Tuesday, November 4, 2008

വിശാല ഹൃദയന്‍

(എനിക്ക് ഇഷ്ടപ്പെട്ട ചിലകവിതകളും പദപ്രയോഗങ്ങളും ഇവിടെ പുനരാവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു।)

വാക്കുകള്‍കൊണ്ട് മാന്ത്രിക വിദ്യകാണിക്കുന്നവരെ ഞാന്‍ ശരിക്കും അസൂയയോടെയാണു എന്നും കണ്ടിട്ടുള്ളത്
അമ്മാതിരി ചെറുതെങ്കിലും ഒരുവാചകം എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് പലപ്പോഴും കൊതിച്ചിട്ടുമുണ്ട്।

കല്ല്യാണസൗഗന്ധികത്തില്‍ നമ്പ്യാര്‍ ഇങ്ങിനെ ഒന്നുചെയ്തിരിക്കുന്നത് ശ്രദ്ധിക്കൂ.
കദളീവനത്തില്‍ വച്ച് ഭീമന്‍ ഹനുമാനെ കാണുന്നു
താനാരെന്നുഭീമന്‍ പറയുന്നരംഗം
അതില്‍ ഒരു ചെറുവാചകം ശ്രദ്ധേയമാണ്.
.................നാട്ടില്‍ പ്രഭുക്കളേ കണ്ടാലറിയാത്ത
കാട്ടില്‍കിടക്കുന്ന മൂളിക്കുരങ്ങുനീ...............................
പൂരുവംശത്തില്‍ പിറന്നുവളര്‍ന്നോരു
പൂരുഷശ്രേഷ്ടന്‍ വൃകോദരനെന്നൊരു
വീരനെ കേട്ടറിവില്ലേ നിനക്കെടോ?
ധീരനാം അദ്ദേഹം ഇദ്ദേഹം ഓര്‍ക്ക നീ..................

അതായത് താ‍ന്‍ അത്രക്ക് പ്രശസ്തനാണന്നും,
നാട്ടില്‍ മാത്രമല്ല
അങ്ങ് അകലെ കൊടുംകാട്ടില്‍ കിടക്കുന്ന കാട്ടുമൃഗങ്ങള്‍ക്കിടയില്‍പോലും വൃകോദരന്‍
എന്ന വാക്കുകേട്ടാല്‍ ബഹുമാനം തോന്നാനും,
സംസാരവിഷയമാകാനും മാത്രം വലിയ മഹാനാണു താന്‍ എന്ന് ചിന്തിക്കുന്ന ഭീമന്‍ !

വളരെ നിര്‍ദ്ദോഷം എന്ന് തോന്നിക്കുന്ന ഒരു ചെറുവാചകത്തിലൂടെ
ഭീമന്റെ ഉള്ളിലുള്ള അഹങ്കാരത്തിന്റെ വ്യാപ്തി നമ്പ്യാര്‍ നമക്കുമുന്‍പില്‍തുറന്നു കാട്ടുന്നു

നമ്പ്യാര്‍ ഒരുപാടുനാള്‍ താമസിച്ചിരുന്ന ഞങ്ങള്‍ടെ നാട്ടിലേ
തൃകൈയില്‍ ‍ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പോകുമ്പോഴെക്കെ
ഞാന്‍ ഈ വാചകം ഓര്‍ക്കാറുണ്ട്

ഇതുപോലെ എന്നെ വളരെ രസിപ്പിച്ച ഒന്നായിരുന്നു
മനോരമയില്‍ വളരെപ്പണ്ട് വന്ന പ്രസിദ്ധമായ ആ സമസ്യാ പുരണം।

“...............................................കട്ടക്കയം ക്രൈസ്തവ കാളിദാസന്‍।!”

ഏതോ സഹൃദയന്‍ അത്
"തട്ടിന്‍പുറത്ത് എലി സിംഹരാജന്‍
പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍
കട്ടക്കയം ക്രൈസ്തവ കാളിദാസന്‍"

എന്ന് പൂരിപ്പിച്ചതോടെ വലിയ ഒരു സാഹിത്യ മാജിക്ക് ദൃശ്യമായി।

ഞങ്ങളുടെ നാടിന്റെ കവിയായ രാമപുരത്ത് വാര്യരും
ഇങ്ങിനെ ഒരു അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്

അദ്ദേഹത്തിന്റെ
"മഹീപതേ ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവര്‍ക്കൊക്കെ വിരക്തിയുണ്ടാം
അര്‍ത്ഥങ്ങളില്ലെന്നൊരു ഭേതമെന്ന്യേ "

