Tuesday, May 1, 2007

കുര്യന്‍ അപ്പൂപ്പന്‍

ഈ ലേഖനം എന്റെ അഛന്‍ പ്രൊഫ.കെ രാമകൃഷ്ണപിള്ള 35 വര്‍ഷം മുന്‍പ് എഴുതിയതാണു. അഛന്റെ ലേഖന കൂമ്പാരത്തില്‍ നിന്നും ഈ ലേഖനം തിരഞ്ഞെടുത്തതിനു ഒരു കാരണം ഉണ്ട്. എന്തെങ്കിലും കുത്തിക്കുറിക്കുവാന്‍ ഞാന്‍ ശ്രമിക്കുമ്പോളെല്ലാം എന്റെ വിരല്‍ത്തുമ്പിലേക്ക് ഒഴുകി എത്തുന്ന ഭാഷ
അഛന്‍ ഈ ലേഖനത്തിലുപയോഗിച്ചിരിക്കുന്ന ഭാഷയാണന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്
അത് ശരിയാണെങ്കില്‍ ഒരുമകനതില്‍കൂടുതല്‍ സന്തോഷകരമായി മറ്റെന്തുണ്ട്
കുര്യന്‍ അപ്പൂപ്പന്‍







കുര്യന്‍ അപ്പൂപ്പനെ ഞാന്‍ ആദ്യമായി കണ്ടത് ഏതാണ്ട് 36 വര്‍ഷം മുന്‍പാണു. സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ അദ്ധ്യാപക മുറിയില്‍ വച്ച്. അപ്പൂപ്പന്‍ എനിക്കും അഛനും കുടിക്കാന്‍ കരിക്കിന്‍വെള്ളവും
തിന്നാന്‍ ചീകിയ കരിക്കും തന്നു

അന്നു കണ്ടരൂപം ഇന്നും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു. തലയില്‍ തൊപ്പിപ്പാള,അല്‍പം കൂനു,
മുഖത്ത് നരച്ച കുറ്റിരോമങ്ങള്‍,മുറുക്കിചുവപ്പിച്ച ചുണ്ട്, അല്‍പം ഉന്തി നില്‍ക്കുന്ന പല്ലുകള്‍, മാറത്ത് നരച്ച് വെളുത്ത രോമക്കാട്, പുറത്ത് അങ്ങിങ്ങായി നീണ്ട രോമങ്ങള്‍, കഴുത്തില്‍ ചരടില്‍ കോര്‍ത്ത മുറം പോലത്തെ വെന്തിങ്ങ, മുട്ടുവരെ എത്തുന്ന ഈരെഴ തോര്‍ത്തില്‍ ഒതുങ്ങിനില്‍ക്കുന്ന വസ്ത്രധാരണം ഇതെല്ലാം ആണു കുര്യന്‍ അപ്പൂപ്പന്‍.

ചൂടുള്ള മദ്ധ്യാന്നങ്ങളില്‍ ഇടത് കൈയില്‍ നെഞ്ഞ്ചോടടുക്കിപ്പിടിച്ച മൂട് ചെത്തിയ ഏതാനം കരിക്കുകളും
വലത്തുകയ്യില്‍ പഴക്കം ചെന്ന ഒരു വാക്കത്തിയുമായി അപ്പൂപ്പന്‍ സ്കൂള്‍ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങും.
ബാക്കി കരിക്ക് താഴെ വയ്ക്കാതെ തന്നെ ആവശ്യക്കാര്‍ക്ക് ഓരോന്ന് മൂട് വെട്ടികൊടുക്കുകയും ചെയ്യും
വെള്ളം കുടിച്ചുകഴിഞ്ഞാല്‍ അത് വെട്ടിപ്പൊളിച്ച് കരിക്ക് ചീകി തിന്നാന്‍ കൊടുക്കുകയും ചെയ്യും
കുര്യന്‍,
കുര്യന്‍ മാപ്പിള,
കുര്യന്‍ അപ്പൂപ്പന്‍
തുടങ്ങി പലപേരുകളിലും അപ്പൂപ്പന്‍ അറിയപ്പെടാറുണ്ട്. പ്രായമായവരും,അന്യസമുദായക്കാരും ആദ്യത്തെ രണ്ട് പേരുകള്‍ വിളിക്കുമെങ്കിലും സ്കൂള്‍ വിദ്യാര്‍ത്ഥികളെല്ലാം കുര്യന്‍ അപ്പൂപ്പന്‍ എന്നാണുവിളിക്കാറുള്ളത്

