Wednesday, April 8, 2009

" ഒരു ഇടംകയ്യന്‍ അണ്ണന്റെ ഓര്‍മ്മക്ക്...."

"കണ്ണന്‍ വാഴേ, കരിമ്പേ, കടലവിടല കപ്പേ, കപ്പലണ്ടി
പൊന്നക്കാട്ടേത്തവാഴേ, മലയിലേ എലിവാലന്‍ കിഴങ്ങേ,
വിഴുങ്ങാന്‍ ദെണ്ണം കൂടാത്ത മത്തിക്കറി ഉറിയിലിരിക്കാന്‍,
ഒരിക്കല്‍ തൊഴുന്നേന്‍...........!!"

ഇത് പൂര്‍ണ്ണമായും ഏതെങ്കിലും സരസകവി എഴുതിയതാണോ,അതോ ഭാഗികമായി ഏതെങ്കിലും വിദ്വാന്മാര്‍ മാറ്റം വരുത്തിയതാണോ എന്നെനിക്കറിയില്ല

എങ്കിലുംഈ ലഘുകവിത എന്നേഓര്‍മ്മിപ്പിക്കുന്നത് എന്റെ രാമചന്ദ്രാണ്ണനേ ആണ്.
മനസ്സില്‍ ഒരു വേദനയായി ഒരു ഓര്‍മ്മ..........

നാല്‍പ്പത്തിനാലുവര്‍ഷം ആയിരിക്കുന്നു ഈ കവിത എന്റെ മനസ്സില്‍ പതിഞ്ഞിട്ട്
ഇതുമാത്രമല്ല മറ്റനേകം ലഘുകവിതകളും രാമചന്ദ്രാണ്ണന്‍ ഞങ്ങള്‍ക്ക് പാടിപ്പടിപ്പിച്ചുതന്നിട്ടുണ്ട്

രാമചന്ദ്രാണ്ണന്‍ വീട്ടില്‍ വന്നത് മൈക്കാടുപണിക്കാണ്।
മരയാശാരി രാമപ്പണിക്കന്‍,
കല്ലാശാരി ഭാസ്കരപ്പണിക്കന്‍,
മൈക്കാട് രാമചന്ദ്രാണ്ണന്‍।

ഞങ്ങളുടെ നാട്ടിലെ പലവീടുകളേപ്പോലെ ഞങ്ങളുടെ വീടും
ഈ കോമ്പിനേഷനിലാണു പണിഞ്ഞുയര്‍ന്നത്

ഞാന്‍ അന്നു ഒന്നാംക്ലാസില്‍ പഠിക്കാന്‍ തുടങ്ങുന്നതേയുള്ളൂ
വീടുപണിയും കണ്ട് പണിക്കാരുടെ പുറകേ നടക്കുകയാണു പ്രധാന പണി।

അവര്‍ മൂന്നുപേരും വലിയകൂട്ടുകാരാണ്
ഉണ്ണാനും കാപ്പികുടിക്കാനും ഒക്കെ ഒരുമിച്ചാണുപോകുക
അപ്പോള്‍ ഞങ്ങള്‍ക്കൊരുപണിയുണ്ട്

രാമപ്പണിക്കന്റെ ഉളികള്‍ക്ക് കാവല്‍ ഇരിക്കുക
അത് ഞങ്ങള്‍ക്ക് വളരെ വളരെ ഇഷടം

തിരിച്ചുവരുമ്പോള്‍ പ്രതിഫലമായി കടയില്‍ നിന്നും
എന്തെങ്കിലും പലഹാരം രാമപ്പണിക്കന്‍ കൊണ്ടുവരും
ബോണ്ടാ സുഖിയന്‍ കേക്ക് മടക്കുസാന്‍....

ഊണുകഴിഞ്ഞിരിക്കുമ്പോള്‍ രാമപ്പണിക്കന്‍ കടംകഥകളും തമാശുകളും പറയും
രാമചന്ദ്രാണ്ണന്‍ കവിതകള്‍ ചൊല്ലും ആ കവിതകള്‍ ഞങ്ങള്‍ കൂടെ പാടിപ്പടിക്കും

മൈക്കാടാണെങ്കിലും രാമചന്ദ്രാണ്ണനോട് എല്ലാവരും
വളരെ ബഹുമാനത്തോടുകൂടിയാണിടപെട്ടിരുന്നത്
കാരണം രാമചന്ദ്രാണ്ണന്‍ ശ്രീ കുറുമ്പക്കാവിലെ പൂജാരിയും വെളിച്ചപ്പാടുമാണ്.