എന്ന ലഘുകവിത വായിച്ചപ്പോള്‍ ശരിക്കും എന്റെ കണ്ണുതള്ളിപ്പോയി

ഇതുപോലെ ഒരു വാക്യമാജിക്ക് ശ്രുഷ്ടിച്ച ആ മഹാത്മാവിന്റെ
കാലുതൊട്ടു നമിക്കണമെന്ന് തോന്നിപ്പോയി

ഇതുപോലെ ഒരു മാന്ദ്രികതയൊന്നുമില്ലങ്കിലും
എന്നെ രസിപ്പിച്ച മറ്റൊരുകവിയും ഉണ്ട് രാമപുരത്ത്!
"കുര്യന്‍ മാപ്പിള !"
അദ്ദേഹം എഴുതിയ ഒരു ലഘുകവിതയിതാ॥

"കുര്യന്‍ കുന്നിഹ കാണുന്നു,
സര്‍വം ശൈല ശിലാമയം,
തസ്മിന്‍ കരേറി നിന്നെന്നാല്‍,
കാണാം പശ്ചിമ സാഗരം!"

ഈ കുര്യന്‍ മാപ്പിള യുടെ പ്രധാനജോലി സാഹിത്യം ഒന്നും ആയിരുന്നില്ല
ഒരു കള്ളനോട്ട് കേസിലോമറ്റോ കുറേനാള്‍ ജയിലില്‍ കിടന്നിട്ടുവന്ന ആ വിദ്വാന്‍
നാട്ടിലെ ഏറ്റവും ഉയരമുള്ള കുന്നിനു സ്വന്തം പേരിടുന്നു കുര്യന്‍ കുന്ന് എന്ന്
എന്നിട്ട് ആ കുന്നിനെ പ്രകീര്‍ത്തിച്ച് കവിതയെഴുതുന്നു

ആ സൗഹൃദയത്വം എന്നെ ഇപ്പോഴും രസിപ്പിക്കുന്നുണ്ട്
പിന്നെ ആ കവിതയിലെ വാക്യങ്ങളുടെ മാധുര്യം!

എത്ര മനോഹരമായി അത് ചേര്‍ത്ത് ഇണക്കിയിരിക്കുന്നു
ശരിക്കും ചേറില്‍ വിരിഞ്ഞ ചെന്താമര !

ഇങ്ങിനെ ഒരു കവിത പിറക്കുന്നതുകാണുവാനുള്ള
ഒരു മഹാഭാഗ്യം ഒരിക്കലെനിക്കുണ്ടായി

എന്റെ വീടിന്റെ അടുത്തുള്ള
പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍
ആ ക്ഷേത്രം പണികഴിപ്പിച്ച ചോനാരുചെട്ടിയാരുടെ ഉപക്ഷേത്രം പണികഴിപ്പിച്ചപ്പോള്‍
അതിന്റെ ഭിത്തിയില്‍ അക്കാര്യം രേഖപ്പെടുത്തുവാന്‍ ഒരു ലഘു പദ്യം വേണമെന്ന്
ഒരു അഭിപ്രായമുണ്ടായി

അതിനായി അവര്‍ സമീപിച്ചത് ശ്രീ യേശുവിജയം മഹാകാവ്യം എഴുതിയ തമ്പുരാന്‍ സാര്‍ എന്ന് അറിയപ്പെടുന്ന ശ്രീ സോമവര്‍മ്മ രാജായേ ആണ്.

കൊല്ലവര്‍ഷം 427ല്‍പുലിയന്നൂര്‍ ക്ഷേത്രം പണികഴിപ്പിച്ച
ശ്രീ ചോനാരുചെട്ടിയാരുടെ ഉപക്ഷേത്രം അദ്ദേഹത്തിന്റെ പിന്‍ തലമുറയില്‍പ്പെട്ട
നാലൊന്നില്‍ കുടുമ്പക്കാര്‍ പണികഴിപ്പിച്ചു ഇതാണു ആശയം

തമ്പുരാന്‍ സാര്‍ അല്‍പ്പസമയം ആലോചിച്ചു
എന്നിട്ട് ഒരു കടലാസെടുത്ത് വെട്ടുതിരുത്തില്ലാതെ കവിത കുറിച്ചു

"കൊല്ലം നാന്നൂറുമേഴും പരമൊരിരുപതും
ചേര്‍ന്ന കൊല്ലത്തിങ്കല്‍ കളങ്കത്തന്ന്യേ ജീവിച്ചിരുന്ന്
ഭക്തിവായ്പ്പാര്‍ന്നരിയ പുലിയന്നൂര്‍ ക്ഷേത്ര സൗധം ചമച്ചോന്‍
സ്തുത്യന്‍! ചോനാരു യോഗീശ്വരനേ
അധിവസിപ്പിക്കുമീ ദേവതത്മം
പണികഴിപ്പിച്ചു
നാലൊന്നില്‍ വാഴുന്നവര്‍തന്‍ പിന്മുറക്കാര്‍"

