Sunday, May 31, 2009

വിശ്വസിച്ചാലും, ഇല്ലെങ്കിലും,

പാലാശ്രീനിവാസന്റെ ബ്ലോഗ് പോസ്റ്റ് നമ്പര്‍ 85

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്
പ്രവാചകന്റെ വഴി
എന്ന എന്റെ പഴയ ബ്ലോഗുപോസ്റ്റ് വായിച്ചശേഷം
ഈ ലേഖനം വായിച്ചാല്‍ കൂടുതല്‍ വ്യക്തതയുണ്ടാകും

നവഗ്രഹങ്ങളുടെ ലോകമായിരുന്നു ചെറുപ്പത്തില്‍ എനിക്കുചുറ്റും
രാവിലേയും വൈകിട്ടും ദൂരെദേശത്തുനിന്നുപോലും
ജോതിഷം നോക്കാന്‍ വരുന്ന ആളുകളും
അവരുടെ ഭൂതവും ഭാവിയുമെല്ലാം അഛന്‍ പ്രവചിക്കുന്നതുമെല്ലാം
നിത്യക്കാഴ്ച്ച

എന്റെ സമപ്രായക്കാര്‍ കഞ്ഞിയും കറിയുംവച്ചുകളിക്കുന്ന കാലത്ത്
ഞാനും ചേട്ടനും പ്രശ്നം വച്ച് കളിക്കുന്നതുകേട്ട് അഛന്‍ പൊട്ടിച്ചിരിച്ചത്
ഇപ്പോഴും ഓര്‍മ്മയിലുണ്ട്

എങ്ങിനെയാണീ "ച, ശു, കു, ഗു, ര, ബ॥" തുടങ്ങിയ അക്ഷരങ്ങള്‍ നോക്കി
അഛന്‍ ഇത്രകൃത്യമായി കാര്യങ്ങള്‍ പറയുന്നതെന്ന്
എനിക്ക് വലിയ അത്ഭുതമായിരുന്നു

എന്റെ കസിന്റെ പുത്രന്‍ ഉണ്ണിയുടെ ഗ്രഹനില നോക്കിയിട്ട്
അഛന്‍ ഒരിക്കല്‍ പറഞ്ഞു
"ഇവന്റേത് വ്യാഴം ശരിക്കും തെളിഞ്ഞുനില്‍ക്കുന്ന ഒരു വിശേഷ ജാതകമാണ്, ഇവന്‍ഭാവിയില്‍ പ്രശസ്തനായ ഒരു അദ്ധ്യാപകനാകും।”

പബ്ലിക്ക് പരീക്ഷയുടെ മാര്‍ക്കുവന്നപ്പോള്‍ ഉണ്ണി ക്ലീനായി തോറ്റു
അവന്‍ എന്നോടു പറഞ്ഞു
“പ്രശസ്തനായ അദ്ധ്യാപകനു സബ്ജക്ട് കിട്ടിയുമില്ല,
ലാഗ്വേജ് പോവുകയും ചെയ്തു।
മിക്കവാറും ഞാന്‍ നല്ല ഒരു അദ്ധ്യാപകനായേക്കും!”

ഈ വര്‍ത്തമാനം അറിഞ്ഞപ്പോള്‍ അഛന്‍ ചിരിച്ചു
“അവന്റെ പരിഹാസം എനിക്ക് മനസ്സിലായി,
എങ്കിലും ഞാന്‍ ഉറപ്പിച്ചുപറയാം
അവന്‍ ഭാവിയില്‍ ഒരുപ്രശസ്തനുംവ്യത്യസ്തനുമായാദ്ധ്യാപകനാകും
അവന്റെ വിദ്യാര്‍ത്ഥികള്‍ അവനെ ആദരവോടെ ഓര്‍മ്മിക്കും അദ്ധ്യാപകവൃത്തിയിലൂടെ ലഭിക്കുന്ന പണം കൊണ്ടാകുമവന്‍
ജീവിതം കെട്ടിപ്പെടുക്കുക
അത്ര ശക്തമായ ഗ്രഹനിലയാണവന്റേത്,
ഒരുതെറ്റും വരികയില്ല, എനിക്ക് നല്ല ഉറപ്പാണ്,
പക്ഷേ അത് എങ്ങിനെ സംഭവിക്കും എന്നത് കാത്തിരുന്നുകാണുകതന്നേ വേണം।”