ധാരാളം വായനയും അറിവും വിനയവും ഉള്ള ഒരു മനുഷ്യന്‍
രാമചന്ദ്രാണ്ണനുംചേട്ടന്മാരും ഇവരുടെ ഒക്കെ മക്കളും
എല്ലാം ചേര്‍ന്ന ഒരു കുടുമ്പത്തിലെ പ്രധാനവ്യക്തി,നേതാവ് ।
എല്ലാവരും രാമചന്ദ്രാണ്ണ ന്‍ പറയുന്നതനുസരിച്ചിരുന്നു

വൃശ്ചികം ധനുമാസങ്ങള്‍ പൂജയുടെ മാസങ്ങളാണ്
അക്കാലത്ത് കോമരങ്ങളുടെ കുടുമ്പങ്ങളില്‍നിന്നും ആരും പണിക്കു പോകാറില്ല
വൃതം എടുത്ത് ശ്രീകുറുമ്പക്കാവിലെ പൂജയില്‍ എല്ലാവരും മുഴുകുന്നു

കരയടച്ച് താലം എഴുന്നള്ളിപ്പ് ഉണ്ട്
ചുവന്ന പട്ടുടുത്ത് ദേവിയുടെ വാളു മായിരാമചന്ദ്രാണ്ണന്‍ മുന്‍പേ നടക്കും
കൂട്ടത്തില്‍ താലവുമായി നിരവധി അനുയായികളും

ധനു 8നാണു ഞങ്ങളുടെ വീട്ടില്‍ താലം വരുന്നത്
പൂജാമുറിക്കുമുന്‍പില്‍ വച്ച് താലം നിറച്ച് രാമചന്ദ്രാണ്ണന്‍ പൂജ നടത്തുമ്പോള്‍
ആമുഖത്ത് തെളിയുന്ന ദൈവികഭാവം ഞാന്‍ ആരാധനയോടെ നോക്കിനിന്നിട്ടുണ്ട്
അതായിരിക്കാം പണിക്കാരനെ അണ്ണാ എന്നുവിളിക്കാന്‍ ഞങ്ങളേ പ്രേരിപ്പിച്ചത്

കാലം മുന്‍പോട്ടുനീങ്ങിയപ്പോള്‍ രാമചന്ദ്രാണ്ണനു ഒരുമാസത്തിലധികം നീളുന്ന
വൃതവും പൂജയും ചെയ്യാന്‍പറ്റാതായി എന്നു തോന്നിയപ്പോള്‍
അതെല്ലാം അടുത്തതലമുറയേ ഏല്‍പ്പിച്ചു
എങ്കിലും ശ്രീകുറുമ്പക്കാവില്‍ ആദ്യ അവസാനക്കാരനായിരാമചന്ദ്രാണ്ണനുണ്ടകും

മണ്ഡലപൂജക്കാലത്ത് ഏതെങ്കിലും ഒരു ദിവസം എങ്കിലും ഞാന്‍
ശ്രീകുറുമ്പക്കാവില്‍ പോകാറുണ്ട്
എന്നേകണ്ടാല്‍ രാമചന്ദ്രാണ്ണന്‍ എന്നേ വീട്ടിലേക്കു വിളിക്കും

“ബാബുക്കൊച്ചേ വാ നമുക്ക് വീട്ടിലൊന്നുകേറീട്ടുപോകാം“

കാവിന്റെ അടുത്തുതന്നെയാണു രാമചന്ദ്രാണ്ണന്റെ വീട്
എല്ലാവരുടേയും കാര്യം വിശദമായി ചോദിക്കും
തോട്ടികൊണ്ട് പതിനെട്ടാം പട്ടതെങ്ങില്‍ നിന്നോ ചെന്തെങ്ങില്‍ നിന്നോ
രണ്ട് കരിക്ക് ചെത്തിച്ചാടിക്കും

