Sunday, August 12, 2007

ദാസനണ്ണന്റെ ലോകം.







സ്വാതന്ത്ര്യ ദിനാശംസകള്‍!!!
"രാമപുരത്തേ എട്ടാം നംബര്‍ ചട്ടന്‍!!"
ദാസനണ്ണന്‍ സ്വയം വിശേഷിപ്പിച്ചിരുന്നത് അങ്ങിനെയായിരുന്നു.
ഞങ്ങളുടെ തലമുറയിലെ ഏറ്റവും മുതിര്‍ന്നയാളായിരുന്നു ദാസനണ്ണന്‍.
എന്റെ അഛന്റെ സഹോദരിയുടെ മകന്‍.

രാമപുരത്തെ ഞങ്ങളുടെ തറവാട്ടുവീടായ ഇടക്കാനാലേ തിണ്ണയില്‍ വഴിയില്‍കൂടിപോകുന്ന ആളുകളേയും വാഹനങ്ങളേയും നോക്കിയിരിക്കുന്ന
ദാസനണ്ണന്റെ രൂപം ഇപ്പോഴും മനസ്സിലുണ്ട്.
ദാസനണ്ണന്‍ ഒരു രോഗിയായിരുന്നു .
അതുകൊണ്ട് ആറാം ക്ലാസ് വരെയേ സ്കൂളില്‍ പോയൊള്ളു.

പഠനം നിര്‍ത്താന്‍ രോഗത്തിനുപുറമേ മറ്റൊരുകാരണം
കൂടിയുണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത് .

ബുദ്ധിശക്തിയില്‍ വളരെ മുന്നിലായിരുന്ന ദാസനണ്ണനെ ഉള്‍ക്കൊള്ളുവാന്‍
കണക്ക് സാറിനു പറ്റുമായിരുന്നില്ല.
ദാസനണ്ണന്റെ തലക്കുള്ളില്‍ ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു.
സംഖ്യകളേ ദാസനണ്ണന്റെ മനസ്സ് നിസ്സാരമായി അമ്മാനമാടിയിരുന്നു.
സാര്‍ ബോര്‍ഡില്‍ എഴുതിത്തീരും മുന്‍പേ ദാസനണ്ണന്‍ ഉത്തരം കണ്ടെത്തും
ഉടനേ തന്നെ വര്‍ത്തമാനവും തുടങ്ങും
അതിനു വഴക്കുപറഞ്ഞ സാറിനെ ദാസനണ്ണന്‍ തിരിച്ച് വഴക്ക് പറഞ്ഞത് പ്രശ്നമായി. ദാസനണ്ണന്‍ പഠനവും നിര്‍ത്തി.

അല്ലങ്കിലും ഞങ്ങള്‍ നാഞ്ചനാട്ട് പിള്ളമാരുടെ രക്തത്തില്‍ കണക്ക് അലിഞ്ഞ് ചേര്‍ന്നിട്ടുള്ളതാണന്നു സാറിനറിയില്ലല്ലോ.
ഒരു ശ്രീനിവാസ രാമാനുജനേയാണു താന്‍ കൂമ്പിലേ കരിക്കുന്നതെന്ന് ആ സാര്‍ ചിന്തിച്ചോ ആവോ ??

വീട്ടിലേ തെക്കേപ്പുരയാണ് ദാസനണ്ണന്‍ ഉപയോഗിച്ചിരുന്നത് .
തെക്കേപ്പുര ദാസനണ്ണന്റേയും ദൈവങ്ങളുടേയും ഇരിപ്പടമായിരുന്നു.
വീട്ടില്‍ സന്ധ്യക്ക് മൂന്നു വിളക്കുകളാണു കത്തിക്കുക.

പ്രധാനസ്ഥാനത്ത് ഞങ്ങള്‍ വല്യച്ചന്‍ എന്ന് പറയുന്ന
കുടുമ്പകാരണവര്‍ സാക്ഷാല്‍ കുഞ്ചൈക്കുട്ടിപ്പിള്ള സര്‍വാധികാര്യക്കാരെസങ്കല്‍പ്പിച്ചും തെക്കേ തിണ്ണയിലും ഉമ്മറത്തും അദ്ദേഹത്തിന്റെ അനുയായിമാരായിരുന്ന മാടസ്വാമി ഹീനസ്വാമി എന്നിവരേസങ്കല്‍പ്പിച്ചുമാണു വിളക്കു വയ്ക്കുന്നത് .
വൃത്തിയും ശുദ്ധവും തെറ്റാതെ വിളക്കുവയ്പ്പും പൂജയും
ദാസനണ്ണന്‍ കൃത്യമായി ചെയ്തിരുന്നു.