ഇതില്‍ മൂന്നുവാക്കുകള്‍ ഞാന്‍ ശ്രദ്ധിച്ചു
കൊല്ലം എന്നതിനു രണ്ടു സ്ഥലത്തും രണ്ടര്‍ത്ഥം

പിന്നെ യോഗീശ്വരന്‍ എന്ന പ്രയോഗം
അത് തമ്പുരാന്‍ സാര്‍ തന്നെ വിശദീകരിച്ചു

ഇത്രയും നൂറ്റാണ്ട് ഐശ്വര്യത്തോടെ നിലനിന്ന ഈ ക്ഷേത്രം പണികഴിപ്പിക്കുവാനുള്ള നിയോഗം ലഭിച്ച ചോനാരുചെട്ടിയാര്‍ ശരിക്കും ഒരു യോഗീശ്വരനായിരുന്നിരിക്കണം
അതാണദ്ദേഹത്തേ അങ്ങിനെ വിശേഷിപ്പിച്ചിരിക്കുന്നത്

പിന്നെ നാലൊന്നില്‍ വാഴുന്നു എന്ന പ്രയോഗം

രാജാവാണു വാഴുന്നത്
നാലൊന്നില്‍ കുടുമ്പത്തിന്റെ പ്രൗഢിയും ധനാഢ്യതയും
ആ ഒരു വാക്കില്‍ തമ്പുരാന്‍സാര്‍ വിസ്തരിച്ചിരിച്ചിരിക്കുന്നു

എനിക്ക് അത്ഭുതമാണോ അസൂയയാണോ എന്ന്
സ്വയം സംശയം തോന്നി

ശ്രീമതി ലളിതാമ്പിക അന്തര്‍ജ്ജനത്തിന്റെ മകന്‍
ശ്രീ എന്‍ മോഹനന്‍ സാര്‍ എന്റെ വീട്ടിലേക്ക് അയച്ച ഒരു കത്തില്‍ ഒരു ചെറുവാചകം ഉണ്ടായിരുന്നു.
"ഈയിടെയായി ഞാന്‍ വിശാലഹൃദയനാകുന്നു എന്നാണെല്ലാവര്‍ക്കും പരാതി. എന്തു ചെയ്യാം അങ്ങിനെ ആയിപ്പോയി "

പിറ്റേ ആഴ്ച്ച അദ്ദേഹം മരിച്ചു
പത്രവാര്‍ത്തയിലൂടെ കണ്ണോടിച്ചപ്പോള്‍ ആണുമനസ്സിലായത്
ഹാര്‍ട്ട് ഡയലറ്റേഷന്‍ എന്ന മാരകമായ അവസ്ഥയാണദ്ദേഹത്തിനു അവസാനകാലത്തുണ്ടായത്

"വിശാലഹൃദയന്‍ എന്ന ഒരു പ്രയോഗം

മാരകമായ തന്റെ രോഗാവസ്ഥയേപ്പറ്റി നടത്തിയ
അദ്ദേഹത്തിന്റെ ഉള്ളിലേ മാന്ത്രിക സാഹിത്യകാരനെ
ഞാന്‍ മനസ്സില്‍തട്ടി കുറച്ചധികനേരം സ്മരിച്ചു।
അപ്പോള്‍ അറിയാതെ പഴയ“കരികലക്കിയ കുളം,കളഭം കലക്കിയ കുളം”
എന്ന പ്രയോഗങ്ങള്‍ എന്റെ മനസ്സില്‍ ഓടിയെത്തി.

5 comments:

Pongummoodan said...

നന്നായിരിക്കുന്നു ശ്രീനിയേട്ടാ.

smitha adharsh said...

വാക്കുകള്‍ കൊണ്ടു മാന്ത്രിക ജാലം കാണിക്കുംപോഴാണല്ലോ അവയ്ക്ക് യഥാര്ത്ഥ അര്ത്ഥം വരുന്നതു...
നല്ല പോസ്റ്റ്..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല പോസ്റ്റ്, ആശംസകള്‍.

REIKI MASTER VIJAYAN said...

enne njettichu...

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി...ആശംസകള്‍....
താങ്കള്‍ക്കും കുടുംബത്തിനും ഒരൊത്തിരി ക്രിസ്തുമസ്
ആശംസകള്‍... ഒപ്പം ബൂലോക കൂട്ടുകാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍....