Thursday, April 26, 2007

അന്നാമ്മ കോശി

അഛനും അമ്മക്കും ഒരേ ഒരു മകള്‍! ജീവന്റെ ജീവനായ മകള്‍ അവള്‍ക്ക് സ്കൂളില്‍ ഒരു കൂട്ടുകാരിയെ കിട്ടി അന്നാമ്മ കോശി. സ്കൂളില്‍ നിന്നും വന്നാല്‍ മകള്‍ക്ക് പറയാന്‍ ഒരു വിഷയമേഉള്ളൂ അന്നാമ്മ കോശി
അന്നാമ്മ കോശിഅങ്ങിനെ പറഞ്ഞു അന്നാമ്മ കോശി ഇങ്ങനെ പറഞ്ഞു അന്നാമ്മ കോശിഅതു ചെയ്തു
അന്നാമ്മ കോശി ഇതു ചെയ്തു അന്നാമ്മ കോശി, അന്നാമ്മ കോശി, അന്നാമ്മ കോശി .................
ഇത് കേട്ടുകേട്ട് അഛനും അമ്മക്കും വലിയ ഒരാഗ്രഹം ഈ അന്നാമ്മ കോശിയെ ഒന്നു കാണണം, പരിചയപ്പെടണം. അവര്‍ മകളോട് പറഞ്ഞയച്ചു മോളേ നീ ഈ അന്നാമ്മ കോശിയെ ഒരു ദിവസം ഇങ്ങോട്ടൊന്നുകൂട്ടിക്കൊണ്ട് വരണം. മകള്‍ അന്നുതന്നെ അന്നാമ്മ കോശിയെ വിവരം അറിയിച്ചു
എന്നാല്‍ അന്നാമ്മ കോശിക്ക് സ്കൂളില്‍ നിന്നും അങ്ങിനെ വരാന്‍ പറ്റില്ല പക്ഷേ മോളുടെ വീടിനടുത്ത്
ഒരു ആന്റി താമസിക്കുന്നുണ്ട് അവിടെ വരുമ്പോള്‍ തീര്‍ച്ചയായും മോളുടെ വീട്ടിലും വരാം
അതിനുള്ള അനുവാദം ഇന്നുതന്നെ വീട്ടില്‍ നിന്നും വാങ്ങിക്കാം ദിവസങ്ങള്‍ കടന്നുപോയി
ഒരുദിവസം അഛനും അമ്മയും ഒരു കല്യാണത്തിനു പോയിട്ടു വന്നപ്പോള്‍ മകള്‍ ഗേറ്റിങ്കല്‍ത്തന്നെ കാത്തുനില്‍ക്കുന്നു. അവള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു
"അഛാ, അമ്മേ, ഇന്നെന്റെ കൂട്ടുകാരി വന്നു അന്നാമ്മ കോശി ! ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു
ഇപ്പോഴാണു പോയത് " അഛനും അമ്മക്കും മനസ്സില്‍ വല്ലാത്ത ഒരു വിഷമം തോന്നി മകളുടെ പ്രീയപ്പെട്ട കൂട്ടുകാരി അന്നാമ്മ കോശിയെ ഒന്നു കാണാന്‍ പറ്റിയില്ലല്ലോ.......!
ഇതാണു എനിക്ക് ഏറ്റവും പ്രീയപ്പെട്ട കഥ!!!
മനോരമയുടെ ഒരു വാര്‍ഷികപ്പതിപ്പില്‍ നിന്നും ഞാന്‍ ഈ കൊച്ചു കഥ വായിച്ചിട്ട് വര്‍ഷം 40 കഴിഞ്ഞു .
എന്തുകൊണ്ടാണന്നറിയില്ല എന്റെ മനസ്സില്‍ ഇതുപോലെ തങ്ങിനില്‍ക്കുന്ന മറ്റൊരു കഥയില്ല
പലപ്പോഴും ആ കഥയിലേ അഛനായി ഞാന്‍ കൂടുവിട്ട് കൂട് മാറി ആ കൊച്ചു ദുഖം സ്വാംശീകരിച്ചിട്ടുണ്ട്
അപ്പോള്‍ കാണാന്‍ കൊതിച്ചിട്ട് കാണാന്‍ പറ്റാതെ പോയ ആ അന്നാമ്മ കോശിയുടെ രൂപം ഞാന്‍ ഭാവനയില്‍ കണ്ടിട്ടുമുണ്ട്
പിന്നീട് അനവധി അന്നാമ്മ കോശിമാര്‍ എന്റെ ജീവിതത്തില്‍ അവതരിച്ചിട്ടുണ്ട് ഒരു മതിലിനപ്പുറത്തുനിന്നും ശബ്ദമായോ അക്ഷരമായോ മാത്രം എന്റെ മുന്നില്‍ വന്നിട്ട് എങ്ങോട്ടോ മറഞ്ഞുപോയ എത്രയോ അന്നാമ്മ കോശിമാര്‍................!
കാണാമറയത്തുനിന്നുകൊണ്ട് എന്നോട് കൂട്ടുകൂടുന്ന എനിക്കു ഏറ്റവും ഇഷ്ടമുള്ളവരുടെ സമൂഹം.
ആണായാലും പെണ്ണാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒരേ ഒരു പേരുമാത്രം അന്നാമ്മ കോശി! എന്റെ ഏറ്റവും പ്രീയപ്പെട്ടവര്‍
എന്നാല്‍ എന്റെ മനസ്സില്‍ സൂക്ഷിക്കുവാന്‍ അവര്‍ക്ക് മുഖങ്ങളില്ല രൂപങ്ങളില്ല അവരുടെ മുഖം ഒന്നു നേരിട്ടുകാണാനോ, ഒരു പടം പകര്‍ത്തിയെടുക്കുവാനോ അനുമതിയില്ലല്ലോ
ഇണങ്ങിയും പിണങ്ങിയും ഓരോ അന്നാമ്മ കോശിയും എന്റെ മുന്നില്‍ വരാതെ എവിടെയോ
പുകച്ചുരുളുകളായി മറയുമ്പോള്‍ എനിക്ക് വലിയ വേദന തോന്നാറുണ്ട് എങ്കിലും ഞാന്‍ പരാതിപ്പെടാറില്ല
പൊക്കോട്ടേ! എങ്ങോട്ടു വേണമെങ്കിലും പൊക്കോട്ടേ!! ഞാന്‍ എന്തിനു പരാതിപ്പെടണം?
എനിക്കവര്‍ എന്റെ അന്നാമ്മ കോശിയാണെന്നും അന്നാമ്മ കോശി എനിക്കാരാണന്നും അവര്‍ക്കറിയില്ലല്ലോ...................!!!

1 comment:

SUNISH THOMAS said...

നന്നായിട്ടുണ്ട്.