ഞാന്‍ പരിചയപ്പെടുന്ന കാലത്ത്
അപ്പൂപ്പനു 60- 61 നോടടുത്ത പ്രായം തോന്നിക്കും സ്കൂളിന്റെ തൊട്ടുതെക്കുവശത്തുള്ളപുരയിടത്തിലാണു
അപ്പൂപ്പന്റെ താമസം സ്കൂള്‍ പുരയിടവും പരിസരവും ഒരുകാലത്ത് അപ്പൂപ്പന്റേതായിരുന്നു ചിട്ടിക്കടം വന്ന് എല്ലാം നഷ്ടപ്പെട്ടു എന്ന് അപ്പൂപ്പന്‍ പറയാറുണ്ട് അപ്പൂപ്പന്‍ ചിട്ടിയില്‍ ചേര്‍ന്ന് ചിട്ടിപിടിച്ചിട്ട്
പണം കൊടുക്കതെ വന്നിട്ടാണോ അപ്പൂപ്പന്‍ നടത്തിയ ചിട്ടികള്‍പൊളിഞ്ഞ് പോയിട്ടാണോ ഈ കടം വന്നതെന്ന് നിശ്ചയമില്ല ആരും അതിതെപ്പറ്റി ചോദിച്ച് കേട്ടിട്ടുമില്ല ഏതായാലും അപ്പൂപ്പന്‍ ഒരുകാലത്ത് ഒരു ധനികനായിരുന്നു എന്നതില്‍ രണ്ടു പക്ഷമില്ല സ്വത്തുക്കള്‍ നഷ്ടപ്പെട്ടതില്‍ അപ്പൂപ്പനു സങ്കടമുണ്ട് എന്നാല്‍ ആ സ്ഥലത്ത് ഒരു സ്കൂളുണ്ടായതില്‍ ആഹ്ലാദവും അഭിമാനവും ആണു. കുഞ്ഞുങ്ങളുടെ കണ്ണുതെളിയാന്‍ ഒരു സൗകര്യമായല്ലോ കുര്യന്‍ എങ്ങിനേയും കഴിയും അപ്പൂപ്പന്‍
ചിലപ്പോള്‍ ആത്മഗതം ചെയ്യുന്നത് കേള്‍ക്കാം

അപ്പൂപ്പന്‍ എന്തെങ്കിലും പ്രാധാന്യമോ മഹത്വമോ അവകാശപ്പെടാറില്ലാ. ആരും അത് അംഗീകരിച്ച് കൊടുക്കാറുമില്ല. കുടുംബസ്വത്തുക്കള്‍ നശിപ്പിച്ച ഒരു ധൂര്‍ത്തനായിട്ടാണു ഭാര്യയും പ്രായമായ മക്കളും അപ്പൂപ്പനെ കണക്കാക്കുന്നത്. കുടുംബഭരണം മിക്കവാറും അവര്‍തന്നെയാണു നടത്തുന്നത്
ഞാന്‍ പരിചയപ്പെടുന്ന കാലത്ത് വെന്തതില്‍ ഒരംശം കഴിക്കാനുള്ള അവകാശം മാത്രമേ കുടുംബത്തില്‍
അപ്പൂപ്പനുണ്ടായിരുന്നുള്ളൂ. കരിക്ക് വിറ്റ് കിട്ടുന്ന ചക്രം വീട്ടില്‍ ഏല്‍പ്പിക്കുകയും വേണം.
രാവിലെ അല്‍പ്പം കറുപ്പ്, ഒരു കട്ടന്‍ കാപ്പി, നാലുമണിക്ക് ഒരു പാത്രം "വെള്ളം” ഇത്രയും അപ്പൂപ്പന്റെ ഒഴിച്ചു കൂടാനാവാത്ത ആവശ്യങ്ങളാണു.

മിക്കവാറും സമയങ്ങളില്‍ സ്കൂളിന്റേയും പള്ളിയുടേയും പരിസരങ്ങളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് കാണാം. ചുരുക്കം സന്ദര്‍ഭങ്ങളില്‍ സ്നേഹിതന്മാരുടേയോ ബന്ധുക്കളുടേയോ വീട്ടില്‍ പോയെന്നിരിക്കും. ചിലപ്പോള്‍ പള്ളിയില്‍പോയി മുട്ടുകുത്തി നിന്നു വളരെനേരം പ്രാര്‍ത്ഥിക്കുന്നത് കാണാം. അച്ചന്മാരെകണ്ടാല്‍ വലിയ ഭവ്യതയും ബഹുമാനവും പ്രകടിപ്പിക്കുന്നത് കാണാം. പക്ഷേ അതിന്റെ ആത്മാര്‍ദ്ധതയേപ്പറ്റി പലപ്പോഴും സംശയം തോന്നിപ്പോകും.