കാലം മുന്നോട്ടുപോയപ്പോള്‍ ഉണ്ണി ഡ്രൈവിഗ് പഠിച്ചു
പിന്നെ അവന്റെ അമ്മാവന്‍ ഡ്രൈവിഗ് സ്കൂള്‍ തുടങ്ങിയപ്പോള്‍
അതില്‍ സഹകരിച്ചുതുടങ്ങി
ഇപ്പോള്‍ രാമപുരം ചിത്രാ ഡ്രൈവിഗ് സ്കൂളിലെ പ്രധാന അദ്ധ്യാപകനാണവന്‍

ബസ്സ് ലോറി കാറുകള്‍തുടങ്ങി എല്ലാ വാഹനങ്ങളിലും അവന്‍
ആളുകളേ ഡ്രൈവിഗ് പഠിപ്പിച്ചു
ആയിരത്തിനുമുകളില്‍ കുട്ടികളേ ഉണ്ണിയാശാന്‍ ഡ്രൈവിഗ് പഠിപ്പിച്ചുവിട്ടു

മറ്റ് ആശാന്മാര്‍ക്കില്ലാത്ത ഒരു പ്രത്യേകത ഉണ്ണിയാശാനുണ്ട്
ടെസ്റ്റുദിവസം അവന്‍ കുട്ടികളുടെ കൂടെ പോകാറില്ല
“ഞാന്‍ പഠിപ്പിച്ച പിള്ളേരു ആശാന്‍ തോര്‍ത്തുവീശാതെയും കൈപൊക്കിക്കാണിക്കാതെയും ടെസ്റ്റുപാസാകും
ഇല്ലായെങ്കില്‍ പാസാകേണ്ട।”

അവന്റെ ആത്മവിശ്വാസത്തോടുകൂടിയുള്ളവാക്കുകള്‍കേട്ടപ്പോള്‍
“അവന്‍ ഭാവിയില്‍ ഒരുപ്രശസ്തനുംവ്യത്യസ്തനുമായാദ്ധ്യാപകനാകും
അവന്റെ വിദ്യാര്‍ത്ഥികള്‍ അവനെ ആദരവോടെ ഓര്‍മ്മിക്കും!”
എന്ന് അഛന്‍ പ്രവചിച്ചത് എന്റെ ഓര്‍മ്മയിലോടിയെത്തി

(തോര്‍ത്തുവീശലും കൈപൊക്കിക്കാണിക്കലുമെല്ലാം
ഡ്രൈവിഗ്ടെസ്റ്റുസമയത്ത് എപ്പോള്‍ എങ്ങോട്ടുതിരിക്കണമെന്ന് സൂചിപ്പിക്കാന്‍ ഇറക്കത്തിലാശാന്മാരായ ഡ്രൈവിഗ് സ്കൂള്‍ മാസ്റ്റര്‍മ്മാര്‍
കുട്ടികളേ ജയിപ്പിച്ചെടുക്കാന്‍ ചെയ്യുന്ന സ്ഥിരം വേലകളാണ്,

ചേട്ടന്റെ ജാതകം അഛന്‍ വിശദമായി നോക്കിയത്
പ്രീഡിഗ്രി കഴിഞ്ഞപ്പോഴാണ്,
ചേട്ടനു എന്‍ജിനീയറിങ്ങിനുപോകാന്‍ ഒരു മോഹം
അഛനുകണ്‍ഫ്യൂഷന്‍

“നിനക്ക് യന്ത്രങ്ങളുമായി ഒരു ബന്ധം കാണുന്നുണ്ട്
എന്നാല്‍ അത് ഒരു എന്‍ജിനീയറാകാനും മാത്രം ശക്തമല്ല
നിനക്ക് വാക്സ്ഥാനവും വ്യാഴവും തെളിഞ്ഞുനില്‍ക്കുന്നതുകൊണ്ട് അദ്ധ്യാപകനാകാനാണു സാധ്യത
കൈകൊണ്ടല്ലാ നാക്കുകൊണ്ടു ജീവിതംകെട്ടിപ്പെടുക്കാനുള്ള
ഒരു യോഗമാണു നിനക്കുള്ളത്
അതുകൊണ്ട് എന്‍ജിനീയറിഗ് നമുക്ക് വേണ്ട
നമുക്ക് പറയാത്ത ഫീല്‍ഡുകളില്‍ പോയാല്‍ നമുക്ക് ശോഭിക്കാന്‍ പറ്റില്ല .” ।

എന്നാല്‍ പെട്ടന്നാണു സംഗതികള്‍ കീഴ്മേല്‍ മറിഞ്ഞത്
മദ്ധ്യപ്രദേശ് ഗവര്‍ണ്ണര്‍ പ്രൊഫസര്‍ കെ എം ചാണ്ടി സാര്‍ വീട്ടിലേക്കു വിളിച്ചു “ഇവിടെ ഭോപ്പാലില്‍ മറ്റുസംസ്ഥാനക്കാര്‍ക്ക് എന്‍ജിനീയറിങ്ങിനു നാലുസീറ്റുണ്ട് അതിലൊന്നിലേക്ക് ഞാന്‍ രവിയേയാണുദ്ദേശിച്ചിരിക്കുന്നത്
അപേക്ഷ ഇന്നുതന്നേ അയക്കുന്നുണ്ട്
ഒട്ടും താമസിപ്പിക്കാതെ തിരിച്ചയച്ചുതരണം
അടുത്തമാസം പകുതിക്ക് ഇങ്ങോട്ടുപോരാന്‍ തയ്യാറെടുത്തോളൂ।”

ജോതിഷം തെറ്റിയെന്നു ഞങ്ങള്‍ക്കുതോന്നി
ചാണ്ടിസാര്‍ പറഞ്ഞതില്‍ നിന്നും
അഡ്മിഷന്‍ തീര്‍ച്ചയാണെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു

“അവനു ജാതകപ്രകാരം അന്യദേശവാസവും എന്‍ജിനീയറിഗുമില്ലല്ലോ
എന്നാലും ചാണ്ടിസാര്‍ ഇങ്ങോട്ടുപറഞ്ഞതല്ലേ
അപേക്ഷ അയക്കാം।”

അഛന്‍ ആകെ കണ്‍ഫ്യൂഷനിലായിരുന്നു
പക്ഷേ അടുത്തദിവസം മദ്ധ്യപ്രദേശ് ഗവണ്മെന്റ്
ആ നയത്തില്‍ ഒരു തിരുത്തല്‍ വരുത്തി
അഞ്ചുവര്‍ഷമെങ്കിലും മദ്ധ്യപ്രദേശില്‍ താമസിച്ചിട്ടുള്ളവര്‍ക്കേ ആ സീറ്റു നല്‍കൂ അതോടെ ഭോപ്പാല്‍ യാത്ര അവസാനിച്ചു

നവഗ്രഹങ്ങള്‍ പ്രവചിച്ചിരുന്നതുപോലെ ചേട്ടന്‍ അദ്ധ്യാപകനായി
തൊടുപുഴ ന്യൂമാന്‍ കോളേജില്‍।
യന്ത്രങ്ങളുമായി ബന്ധമുള്ള എന്നാല്‍ നാക്കിന്റെ ബലത്തില്‍ ശോഭിക്കുന്ന
ഫിസിക്സ് അദ്ധ്യാപകന്‍।

ജോതിഷം തെറ്റാണെന്നും, വിശ്വസിക്കരുതെന്നും
മിക്കവരും പുറമേ പറയുമെങ്കിലും
ബഹുഭൂരിപക്ഷവും യഥാര്‍ത്ഥത്തില്‍ വിശ്വാസികളാണെന്നാണെന്റെ അറിവ്

ഹിന്ദുക്കള്‍ വ്യക്തിപരമായ
കല്യാണപ്പൊരുത്തം മുഹൂര്‍ത്തം കുടുമ്പപ്രശനം തുടങ്ങിയവ നോക്കുമ്പോള്‍ ക്രിസ്സ്ത്യാനികള്‍ ബിസിനസ്സ് കാര്യങ്ങള്‍ നോക്കാന്‍ വരുന്നതാണു പതിവ്

കൂട്ടുബിസിനസ്സുകാരനെ വിശ്വസിക്കാമോ?
റബ്ബറിന്റെ വില കൂടുമോ ?
കട തുറക്കാന്‍ പറ്റിയ സമയം?
തുടങ്ങി ഞാന്‍ എടുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ മരിക്കണോ
മമ്മൂട്ടി മരിക്കണോഎന്നു രാശിവെച്ച് നോക്കാന്‍ വന്നയാളിനെ വരെ
ഞാന്‍ ഓര്‍ക്കുന്നു

അഛന്‍ രാശിവച്ചിട്ട് മമ്മൂട്ടി മരിക്കുന്നതാണുനല്ലതെന്നു പറഞ്ഞപ്പോള്‍
വെറുതേ വീണുമരിക്കണോ അതോ ചോര ശര്‍ദ്ദിച്ച് മരിക്കണോ എന്നായീ ചോദ്യം

മമ്മൂട്ടി ആ സിനിമായില്‍ ചോര ശര്‍ദ്ദിച്ച് മരിക്കുന്നതുകണ്ട്
കണ്ണു നിറഞ്ഞ സഹൃദയരുണ്ടോ
അഛന്‍ നിരത്തിയ കവിടികളാണാ
ക്രൂരകൃത്യത്തിനു പുറകിലെന്നകാര്യം അറിയുന്നു!

ജോതിഷത്തിനെ എത്രമാത്രം വിശ്വസിക്കാം?
ഞാന്‍ ഒരിക്കല്‍ അഛനോട് ചോദിച്ചു

‘ജോതിഷം അന്ധവിശ്വാസം എന്ന് പലരും പറയാറുണ്ട്
എന്നാല്‍ കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കാത്ത
അവരുടെ ചിന്തകളാണു തെറ്റ്

ജോതിഷം ആര്‍ക്കുമൊരു ദ്രോഹവും ചെയ്യാറില്ല
അതുപോലെ ഒരു അത്ഭുതവും അത് ശ്രുഷ്ടിക്കാറുമില്ല

രാവും പകലും ഋതുക്കളുമെല്ലാം കൃത്യമായ് വരുത്തുന്നതു പോലെ
സര്‍വ്വേശന്‍ ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍
മുന്‍കൂട്ടി അറിയിക്കുന്ന സൂചനകള്‍ ഈ പ്രപഞ്ചത്തില്‍ ഒളിച്ചുവെച്ചിട്ടുണ്ട്

അതില്‍ ഒന്നിനെ നമ്മുടെ ഋഷിമാര്‍ ഡീകോഡ് ചെയ്തെടുത്തതിന്റെ ശാസ്ത്രമാണുജോതിഷം എന്നുകരുതിയാല്‍ മതി

യേശുദേവന്റെ ജനനം നക്ഷത്രത്തേ നോക്കി തിരിച്ചറിഞ്ഞത്
ബൈബിളില്‍ വായിച്ചിട്ടില്ലേ അതുതന്നേ ജോതിഷം

സിമ്പിളായിപറഞ്ഞാല്‍ ആകാശത്തുമഴക്കാറുകാണുന്നദിവസം
നടക്കാനിറങ്ങുമ്പോള്‍ ഒരുകുടയെടുത്താല്‍ മഴനനയാതെ വരാം എന്നുപറയുന്നതുപോലെ ജോതിഷപ്രവചനത്തേ കാണുക

മഴയേ തടയാന്‍ പ്രവചനത്തിനു കഴിയില്ല
എന്നാല്‍ കുടയെടുത്താല്‍ നനയാതെ വരാം
അത് വേണോ വേണ്ടയോ എന്ന് യുക്തിവാദികളും,ബുദ്ധിജീവികളും തീരുമാനിച്ചുകൊള്ളട്ടേ അല്ലേ

പിന്നെ ഈ ഡീകോഡ് ചെയ്യുമ്പോള്‍ ഒരു വലിയപ്രശ്നം ഉണ്ട്
ദൈവം നിശ്ചയിച്ചത് മനുഷ്യനുഅതേപടി മനസ്സിലാക്കാന്‍ പറ്റാതെ വരാം
പിന്നീട് എന്തെങ്കിലും സംഭവിച്ചുകഴിയുമ്പോളാണു
പ്രവചിച്ചതല്ല ഇതാണല്ലോ ആ ലക്ഷണത്തിന്റെ ശരിയായ അര്‍ത്ഥം എന്നുമനസ്സിലാകുന്നത്

എന്നാല്‍ പ്രവചിച്ചതിനും സംഭവിച്ചതിനും
ഒരേ വിശേഷണങ്ങള്‍ യോജിക്കുമെന്നതും നമ്മളേഅത്ഭുതപ്പെടുത്തും
അതുകൊണ്ടല്ലേ ഞാന്‍ മോഷണക്കേസുകളില്‍ രാശിനോക്കാത്തത്
നിരപരാധികളേ നമ്മളായിട്ട് കള്ളന്മാരാക്കരുതല്ലോ
ഒരാളേപ്പോലെ പലരുണ്ടാകുമല്ലോ!”

ജോതിഷത്തേപ്പറ്റിപ്പറയുമ്പോള്‍
എനിക്ക് മറക്കാന്‍ പറ്റാത്ത ഒരു സംഭവം ഉണ്ട്

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരുരാത്രി ഏഴരക്കാണയാള്‍ വീട്ടില്‍ വന്നത്
ഇരുട്ടില്‍ പതുങ്ങിവന്നയാളേ ഞാന്‍ ഇന്നും ഓര്‍ക്കുന്നു

“ഇതെന്റെ ചേട്ടന്റെ ഗ്രഹനിലയാണു
ചേട്ടന്റെ ഭാര്യയുടേയും മകന്റേയും ഭാവി കാര്യങ്ങള്‍
അറിയാന്‍ കൊണ്ടുവന്നതാണ്।”
അയാള്‍ പറഞ്ഞു
അഛന്‍ ആ ഗ്രഹനില നോക്കി
“ഈയാള്‍ക്ക് ഭാര്യയുടേയും മകന്റേയും അനുഭവയോഗം കാണുന്നില്ലല്ലോ
ഈയാള്‍ എന്താ ചെയ്യുന്നത്?”

“ ചേട്ടനു പ്രത്യേകിച്ച് പണിയൊന്നുമില്ല
അല്‍പസ്വല്‍പ്പം കൃഷിയുള്ളതും നോക്കി നാട്ടില്‍ കഴിയുന്നു।”

അഛന്‍ അയാളേനോക്കി അല്‍പസമയം നിശബ്ദനായിരുന്നു
എന്നിട്ട് എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ചിരി ചിരിച്ചു

“അനിയാ, ഞാന്‍ ഇതുവരെ പഠിച്ച ഈ ജോതിഷത്തേ മുഴുവനും
പണയപ്പെടുത്തി ഒരു കാര്യം പറയാം
ഇത് ഒരു മഹാരാജാവിന്റെ ജാതകമാണ്, ഒരു കൃഷിക്കാരന്റെ അല്ല.”

അഛന്‍ തുടര്‍ന്ന് ഒരു ശ്ലോകം ചൊല്ലി
അതില്‍ നരവാഹനം എന്ന വാക്കുമാത്രമേ ഇപ്പോള്‍ ഓര്‍മ്മയുള്ളൂ
മനുഷ്യര്‍ ഈ രാജാവിനെ തലയില്‍ ചുമന്നുകൊണ്ട് നടക്കും
അല്ലാതെ ഒരു കൃഷിക്കാരനായി ഒതുങ്ങാന്‍
ഈമനുഷ്യനു അയാള്‍ വിചാരിച്ചാലും സാധ്യമല്ല।”

പെട്ടന്നാണഛന്‍ നിശബ്ദനായത്
അവിശ്വസനീയമായി എന്തോ കണ്ടതുപോലെ പലതവണ ആ ഗ്രഹനില
വീണ്ടും വീണ്ടും നോക്കി എന്നിട്ടുചോദിച്ചു

“ഈ മനുഷ്യന്‍ ഇപ്പോള്‍ ജീവനോടുകൂടിയുണ്ടോ?”