ഒഴിവുസമയത്ത് ദാസനണ്ണന്‍ തോട്ടികള്‍ ഉണ്ടാക്കിവക്കും.
വല്യച്ചനു വക്കാനുള്ള പൂക്കള്‍ പറിക്കാനാണു തോട്ടി.
അടുത്തവീട്ടിലുള്ള പലരും ദാസനണ്ണന്റെ കയ്യില്‍ നിന്നും തോട്ടി കടം വാങ്ങും.
അതൊന്നും തിരിച്ച് കിട്ടാറുമില്ല .

അന്നു രാമപുരത്ത് പതിന്നാലോളം ചട്ടന്മാര്‍ ഉള്ളതായി ദാസനണ്ണന്‍ കണ്ടെത്തി. എല്ലാവര്‍ക്കും ഓരോ നമ്പരും ദാസണ്ണന്‍ നല്‍കി.
ആ കണക്കിലാണു ദാസണ്ണന്‍ എട്ടാം നം ബര്‍ ചട്ടന്‍ ആയി
സ്വയം അവരോധിച്ചതും.

പഠനം നിര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ദാസനണ്ണന്‍
ദിവസവും കുറച്ചുസമയം തന്റെ നിധി പോലെ സൂക്ഷിച്ചിരിക്കുന്ന
ആറാം ക്ലാസ്സിലെ പാഠപുസ്തകം എടുത്ത് പകര്‍ത്ത് എഴുതുകയും ചെയ്യാറുണ്ട്.
അക്ഷരം മറക്കരുതല്ലോ.

പറമ്പില്‍ ഏതെങ്കിലും വാഴവെട്ടിയാല്‍ ദാസനണ്ണന്‍
തന്റെ പേനാക്കത്തിയുമായി ഇറങ്ങും
വാഴപ്പോളകള്‍ ചെറുതായി കീറി തണലത്തിട്ട് ഉണങ്ങി
ഉണ്ടകളായി ചുറ്റി അരിപ്പെട്ടിയില്‍ സൂക്ഷിക്കും .
എന്തെങ്കിലും ആവശ്യത്തിനു ആരെങ്കിലും ചോദിച്ചാല്‍
വലിയ അഭിമാനത്തോടെ എടുത്ത് കൊടുക്കുകയും ചെയ്യും.

വാഴവള്ളികൊണ്ട് മറ്റൊരു രഹസ്യ ഉപയോഗം കൂടിദാസനണ്ണനുണ്ട് .
കമ്പളിനാരങ്ങ പഴുക്കുമ്പോള്‍ ദാസണ്ണന്‍ അത് സൂക്ഷ്മമായി മുറിച്ച് തൊണ്ട് എടുക്കും. അതിനുള്ളില്‍ പല സാധനങ്ങളും നിറച്ച് തയിച്ച് കൂട്ടും.
ആളുകള്‍ അറിയാതെ ഇതും തന്റെ വാഴവള്ളിക്കെട്ടുമായി
ദാസനണ്ണന്‍ അതിരാവിലെ റോഡിലിറങ്ങും
ബസ്സ് സ്റ്റോപ്പിനടുത്തുള്ള ഏതെങ്കിലും തെങ്ങാണു ലക്ഷ്യം.

വാഴവള്ളിയില്‍ ഒരുകല്ലുകെട്ടി തെങ്ങിനു മുകളിലൂടെ ആഞ്ഞെറിഞ്ഞ് കുരുക്കിയശേഷം ഒരറ്റത്ത് നാരങ്ങാ കെട്ടി വലിച്ച് തെങ്ങിന്റെ മുകളില്‍ എത്തിക്കും . ഒന്നും കൂടി കല്ലെറിഞ്ഞ് കുരുക്കി ആഞ്ഞ് വലിക്കുന്നതോടെ നാരങ്ങാ ഭദ്രമായി തെങ്ങിന്റെ മുകളില്‍ കെട്ടിത്തൂക്കപ്പെടും .ബാക്കി വള്ളി മുറിഞ്ഞ് പോരുകയും ചെയ്യും

അത്ഭുതകരമായ ഈ കലാപരിപാടിക്കു ശേഷം
ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവത്തില്‍
ദാസനണ്ണന്‍ തിരിച്ച് വീട്ടിലെത്തും.

നാരങ്ങാ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ അവിടെ നിന്ന് ചീയും.
അവസാനം ഒരു ചെറുകാറ്റില്‍ അടന്ന് താഴേക്ക് വീഴും.
അത് വീഴുന്നത് നന്നായി വേഷം ധരിച്ച് യാത്രക്ക് ഒരുങ്ങി
ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ആരുടേയെങ്കീലും തലയിലാകണമെന്നാണ്
ദാസനണ്ണന്റെ ആഗ്രഹം.

വളരെ അപൂര്‍വമായി അത് സാധിച്ചിട്ടുമുണ്ട്
അവര്‍ വഴക്കുമായി വന്നിട്ടുമുണ്ട്.

എനിക്ക് പേരുകണ്ടുപിടിച്ച് തന്നത് ദാസനണ്ണന്‍ ആണ്.
ആദ്യം എന്റെ ചേട്ടനു പേരിടുന്ന സമയത്ത് ദാസനണ്ണന്‍
ഭാഗവതം മുഴുവന്‍ റഫര്‍ ചെയ്ത് ഒരു പേരു കണ്ടെത്തി .
പുണ്ഡരീകാക്ഷന്‍!!
എന്നാല്‍ ആ പേര് ആരും സ്വീകരിച്ചില്ല.

മൂത്ത അമ്മാവനായ എന്റെ അഛന്‍ ദാസനണ്ണനോടു പറഞ്ഞു
“ദാസാ, ഇത്രയും കടുപ്പമില്ലാത്ത ഒരുപേരു നീ കണ്ടെത്തണം
അത് എന്റെ അടുത്തമകനിടാം.”

അങ്ങിനെ ദാസനണ്ണന്‍ വീണ്ടും പുരാണങ്ങള്‍ റഫര്‍ ചെയ്ത്
കണ്ടെത്തിയതാണു എന്റെ പേര് “ശ്രീനിവാസന്‍.”

രണ്ടിന്റേയും അര്‍ത്ഥം ഒന്നു തന്നെ മഹാവിഷ്ണു !!

ബന്ധുവീടുകളില്‍ കുട്ടികള്‍ ഉണ്ടായാല്‍ ദാസനണ്ണന്‍ ഉടനേ കാണാന്‍ പോകാറില്ല.
ഒരു രണ്ടുമാസം കഴിയുമ്പോള്‍ കുറച്ച് കല്‍ക്കണ്ടവും ഒരു പാട്ടുപുസ്തകവുമായി
ദാസനണ്ണന്‍ വരും. കുട്ടിക്ക് കല്‍ക്കണ്ടം കൊടുത്ത് പാട്ടുപുസ്തകം നോക്കി പാട്ടും പാടി തൊട്ടിലിലിട്ട് ആട്ടും.

എന്നേ ഒക്കെ എത്രനാള്‍ ദാസനണ്ണന്‍ പാട്ടുപാടി ഉറക്കിയിരിക്കുന്നു!!

അസുഖക്കാരനായതുകൊണ്ട് ദാസനണ്ണന്‍ വിവാഹം കഴിച്ചില്ല.
വല്യച്ചനു വിളക്കുവെച്ചും , വാഴവള്ളികീറിയും ഒക്കെ ദാസണ്ണന്‍ സമയം ചിലവഴിക്കും അല്ലാത്തപ്പോള്‍ വീടിന്റെ തിണ്ണയില്‍ വഴിയിലേക്കും നോക്കിയിരിക്കും.

അമ്മാവന്മാര്‍ വരുമ്പോള്‍ ദാസനണ്ണനു പണം കൊടുക്കും.
ആ പണംദാസനണ്ണന്‍ ഒരു ടിന്നില്‍ സൂക്ഷിച്ച് വക്കും.
രാമപുരത്തേ പള്ളിയിലേ പെരുന്നാളിനു പോകുമ്പോള്‍ ആ പണം ഉപയോഗിച്ച് ദാസനണ്ണന്‍ എനിക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങിത്തന്നിട്ടുണ്ട് .
അപ്പോള്‍ ദാസനണ്ണന്റെ കണ്ണില്‍ തിളങ്ങുന്ന അഭിമാനം ഞാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട് .