കൊച്ചു കുട്ടികളോട് അപ്പൂപ്പനു വലിയ താല്‍പര്യമാണു. സ്കൂളിലേക്ക് കുട്ടികള്‍ വരുന്നതും പോകുന്നതും അപ്പൂപ്പന്‍ മറ്റെല്ലാം മറന്ന് നോക്കിനില്‍ക്കും. ഒരു സംതൃപ്തി ആ കണ്ണുകളില്‍ ഓളം വെട്ടും. അലൗകികമായ ഒരു ആനന്ദം ആ മുഖത്ത് കളിയാടും. സ്വപ്നത്തിലെന്നപോലെ വളരെ നേരം നിര്‍ന്നിമേഷനായി നില്‍ക്കും.

പെട്ടെന്ന് പരിഭ്രമിക്കുന്ന സ്വഭാവക്കാരനാണപ്പൂപ്പന്‍. പരിഭ്രമം വന്നാല്‍ ചില പ്രത്യേകതകളെല്ലാമുണ്ട്. മുട്ടുവരെ ഇറക്കമുള്ള ഉടുമുണ്ടിന്റെ ഒരു വശം തെറുത്തു കയറ്റിവയ്ക്കും. നില്‍ക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഇടക്കിടെ തൊപ്പിപ്പാളയുടെപുറത്ത് വലത് കൈകൊണ്ട് തടവും. അവ്യക്തമായി എന്തെക്കെയോ പൊറുപൊറുക്കും. അപ്പൂപ്പനു പ്രത്യേക താല്‍പ്പര്യമുള്ളവര്‍ക്ക് പ്രയാസമുണ്ടാകുമ്പോഴാണപ്പൂപ്പന്‍ ഏറ്റവും പരിഭ്രമിച്ചു കാണാറുള്ളത്.

അന്ന് സ്കൂളില്‍ ഹെഡ്മാസ്റ്ററായിരുന്ന മണ്ണൂരാന്‍പറമ്പിലച്ചനെ അപ്പൂപ്പനു വളരെം ഇഷ്ടമായിരുന്നു. ആരോടെങ്കിലും 5 മിനിട്ട് സംസാരിക്കാന്‍ ഇടയായാല്‍ അച്ചനെപ്പറ്റി പറയാതിരിക്കില്ല. മിഡില്‍ സ്കൂളായിരുന്ന സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന കാലമായിരുന്നു അന്ന്. തിരുവനന്തപുരത്തുള്ള ഉദ്യോഗസ്ഥന്മാരുടെ ദയാദൃഷ്ടി പതിഞ്ഞെങ്കിലേ മറ്റെന്തെല്ലാസൗകര്യങ്ങളുണ്ടെങ്കിലും
ഒരു സ്കൂള്‍ ഹൈസ്കൂളാകുകയുള്ളൂ. പല നിവേദനങ്ങളും സമര്‍പ്പിച്ചിട്ടും പ്രയോജനം കാണാതെ വന്നപ്പോള്‍ അച്ചന്‍ നേരിട്ട് തിരുവനന്തപുരത്തിനു പോകാന്‍ തീരുമാനിച്ചു. വിവരം എങ്ങിനെയോ അപ്പൂപ്പന്റെ ചെവിയിലുമെത്തി. നിരക്ഷരനായ അപ്പൂപ്പന്‍ തിരുവനന്തപുരം എന്നുകേട്ടിട്ടേയുള്ളു. തന്റെ പ്രീയപ്പെട്ട അച്ചന്‍ തിരുവനന്തപുരത്തിനുപോയി എന്നറിഞ്ഞപ്പോള്‍ മുതല്‍ അപ്പൂപ്പനു പരിഭ്രമമായി. അച്ചനപകടമൊന്നും വരാതിരിക്കുവാന്‍ അപ്പൂപ്പന്‍ ആരും കാണാതെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു. രണ്ടുമൂന്നുദിവസത്തിനകം തിരുച്ചുവരാമെന്നു പറഞ്ഞുപോയ അച്ചന്‍ ഒരാഴ്ച്ചയായിട്ടും തിരിച്ച് വന്നില്ല. അപ്പൂപ്പന്‍ സ്കൂള്‍ പരിസരത്തുനിന്നും മാറാതെയായി. അത്യധികമായ പരിഭ്രമത്തിന്റെ എല്ലാ ലക്ഷണങ്ങളും അപ്പൂപ്പനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അവസാനം അനുകൂലമായ ഗവണ്മെന്റ് ഉത്തരവുമായി അച്ചന്‍ തിരുച്ചുവന്നു. അപ്പൂപ്പന്‍ നെടുതായൊന്നു നിശ്വസിച്ചു. അച്ചനെ കണ്‍കുളിര്‍ക്കെ നോക്കിക്കണ്ടു. അച്ചനോ മറ്റാരെങ്കിലുമോ അപ്പൂപ്പനെ ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കണമെന്ന ആഗ്രഹമോ,ശ്രദ്ധിക്കുമെന്ന പ്രതീക്ഷയോ,
അപ്പൂപ്പനുണ്ടായിരുന്നുമില്ല. നേരേ പള്ളിയില്‍ചെന്ന് പ്രാര്‍ത്ഥിച്ചു. രണ്ടുമൂന്നു ദിവസമായി മുടങ്ങിക്കിടന്നിരുന്ന പതിവു പരിപാടിയായ
"വെള്ളം” കുടിക്കായി തിരക്കിട്ട് പോകുകയും ചെയ്തു.

