Tuesday, January 13, 2009

പേരു സുരേന്ദ്രന്‍, അപരനാമം പാപ്പി !!

സ്വന്തം പേരല്ലാതെ മറ്റൊരു പേരു ലഭിക്കുക ആപേരുസ്വന്തം പേരിനേക്കാള്‍ പ്രശസ്തമാകുക അപൂര്‍വ്വമായൊരു ഭാഗ്യമാണത് ആഭാഗ്യം എന്റെ ചില സഹയാത്രികര്‍ക്കുണ്ടായിരുന്നു.

അതിലെ ആദ്യലിസ്റ്റ് കാരന്‍ ഞാന്‍ പ്രൈമറിക്ലാസുകള്‍ പഠിച്ച ഭൂതക്കുന്ന് എല്‍പി എസിലെ ഉദ്ദണ്ഡന്‍ സാര്‍ ആണ്.
ഹെഡ് മാസ്റ്റര്‍ കുളങ്ങര ഗോപാലന്‍ നായര്‍ സാര്‍ നാട്ടിലാകെ ബഹുമാനത്തോടെ വിളിക്കപ്പെട്ടിരുന്നത് ഉദ്ദണ്ഡന്‍ സാര്‍ എന്നാണ്.
ഒരുപക്ഷേ അത് സാറിന്റെ കുട്ടിക്കാലത്തേ വിളിപ്പേരായിരുന്നിരിക്കാം
എന്നാലും ഇത്ര കട്ടികൂടിയ ഒരു പേരു ഒരു കുട്ടിക്കിടാന്‍ എന്താണാവോ കാര്യം?
ഒരുപക്ഷേ അദ്ദേഹത്തിന്റെ അഛന്‍ ഉദ്ദണ്ഡ ശാസ്ത്രികളുടെ ഒരു കടുത്ത ആരാധകനായിരുന്നോ ?
ആര്‍ക്കറിയാം ?

കലാനിലയം സ്കൂളില്‍ യു പി ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ പല ബാബുമാരുണ്ടായിരുന്നു ബാബൂ എന്ന് വിളിക്കുമ്പോള്‍ എല്ലാബാബുമാരും എഴുന്നേല്‍ക്കും ഈ പ്രശ്നം പരിഹരിക്കാന്‍ ഹിന്ദി പഠിപ്പിച്ചിരുന്ന സിക്സ്തൂസമ്മ ടീച്ചര്‍ അല്‍പ്പം തടിയനായിരുന്ന ഒരുബാബുവിനു ഒരു പേരിട്ടു

മോട്ടീ ബാബു (മോട്ടീ = തടിച്ച )

കാലം മുന്നോട്ടുനീങ്ങിയപ്പോള്‍ മോട്ടീ ബാബു വെറും മോട്ടിയായും പിന്നീട് മോത്തിയായും മാറി ഇപ്പോള്‍ 39 വര്‍ഷം കഴിഞ്ഞിട്ടും ആ പേരു മാറിയില്ല
അര്‍ത്ഥം എന്തെന്നറിയാതെ ഇപ്പോഴും പുള്ളിക്കാരനേ മോത്തീ എന്ന് വിളിക്കുന്നവര്‍ ഉണ്ട്

ഹൈസ്കൂളില്‍ വന്നപ്പോഴാണു ബോണ്ടാ സാറിനെ കാണുന്നത്
അദ്ദേഹത്തേ ബോണ്ടാച്ചന്‍ എന്ന് മറ്റുസാറുമ്മാരും ബോണ്ടാസാര്‍ എന്ന് കുട്ടികളും കാലാകാലമായി വിളിച്ചുപോന്നു.മൈദാമാവുകൊണ്ടൊണ്ടാക്കി ചായക്കടകളുടെ അലമാരി അലങ്കരിച്ചുപോരുന്ന ആ പലഹാരവും സാറുമായിട്ടുള്ള ബന്ധം ഞാന്‍ ഒരുപാട് ആലോചിച്ചിട്ടുണ്ട് പക്ഷേ മനസിലായിട്ടില്ല

ഇതുപോലെ പ്രശസ്തനായിരുന്നു പൊകലസാറും .പൊകലപ്പാപ്പന്‍ എന്നായിരുന്നു കുട്ടികള്‍ക്കിടയില്‍ ശരിക്കും പ്രശസ്തം ഒരു വികൃതിചെറുക്കന്‍ ഒരു കഷണം പൊകല സാറിന്റെ മേശപ്പുറത്തു വച്ചദിവസം ഞാന്‍ ഒരിക്കലും മറക്കില്ല സാര്‍പുസ്തകവും വലിച്ചെറിഞ്ഞ് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോയി .

കോളേജില്‍ കെമിസ്റ്റ്റി പഠിപ്പിക്കുന്ന കറുത്ത അച്ചനു കാലാകാലമായി ഉണ്ടായിരുന്നപ്രശസ്തമായ പേരായിരുന്നു കാര്‍ബണ്‍ അച്ചന്‍

ഇന്നായിരുന്നെങ്കില്‍ അത് ഒരുപക്ഷേ കരീഭായി എന്നായേനെ എന്നാണെനിക്ക് തോന്നുന്നത്

ഗണിത അദ്ധ്യാപകര്‍ മക്കള്‍ക്ക് ബിന്ദു എന്നോ രേഖഎന്നോ രശ്മിയെന്നോ ഒക്കെ പേരിടുന്നതുപോലെ സബ്ജക്ട് ടച്ച് ഉള്ള കാര്‍ബണ്‍ അച്ചന്‍ എന്ന് പേരിട്ട മഹാനെ എത്ര അഭിനന്ദിച്ചാലാണു മതിയാകുക

വെറ്റേറിനറികോളേജില്‍ ചെന്നപ്പോഴാണു പെപ്പര്‍ സാറിനെകാണുന്നത്
പാലാക്കാരന്‍ ആയതുകൊണ്ടാവാം രാമകൃഷ്ണപിള്ള സാറിനു പെപ്പര്‍ എന്ന പേരുവന്നത്കാലത്തേ ആ പേരു അതിജീവിച്ച് ഇപ്പോഴും നിലനില്‍ക്കുന്നു

ഉണ്ടപ്പിള്ള,കാത്തോന്‍ (കാത്തവന്‍.) ഫാന്റം,പനി,തുങ്കു ചാപ്പളിയന്‍ തുടങ്ങി കാലത്തേഅതിജീവിച്ച് തലമുറകള്‍ കൈമാറിവന്ന ചിലപേരുകളും അവിടെ ഉണ്ട്.

എനിക്കും പണ്ട് ഇങ്ങിനെ ഒരുപേരുവേണമെന്ന് തോന്നിയ ഒരുകാലം ഉണ്ട്

ദുര്‍ഗാപ്രസാദ് ഖത്രിയുടേയും നീലകണ്ഠന്‍ പരമാരയുടേയും
ഒക്കെ അപസര്‍പ്പക കഥകള്‍ വായിച്ച് ആവേശംകൊണ്ടിരുന്ന ബാല്യകാലം

അതില്‍ അപസര്‍പ്പകര്‍ക്ക് അപരനാമങ്ങള്‍ ഉണ്ട്
എനിക്കും എന്റെ സഹചാരി എന്റെ അഛന്റെ സഹോദരിയുടെ മകന്‍ സുരേന്ദ്രനും അത് വായിച്ചപ്പോള്‍ തൊട്ട് അങ്ങിനെ ഓരോന്നു വേണമെന്നുതോന്നി

സുരേന്ദ്രന്‍ കണ്ടെത്തിയപേരായിരുന്നു “പാപ്പി”

മോന്റെ പേരെന്താ എന്ന് ആരേലും ചോദിച്ചാല്‍ സുരേന്ദ്രന്റെ മറുപടി ഇങ്ങിനെ യാണു

“എന്റെ പേരു സുരേന്ദ്രന്‍ അപരനാമം പാപ്പി .”

ഞാനും സ്വീകരിച്ചു ഒരു അപരനാമം

എന്റെ അപരനാമം തല്‍ക്കാലം ഒരു രഹസ്യമായി തുടരട്ടേ

എല്ലാത്തിലും ഒരു രഹസ്യമുണ്ടാകുന്നത് നല്ലതല്ലേ ?

No comments: