Monday, March 26, 2007

ഒരു കൊച്ചു ഭൂമി കുലുക്കം


പുകച്ചുരുള്‍ പോലെ മറഞ്ഞ ഒരാള്‍ എന്ന എന്റെ കുറിപ്പ് വായിച്ച്

ഞങ്ങള്‍ വീട്ടില്‍ ചര്‍ച്ചതുടഞ്ഞിയപ്പോഴേ വിഷ്ണു ഒരു ചോദ്യം.

"അഛനീവൃത്തികെട്ടകഥ മാത്രമെ എഴുതാന്‍ കിട്ടിയൊള്ളോ?"

അവന്റെ അമ്മ അവനെ സമാധാനിപ്പിക്കാന്‍ നോക്കിയിട്ട് നടന്നില്ല.

"എന്റെ കൂട്ടുകാരാരേലും ഇതുവായിച്ചാല്‍ എനിക്കാ നാണക്കേട്"

അവന്‍ എഴുന്നേറ്റു.

"ഒരു വലിയ ബ്ലോഗ് എഴുത്തുകാരന്‍ വന്നിരിക്കുന്നു.

വേറേ പണിയൊന്നുമില്ല."

അവന്‍ പിന്നെ അവിടെ നിന്നില്ല,

ടിവി യുടെ മുന്നിലേക്ക് പോയി.


അവനെന്താണു പറ്റിയതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല.

ബാലരമ കഥകള്‍ക്കപ്പുറം മറ്റൊരു കഥാലോകം

ഉണ്ടന്ന് അവനറിയാത്തത്കൊണ്ടാണീഭാവമാറ്റമെന്നായിരുന്നു

ഞങ്ങളുടെ നിഗമനം.


അടുത്തദിവസം

രാവിലെയും അവന്റെ മുഖം തെളിയാത്തത് ഞാന്‍ ശ്രദ്ധിച്ചു.

ചോദിച്ചിട്ട് അവന്‍ ഒന്നും വിട്ട് പറഞ്ഞതുമില്ല.


2ദിവസം കഴിഞ്ഞു ഉച്ചക്കു

വിഷ്ണുഅവന്റെ അമ്മയുടെ അടുത്തുചെന്നു പറഞ്ഞു

"അമ്മേ അമ്മ വിഷമിക്കരുത്,

അഛന്‍ ഏതോ ഒരു പെണ്ണുവരാന്‍ വേണ്ടി കാത്തിരിക്കുകയാണന്നാണാ

കഥയില്‍ എഴുതിയിരിക്കുന്നത് .

അവളുവരുമ്പോള്‍ അഛന്‍ കൂടെ പോകുമായിരിക്കും.

പോകുമ്പോള്‍ പോട്ടേ അമ്മേ.

അമ്മ വിഷമിക്കുകയൊന്നും വേണ്ടാ.

ഞാന്‍ വളര്‍ന്ന് ജോലികിട്ടുമ്പോള്‍

അമ്മക്ക് വേണ്ടതെല്ലാം വാങ്ങിച്ച് തരാം. "


ഓഫീസില്‍ നിന്നും തിരിച്ച് വന്നപ്പോളാണീ

ചൂട് വാര്‍ത്ത എനിക്ക് കിട്ടിയത്.

ഞാന്‍ ഉടനെ അവനെ വിളിച്ച് ഇത് ഒരു വെറും കഥ യാണെന്നും,

ഇത് നമ്മള്‍ മറ്റുള്ളവരെ പറ്റിക്കാന്‍

എഴുതുന്നതാണെന്നും വിശദീകരിച്ചു.


അവന്‍ എന്റെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട്

വീണ്ടും വീണ്ടും ചോദിച്ചു

"ഒറപ്പായിട്ടും കഥയാണല്ലോ?

ഇനി ഞാന്‍ വിശ്വസിക്കാം.

അഛന്‍ കള്ളം പറയുകയില്ല എന്നെനിക്കറിയാം."


അവനു സമാധാനമായി.


അപ്പോള്‍ അതാണുകാര്യം.

അഛന്‍ സത്യം മാത്രമേ പറയൂ എന്ന്

എന്റെ മകന്‍ വിശ്വസിക്കുന്നു.

മാത്രവുമല്ല

ഒരു മകന്റെ ഉത്തരവാദിത്വങ്ങള്‍ അവനറിയുകയും ചെയ്യാം.
രണ്ട് ദിവസം ഭൂമി കുലുങ്ങിയാലെന്ത്?

എന്റെ തല ഉയര്‍ന്ന് ഉയര്‍ന്ന്

ആകാശത്ത് മുട്ടിയതായി എനിക്ക് തോന്നി.

4 comments:

ജിസോ ജോസ്‌ said...

തീര്‍ച്ചായായും അഭിമാനിക്കാം....

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

കൊള്ളാം ട്ടോ...

ശാലിനി said...

അതേ, താങ്കള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ഒപ്പം ആ കുഞ്ഞുവിശ്വാസത്തെ കെടുത്താതേയും നോക്കണം.