രാമപുരം പള്ളിയിലെ പുണ്യവാളനും കുര്യനപ്പൂപ്പനുമായി ഒരു കരാറുണ്ട്. അപ്പൂപ്പന്റെ കൈയില്‍ "വെള്ളം”കുടി കഴിഞ്ഞ് വല്ലതും മിച്ചമുണ്ടെങ്കില്‍ അത് പള്ളി ഭണ്ഡാരത്തിലിടും. "വെള്ളം” കുടിക്കാന്‍ തീരെ മുട്ടുവന്നാല്‍ അപ്പൂപ്പന്‍ പുണ്യവാളന്റെ നേര്‍ച്ചപ്പാത്രത്തില്‍ കൈവെക്കും. മുട്ടുകുത്തി കുരിശുവരച്ചുകൊണ്ട് പ്രാര്‍ത്ഥിക്കും. “കുര്യന്‍ പാവമാണു, കുര്യനു "വെള്ളം” കുടിക്കാന്‍ നിവൃത്തിയില്ലാഞ്ഞിട്ടാണു” പുണ്യവാളന്‍ കുര്യനോട് ഒരിക്കലും പിണങ്ങിയിട്ടില്ലെന്നാണു അപ്പൂപ്പന്‍ എപ്പോഴും അവകാശപ്പെടുന്നത്. "വെള്ളം”കുടികഴിഞ്ഞ് എന്തെങ്കിലും മിച്ചമുണ്ടെങ്കില്‍ അത് ഭണ്ഡാരത്തിലിടാന്‍ അപ്പൂപ്പന്‍ മറക്കാറില്ല.

സ്കൂളിന്റെ കിഴക്കുവശത്തുള്ള ഫുട്ബോള്‍ ഗ്രൗണ്ടിന്റെ തെക്കു പടിഞ്ഞാറെ കോണിലായി രണ്ട് വരിക്ക പ്ലാവുകളുണ്ടായിരുന്നു. സ്കൂളിരിക്കുന്ന സ്ഥലം പള്ളിക്കുവിറ്റപ്പോള്‍ ആ പ്ലാവുകളുടെ അവകാശം അപ്പൂപ്പന്‍ വിട്ടുകൊടുത്തിരുന്നില്ല. വൃശ്ചികം ധനു മാസങ്ങളാകുമ്പോള്‍ അതില്‍ പല വലിപ്പവും ആകൃതിയും ഉള്ള ചക്കകളുണ്ടായിട്ടുണ്ടാവും. എവിടെനിന്നെങ്കിലും കുറെ മുള്ളും ചവറും കൊണ്ടുവന്ന് അപ്പൂപ്പന്‍ അത് പൊതിഞ്ഞുകെട്ടും. “വികൃതിപ്പിള്ളേരുശല്യം ചെയ്യും, അതാണുകുര്യനീബുദ്ധിമുട്ടെല്ലാം”അപ്പൂപ്പന്‍ തന്നത്താന്‍ പറയും. ദിവസം മൂന്നും നാലും പ്രാവശ്യം അപ്പൂപ്പന്‍ പ്ലാവിന്‍ചുവട്ടില്‍ വരും. ചക്കകള്‍ വളര്‍ന്ന് വളര്‍ന്ന് വരുന്നത് കാണുക അപ്പൂപ്പനൊരു സന്തോഷമാണു. ഇടക്കിടെ കൈയിലുള്ള മുളവടികൊണ്ട് മുള്ളും ഇലകളും പതുക്കെ പൊക്കി ചക്കകളുടെ വളര്‍ച്ച പരിശോധിക്കുന്നത് കാണാം.
അപ്പൂപ്പന്റെ പ്ലാവിന്‍ചുവട്ടിലെ തപസ്സു കാണുമ്പോള്‍ പല കൊച്ചു വിരുതന്മാര്‍ക്കും കുസൃതിതോന്നും. അപ്പൂപ്പനില്ലാത്ത സമയം നോക്കി അവര്‍ പ്ലാവിലേക്ക് കല്ലെടുത്തെറിയും. മിക്കവാറും അപ്പൂപ്പന്‍ അത് കാണാതിരിക്കുകയില്ല. നാലു മണിക്കുമുന്‍പാണെങ്കില്‍ നല്ലവാക്കുപറഞ്ഞ് അവരെ പിന്തിരിപ്പിക്കാന്‍ നോക്കുകയേയുള്ളു. പക്ഷെ "വെള്ളം”കുടികഴിഞ്ഞുള്ള വരവാണെങ്കില്‍ അപ്പൂപ്പന്റെ വിധം മാറും.
നല്ലഭാഷയില്‍ കുറച്ചു സംസാരിച്ചിട്ടേ അപ്പൂപ്പന്‍ പോകൂ. അപ്പൂപ്പനു ദേഷ്യം വരുന്നതിനു ഒരു കാരണം ഉണ്ട്. ഈ ചക്കയൊന്നും അപ്പൂപ്പനുപയോഗിക്കുവാനുള്ളതോ, വിലയ്ക്കു വില്‍ക്കുവാനുള്ളതോ അല്ല. പാകമാകുമ്പോള്‍ അതോരോന്നായി സ്വന്തം തലയില്‍ ചുമന്ന് സ്നേഹവും ബഹുമാനവും ഉള്ളാആളുകള്‍ക്ക് കൊണ്ടുപോയി കൊടുക്കുംഅവര്‍ എന്തെങ്കിലും സമ്മാനം തരാതിരിക്കില്ല. ആ പണം അന്നന്ന് "വെള്ളം”കുടിക്കാന്‍ ഉപയോഗിക്കും. മിച്ചം വല്ലതും ഉണ്ടെങ്കില്‍ പള്ളിഭണ്ഡാരത്തിലിടുകയും ചെയ്യും. “പുണ്യവാളന്റെ സ്ഥലത്തുനില്‍ക്കുന്ന പ്ലാവാണു. കുര്യന്റെ അത്യാവശ്യം കഴിഞ്ഞാല്‍ ബാക്കിക്ക് അവകാശം പുണ്യവാളനാണു” അപ്പൂപ്പന്‍ പറയാറുണ്ട്. മാന്യന്മാര്‍ക്ക് കൊടുക്കാനുള്ള ചക്കക്ക് കേട് വരരുതെന്ന നിര്‍ബന്ധം കൊണ്ടാണു പ്ലാവില്‍ എറിയുന്നവരോട് അപ്പൂപ്പന്‍ കലഹിക്കുന്നത് .

