Sunday, September 9, 2007

അണഞ്ഞു പോയെങ്കിലും ജ്വാലയായി, ഒരു അപൂര്‍വ വനിത


"അപ്പോ ലക്ഷ്മിയുടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ?"
വാതിലിന്റെ മറവില്‍ നിന്നും പതുങ്ങിയ ഒരു ശബ്ദം.
"അതിപ്പോ എന്താ ഇത്രപറയാന്‍, ലക്ഷ്മിക്ക് കൃഷ്ണന്‍. എന്താ അങ്ങിനെ അല്ലേ കൃഷ്ണാ?"
പുത്തന്‍ പറമ്പിലെ അമ്മാച്ചന്‍ പെട്ടന്ന് അങ്ങിനെ തുറന്നു ചോദിച്ചപ്പോള്‍
കാര്യം സമ്മതമാണെങ്കിലും കൃഷ്ണന്‍ ഒന്നു പതറി ചുറ്റും നോക്കി.
കൃഷ്ണന്റെ മുറപ്പെണ്ണാണു ലക്ഷ്മി.
കറുപ്പുനിറവും ആറടി ഉയരവും ഉള്ളയാളാണ് കൃഷ്ണന്‍.
ലക്ഷിയാകട്ടെ അഞ്ചടി ഉയരവും പവന്റെ നിറവുമുള്ള
നല്ല തടിച്ച് കൊഴുത്ത് കുട്ടിത്താറാവിനെപ്പോലെ ഇരിക്കുന്നഒരു സുന്ദരിയും.
ഇത് നടക്കുന്നത് കായംകുളത്തിനടുത്ത് കാര്‍ത്തികപ്പള്ളിയിലുള്ള
പുത്തന്‍പറമ്പില്‍ വീട്ടിന്റെ ഉമ്മറത്ത്.
ചാരുകസേരയില്‍ കാരണവര്‍ താണുപിള്ള ചുറ്റും ആശ്രിതന്മാരും ബന്ധുക്കളും
കാരണവരുടെ പുറകില്‍ നിന്നും കൃഷ്ണന്റെ സഹോദരി
ഒരു ഉപ്പുമാങ്ങാ ഭരണിയുടെ രൂപം കൈകൊണ്ട് കാണിച്ചു
എന്നിട്ട് വേണ്ടഎന്ന് കണ്ണടച്ചുകാണിച്ചു എങ്കിലും കൃഷ്ണന്‍ എതിരുപറഞ്ഞില്ല.
“എല്ലാം അമ്മാച്ചന്‍ പറയുന്നതുപോലെ.” കൃഷ്ണന്‍ സമ്മതം മൂളി.
90 വര്‍ഷം മുന്‍പാണു ഇതെല്ലാം 1917ല്‍.
കാരണവരുടെ പുറകില്‍ നിന്നുകൊണ്ട് തന്റെ ഭാവി നാത്തൂന്‍
കാണിച്ച കലാപരിപാടി മറ്റാരും കണ്ടില്ലങ്കിലും ലക്ഷ്മി കണ്ടു.
എന്നാല്‍ അതുകണ്ടതായി ഭാവിച്ചില്ല.
എന്നാല്‍ മനസ്സില്‍ എല്ലാം ആഴത്തില്‍ കുറിച്ചിട്ടു.
ഒരുപാട് വര്‍ഷം കഴിഞ്ഞു. രണ്ടുപേരും വയസ്സായി.
മരണക്കിടക്കയില്‍ വച്ച് ആ സഹോദരി ലക്ഷ്മിയുടെ അടുത്തേക്ക് ഒരാളേ പറഞ്ഞുവിട്ടു.
“നാത്തൂനേ, എനിക്ക് അവസാനമായി ഒരാഗ്രഹമുണ്ട്. നിന്റെ മോനെ എനിക്ക് ഒന്നു കാണണം.”
താന്‍ വളരെനാളായി കാത്തിരുന്ന സമയം വന്നു എന്ന് മനസ്സിലാക്കിയ ലക്ഷ്മി
മനസ്സുതുറന്ന് ഒന്നു ചിരിച്ചു ഏന്നിട്ട് പറഞ്ഞു.
“ ഈ ഉപ്പുമാങ്ങാ ഭരണിയുടെ മകനെ അങ്ങിനെ കാണണ്ടാ,
അതിനു വച്ച വെള്ളം അങ്ങ് വാങ്ങിയേക്കാന്‍ ചെന്നു പറഞ്ഞേക്ക്!!”
ആ ലക്ഷ്മിയാണെന്റെ അമ്മൂമ്മ! കൃഷ്ണന്‍ എന്റെ അപ്പൂപ്പനും!!
ഞാന്‍ കണ്ടിട്ടുള്ള സ്ത്രീകളില്‍ നിന്നും വളരെ വ്യത്യസ്ഥയായിരുന്നു എന്റെ അമ്മൂമ്മ.
അധികം സംസാരിക്കാറില്ല,എപ്പോഴും എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കും.
വെളുത്ത മുണ്ടും നിറമുള്ള ബ്ലൗസുമാണു വേഷം.
എന്തു പണിചെയ്താലും ആ വെള്ളമുണ്ടില്‍ ഒരു തുള്ളികരിപോലും പറ്റാറില്ല.
ഒരുപണിയും സാധാരണ അമ്മായിഅമ്മമാരേപ്പോലെ മരുമകള്‍ക്കായി
അമ്മൂമ്മ നീക്കിവയ്ക്കാറില്ല.
“എന്റെ അടുക്കളയില്‍ ഞാനാണു രാജ്ഞി! എല്ലാം ഞാന്‍ തന്നെ ചെയ്യും!”
അതായിരുന്നു അമ്മൂമ്മയുടെ നയം.
അപ്പൂപ്പന്‍ ഒരു ഭക്ഷണപ്രീയനായിരുന്നു.
പലതരത്തിലുള്ള പലഹാരങ്ങള്‍ അപ്പൂപ്പന്‍ ആവശ്യപ്പെടും.
ഒരു എതിരും കൂടാതെ അമ്മൂമ്മ അതെല്ലാം ഉണ്ടാക്കും.
അവിശ്വസനീയമായ വിധത്തില്‍ പണ്ടാരോ പറഞ്ഞതുപോലെ
“ അപ്പൂപ്പനെന്തു പറഞ്ഞാലുമമ്മൂമ്മ അപ്പടിക്കാര്യങ്ങള്‍ ചെയ്തിരുന്നു!!”
ഒരു രാത്രി രണ്ടുമണി.
ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ അപ്പൂപ്പനൊരു മോഹം.
അമ്മൂമ്മയോട് അപ്പൂപ്പന്‍ അത് തുറന്നുപറഞ്ഞു.
“ ലക്ഷ്മീ, ചക്ക പ്രഥമന്‍ കഴിച്ചിട്ട് എത്ര നാളായി!!”
ഇത് പറഞ്ഞിട്ട് അപ്പൂപ്പന്‍ ഉറങ്ങി. അമ്മൂമ്മ ഉറങ്ങിയില്ല.
ഒറ്റക്ക് ഇരുട്ടത്ത് പറമ്പില്‍ ഇറങ്ങി. പഴുത്ത ഒരു വരിക്കച്ചക്ക ചെത്തിച്ചാടിച്ചു.
അതുകൊണ്ട് പ്രഥമന്‍ വച്ചു.
നാലുമണിക്ക് അപ്പൂപ്പനെ വിളിച്ചുണര്‍ത്തി പായസം കൊടുത്തു. എന്നിട്ട് കിടന്നുറങ്ങി. അതായിരുന്നു ലക്ഷ്മി അമ്മൂമ്മയുടെ രീതി!!!
സാധാരണ പെണ്ണുങ്ങളേപ്പോലെ സ്വറപറച്ചിലും പരദൂഷണവും അമ്മൂമ്മക്ക് ഉണ്ടായിരുന്നില്ല. അതിനു സമയം ഇല്ലായിരുന്നു എന്നതാണു സത്യം!!
പിന്നെ ഒഴിവുസമയം കിട്ടിയാല്‍ കാലും നീട്ടിയിരുന്ന് മനോരമ ആഴ്ച്ചപ്പതിപ്പിലെ
നീണ്ടകഥ അല്‍പ്പം ഉച്ചത്തില്‍ വായിക്കും!
മകന്റെ മക്കളേയും മകളുടെ മക്കളേയും രണ്ടായിക്കാണുന്ന രീതി അമ്മൂമ്മക്കുണ്ടായിരുന്നില്ല.
എല്ലാമെന്റെ കൊച്ചുമക്കള്‍ എന്നുകരുതി ഒരേപോലെ വാല്‍സല്യം നല്‍കാന്‍ അമ്മൂമ്മ ശ്രദ്ധിച്ചിരുന്നു.
കഥകളില്‍ വിവരിക്കുന്ന അമ്മൂമ്മമാരേപ്പോലെ കൊച്ചുമക്കളേ അടുത്ത് വിളിച്ചിരുത്തി കഥകള്‍ പറയുന്ന ഒരാളായിരുന്നില്ല എന്റെ അമ്മൂമ്മ. വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ വലിയ പിശുക്കി, എന്നാല്‍ പറയുന്നതെല്ലാം ഓര്‍ത്തിരുന്നുപാലിക്കണെമെന്ന് വലിയനിഷ്ടയുമായിരുന്നു.

