Sunday, August 2, 2009

ശാന്തി ദൂതനു സാദരം..!!!

ശാന്തി ദൂതനു സാദരം..!!!
ആ ടിവി അഭിമുഖം മുഴുവനും പ്രകോപനം ഉണ്ടാക്കുന്ന ചോദ്യങ്ങളായിരുന്നു ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഉത്തരം ഒളിപ്പിച്ചുവെച്ച തന്ത്രം നിറഞ്ഞ ചോദ്യങ്ങള്‍।
ഞാന്‍ ശ്വാസമടക്കിപ്പിടിച്ച് ആകാംഷയോടെ ആ ഇന്റര്‍വ്യൂ മുഴുവനും കണ്ടു।

ചോദ്യങ്ങളില്‍ നിന്നും ചോദ്യങ്ങളിലേക്കുനീങ്ങുമ്പോള്‍
എങ്ങിനേയും ഒരു കുടുക്കില്‍ വീഴിക്കാന്‍ പറ്റാത്തതിന്റെ നിരാശയില്‍ സാമാന്യമര്യാദപോലും ലംഘിക്കുന്നചോദ്യങ്ങള്‍
ചോദിക്കുന്ന അവതാരകനെതിരേ ശാന്തനായി
ഒരു സെക്കന്റ് പോലും ആലോചിക്കാന്‍ നിക്കാതെ
ചോദ്യങ്ങള്‍ക്കെല്ലാം കിറുകൃത്യമായ മറുപടി കൊടുക്കുന്ന നേതാവ്

ആമുഖത്ത് ദേഷ്യമില്ല, ഒരു ചെറുപുഞ്ചിരിമാത്രം.
അത് തങ്ങളാണ്! പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍!!
കേരള രാഷ്ട്രീയ രംഗത്ത് ഞാന്‍ ഏറ്റവും ബഹുമാനത്തോടുകൂടി
ആരാധിക്കുന്ന ഉജ്വല വ്യക്തിത്വം !!!

ടിവിയിലെ അഭിമുഖസംഭാഷണങ്ങള്‍ മിക്കവാറും ഞാന്‍ കാണാറുണ്ട്
ഒരേ വിഷയങ്ങളേ വിവിധനേതാക്കള്‍ എങ്ങിനെ വിലയിരുത്തുന്നു
എന്നത് കാണുന്നത് എനിക്ക് ഒരു ഹരമാണ്।

പലനേതാക്കള്‍ക്കും മിക്കവിഷയങ്ങളിലും ഒരു സ്വതന്ത്ര കാഴ്ച്ചപ്പാടില്ല എന്നത് ശരിക്കും ഞെട്ടലോടെയാണു ഞാന്‍ പലപ്പോഴും കണ്ടിട്ടുള്ളത്

പഴയകഥയിലെ ആനയേക്കണ്ട പൊട്ടന്മാരേപ്പോലെ
ആന തൂണുപോലെയാണെന്നും അല്ല മുറം പോലെയാണെന്നുമൊക്കെ ആധികാരികമായി പറയുകയും
മറ്റ് അഭിപ്രായം പറയുന്നവരേ പരിഹസിക്കുകയും ചെയ്യുന്നവരാണു പലരും

സത്യം മനസിലായിട്ടും അസത്യം പറയുന്നവര്‍,
വിവാദചോദ്യങ്ങള്‍ക്കുമുന്‍പില്‍ പതറി ഉത്തരം നല്‍കാത്തവര്‍ ,
സ്വന്തം പാര്‍ട്ടിയുടെ തെറ്റുകള്‍ സമ്മതിക്കാതെ
ഉരുളാന്‍ നോക്കുന്നവരാണെല്ലാവരും
അതില്‍ നിന്നൊക്കെ വ്യത്യസ്തനായ ഒരാളാണ്,
ബഹുമാനപ്പെട്ട പാണക്കാടു തങ്ങള്‍ എന്ന് എനിക്ക് തോന്നി

ഉദാഹരണമായി ഒരുചോദ്യം

“കുഞ്ഞാലിക്കുട്ടിയും താങ്കളും
വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചു
എന്നാല്‍ സ്മാര്‍ട്ടുസിറ്റി ഉദ്ഘാടനത്തിനുവന്ന അറബി മുസ്ലീം സ്ത്രീ
ബുര്‍ക്കയുമിട്ട് നിലവിളക്കുകൊളുത്തിയതിനെ
അങ്ങ് എങ്ങിനെ ഉള്‍ക്കൊള്ളുന്നു ?”

