Friday, October 12, 2007

കറുത്ത മുത്ത്

"എടോ തനിക്ക് ജോലിചെയ്യുന്ന കറുത്തപെണ്ണിനേ വേണോ?
അതോ ജോലിചെയ്യാത്ത വെളുത്ത പെണ്ണിനേ വേണോ?"
പെണ്ണുകാണാന്‍ വന്ന രാമകൃഷ്ണപിള്ളയോട്കാരണവര് ‍മംഗലത്ത് മാതപ്പന്‍പിള്ള ഒരു ചോദ്യം.

ഇതുകേട്ട് രാമകൃഷ്ണപിള്ള ഒന്നുപകച്ചു.
എന്നാല്‍ രാമകൃഷ്ണപിള്ളയുടെ അമ്മക്ക് ഒരു സംശയവും ഉണ്ടായില്ല.
" അണ്ണാ എനിക്ക് ജോലിചെയ്യുന്ന കറുത്തപെണ്ണിനേ മതി!”
മാതപ്പന്‍ പിള്ള ചിരിച്ചു .
“എടീ നീ ബുദ്ധിമതിയാ, ഇതിന്റെ ഗുണം നിനക്ക് ജീവിതകാലം മുഴുവനും കിട്ടും!!” അങ്ങിനെയാണു ജോലിചെയ്യുന്ന കറത്തപെണ്ണായ കമലാക്ഷിഅമ്മ എന്റെ വല്യമ്മച്ചി
[ അമ്മയുടെ അമ്മ ] ആയത് .

പാണാവള്ളിയിലെ അറിയപ്പെടുന്ന ധനാഢ്യനും ജന്മിയുമായ
മംഗലത്ത് മാതപ്പന്‍പിള്ളക്ക് എട്ടുപെണ്ണും ഒരു ആണുമാണു മക്കള്‍.
അതില്‍ മൂത്തമകളായിരുന്നു കമലാക്ഷിഅമ്മ .

എനിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ വല്യമ്മച്ചിയേ കണ്ടതാണു എന്റെ ആദ്യ ഓര്‍മ്മ.
അഛന്റെ അമ്മയേ വിളിക്കുന്ന രീതിക്ക് ആദ്യം ഞാന്‍ വിളിച്ചത് “അമ്മൂമ്മേ!” എന്നാണ്.

ഇരുത്തി ഒരു മൂളലായിരുന്നു ആദ്യ പ്രതികരണം. ആ വിളി വല്യമ്മച്ചിക്ക് ഇഷ്ടപ്പെട്ടില്ല.
“മക്കളേ ഞാന്‍ അമ്മൂമ്മയല്ല അമ്മച്ചിയാ കേട്ടോ!” ഉടനേ നിര്‍ദ്ദേശവും തന്നു.
കൊച്ചുമക്കളെല്ലാം അങ്ങിനെയാണ് വിളിക്കുന്നത്.
പക്ഷേ കൃസ്ത്യാനികളുടെ നടുക്ക് ജീവിക്കുന്ന ഞങ്ങള്‍ക്ക് മാത്രം അമ്മച്ചി എന്നാല്‍ അമ്മയാണ്. അവസാനം വല്യമ്മച്ചി എന്ന പേരിലേക്ക് അവര്‍ മനസ്സില്ലാമനസ്സോടെ വഴങ്ങിത്തന്നു.

വല്യമ്മച്ചി വലിയ സംഭാഷണ പ്രിയ ആയിരുന്നു.
ആരോടും സംസാരിക്കാന്‍ ഒരുമടിയുമില്ല.
വല്യമ്മച്ചി അഭിമാനത്തില്‍ പലപ്പോഴും പറയാറുണ്ടായിരുന്ന ഒരു കഥയുണ്ട്.

ഏറ്റുമാനൂരില്‍ താമസിക്കുമ്പോള്‍ ഒരിക്കല്‍ സഖിമാരുമൊത്ത് വല്യമ്മച്ചി അമ്പലത്തില്‍ പോയി. അമ്പലത്തിനുമുന്‍പില്‍ ചെറിയ ഒരു ആള്‍ക്കൂട്ടം. ഒരു സായിപ്പ് എന്തോ ഇംഗ്ലീഷില്‍ ചോദിക്കുന്നു. തിരിച്ച് അതേഭാഷയില്‍ മറുപടി പറയാന്‍ മടിച്ച് മടിച്ച് നില്‍ക്കുന്ന ഒരുകൂട്ടം പെണ്ണുങ്ങളും . വല്യമ്മച്ചി ഒട്ടും മടിച്ചില്ല. പഴയ രണ്ടാം ഫോറം ഇഗ്ലീഷിന്റെ തന്റേടത്തില്‍ സായിപ്പിനോട് ഇംഗ്ലീഷില്‍ രണ്ട് ഡയലോഗ്!! സായിപ്പിനു തൃപ്തിയായി.
“താങ്ക്യൂ താങ്ക്യൂ കമലാക്ഷിയമ്മേ!!” എന്നുപറഞ്ഞ് സായിപ്പ് സന്തോഷത്തോടെ പോയി. പെണ്ണുങ്ങളെല്ലാം അസൂയയോടെ നോക്കിനിന്നു.

ഈ കഥക്ക് ഞങ്ങള്‍ കുട്ടികളുടെ ഇടക്ക് ഒരു ഉപ കഥകൂടിയുണ്ട് .
അന്നുരാത്രി സായിപ്പ് തന്റെ ഡയറിയില്‍ ഇങ്ങനെ എഴുതി.
“ ഇന്ന് രാവിലെ ഏറ്റുമാനൂരമ്പലത്തിന്റെ മുന്നില്‍ വച്ച് ഞാന്‍ ഒരു കറുത്ത സ്ത്രീയെ കണ്ടു. അവര്‍ എനിക്ക് അജ്ഞാതമായ ഒരു പ്രാകൃത ഭാഷയാണു സംസാരിച്ചിരുന്നത്. താങ്ക്യൂ താങ്ക്യൂ എന്നുപറഞ്ഞ് ഞാന്‍ ഒരുവിധത്തില്‍ അവിടെനിന്നും ജീവനും കൊണ്ട് രക്ഷപെട്ടു !!”

ഇങ്ങനെയൊക്കെ കളിയാക്കുമായിരുന്നു എങ്കിലും ഞങ്ങള്‍ക്ക് അറിയാമായിരുന്നു
യഥാര്‍ത്ഥത്തില്‍ വല്യമ്മച്ചി നന്നായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു എന്ന്.

അപ്പൂപ്പനു ട്രഷറിയിലായിരുന്നു ജോലി. ദേവികുളത്തും പീരുമേട്ടിലും കോട്ടയത്തുമെല്ലാം ട്രഷറിഓഫീസറായി ജോലിചെയ്തിട്ടുമുണ്ട് .

വല്യമ്മച്ചി വലിയഒരു അദ്ധ്വാനിയായിരുന്നു. കരിമ്പും വെളുത്തുള്ളിയും ക്യാബേജും ക്യാരറ്റുമെല്ലാംവല്യമ്മച്ചി കൃഷിചെയ്യുന്നത് എന്റെ ഓര്‍മ്മയിലുണ്ട്.

വല്യമ്മച്ചിക്ക് എവിടെ ചെന്നാലും ഒരു വലിയ സുഹൃദ് സംഘം ഉണ്ടായിരുന്നു.
പല പ്രായക്കാരും പലജോലിക്കാരും.
അവര്‍ക്കെല്ലാം സ്നേഹമുള്ള അവരുടെ കമലു അക്കച്ചിയായിരുന്നു ഞങ്ങളുടെ വല്യമ്മച്ചി. മനസ്സില്‍ നന്മയും സ്നേഹവും ധാരാളമുണ്ടായിരുന്ന ഒരു സ്ത്രീ അതുകൊണ്ടാവണം
ജരാ നരകള്‍ വല്യമ്മച്ചിയേ ബാധിച്ചില്ല.
തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ മരിക്കുമ്പോഴും ഒരുമുടിപോലും നരച്ചിരുന്നില്ല.

ഒരിക്കല്‍ ഞാന്‍ വല്യമ്മച്ചിയുടെ വീട്ടില്‍ചെന്നപ്പോള്‍ എനിക്ക് ഒരു പന്തികേട് തോന്നി.
ഒരു പുതിയ വേലക്കാരി അവിടുണ്ട്. അവരേ വല്യമ്മച്ചി “സാറേ” എന്ന് വിളിക്കുന്നു.
“ഇതെന്തോന്നു വിളിയാ എന്റെ വല്യമ്മച്ചീ!”
ഞാന്‍ എന്റെ അനിഷ്ടം പ്രകടിപ്പിക്കാന്‍ മടിച്ചില്ല.
“ജോലിക്കാരിയേ സാറേ എന്നുവിളിക്കേണ്ടകാര്യം വല്ലതുമുണ്ടോ?”

അതുകേട്ട് വല്യമ്മച്ചി പൊട്ടിച്ചിരിച്ചു. എനിക്ക് കാര്യം മനസ്സിലായില്ല.

“ എടോ അയാളുടെ പേരു സാറാ എന്നാ!” വല്യമ്മച്ചി വീണ്ടും പൊട്ടിപ്പൊട്ടിച്ചിരിച്ചു .

ആചിരിയും മുഖവും ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
വാല്‍സല്യം പകരുന്ന ഒരു ഓര്‍മ്മയായി.

4 comments:

സഹയാത്രികന്‍ said...

നന്നായി മാഷേ ഈ ഓര്‍മ്മക്കുറിപ്പ്...
എടോ അയാളുടെ പേരു സാറാ എന്നാ!” വല്യമ്മച്ചി വീണ്ടും പൊട്ടിപ്പൊട്ടിച്ചിരിച്ചു . ഇത് രസിച്ചു...

:)

ശ്രീ said...

കൊള്ളാം.
:)

കുഞ്ഞന്‍ said...

ഹഹ.... സാറ കലക്കി...!

Jeevs || ജീവന്‍ said...

ഒരു അടിക്കുറിപ്പുണ്ട്..

മദ്ധ്യതിരുവിതാംകൂറിലെ ഒരു കലാലയത്തില്‍ ഒരു പുതിയ അധ്യപിക വന്നു.
പേരു സാറ.
സീനിയര്‍ സാറന്മ്മാര്‍ക്ക് “സാറേ“ എന്നു വിളിക്കാനൊക്കുമോ? ഇല്ല.

ഇതിനൊരു പ്രതിവിധി വേണമല്ലോ..

കൂട്ടത്തില്‍ സ്മാര്‍ട്ടായ ഒരു സീനിയര്‍ മുന്‍കയ്യെടുത്തു.
സാറയുമായി ചര്‍ച്ച.

ടി പറഞ്ഞു,”അതിനെന്താ മാഷെ!
എന്നെ വീട്ടില്‍ വിളിക്കുന്ന പേരു വിളിച്ചോളൂ..“

അതേതാ ആ പേര്?

പ്രിയ.
എന്നെ “പ്രിയേ” എന്നു വിളിച്ചോളു..

ചര്‍ച്ച അലസി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ!


കൊള്ളാം മാഷെ. നന്നായിട്ടുണ്ട്.:)