പശുക്കറവയും പാലിന്റേയും മോരിന്റേയും വ്യാപാരവും എല്ലാം അമ്മൂമ്മ സ്വന്തം പിടിയിലൊതുക്കിയിരുന്നു. എന്നാല്‍ കിട്ടുന്ന രൂപയില്‍ ഒരുപൈസാ പോലും സ്വന്തം ആവശ്യങ്ങള്‍ക്ക് എടുത്തിരുന്നുമില്ല.
അമ്മൂമ്മ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുമായിരുന്നില്ല.
കട്ടന്‍ കാപ്പിയാണു കുടിക്കുക വെള്ളം ധാരാളം കുടിക്കും.
ഒരുപക്ഷേ ആ ശീലമായിരിക്കാം അമ്മൂമ്മക്ക് അവിശ്വസനീയമായ ആരോഗ്യം നല്‍കിയത്. തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ മരിക്കുന്നതുവരെ
പ്രത്യേകിച്ച് യാതൊരു രോഗവും അമ്മൂമ്മക്ക് ഉണ്ടായിരുന്നില്ല.
എല്ലാ ഭക്ഷണവും കഴിക്കുകയും ചെയ്യാമായിരുന്നു.
ഒരുപക്ഷേ അസ്വസ്തതകളില്ലാത്ത മനസ്സായിരിക്കാം ആ അരോഗ്യത്തിനു കാരണം.
80 വയസ്സുള്ളപ്പോള്‍ അമ്മൂമ്മ ഒന്നു വീണു. കാലിന്റെ അസ്ഥി ഒടിഞ്ഞു.
പ്ലാസ്റ്റര്‍ എടുത്തപ്പോള്‍ ഈ കിടപ്പില്‍ നിന്നും എഴുന്നേല്‍ക്കുക അസാദ്ധ്യമാണന്ന്
ഡോക്ടര്‍മാര്‍ രഹസ്യമായി ഞങ്ങളോടുപറഞ്ഞു.
അമ്മൂമ്മക്കും അത് മനസ്സിലായി എന്ന് തോന്നുന്നു.
പിറ്റേന്ന കട്ടിലില്‍ തന്നെ അമ്മൂമ്മ എഴുന്നേറ്റിരുന്നു.
അതിന്റെ പിറ്റേദിവസം ഞങ്ങളുടെ തോളില്‍ പിടിച്ച് അമ്മൂമ്മ എഴുന്നേറ്റ് നിന്നു.
പിന്നെ പതുക്കെ പിടിച്ചു നടക്കാന്‍ തുടങ്ങി.
ഇടക്കാനാലേ ലക്ഷ്മിപ്പിള്ളയുടെ മനശക്തിയേ തോപ്പിക്കാന്‍
വിധിക്ക് ഒന്നുകൂടി ജനിക്കേണ്ടിവരുമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
13 വര്‍ഷം കൂടി അമ്മൂമ്മ സന്തോഷമായി ജീവിച്ചു.
ഒരുദിവസം നാലുമണിക്കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോള്‍
അമ്മൂമ്മ ഒന്ന് ആടുന്നതുപോലെ തോന്നി. കാപ്പിഗ്ലാസ് അമ്മൂമ്മ തന്നെ താഴെ വച്ചു.
ആ തല മുന്നോട്ട് കുനിഞ്ഞു. അമ്മൂമ്മ മരിച്ചു!!
93 വയസ്സിലേ ശാന്തമായ മരണം!
ആ ജീവിതം അര്‍ഹിക്കുന്ന മരണം അമ്മൂമ്മയേ തേടി എത്തിയിരിക്കുന്നു.
എടക്കാനാലെ ലക്ഷ്മിപ്പിള്ള ഒരു സാധാരണ വീട്ടമ്മയായിരുന്നു.
അവര്‍ സമരങ്ങള്‍ നയിക്കുകയോ പ്രബന്ധങ്ങള്‍ രചിക്കുകയോ ചെയ്തിട്ടില്ല.
എങ്കിലും എല്ലാസ്ത്രീകള്‍ക്കും ഒരു മാതൃകയായിരുന്നു അവര്‍.
ശരിക്കും ഒരു മഹിളാരത്നം!!
അവരുടെ കൊച്ചു മകനായതില്‍ ഞാന്‍ ശരിക്കും അഭിമാനിക്കുന്നു,അന്നും ഇന്നും.

3 comments:

valmeeki said...

കണ്ടുപഠിക്കേണ്ടവര്‍ ഇതു വായിക്കട്ടെ. ഇപ്പോ ഈ പറയുന്നതൊക്കെ പഴഞ്ചനായിപ്പോയില്ലേ. അണുകുടുംബം-ഞാന്‍-എനിക്ക്-എന്‍െറ തുടങ്ങിയ ചിന്തകള്‍ക്കാണ് സ്ഥാനം.
എന്തായാലും അവതരണ രീതി നന്ന്.
അഭിനന്ദനങ്ങള്‍

ശ്രീ said...

അവിശ്വസനീയം.... പക്ഷേ, പ്രായമായവരെല്ലാം പറഞ്ഞു കേട്ടിട്ടുണ്ട് ഏറ്റവും ഭാഗ്യം ഉള്ളവര്‍‌ക്കേ ഇങ്ങനെ ഒരു മരണം (വീട്ടുകാരെ ആരെയും കഷ്ടപ്പെടുത്താതെ) സാധ്യമാകൂ എന്ന്.
അമ്മൂമ്മ ഒരു മഹിളാ രത്നം തന്നെ!

ശാലിനി said...

ഈ മഹിളാരത്നത്തെ പരിചയപ്പെടുത്തിയതിന് നന്ദി.