ദാസനണ്ണനു ഏതാണ്ട് അമ്പത്തിരണ്ട് വയസ്സ് ആയിക്കാണും.
ഒരുദിവസം ദാസനണ്ണന്‍ എന്തോ ഉച്ചത്തില്‍ പറയുന്നതുകേട്ട് എല്ലാവരും ഓടിച്ചെന്നു. ദാസണ്ണന്‍ ആരോടോ സംസാരിക്കുന്നു.

ആരേയും കാണുന്നുമില്ല

“ഇതേ മുത്തഛനും മുത്തശ്ശിയും വന്നിരിക്കുന്നു! നിങ്ങളുകണ്ടില്ലേ?”

ദാസനണ്ണന്‍ ചോദിച്ചു. ഞങ്ങള്‍ക്ക് കാര്യം മനസ്സിലായില്ല.
ഞങ്ങള്‍ ദാസനണ്ണനേ പിടിച്ച് കിടത്തി.
എന്തോ സ്വപ്നം കണ്ടതായേ കരുതിയൊള്ളൂ.

എന്നാല്‍ അന്നു വൈകിട്ട് ദാസനണ്ണന്‍ മരിച്ചു!

പിന്നീട് ആലോചിച്ച് നോക്കുമ്പോള്‍ എനിക്ക് ഒരു സംശയം!
യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിച്ചത് ?

കുറേക്കാലം മുന്‍പ് മരിച്ച് പോയിരുന്ന
അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും ആത്മാക്കള്‍ അന്ന് അവിടെ വന്നിരുന്നോ?

കൊച്ചുമകന്റെ ആത്മാവിനുകൂട്ടായി
അന്നേദിവസം ഭൂമിയിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞോ?

മനുഷ്യബന്ധങ്ങള്‍ മരണത്തിനുമപ്പുറം നിലനില്‍ക്കുന്നുണ്ടോ??
ആരോടുചോദിക്കാന്‍?
ആരു ഉത്തരം നല്‍കാന്‍ ?

അത്രക്ക് നിസ്സഹായരല്ലേ നമ്മള്‍ ...........................!!!

7 comments:

ബാജി ഓടംവേലി said...

മനുഷ്യബന്ധങ്ങള്‍ മരണത്തിനുമപ്പുറം നിലനില്‍ക്കുന്നുണ്ടോ??
ആരോടുചോദിക്കാന്‍?
ആരു ഉത്തരം നല്‍കാന്‍ ?
അത്രക്ക് നിസ്സഹാരല്ലേ നമ്മള്‍ ...
നന്നായിരിക്കുന്നു തുടരുക
ആശംസകള്‍

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

താങ്കളുടെ എഴുത്തുകള്‍ക്കൊക്കെ എന്തോ ഒരു ശാലീനതയുണ്ട് എത്ര തിരക്കായാലും മുടങ്ങാതെ വായിക്കാന്‍ ശ്രമിക്കാറുണ്ട്, അഭിനന്ദന്‍സ്:)
ഓടോ:‌തിരക്കായതിനാല്‍ ഒരു മാസമായി ഞാന്‍ ഇപ്പൊ ഓര്‍കുടില്‍ വരാറീല്ല , തിരിച്ചു വരുമ്പോള്‍‍ ഞാന്‍ കണ്ടുപിടിക്കാം എന്നു കരുതിയിരിക്കുന്നു, എന്നിട്ട് ഞാന്‍ സ്ക്രാപ്പിട്ടോളാം :)

myexperimentsandme said...

അപ്പോള്‍ മുത്തശ്ശിയാണോ ദാസനണ്ണനാണോ ശ്രീനിവാസന്‍ എന്ന പേരിട്ടത്?

പാലാ ശ്രീനിവാസന്‍ said...

ഇടക്കാനാല്‍ വീട്ടിലെ തെക്കേപ്പുരയില്‍ കൊളുത്തിയ നിലവിളക്കിന്റെ മുന്നില്‍ വച്ച്
എന്നേ മടിയിലിരുത്തി പേരിട്ടത്
കുടുംബത്തിലേ കാരണവത്തിയായ അമ്മൂമ്മ!
ആ പേരു നിര്‍ദ്ദേശിച്ചത് ദാസനണ്ണന്‍.
പഴയ ബ്ലോഗിലേ പ്രസ്താവന ഓര്‍മ്മിച്ച്
സ്ക്രാപ്പ് ചെയ്തതിനു പ്രത്യേക നന്ദി.

Prof.R.K.Pillai said...

ഞാനീ പഴയകഥയൊക്കെ മറന്നിരിക്കുകയായിരുന്നു.വല്ലാത്ത ഒരു nostalgia...