
ഇത്രയും ആയപ്പോള്‍ ടീച്ചര്‍ ഇടപെട്ടു.
“ ശ്രീനിയുടെ ആശയം കൊള്ളാം പക്ഷേ ഇങ്ങിനെ എഴുതിയാല്‍ പരീക്ഷക്ക്
മാര്‍ക്ക് കിട്ടില്ല . കിട്ടുന്ന പണം മൊത്തം സ്വന്തമായിട്ടെടുക്കുന്നത് ശരിയല്ല.
അതില്‍ നിന്നു ഒരു ഭാഗം ഇല്ലാത്തവര്‍ക്കുകൂടി കൊടുക്കണം.”
“പക്ഷേ ടീച്ചറേ, അതുകൊണ്ട് എന്ത് കാര്യം?
വെറുതേ കിട്ടുന്നത് വെറുതേ പോകും എന്നാഫാന്റം കഥയില്‍ പറയുന്നത് .”
ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
ടീച്ചര്‍ എന്നേനോക്കി ചിരിച്ചു.
നുണക്കുഴികള്‍ വിടരുന്ന മനോഹരമായ ഒരു പുഞ്ചിരി.
ടീച്ചര്‍ക്കറിയാം ഞാന്‍ അങ്ങിനെയാണെന്ന് .
ഏതുകാര്യത്തിലും വിചിത്രമായ ഒരു വാദമുഖം ഉന്നയിക്കുന്ന കുട്ടി!
ഞാന്‍ പറഞ്ഞത് വെറുതേയല്ലായിരുന്നു.
ഞങ്ങളുടെനാട്ടില്‍ ലോട്ടറി അടിച്ച കുറച്ചു ഭാഗ്യവാന്മാരുണ്ടായിരുന്നു.
അവരുടെ കഥയായിരുന്നു എന്റെ മനസ്സില്‍.
ആദ്യകാലത്ത് ഒരു നല്ല പണിക്കാരനായ ഒരാള്‍ക്ക് ലോട്ടറിയില്‍ മൂന്നാം
സമ്മാനമായി 25000 രൂപാകിട്ടി. അന്നുവരെ നന്നായി പണിയെടുത്ത് കുടുമ്പം
പുലര്‍ത്തിയിരുന്ന ഒരാള്‍ ലോട്ടറികിട്ടിയതുമുതല്‍
പണിക്കുപോക്കു നിര്‍ത്തി.
സിനിമ കാണാന്‍ എറണാകുളത്തേക്ക് കാറുവിളിച്ചായി യാത്ര.
കൂട്ടുകാര്‍ ഇഷ്ടം പോലെ. പണിയായുധങ്ങളെല്ലാം വിറ്റു ,
ചുരുക്കത്തില്‍ ആറുമാസംകഴിഞ്ഞപ്പോള്‍ പെട്ടികാലി.
ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ റോഡ് സൈഡിലെ കടത്തിണ്ണയില്‍
അനന്തതയിലേക്കു നോക്കിയിരിക്കുന്ന അദ്ദേഹത്തേ കാണാറുണ്ട് .
അതു കാണുമ്പോഴെക്കെ ഞാന്‍ മനസ്സില്‍ പറയും .
“ വെറുതേ കിട്ടുന്നത് വെറുതേ പോകും .”
ഫി ഷര്‍ മേരി ടീച്ചര്‍ പറഞ്ഞതുകൊണ്ട് പരീക്ഷക്ക് ഞാന്‍
കിട്ടുന്ന ഒരുലക്ഷം രൂപായില്‍ നിന്നും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും,
അനാഥാലയങ്ങള്‍ക്കുമായി വലിയതുക നീക്കിവച്ചു.
പാവപ്പെട്ടകുട്ടികളുടെ പഠനചിലവിലേക്കായിട്ടും തുകനീക്കിവച്ചു.
അങ്ങിനെ പരീക്ഷാ പേപ്പറില്‍ ഞാന്‍ പുണ്യവാളനായി !!
എങ്കിലും മനസ്സില്‍ ഒരു കുറ്റബോധം.
“ഞാന്‍ എന്തിനാണീ തുകകള്‍ വെറുതേ കൊടുത്തത് ?
ദൈവം ഇത്രയും വലിയ ഒരു തുക എനിക്കു തന്നപ്പോള്‍
അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു മഹത്തായ പ്ലാന്‍ ഉണ്ടായിരിക്കുകയില്ലേ?
അത് ഞാന്‍ നശിപ്പിച്ചില്ലേ?”
ഉറങ്ങാന്‍ കിടന്നപ്പോഴും അതുതന്നെയായിരുന്നു എന്റെ ചിന്ത.
ആ ഉറക്കത്തില്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു .
മനോഹരമായ ഒരു സ്വപ്നം!
എനിക്ക് കേരളാ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുലക്ഷം രൂപാ
കിട്ടിയിരിക്കുന്നു. വീട്ടില്‍ സഹായം ചോദിച്ചു വന്നവരുടെ ബഹളം.
ഞാന്‍ ഒരു കസേരയിലിരുന്ന് എല്ലാ സങ്കടങ്ങളും കേട്ടു.
അവസാനം പറഞ്ഞു .
“പ്രീയപ്പെട്ടവരേ, എനിക്ക് നിങ്ങളുടെ പ്രശ്നങ്ങള്‍ കേട്ടിട്ട് സങ്കടം വരുന്നുണ്ട് .
പക്ഷേ എന്തു ചെയ്യാന്‍? ഞാന്‍ ഒരുകാര്യം തീരുമാനിച്ചുപോയി .
കാരുണ്യവാനായ ദൈവം എനിക്ക് ഇത്രയും പണം നല്‍കിയപ്പോള്‍
അതുകൊണ്ട് ഞാന്‍ എന്തുചെയ്യണമെന്നും,അദ്ദേഹം തീരുമാനിച്ചിട്ടുണ്ട് .
അതു വെളിവാകുന്നതുവരെ ഞാന്‍ ആ പണത്തില്‍ നിന്നും ഒരു പൈസ
പോലും ചിലവാക്കുകയില്ല.
മാത്രവുമല്ല എന്റെ ജീവിതത്തിന്റെ മനോഹരമായ താളം തെറ്റിക്കുവാന്‍ ഈ
പണത്തിനെ ഞാന്‍ അനുവദിക്കുകയുമില്ല. അതുകൊണ്ട് ചെക്കു ബുക്കില്ലാത്ത
ഒരു അക്കൗണ്ടില്‍ ഞാന്‍ ഈ പണം നിക്ഷേപിച്ചിരിക്കുകയാണ്.
ഇനി ഞാന്‍ അതിനെ തിരിഞ്ഞുനോക്കുകപോലുമില്ല .
എന്നെ നിങ്ങള്‍ പഴയ ആളായിത്തന്നെ കാണണം.
പണക്കാരനെന്നു കരുതി എന്നെ മാറ്റിനിര്‍ത്തരുതേ....”
ഇതുകേട്ടപ്പോള്‍ ഓരോരുത്താരായി യാത്രപറയുകപോലും ചെയ്യാതെ
പിരിഞ്ഞുപോയി .
“എന്തിനാടാ നീ ചെക്കില്ലാത്ത അക്കൗണ്ട് തുടങ്ങുന്നത് ?”
ആളുകള്‍ പോയപ്പോള്‍ ചേട്ടന്‍ എന്നോട് ചോദിച്ചു.
“ ചെക്ക് ബുക്ക് കൈയ്യിലിരുന്നാല്‍ സിനിമായിലെപ്പോലെ എന്നെ
പിടിച്ചുകെട്ടിയിട്ട് ചെക്ക് ഒപ്പിടീച്ച് പണംകൊണ്ടുപോയാലോ?