അപ്രതീക്ഷിതമായ ഈ ചോദ്യം വന്നപ്പോഴും
തങ്ങളുടെ മുഖത്ത് ഒരു ഭാവഭേതവും ഇല്ല
“അവര്‍ അങ്ങിനെ ചെയ്തത് അത് എന്താണെന്ന് അറിയാത്തതുകൊണ്ടാണ്.
നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും നമുക്കുചുറ്റുമുള്ള സമൂഹം
എങ്ങിനെ കാണുന്നു എന്ന് നാം ഓര്‍ക്കണം
വിളക്കു കൊളുത്തുക എന്നത് ഹിന്ദുമതത്തിലെ ഒരു ആചാരമാണ്.
അതില്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുണ്ടെന്ന് എനിക്ക് വിചാരമില്ല
എന്നാല്‍ മറ്റൊരു മതത്തിന്റെ ആചാരം ചെയ്യുന്നത് ഇസ്ലാമികമല്ല
ഒരു ഇസ്ലാം വിശ്വാസി മറ്റുമതങ്ങളുടെ ആചാരം അനുഷ്ടിക്കുന്നത്
ശരിയല്ല എന്നാണു എന്റെ വിശ്വാസം
അല്ലാതെ ഞാന്‍ ഒരിക്കലും ഈ ഹിന്ദുമതാചാരത്തേ അനാദരിക്കുവാനല്ല
അങ്ങിനെ ഒരു തീരുമാനം എടുത്തത്.”

അതുപറയുമ്പോഴത്തേ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നും
എനിക്ക് ബോധ്യമായി ആ വാക്കുകള്‍
ആ ഹൃദയത്തില്‍ നിന്നാണു വരുന്നതെന്ന്.

മറ്റൊരു ചോദ്യം
“പ്രശ്നങ്ങള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍
അതില്‍ നിന്നുള്ള ടെന്‍ഷന്‍ കുറക്കാന്‍ അങ്ങ് എന്താണു ചെയ്യാറുള്ളത് ?പാട്ടുകേള്‍ക്കുക,ഒറ്റക്കിരിക്കുക അങ്ങിനെ എന്താണു അങ്ങയുടെ റിലാക്സേഷന്‍?”

തങ്ങള്‍ ചിരിച്ചു
“ആപ്രശ്നം എങ്ങിനെ പരിഹരിക്കാനാകുമെന്നു ചിന്തിക്കും
കഴിയും വേഗം പരിഹരിക്കും അതല്ലേ വേണ്ടത് ?”

ലീഗ് യുഡി എഫില്‍ നിന്നും മറുകണ്ടം ചാടാന്‍ ആലോചിച്ചതിനേപ്പറ്റി
വളരെ വിവാദമായി മാറാന്‍ സാധ്യതയുള്ള മറുപടിയുള്ള
ഒരു ചോദ്യം പുറകേ എത്തി
സാധാരണ നേതാക്കളേപ്പോലെ സത്യം മറച്ചുപിടിച്ച്
നിഷേധ പ്രസ്താവന വരും എന്നു ഞാന്‍ കരുതിയപ്പോള്‍
തങ്ങള്‍ പറഞ്ഞു
“നിങ്ങള്‍ പറഞ്ഞത് ശരിയാണ്,
എന്നാല്‍ ഞാന്‍ അതില്‍ ഉപദേശിക്കേണ്ടവരെ ഉപദേശിക്കുകയും നിയന്ത്രിക്കേണ്ടവരെ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട് !”

അതാണു പാണക്കാട് തങ്ങള്‍!!
മതമതിലുകള്‍ക്കപ്പുറം സ്നേഹ ബഹുമാനങ്ങള്‍ നേടിയ വ്യക്തിത്വം !!!

രാമജന്മഭൂമിയിലെ ബാബറി മസ്ജിത് തകര്‍ക്കപ്പെട്ടപ്പോള്‍
ക്ഷോഭിച്ച ജനക്കൂട്ടത്തേ തന്റെ വ്യക്തിപ്രഭാവം കൊണ്ടു നിയന്ത്രിച്ച,
കേരളത്തിലെ ഒരു ഹിന്ദു സഹോദരനുപോലും ഭീഷണിയുണ്ടാകരുത്
എന്ന് ആഗ്രഹിച്ച സ്നേഹദൂതന്‍ !!!

അത്രക്കു വലിയ ഒരു മനസുള്ള അദ്ദേഹത്തിന്റെ
പാവനസ്മരണക്കുമുന്‍പില്‍
ഞാന്‍ സാദരം തലകുനിക്കുന്നു !!!

2 comments:

പാലാ ശ്രീനിവാസന്‍ said...

ഈ വലിയ മനുഷ്യനെ ഞാന്‍ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല എന്നാലും മനസ്സില്‍ ഒരുപാട് ആദരവ് സൂക്ഷിച്ചിരുന്നു.

Dr.baby said...

Your auto biografy is very nice ,congratulations -Dr.Baby