രാമചന്ദ്രാണ്ണന്‍ ഇടംകൈയ്യനാണ്
വലതുകയ്യില്‍ കരിക്ക് പിടിച്ച് ഇടതുകൈകൊണ്ട്കരിക്ക് ചെത്തി എനിക്ക് തരും
കരിക്ക് എന്റെ ബലഹീനതയാണെന്ന് രാമചന്ദ്രാണ്ണനറിയാം
അതുകൊണ്ട് എന്നേ വീടിനടുത്ത് എവിടെ വച്ച് കണ്ടാലും
രാമചന്ദ്രാണ്ണന്‍ എന്നേ വിളിക്കും

“ബാ ബാബുക്കൊച്ചേ ഒരു കരിക്ക് കുടിച്ചിട്ട് പോയാല്‍ മതി।”

ഒരു അവകാശം പോലെ ഞാന്‍ ആ ക്ഷണം സ്വീകരിക്കാറുമുണ്ട്

കുറച്ചുകാലം മലബാറില്‍ ജോലിയായിപ്പോയതുകൊണ്ട് ഈ ബന്ധം മുറിഞ്ഞുപോയി ഓര്‍ത്തപ്പോള്‍ ഞാന്‍ രാമചന്ദ്രാണ്ണനേ തേടി ചെന്നു
രാമചന്ദ്രാണ്ണന്‍ കാലില്‍ സോക്സ് ഇട്ടിരിക്കുന്നു
ഷുഗര്‍ കൂടി ഒരു വിരല്‍ മുറിച്ചുകളഞ്ഞത് ഞാന്‍ അപ്പോഴാണറിഞ്ഞത്।

“ബാബുക്കൊച്ചിനൊരു കരിക്ക് തരാനെന്താമാര്‍ഗ്ഗം?”

രാമചന്ദ്രാണ്ണന്‍ സ്വയം ചോദിക്കുന്നതുകേട്ടപ്പോഴാണ്
തെങ്ങുകള്‍ എല്ലാം തോട്ടിക്കപ്പുറം വളര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചത്

ഞാന്‍ ഇങ്ങോട്ടുവന്നിട്ട് കാലം ഒരുപാടായിരിക്കുന്നു
രാമചന്ദ്രാണ്ണനും എനിക്കും പ്രായംവര്‍ദ്ധിച്ചിരിക്കുന്നു

അതിനിടെ ഏതോകുട്ടികളേ വിളിച്ച് തെങ്ങില്‍നിന്നും ഒരുകുലകരിക്ക് ഇറക്കി
അത് എന്റെ കാറില്‍ വച്ചു

“ഇത്തവണ കുറച്ചുകൂടുതല്‍ ഇരിക്കട്ടേ, ഇനി ഇതൊക്കെപ്പറ്റുമോഎന്നാര്‍ക്കറിയാം ?”

ഇടംകൈകൊണ്ട് ഒരു കരിക്കുവെട്ടിക്കൊണ്ട്
രാമചന്ദ്രാണ്ണന്‍ പറയുമ്പോള്‍ ആ മുഖത്ത് വല്ലാത്ത ഒരു നിരാശ നിഴലിച്ചിരുന്നു

ദിവസങ്ങള്‍ നീങ്ങി
ഒരു ദിവസം വൈകിട്ട് ജോലികഴിഞ്ഞുവന്നപ്പോളാണറിഞ്ഞത്
രാമചന്ദ്രാണ്ണന്‍ ഒരു ബുദ്ധിമോശം കാണിച്ചിരിക്കുന്നു।

എനിക്ക് കുറച്ചുസമയം ഒറ്റക്കിരുന്നു കരയണമെന്ന് തോന്നി
“ബാബുക്കൊച്ചേ॥” എന്ന ആവിളി എനിക്ക് ഇതോടെ അന്യമായിപ്പോയല്ലോ

വലംകൈയ്യില്‍ കരിക്കുവെച്ച് ഇടംകൈകൊണ്ട് രാമചന്ദ്രാണ്ണന്‍ കരിക്ക് വെട്ടുന്ന
എനിക്ക് ഏറ്റവും പ്രിയമായ സമയവും............






1 comment:

പാവപ്പെട്ടവൻ said...

വേര്‍പാട് നോവല്ല വെരറ്റൊടുങ്ങലാണ്
ആശംസകള്‍