Friday, March 16, 2007

പുകച്ചുരുള്‍ പോലെ മറഞ്ഞു പോയ ഒരാള്‍


എന്റെ മനസ്സിന്റെ നൊമ്പരങ്ങള്‍ -1.
ഞാന്‍ തിരക്കിട്ട് ബൈക്ക് ഓടിക്കുമ്പോഴാണാ മെസ്സേജുകള്‍
പുറകേ പുറകേ വന്നത്.
ഒന്നിനു ശേഷം ഒന്നായി,വളരെ ചെറിയ ഇടവേളകളില്‍.
എല്ലാം പ്രേമത്തെപ്പറ്റി മഹാന്മാര്‍ പറഞ്ഞ വാചകങ്ങള്‍.

"a love is......",
"to be loved is........"
"what ails you dear...............?"
പിന്നെ പിന്നെ തുടരെയുള്ള മിസ്സ്ഡ് കോളുകളും.

പലതവണ ബൈക്ക് നിര്‍ത്തേണ്ടി വന്നപ്പോള്‍ എനിക്ക് ദേഷ്യം വന്നു .
ഞാന്‍ ആ നമ്പരിലേക്കു വിളിച്ചു.ബെല്ലടിച്ചെങ്കിലും മറുപടി ഇല്ല.
അവസ്സാനം ഞാന്‍ ഒരു മെസ്സേജ് അയച്ചു.
"Don't disturb me,I am not a man fit for your jokes"
മറുപടി ഉടനെ എത്തി.
Don't think like that,
you are truely fit for me and for me alone dear!"
എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്.
ഞാന്‍ ഒരു മെസ്സേജ് കൂടി അയച്ചു.
"This is the final warning!
if you disturb me any more
I will take legal action against you!"
ഉടനെ മറുപടി
"You can proceed with the case dear!!
then I will love you more than now!"
ഞാന്‍ ക്ഷമയുടെ നെല്ലിപ്പലകയിലെത്തി.
ഞാന്‍ ഒരു മെസ്സേജ് കൂടി അയച്ചു.
"This is too much,you coward!
I will be at your doorstep with police tomarrow morning
and I will see that You will not repeat it any more!!"
എല്ലാം അവസ്സാനിച്ചു എന്ന് വിചാരിച്ചപ്പോള്‍
എന്നെ അമ്പരപ്പിച്ചുകൊണ്ട് മറുപടി ഉടനെ എത്തി.
"happy to see you at my door step honey!
if you do so I will embrace you and kiss you,sure!!"
ഇനി ഞാന്‍ എന്തു ചെയ്യും?