അതല്ലേ ഞാന്‍ അതിബുദ്ധി പ്രയോഗിച്ചത് .”
“നിനക്ക് ഈ പൈസ ഒട്ടും വേണ്ടേ?” ചേട്ടനു അത്ഭുതം!
ഞാന്‍പൊട്ടിപ്പൊട്ടിച്ചിരിച്ചു
“ആരു പറഞ്ഞു വേണ്ടന്ന്? ഇവന്മാരെ ഓടിച്ചുകഴിഞ്ഞാല്‍ പിന്നെ
പിറ്റേദിവസംതന്നെ പോയി പൈസ എടുക്കില്ലേ ?
എനിക്ക് ഒന്നു രാജാവായി വിലസണ്ടേ.........?
എന്റെ ബാല്യകാലത്തേ ലോട്ടറി ചിന്തകള്‍ പൂര്‍ത്തിയാകണമെങ്കില്‍
ഭാഗ്യം ഭവാനിയേപ്പറ്റിക്കൂടി പറയണം.
മനോരമയിലെഏതോ ഒരു നീണ്ടകഥയിലേ നായികയായിരുന്നു ഭവാനി!
ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കിടന്ന ഒരു പാവം പെണ്‍കുട്ടി .
അവള്‍ ലോട്ടറിവില്‍പ്പനയിലൂടെ പണക്കാരിയാകുന്നു.
കഥാകൃത്തിന്റെ വാക്കുകള്‍
എന്റെ മങ്ങിയ ഓര്‍മ്മയില്‍ നിന്നും ആവര്‍ത്തിക്കാം.
“ വര്‍ഷം രണ്ടുകഴിഞ്ഞു. ലോട്ടറിയില്‍നിന്നും ലഭിച്ച കമ്മീഷന്‍ കൊണ്ട്
അവള്‍ വലിയപണക്കാരിയായിരിക്കുന്നു.
പത്തേക്കര്‍ തോട്ടത്തിനു നടുവില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഒരു കൂറ്റന്‍
ബംഗ്ലാവ് ! മുറ്റത്ത് വിദേശക്കാറുകള്‍!
റാന്നിയില്‍ ഒരു നൂറേക്കര്‍ റബ്ബര്‍ തോട്ടം!
ഭവാനി ഇന്ന് ഇവയുടെ എല്ലാം ഉടമയാണ്.
ലോട്ടറി വിറ്റുകിട്ടിയ കമ്മീഷന്‍ സൂക്ഷിച്ചുവച്ച്
അവള്‍ ഇതെല്ലാം, സ്വന്തമാക്കിയിരിക്കുന്നു..............!!
ഭാഗ്യം ഭവാനിയുടെ വര്‍ണ്ണനയില്‍ കഥാകൃത്ത്
യാതൊരു ലോഭവും കാണിക്കുന്നില്ല.
ഞാന്‍ ഒരു പേപ്പറെടുത്ത് ഒരു ചെറിയ കണക്കുകൂട്ടി .
ഈ സ്വത്തുക്കള്‍ക്കെല്ലാം കൂടി എന്തു വിലയുണ്ടാകും?
ഇത്രയും പണം കിട്ടാന്‍ ഭാഗ്യം ഭവാനി എത്ര ലോട്ടറിടിക്കറ്റു വില്‍ക്കണം?
കഥയില്‍ ചോദ്യമില്ല!
എങ്കിലും തമാശുകള്‍ കണ്ടാല്‍ ചിരിക്കാമല്ലോ.
ഞാന്‍പൊട്ടിപ്പൊട്ടി ചിരിച്ചു.
3 comments:
ചിരിക്കാന്‍ മറന്നില്ല ഞാനും.
നന്നായിരിക്കുന്നു വിവരണം
ആശംസകള്‍
This one is really nice above the first two i read. I am Bindu, Seethas friend.
Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.
Post a Comment