ഒരു ദിവസം "വെള്ളം” കുടി കഴിഞ്ഞ് വരികയാണു. പ്ലാവിന്‍ ചുവട്ടില്‍ രണ്ട് മൂന്ന് കുസൃതികളുമുണ്ട്. കയ്യില്‍ കല്ലുമായി. അപ്പൂപ്പനു കലി കയറി. തുള്ളിയുറഞ്ഞുകൊണ്ടുള്ള അപ്പൂപ്പന്റെ വരവു കണ്ട് ആ കുസൃതിക്കുരുന്നുകള്‍ പൊട്ടിച്ചിരിച്ചു. അപ്പൂപ്പനു ദേഷ്യം ഇരട്ടിച്ചു. വഴിയില്‍ കിടന്ന ഒരു പാറക്കഷണം എടുത്തു കൊടുത്തു ഒരേറു. ഒരു കുട്ടിയുടെ തിരുനെറ്റിക്കുതന്നെ അത് ചെന്നു കൊണ്ടു. രക്തം പതഞ്ഞ് ഒഴുകി. അപ്പൂപ്പന്‍ നടുങ്ങിപ്പോയി. ഒന്നും വിചാരിച്ച് ചെയ്തതല്ല. ദേഷ്യം കൊണ്ട് എറിഞ്ഞുപോയി ഇത്രക്കുവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഉടുമുണ്ടിന്റെ വക്ക് വലിച്ചുകീറി അപ്പൂപ്പന്‍ തന്നെ നെറ്റി വച്ചുകെട്ടി. തന്നത്താന്‍ എന്തെക്കെയോ പറഞ്ഞുകൊണ്ട് വീട്ടിലേക്കു പോവുകയും ചെയ്തു
അടുത്ത രണ്ടുമൂന്നു ദിവസത്തേക്ക് അപ്പൂപ്പന്‍ അസ്വസ്ഥനായിസ്കൂള്‍ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. ആദ്യ ദിവസം അപ്പൂപ്പനമര്‍ഷമായിരുന്നു. കുട്ടികള്‍ ചെയ്യുന്ന ഉപദ്രവങ്ങളേപ്പറ്റി ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു “കുര്യനാരേയും പേടിയില്ല” എന്ന് ഇടക്കിടെ ഉച്ചത്തില്‍ പറയുന്നുമുണ്ടായിരുന്നു പക്ഷേ ആരും ശ്രദ്ധിച്ചില്ല.
രണ്ടാം ദിവസം ആ മുഖം തികച്ചും ശാന്തമായിരുന്നു കൊള്ളുമെന്നു വിചാരിച്ച് എറിഞ്ഞതല്ല കല്ലു വരുമ്പോള്‍ അവര്‍ക്ക് മാറാമായിരുന്നില്ലേ? എന്നെല്ലാമായിരുന്നു അന്നത്തേ സംസാരം. അന്നും ആരും ശ്രദ്ധിച്ചില്ല
മൂന്നാം ദിവസം രാവിലെ അപ്പൂപ്പന്‍ ഹെഡ്മാസ്റ്ററച്ചന്റെ മുറിവാതുക്കല്‍ ഹാജരായി. വേദനാപൂര്‍ണമെങ്കിലും നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന മുഖഭാവമായിരുന്നു അപ്പൂപ്പന്റേത്.
“ഒരു കൊച്ചിന്റെ നെറ്റി കുര്യന്‍ എറിഞ്ഞ് പൊട്ടിച്ചു. വിവരം പോലീസിലറിയിക്കണം.
കുര്യനെ ശിക്ഷിപ്പിക്കണം”. അപ്പൂപ്പന്‍ പറഞ്ഞു. ഹെഡ്മാസ്റ്ററച്ചന്‍ ഒന്നും പറയാതെ അകത്തോട്ടു കയറിപ്പോയി. അല്‍പനേരം നിന്നിട്ട് അപ്പൂപ്പന്‍ തിരിഞ്ഞുനടന്നു ഇടത്തുകൈകൊണ്ട് ഇടക്കിടെ കണ്ണുതുടച്ചുകൊണ്ട്. അതിനുശേഷം അപ്പൂപ്പന്‍ കുട്ടികളുമായി കലഹിച്ചിട്ടില്ല

സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളായി. സ്കൂളിനാവശ്യമായ കളിസ്ഥലങ്ങള്‍ ഉണ്ടായിരുന്നില്ല.
സ്കൂളിന്റെ കിഴക്കുവശത്ത് വിശാലമായ ഒരു പുരയിടം ഉണ്ടായിരുന്നു. ജീവിതസായാഹ്നത്തിലെത്തിയിരുന്ന പത്രോസച്ചന്റെ വകയായിരുന്നു അത്. ധനികനായിരുന്ന ആ വൈദിക വൃദ്ധന്‍ രാമപുരത്തു പള്ളിയില്‍ വിശ്രമിക്കുകയാണു. ആ സ്ഥലം സ്കൂളിനുകിട്ടിയാല്‍ കളിസ്ഥലത്തിന്റെ പ്രശ്നം തീരും. പക്ഷേ പത്രോസച്ചന്‍ അതിനു തയാറല്ല. മറ്റൊരു പോംവഴി തെക്കുവശത്തുള്ള കുര്യനപ്പൂപ്പന്റെ സ്ഥലം കിട്ടുകയാണു. എല്ലാം നഷ്ടപ്പെട്ട അപ്പൂപ്പന്റെ അവസാന ആശ്രയമാണു ആ തുണ്ട് ഭൂമി. അത് വില്‍ക്കണമെന്ന് അപ്പൂപ്പനോട് ആവശ്യപ്പെടാന്‍ ആരും ധൈര്യപ്പെട്ടില്ല.

എല്ലാ കണ്ണുകളും പത്രോസച്ചനിലേക്ക് തിരിഞ്ഞു ഭക്തനും വിശ്വാസിയുമായ ഹെഡ് മാസ്റ്ററച്ചന്‍
പത്രോസച്ചനു സന്മനസ്സുണ്ടാകാന്‍ വേണ്ടി കൂട്ട പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നാലുമണിക്ക് സ്കൂള്‍ വിട്ടുപോകുന്നവഴി പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടു. കുട്ടികള്‍ പള്ളിയിലേക്ക് പോകുമ്പോള്‍ അപ്പൂപ്പനും കൂട്ടത്തില്‍ ചെല്ലാറുണ്ട്. പള്ളി മുറ്റത്ത് ഇടതുകൈ കൊണ്ട് നീണ്ട വെള്ളതാടിയും തടവിക്കൊണ്ട് വലത് കൈയില്‍ അറ്റം വളഞ്ഞ നടപ്പു വടിയുമായി പത്രോസച്ചന്‍ നില്‍ക്കുന്നുണ്ടാവും. “നന്നായി പ്രാര്‍ത്ഥിച്ചോ” എന്ന് പരിഹാസപൂര്‍വം അച്ചന്‍ കുട്ടികളോട് പറയും.
അപ്പൂപ്പന്‍ പ്രാര്‍ത്ഥിക്കാറില്ല പത്രോസച്ചന്റെ അടുത്തുചെന്ന് സ്തുതി ചൊല്ലും ഒരു പുഴുങ്ങിയചിരി ചിരിക്കും. അച്ചനു മനസ്സിളക്കം വല്ലതുമുണ്ടോ എന്നു ചോദിക്കും. മറുപടിക്കു വേണ്ടി കാത്തുനില്‍ക്കാതെ പൊറുപൊറുത്തുകൊണ്ട് പള്ളിമുറ്റത്തേക്ക് ഇറങ്ങിപ്പോവുകയും ചെയ്യും കാലം മുന്നോട്ടുനീങ്ങി. പുതിയ അദ്ധ്യാപകര്‍ വന്നു,സ്കൂള്‍ വളര്‍ന്നുകൊണ്ടിരുന്നു. പുതിയ കെട്ടിടങ്ങള്‍ പലതും പൊന്തി വന്നു. പക്ഷേ സ്ഥലത്തിന്റെ പ്രശ്നം മാത്രം പരിഹരിക്കപ്പെട്ടില്ല.


അപ്പൂപ്പന്റെ ആരോഗ്യം ക്ഷയിക്കുകയായിരുന്നു. കൂനു ഒന്നുംകൂടി വര്‍ദ്ധിച്ചു. സ്കൂള്‍ പരിസരങ്ങളില്‍ അധികമൊന്നും വരാതെയായി. പത്രോസച്ചന്റെ മനസ്സിനിളക്കമൊന്നും വന്നില്ല. പ്രാര്‍ത്ഥന എല്ലാം വിഫലമായി അപ്പൂപ്പന്റെ മനസ്സില്‍ ഒരു സംഘട്ടനം നടക്കുകയായിരുന്നു. തന്റെ സ്ഥലത്താണു സ്കൂളിരിക്കുന്നത്. തന്നോടൊപ്പം വളര്‍ന്നുവന്നതാണു ആ സ്കൂള്‍. സ്ഥലമില്ലായ്മകൊണ്ട് ഇന്നത് വീര്‍പ്പുമുട്ടുകയാണു. ഒന്നുകില്‍ ധനികനായ പത്രോസച്ചന്‍, അല്ലായെങ്കില്‍ ഏഴയായ അപ്പൂപ്പന്‍. രണ്ടിലൊരാള്‍ സ്ഥലം കൊടുത്തേ തീരൂ എങ്കിലേ സ്കൂള്‍ ഇനി വളരുകയുള്ളൂ. ഒരു ദിവസം അപ്പൂപ്പന്‍ പള്ളിയിലേക്കു പുറപ്പെട്ടു. വടിയൂന്നി കുനിഞ്ഞുകുനിഞ്ഞാണു നടക്കുന്നത് വളരെ ബുദ്ധിമുട്ടിയാണു ഗോവണിപ്പടി കയറിയതു. വികാരിയച്ചന്റെ മുറിവാതുക്കല്‍ ചെന്നു, അപ്പൂപ്പന്‍ സ്തുതി ചൊല്ലി. ഒരു ചെറിയ വിലയ്ക്ക് സ്വന്തം സ്ഥലം സ്കൂളിനു കൊടുക്കുവാനുള്ള സന്നദ്ധത അറിയിച്ചു. തിരിച്ചു നടന്നപ്പോള്‍ ഒരു ആത്മസംതൃപ്തി ആ മുഖത്ത് കളിയാടിയിരുന്നു.

അപ്പൂപ്പന്റെ കുടുംബം അജ്ഞ്ഞാതമായ ഒരു സ്ഥലത്തേക്ക് യാത്ര തിരിച്ചു. അല്‍പസ്വല്‍പ്പം ചില ഉപകരണങ്ങളുണ്ടായിരുന്നത് ഒരു കുട്ടയിലാക്കി ചുമന്നുകൊണ്ട് ബന്ധുക്കളിലൊരാള്‍ മുന്‍പേ നടന്നു. ചില്ലറ ഭാണ്ഡക്കെട്ടുകള്‍ കൈയ്യിലെടുത്ത് ഭാര്യയും മക്കളും പിന്നാലെ നടന്നു

ഒടുവിലാണു അലക്കിയ ഈരെഴത്തോര്‍ത്തുമുടുത്ത്, തൊപ്പിപ്പാളയും വച്ച്, വടിയൂന്നി കുനിഞ്ഞ് കുനിഞ്ഞ് അപ്പൂപ്പന്‍ ഇറങ്ങിയത്. അല്‍പ്പം മുന്നോട്ട് നടന്ന് സ്കൂളിന്റെ നേരേതിരിഞ്ഞുനിന്ന് ഊന്നുവടിയില്‍ കൈകള്‍ ചേര്‍ത്ത് സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്റെ ഭാവി ഭാഗധേയത്തിനു വേണ്ടിയായിരിക്കണം അപ്പൂപ്പന്‍ പ്രാര്‍ത്ഥിച്ചു. സ്കൂള്‍ കെട്ടിടത്തിലും പരിസരങ്ങളിലും അല്‍പ്പനേരത്തേക്ക് ആ കണ്ണുകള്‍ പരതി നടന്നു. അലൗകികത്വത്തിന്റെ പരിവേഷമണിയാത്ത, ആരേയും ദ്രോഹിച്ചിട്ടില്ലാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത, സ്നേഹനിധിയായ ആ സാധുമനുഷ്യന്‍ മുന്നോട്ട് നീങ്ങി. ആകണ്ണുകളില്‍ നിന്നും രണ്ടുതുള്ളി കണ്ണുനീര്‍ അടര്‍ന്നുവീണു.

ധനാഢ്യനായ പത്രോസച്ചന്‍ ഇതല്ലാംകണ്ടും കൊണ്ട് ഒരു പരിഹാസചിരിയോടെ താടിയും തടവി പള്ളിമേടയില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

4 comments:

myexperimentsandme said...

നന്നായി എഴുതിയിരിക്കുന്നു.

സാജന്‍| SAJAN said...

വായിച്ചു ഇനിയും മനോഹരമായ പഴയ രചനകള്‍.. ബ്ലോഗില്‍ പബ്ലിഷ് ചെയ്യാമോ?

ദിവാസ്വപ്നം said...

ടച്ചിംഗ് !


(ഇടയ്ക്കോരോ ലൈന്‍ സ്പേസ് കൂടി കൊടുത്തിരുന്നെങ്കില്‍ വായിക്കാന്‍ കൂടുതല്‍ എളുപ്പമായേനെ.

കുട്ടിച്ചാത്തന്‍ said...

ഒറ്റവാക്കു മാത്രം ‘ഹൃദ്യം’