“ അതെന്നാ സാറേ?”
ആ മനുഷ്യന്റെ മുഖത്ത് അമര്‍ഷം

“ഈ ഗ്രഹനിലപ്രകാരം രക്തസംബന്ധമായ ഒരു മാരകരോഗത്താല്‍
ഈ മനുഷ്യന്‍ മരിക്കാനുള്ള സമയം കഴിഞ്ഞു എന്നാണെനിക്ക് തോന്നുന്നത്.”

“ഞാന്‍ പൊക്കോളാം, സാര്‍ പറഞ്ഞതൊന്നും ശരിയല്ല!”
അയാള്‍ ദേഷ്യത്തില്‍ ഇറങ്ങിപ്പോയി

അഛനു അന്നു രാത്രി വലിയ സങ്കടമായിരുന്നു
ഇങ്ങിനത്തേ ഇത്രമാത്രം ഗുണവും ഇത്രമാത്രം ദോഷവും ഉള്ള
ഒരു ജാതകം കണ്ടിട്ടേയില്ല എന്ന് അന്ന് പലതവണ ഞങ്ങളോടു പറഞ്ഞു

കുറച്ചുനാളുകള്‍ കഴിഞ്ഞ് ഒരു രാത്രി ഏഴരമണിക്ക്
വീണ്ടും ആ മനുഷ്യന്‍ വന്നു
“ഞാന്‍ അന്ന് മോശമായി പെരുമാറിയതില്‍ ക്ഷമിക്കണം,
സാറുപറഞ്ഞത് എല്ലാം ശരിയായിരുന്നു,
അന്നുകൊണ്ടുവന്നത് ശരിക്കും ഒരു മഹാരാജാവായി ജീവിച്ച
ഒരു വലിയമനുഷ്യന്റെ ജാതകമായിരുന്നു
അന്നു ഞാന്‍ വരുമ്പോള്‍ അദ്ദേഹത്തിനു അസുഖമൊന്നും അനുഭവപ്പെട്ടിരുന്നില്ല രോഗം വന്നത് പെട്ടന്നാണു
പല ചികില്‍സകളും ചെയ്തു അവസാനമാണു തിരിച്ചറിഞ്ഞത്
അദ്ദേഹത്തിനു ബ്ലഡ് ക്യാന്‍സറായിരുന്നെന്ന്
ബോബേയില്‍ കൊണ്ടുപോയി ചികില്‍സിച്ചെങ്കിലും
പ്രയോജനം ഒന്നും ഉണ്ടായില്ല
വിവരങ്ങളൊക്കെ സാര്‍ പത്രത്തില്‍ വായിച്ചുകാണുമല്ലോ

അദ്ദേഹം മരിക്കുന്നതിനുമുന്‍പ് എന്നേ ഒരു ചുമതല ഏല്‍പ്പിച്ചിരുന്നു
സാറിനെ വന്നുകണ്ട്
ഇത് ആരുടെ ജാതകമായിരുന്നു എന്ന് വെളിപ്പെടുത്തണമെന്നും
അദ്ദേഹത്തിന്റെ ഒരു പ്രണാമം സാറിനെ അറിയിക്കണമെന്നും.”

ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിനില്‍ക്കുന്നത് ഞാന്‍ കണ്ടു
അതില്‍ ഒന്നായി അദ്ദേഹവും ഉണ്ടാകുമെന്ന് എനിക്ക് വെറുതേ തോന്നി ജീവിച്ചിരുന്നകാലത്ത് അത്രക്ക് ഉജ്വല വ്യക്തിയായിരുന്നല്ലോ അദ്ദേഹം!”
......................................................................................................

അധിക വായനക്ക്
താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍
മറ്റൊരു ജോതിഷാനുഭവത്തേപ്പറ്റി നേരത്തേ എഴുതിയ
ഒരുബ്ലോഗ് പോസ്റ്റില്‍ എത്താം।
സ്വപ്നം പോലൊരു കാലൊച്ച

2 comments:

കുഞ്ഞിക്കുട്ടന്‍ said...

Dear Doctor
നന്നായിടുണ്ട് , ആശംസകള്‍
ഏതാ ആ സിനിമ ?

Not a blogger anymore said...

now that me and priyan are nt at all frnds