ഞാന്‍ പിന്നെ മെസ്സേജ് അയച്ചില്ല.
സമയം മുന്നോട്ട് പോകുംതോറും
പുതിയ മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നു.
ഏതോ ഒരു നിമിഷത്തില്‍ എന്റെ മനസ്സിലെ ക്രോധം
അലിഞ്ഞ് അലിഞ്ഞ് ഇല്ലാതായി.
പകരം ഒരു കൗതുകം രൂപപ്പെട്ടു.
ആരാണിത്ര മിനക്കെട്ട് എന്റെ പുറകേ?
തീര്‍ച്ചയായും ഇതൊരു പെണ്ണല്ല.
ഇതൊരു പെണ്ണെഴുത്തല്ല.ആണെഴുത്താണു.
മാത്രവുമല്ല ഇതുപോലെ എഴുതുവാന്‍
ഞാന്‍ ഒരു പെണ്ണിനേയും പ്രോല്‍സാഹിപ്പിച്ചിട്ടുമില്ല.
ഞാന്‍ കാത്തിരുന്നു.
പുതിയ മെസ്സേജുകള്‍ കിട്ടുവാന്‍ ഒരുമോഹം.
കിട്ടുന്നത് വായിക്കുമ്പോള്‍ ഒരു സുഖം.
രാത്രി 11 കഴിഞ്ഞപ്പോള്‍ മെസ്സേജുകള്‍ നിന്നു.
എനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു വിഷമം തോന്നി.
മണി 11,12,1 ഞാന്‍ ഉറങ്ങിയില്ല.
അപ്പോള്‍ എന്റെ ഫോണില്‍ ബല്ലടിച്ചു. ഞാന്‍ ഫോണെടുത്തില്ല.
ഞാന്‍ ഒരു പ്രത്യേക അനുഭൂതിയില്‍ ആ മണിനാദം കേട്ടുകിടന്നു.
ഇത്തവണ അത് മിസ്സ്ഡ് കോള്‍ ആയില്ല.
നിറുത്താതെ മണി അടിച്ചുകൊണ്ടിരുന്നു
അവസ്സാനം ഞാന്‍ ഫോണെടുത്തു.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറുവശത്ത് ഒരു പതറിയ സ്ത്രീ ശബ്ദം.
"ഇന്ന് വൈകിട്ട് മുതല്‍ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നത് ഞാനാണു.
ഇനി ഞാന്‍ ഇത് ആവര്‍ത്തിക്കുകയില്ല എന്നോട് ക്ഷമിക്കണം."
"പക്ഷേ നിങ്ങള്‍ ആരാണന്ന് പറഞ്ഞില്ലല്ലോ"
ഞാന്‍ ചോദിച്ചു
വീണ്ടും പതര്‍ച്ചയോടെ സ്ത്രീ ശബ്ദം.
" ഇനി ഞാന്‍ ഇത് ആവര്‍ത്തിക്കുകയില്ല എന്നു ക്ഷമ പറഞ്ഞില്ലേ,
അതുപോരെ?എന്നോട് ക്ഷമിക്കണം."
ഫോണ്‍ കട്ടായി.
പിന്നീട് ഞാന്‍ പലതവണ ആ നമ്പരിലേക്കു വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല.
ഒരു വലിയ നഷ്ടബോധമാണുപിറ്റേന്നു രാവിലെ എനിക്ക് തോന്നിയത്.
അജ്ഞാതനായ ഒരു കൂട്ടുകാരനെ കിട്ടണമെന്ന്
ഞാന്‍ മനസ്സില്‍ എത്രയോ തവണ ആഗ്രഹിച്ചിരിക്കുന്നു.
ഒരു സുഹൃത്ത് കാണാമറയത്തുനിന്ന് എന്നെ ഇഷ്ടപ്പെടുക,
നിരന്തരമയി ബന്ധപ്പെടുക,
അതാരാണെന്ന് അറിയാതെ സൗഹൃദം പങ്കു വൈക്കുക.
എത്ര രസമാണത്!
അതാണല്ലോ പെട്ടന്ന് ഇല്ലാതായത്.
അടുത്ത ടെലിഫോണ്‍ബൂത്തില്‍ നിന്ന് ഞാന്‍ ആ നമ്പരിലേക്ക് ഡയല്‍ ചെയ്തു.
" ഹലോ" എന്റെ അജ്ഞാത സുഹൃത്തിന്റെ സ്വരം.
ഞാന്‍ അല്‍പ്പം ഗൗരവത്തില്‍ പറഞ്ഞു
"............എന്ന നമ്പരാണോ ഇത്."
" അതെ"
"ഇത് ടെലിക്കോം ഓഫീസില്‍ നിന്നാണു. നിങ്ങളെപ്പറ്റി ഒരു കപ്ളയിന്റുമായി ഒരു കസ്റ്റമര്‍ വന്നിട്ടുണ്ട്.
അത് സെറ്റില്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ നല്ലത് എന്ന് കരുതിയാണുവിളിച്ചത്.
എന്താ നിങ്ങളുടെ പേരും വിലാസവും?"
മറുവശത്തുനിന്ന് ഒരു അപേക്ഷാ സ്വരം.
" ഞാന്‍ അങ്ങേരോട് ക്ഷമ ചോദിച്ചതാണല്ലോ?
വീണ്ടും ക്ഷമ ചോദിച്ചതായി പറയണം.
ഇനി ഒരിക്കലും ഞാന്‍ അങ്ങേരെ ശല്ല്യപ്പെടുത്തുകയില്ല."
ഫോണ്‍ കട്ടായി.
ഞാന്‍ ആകെത്തകര്‍ന്നുപോയി.
ഇവിടെ എല്ലാം അവസ്സാനിച്ചിരിക്കുന്നു.
ഈ കേരളത്തിന്റെ ഏതോ ഒരു കോണില്‍ നിന്നും ഒരു സ്ത്രീ .
ഞാന്‍ വിളിക്കാതെ എന്റെ അടുത്ത് വന്നു വിശ്വാമിത്രന്റെ തപസ്സിളക്കാന്‍ വന്ന
മേനകയേപ്പോലെ ലാസ്യ നൃത്തമാടി.
അവസ്സാനം ആരാണന്നും,എന്താണന്നും,എന്തിനാണെന്നും ഒന്നും പറയാതെ
ഇപ്പോള്‍ അകന്ന് അകന്ന് പോകുന്നു.
ഇനി അവള്‍ ഒരിക്കലുമെന്റെ അടുത്തു വരില്ല!
വന്നാലും ഞാന്‍ അവളെ തിരിച്ചറിയുകയുമില്ല!
എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പതറി
എന്തെങ്കിലും ചെയ്തേ പറ്റൂ അല്ലങ്കില്‍ ഈ മരീചിക ഇതോടെ മറഞ്ഞുപോകും.
പെട്ടന്നാണെനിക്ക് ഒരു ചിന്ത വന്നത്
ഒരാളെ മറവില്‍ നിന്നും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുക!
ഇത് ഒരു കുറ്റകൃത്യമാണല്ലോ!
എത്ര സൂക്ഷിച്ച് മായിച്ചാലും ഏതൊരു കുറ്റകൃത്യത്തിലും
ആ കുറ്റവാളിയുടെ ഒരു അടയാളം
ബാക്കി കിടക്കും.
ദൈവത്തിന്റെ അദൃശ്യമായ ഒരു കൈ!!!
അത് കണ്ടെത്തിയാല്‍ അയാളെ കണ്ടെത്താം.
ഇവിടെ ഈ വിരലടയാളം എവിടെ?
എന്റെ തലച്ചോറു പുകഞ്ഞുതുടങ്ങി
കണ്ടെത്തിയ കാര്യങ്ങള്‍
ഷെര്‍ലക്ക് ഹോംസിനെപ്പോലെ ഒരു കടലാസ്സിലേക്ക് പകര്‍ത്തി
1. സ്ത്രീ = ശബ്ദം കേട്ടു.
2.അയച്ച മെസ്സേജുകളില്‍ പ്രേമത്തിന്റെ മണികിലുക്കം = അവിവാഹിത.ഭര്‍ത്താവുള്ളവള്‍ ഒരിക്കലും
സ്വന്തം മൊബൈലില്‍ നിന്നും ഇത് ചെയ്യുകയില്ല.
3 അങ്ങേരോട് എന്ന പ്രയോഗം = മലയാളിയാണെങ്കിലും മറ്റേതോ നാട്ടില്‍ ജീവിച്ചവള്‍.
മലയാളി പെണ്ണുങ്ങള്‍ തോറ്റു നില്‍ക്കുമ്പോല്‍
ആ ചേട്ടനോട് എന്നേ പ്രയോഗിക്കൂ.
4. മെസ്സേജിലെ ഷോര്‍ട്ട് ഫോം പ്രയോഗങ്ങള്‍ = ഒരു ചെത്ത് ഹോസ്റ്റല്‍ ജീവിതത്തിന്റെ ബാക്കി പത്രം.
5. പോലീസ്സില്‍ ഏല്‍പ്പിച്ചാല്‍ കുറ്റകരമായ മെസ്സജ്കള്‍= വീണ്ടുവിചാരമില്ലാത്ത വികൃതി.
6. കേസ്സ് പ്രൊസീഡ് ചെയ്യുക എന്ന പ്രയോഗം=ഇത് വക്കീലിനും ഡോക്ടര്‍ക്കു മാണുള്ളത്.
മറ്റുള്ളവര്‍ക്ക് കേസ് ഫയല്‍ ചെയ്യുകഎന്നതാണു പ്രയോഗരീതി.
7.കൈപ്പറ്റുന്നയാളും അവിവാഹിതന്‍ = ഭാര്യയുള്ളവന്റെ മൊബൈലിലേക്ക്
ഇത് പോലെ പ്രയോഗിച്ചാല്‍ വിവരം അറിയും
8.ആവര്‍ത്തിച്ചുള്ള കുറ്റ സമ്മതവും ക്ഷമാപണവും = സ്വയം പ്രതിരോധിക്കുവാനുള്ള
ഒരു ന്യായവും പറയാതെഉള്ള സമ്പൂര്‍ണ കീഴടങ്ങല്‍

അപ്പോള്‍ ഒന്നു വ്യക്തം.
ഈ പെണ്‍കുട്ടിയുടെ ടാര്‍ജറ്റ് ഞാനല്ല.
എന്നോടു യാതൊരുചീത്ത വിചാരവും ഇവള്‍ക്കില്ല
ഏതോ ഒരു കൂട്ടുകാരനെ കളിപ്പിക്കാന്‍ കാട്ടിയ വികൃതി,
എന്തോഅബദ്ധത്തില്‍
എന്റെ മൊബൈലിലേക്ക് പറന്ന് വന്നതാണു.
തെറ്റ് മനസ്സിലാക്കിയപ്പോള്‍ മുതല്‍ പറ്റിയ തെറ്റില്‍ അഗാധമായ കുറ്റബോധം .
ഇത് കുടുമ്പത്തില്‍ പിറന്ന നല്ല പെണ്‍കുട്ടിക്കേ ഉണ്ടാകൂ.
എനിക്ക് അവളോട് ബഹുമാനം തോന്നി

ചുരുക്കത്തില്‍
ഒരു സ്ത്രീ,അവിവാഹിത,വക്കീലോ ഡോക്ടറോ,പഠനം അവസാനവര്‍ഷം.
ജന്മം കൊണ്ട് മലയാളി,ജീവിച്ചതു മറ്റ് എവിടെയോ.
നടപടികളില്‍ ചപലത. ഒരു വക്കീലിന്റെ സൂഷ്മബുദ്ധി ഒട്ടുമില്ല.
അതെ ഇവര്‍ ഒരു ഡോക്ടറാണു.
ഏതോ ഒരു ഹോസ്റ്റലില്‍ താമസ്സിക്കുന്ന കൊച്ച് ഡോക്ടര്‍!
ഞാന്‍ നിഗമനത്തിലെത്തി.
പക്ഷേ എവിടെ?
എങ്ങിനെ കണ്ടെത്തും?
എനിക്ക് വഴി മുട്ടി.
ഇവിടെ ഞാന്‍ തോറ്റുകൂടാ.
തോറ്റാല്‍ ഒരു പുകപോലെ അവള്‍ വായുവിലലിഞ്ഞു പോകും.
എന്തെങ്കിലും ചെയ്യണം.
അവസ്സാനം എന്റെ മനസ്സില്‍ ഒരു ബുദ്ധി തെളിഞ്ഞു.
എന്റെ ആവനാഴിയില്‍ നിന്നും ബ്രഹ്മാസ്ത്രം പുറത്തെടുക്കുക!
ഒരു മെസ്സേജ്, ഒരു പ്രത്യേക മെസ്സേജ്,
അവളെ മൂടുപടം മാറ്റി പുറത്തിറക്കാന്‍ ശക്തിയുള്ള് ഒരു ചക്രായുധം.
ഒരു പുരുഷന്റെ കണ്ണ്നീരും സെന്റിമെന്റ്സുംചേര്‍ത്ത് ഒരു മെസ്സേജ്.
“അജ്ഞാത സുഹൃത്തേ,
ഇന്ന് ഞാന്‍ ടെലിക്കോം ഓഫീസ്സില്‍ പോയിരുന്നു.
ഒരു പരാതി എഴുതിക്കൊടുത്താല്‍ നിങ്ങളുടെ വിലാസം കണ്ടെത്തി നടപടി എടുക്കാമെന്നവര്‍ പറഞ്ഞു.
ക്ഷമ ചോദിച്ച ഒരു സ്ത്രീയേപ്പറ്റി പരാതി എഴുതാന്‍മാത്രം മനസ്സാക്ഷി ഇല്ലാത്തവനല്ല ഞാന്‍. നിങ്ങളാരാണന്നറിയാനുള്ള മാര്‍ഗം അടഞ്ഞപ്പോള്‍ ഞാന്‍ നിങ്ങളുടെ രൂപം മനസ്സില്‍ വരച്ചു നോക്കി. അവസ്സാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി,താമസം ഹോസ്റ്റലില്‍,ജന്മം കൊണ്ട് മലയാളി,
ജീവിച്ചതു മറുനാട്ടില്‍, വികൃതി, വീണ്ടുവിചാരം കുറഞ്ഞവള്‍, ചപല എങ്കിലും മനസ്സാക്ഷി ഉള്ളവള്‍.
എന്താ ശരിയാണോ?
ഇവിടെ വച്ച് നമ്മള്‍ തമ്മില്‍ പിരിയുകയാണല്ലോ. ശരി പൊയ്ക്കോളൂ.
കാണാമറയത്തുനിന്ന് നിങ്ങള്‍ ഞാന്‍ അറിയാതെ എന്റെ അടുത്തുവന്നു, കളിപറഞ്ഞു, വഴക്കിട്ടു.
ആദ്യം വെറുത്തെങ്കിലും ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ട് പോയി.
നിങ്ങള്‍ക്ക് ഇനി പോകാം, നിങ്ങളാരെന്നു പോലും പറയാതെ. പക്ഷേ ഒന്നു മാത്രം ഓര്‍ക്കണം,
curiosity remains as a deep sorrow in my mind,a sorrow that will last till the end of my life.
[അറിയാനുള്ള ആഗ്രഹം,മനസ്സിന്റെ വിങ്ങലായി എന്നോടൊപ്പം അവശേഷിക്കും. അവസ്സാന ശ്വാസം വരെ]"

ഇത് അയച്ചപ്പോള്‍ എനിക്ക് ഉറപ്പായിരുന്നു അവള്‍ക്കെനി ഒളിച്ചിരിക്കാനാവില്ല എന്ന്.
കാരണം എത്ര വലിയവളാണെങ്കിലും അവള്‍ ഒരു പെണ്ണാണല്ലോ?
ഒരു വെറും സാധാരണ പെണ്ണ്.
ഒരു പുരുഷന്റെ കണ്ണീരിനു മുന്‍പില്‍ അലിയുന്ന മനസ്സുള്ള ഒരു പെണ്ണ്.
അത് തെറ്റിയില്ല. ഉടനെ തന്നേ ആ പെണ്‍കുട്ടി എന്നേ വിളിച്ചു.
" സോണാ" എന്നാണു പേരു
.................. മെഡിക്കല്‍ കോളേജില്‍ അവസ്സാന വര്‍ഷ വിദ്യാര്‍ത്ഥിനി.
മലയാളി ജീവിതം കൂടുതല്‍ മറുനാട്ടില്‍ .
ഞാന്‍ കൊടുത്ത വിശേഷണങ്ങളെല്ലാം
അവളുടെ കൂട്ടുകാര്‍ അവളേപ്പറ്റി എപ്പോഴും പറയുന്നത്.
ഒരിക്കലും കാണാത്ത ഞാന്‍ ഇത് എങ്ങിനെ അറിഞ്ഞു എന്നതില്‍ അത്ഭുതം!
അവരുടെ ക്ലാസ്സിലെ പഠനം മാത്രമുള്ള ഒരു ആണ്‍കുട്ടി
മൊബൈല്‍ വാങ്ങിയതറിഞ്ഞ് ചെയ്തു പോയ തമാശയാണു
ഒരു നമ്പര്‍ മാറിക്കുത്തിയപ്പോള്‍ എന്റെ മൊബൈലിലെത്തിയത്.
പിന്നെ ഒരു കാര്യം,എന്റെ പ്രതികരണങ്ങളെല്ലാം
അവന്റെ രീതിയിലായിരുന്നു. അതാണീക്കളി തുടര്‍ന്നു പോയത്.
ക്ഷമിക്കണം.
അങ്ങിനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി പിരിഞ്ഞു.

ദിവസങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളുമായി മാറി.
ഓരോ വിശേഷ ദിവസങ്ങളിലും കിട്ടുന്ന മെസ്സേജുകളില്‍
ഞാന്‍ ഇപ്പോഴും
സോണായുടെ ഒരു മെസ്സേജിനായി തിരയാറുണ്ട്.
പക്ഷേ സോണായുടെ മെസ്സേജ് മാത്രം പിന്നീട് ഒരിക്കലും വന്നിട്ടില്ല.
എങ്കിലും ഞാന്‍ ഇപ്പോഴും കാണാമറയത്ത് നിന്ന്
എന്റെ സോണായുടെ ഒരു വാക്കിനായി കാത്തിരിക്കുന്നു.
അത് എന്നേലും വരുമെന്ന് എനിക്കറിയാം.
കാരണം സോണാ ഒരു പെണ്ണല്ലേ?
ഒരു പാവം പെണ്ണ്.
ഒരു പുരുഷന്റെകണ്ണീരിനുമുന്‍പില്‍ പെട്ടന്നലിഞ്ഞ് പോയ
നല്ല മനസുള്ള ഒരു പെണ്ണ്!!

4 comments:

തൊടുപുഴക്കാരന്‍ said...

I was very busy with my official duties.Today only I was able to go through your blog.
FANTASTIC!!
You are writing like a professional one.
Reminder : Please don't spare me .
-Ravi K Pillai,your elder brother from Thodupuzha

ആരോ ഒരാള്‍ said...

മാഷേ ..നന്നായിരിക്കുന്നു. അല്ല അസ്സലായിരിക്കുന്നു.

ittimalu said...

:)

ബിന്ദു said...

രവിസാറിന്റെ അനിയനാണല്ലെ, വെറുതെയല്ല കണ്ടുപരിചയം പോലെ തോന്നിയത്. :) നന്നായിട്ട് എഴുതുന്നുണ്ട് ട്ടോ.
qw_er_ty