Friday, April 18, 2008

ശ്രീജമാരുടെ മാത്രം ശ്രീനിവാസന്‍

എനിക്കുള്ള ആദ്യവിവാഹാലോചന വന്നപ്പോള്‍ ഞാന്‍ ഓഫീസില്‍

പോയിരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അഛനും അമ്മയും

നേരിട്ടാണുവന്നത് ബന്ധുക്കളായതിനാല്‍ ഇടനിലക്കാരന്റെ

ആവശ്യമില്ലല്ലോ.ചേട്ടന്റെ കല്യാണം തീരുമാനിച്ചിരിക്കുന്ന

സമയമായിരുന്നു അപ്പോള്‍ .ആലോചനക്ക് മറുപടി പറയാന്‍

അഛനൊട്ടും ആലോചിക്കേണ്ടിവന്നില്ല

"മൂത്തവന്റ കല്യാണം അടുത്തമാസമല്ലേ അതുകഴിഞ്ഞ് ഒരുവര്‍ഷം

എങ്കിലും കഴിഞ്ഞിട്ടാകട്ടേ ഇവന്റെ കാര്യം."

അത് അവിടെ അവസാനിച്ചു.ചായയും കഴിച്ച് അവര്‍മടങ്ങി.

വൈകിട്ട് ഓഫീസില്‍ നിന്നുവന്നപ്പോളാണീകാര്യം

ഞാന്‍ അറിയുന്നത് .

"ഒരു വര്‍ഷമല്ല, രണ്ടുവര്‍ഷമായിക്കോട്ടേ!"

എനിക്കും ഒട്ടും ആലോചിക്കേണ്ടിവന്നില്ല.

എന്നാല്‍ കാപ്പികുടിച്ച് എഴുന്നേറ്റപ്പോള്‍

മനസ്സില്‍ എന്തോ ഒന്നുടക്കിയതുപോലെ!

“ഈശ്വരാ ഞാന്‍ ഇത്ര നിസ്സാരമാക്കിയത് എന്റെ ജീവിതത്തിലെ

ആദ്യത്തേ കല്യാണാലോചനയല്ലേ? ജീവിതത്തിലെ ഒരു പ്രധാന

ടേണിഗ് പോയിന്റല്ലേ അടുത്തുവരുന്നത് ?”

പെട്ടന്ന് മനസ്സില്‍ മറ്റൊരു ചിന്തവന്നു.

ഇന്നു പകല്‍ അഛനും അമ്മയും ആലോചനക്കായി പോന്ന

സമയം ഏതോ ഒരു പെണ്‍കുട്ടി ഒരിക്കലും കണ്ടിട്ടില്ലാത്ത

എന്നേയും ഭാവനയില്‍ കണ്ട് അനുകൂലമായ ഒരു മറുപടി

വരുന്നതും കാത്ത് ഇരുന്നുകാണില്ലേ?

ഇപ്പോള്‍ അവള്‍ എത്രനിരാശയിലായിരിക്കും?

എനിക്ക് ശരിക്കും വിഷമം തോന്നി.

അവളാരന്നുപോലും ഞാന്‍ തിരക്കിയില്ലല്ലോ?

എന്തോ ഒരു ഉള്‍പ്രേരണയില്‍ ഞാന്‍ ചേട്ടനോട് ചോദിച്ചു.

“ചേട്ടാ, ആപെണ്‍കുട്ടിയുടെ പേരു ചേട്ടന്‍ ചോദിച്ചോ ?”

“അതു ........ലെ ശ്രീജ, .......... അമ്മാച്ചന്റെ അനിയന്റെ മകള്‍.”

ചേട്ടന്റെ മുഖത്ത് ഒരു ചെറുചിരി.

ഞാന്‍ അത് കണ്ടില്ലാഎന്നു നടിച്ചു

“ശ്രീജ!!” ഞാന്‍ ആപേരുരണ്ടുമൂന്നുതവണ മനസ്സില്‍ ഉരുവിട്ടു.

മനസ്സില്‍ എവിടെയോ ഒരു കൊച്ചു നീറ്റല്‍ !

ആനീറ്റല്‍ ഒന്നുരണ്ടുദിവസം നിന്നുകാണും .

പിന്നെ കുറഞ്ഞുകുറഞ്ഞില്ലാതായി.

പിന്നത്തേ കല്യാണാലോചന വന്നത് തിരുവനന്തപുരത്തു

നിന്നാണ്. അഛന്റെ ചേച്ചിയുടെ മകന്‍ വിച്ചണ്ണന്‍ {വിശ്വനാഥന്‍}

ഫോണില്‍ വിളിച്ചു.

“എടാ, നിനക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്.

കെമിസ്റ്റ്റി എം എസ്സി ക്കാരിയാണ്.

ഞാന്‍ ജാതകം ഇന്ന് അയച്ചിട്ടുണ്ട് .”

ഇത്തവണ അടക്കാനാവാത്ത ആഗ്രഹത്തോടെ ഞാന്‍ ചോദിച്ചു.

“വിച്ചണ്ണനാ പെണ്‍കുട്ടിയുടെ പേരുചോദിച്ചായിരുന്നോ?”

മറുപടി എന്നെ അത്ഭുതപ്പെടുത്തി.

“അവളുടെ പേരു ശ്രീജ. നല്ല ഒരുകുട്ടിയാ. ജാതകം ചേര്‍ന്നാല്‍

നമുക്ക്ധൈര്യമായി മുന്നോട്ട് പോകാം.”

“ശ്രീജ!” ആ പേരു ഞാന്‍ രണ്ടുതവണ മനസ്സില്‍ പറഞ്ഞു.

വീണ്ടും അതേപേര്.

ജാതകം ഒത്തുനോക്കിയത് തൊടുപുഴയിലെ വിശ്വനാഥന്‍

ജോല്‍സ്യരാണ്. ആശാന്‍ ജാതകങ്ങള്‍ ഒത്തുനോക്കിയിട്ട് പറഞ്ഞു.

“ഈ പെണ്‍കുട്ടിയുടേത് വളരെ നല്ല ഒരു ജാതകമാണ്

പക്ഷേ നമുക്ക് പറ്റില്ല . ഇത് വേണ്ട.”

അടുത്ത ശ്രീജയും വിട്ടുപോകുന്നു. ഞാന്‍ വല്ലാതായി.

എന്റെ മുഖഭാവം കണ്ടിട്ടാവണം ആശാന്‍ ഒന്നു ചിരിച്ചു.

എന്നിട്ട് പറഞ്ഞു

“താന്‍ വിഷമിക്കേണ്ട. ഇത് തെക്കുനിന്നല്ലേ തനിക്കുള്ള ആളു

വരേണ്ടത് പടിഞ്ഞാറുനിന്നാണ്.

ഒരു ഗണിതശാസ്ത്ര വിദുഷി! വെളുത്തനിറം, വട്ടമുഖം,ശാന്തപ്രകൃതം,

മുന്‍പരിചയമുള്ള കുടുമ്പം, ഇനി ഒരുപാട് കാലം ഒന്നും വേണ്ട.

തനിക്ക് കല്ല്യാണ യോഗമുള്ള സമയമായിട്ടുണ്ട് .”

ഞാനും ചേട്ടനും വീട്ടില്‍ വന്ന് കാര്യങ്ങളെല്ലാം വിവരിച്ചു.

ആശാന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ ചില സങ്കല്‍പ്പങ്ങള്‍

ഉണര്‍ത്തി.പടിഞ്ഞാറ് എന്നുപറഞ്ഞാല്‍ , കുട്ടനാട് .

കായലും തോടുകളും വള്ളവും ഒക്കെയുള്ള കുട്ടനാട്ടില്‍ നിന്നും

എനിക്കായി ഒരുവള്‍!!

കണക്കില്‍ വിദുഷിയാകുന്നതില്‍ അത്ഭുതമില്ല.

കണക്ക് ഞങ്ങള്‍ നാഞ്ചനാട്ടു പിള്ളമാരുടെ രക്തത്തില്‍

ആഴത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.

തലയില്‍ കണക്കും കനകാമ്പരപ്പൂവും

നാഞ്ചനാട്ടു പിള്ളേച്ചിമാരുടെ മുഖമുദ്രകളല്ലേ!!

അധികം താമസിയാതെ പടിഞ്ഞാറുനിന്ന് ഒരാലോചന വന്നു.

ചേര്‍ത്തല പാണാവള്ളിക്കാരി,

ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജില്‍ മാത്തമാറ്റിക്സ് മെയിന്‍

ബീ എസ്സി ഫൈനല്‍ ഇയര്‍ പരീക്ഷ എഴുതുന്നു.

വിശ്വനാഥന്‍ ആശാന്‍ ജാതകം ഒത്തുനോക്കി.

ആശാന്റെ മുഖത്ത് സംതൃപ്തി.

“എടോ, ഇതുതന്നെ തന്റെ ആള് . നല്ലപൊരുത്തം.

പോരാത്തതിനു ഭദ്രയോഗവും സമസപ്തമവും.”

ആദ്യം പെണ്‍കുട്ടിയേ കാണാന്‍ പോയത് ആലപ്പുഴയുള്ള എന്റെ

അനിയത്തി ലാലിയാണ്. കണ്ട ഉടനേ അവള്‍ എന്നേ വിളിച്ചു.

“എനിക്ക് ഇഷ്ടപ്പെട്ടു! ശ്രീജയേ കണ്ടാല്‍

നമ്മുടെ കൂട്ടത്തില്‍പ്പെട്ട ഒരാളാണെന്നേ തോന്നൂ!”

“ശ്രീജ!” ആ വാക്കു ഞാന്‍ അറിയാതെ ആവര്‍ത്തിച്ചു.

“എന്റെ പുലിയന്നൂര്‍ തേവരേ, ഈ ശ്രീജയെന്ന പേരെന്നാ

എനിക്കുവേണ്ടി ദൈവം മാറ്റിവച്ചിരിക്കുകയാണോ?”

കഥകളി വഴിപാടുള്ള പ്രശസ്തമായ നാല്‍പ്പതണ്ണീശ്വരം

മഹാദേവ ക്ഷേത്രത്തില്‍ വച്ച് 1988 മേയ്മാസം 1നു

അങ്ങിനെ ശ്രീനിവാസന്‍ എന്ന ഞാന്‍,

എനിക്കായി കഴുത്തുനീട്ടിയ മൂന്നാമത്തേ ശ്രീജയേ സ്വീകരിച്ചു.

ഊണുകഴിഞ്ഞിരിക്കുമ്പോഴാണ്

ബാബുഅണ്ണന്‍ എന്റെ അടുത്തുവന്നത് .

“ഇന്നലെ എന്റെ കൂടെ ഒരാളുവീട്ടില്‍ വന്നില്ലേ?

അത് ഒരു കല്യാണ ആലോചനയായിരുന്നു കേട്ടോ.”

“ ആരാ പെരുമാളുപിള്ള എന്ന് പറഞ്ഞ ആളോ?”

എനിക്ക് അത്ഭുതം തോന്നി .

“കല്യാണം ആയതൊന്നും അറിയാതെ എന്നേം കൂട്ടി

ആലോചിക്കാനായാണ് വന്നത് . ഇന്നുരാവിലെ തിരിച്ചുപോയി.”

എന്തോ ഒരു ഉള്‍പ്രേരണയാല്‍ ഞാന്‍ പെട്ടന്നു ചോദിച്ചു.

“പെണ്‍കുട്ടിയാരാണെന്നു ബാബുവണ്ണന്‍ ചോദിച്ചോ?”

“അതോ, അത് പെരുമാളുപിള്ള അമ്മാച്ചന്റെ മകള്‍ ശ്രീജ !!”

ബാബുവണ്ണന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ അറിയാതെ ഒന്നു

ഞെട്ടി.പിന്നെ ഒരു ചെറുചിരി എന്റെ മുഖത്തു തെളിഞ്ഞു.

കാര്യം മനസ്സിലാകാതെ ബാബുവണ്ണന്‍ എന്നെ പകച്ചു നോക്കി.

8 comments:

G.MANU said...

ഹഹ സര്‍വ്വം ശ്രീജമയം. ഇതെപ്പടി മാഷേ...

Anoop Technologist (അനൂപ് തിരുവല്ല) said...

ജ്യോതിഷത്തെക്കുറിച്ച് പറഞ്ഞത് സത്യം തന്നെയോ. എങ്കില്‍ കൂടുതലറിയാന്‍ താല്പര്യമുണ്ട്

Unknown said...

കൊള്ളാമല്ലോ മാഷേ

കുഞ്ഞന്‍ said...

ശ്രീനിയേട്ടാ..

ഇതൊരുത്ഭുതമാണല്ലൊ..!

എന്നാലും ആ കണിയാന്‍ അത്യത്ഭുതം തന്നെ.. ഇപ്പോഴുമുണ്ടൊ ആ ജ്യോതിഷന്‍..?

പാലാ ശ്രീനിവാസന്‍ said...

ജോതിഷം പൂര്‍ണ്ണമായും ശരിയാണന്ന് അനുഭവങ്ങളില്‍ കൂടി മനസ്സിലാക്കിയവനാണു ഞാന്‍.തൊടുപുഴയിലെ വിശ്വനാഥന്‍ ജോത്സ്യര്‍ എന്ന കൊച്ചാ‍ശാന്‍ മൂന്നു വര്‍ഷം മുന്‍പ് മരിച്ചുപോയി.ജോതിഷം ശരിയായി പഠിച്ചിട്ടുള്ള ആര്‍ക്കും ക്രുത്യമായി ഇതുപോലെ പ്രവചിക്കാം.

siva // ശിവ said...

So interesting....

ഹരീഷ് തൊടുപുഴ said...

കൊള്ളമല്ലോ ശ്രീനിച്ചേട്ടാ..... സര്‍വ്വവും ശ്രീജമയം...

Smitha Suraj said...

Kanakambarapoo ithuvare kandittilla arudem thalayil........... :-)

Beautiful writing.....