Monday, February 25, 2008

മാര്‍ത്താണ്ഡ വര്‍മ്മയുമായി ഒരു നിഴല്‍ യുദ്ധം !!

പാലാ യൂണിവേഴ്സല്‍ തീയേറ്ററിലാണ്

ഞാന്‍ ആ സിനിമാ കണ്ടതെന്നാണെന്റെ ഓര്‍മ്മ.

പഞ്ചവന്‍ കാട് !”

ശ്രീ കെ.പി ഉമ്മറാണ്

അതില്‍ മാര്‍ത്താണ്ഡവര്‍മ്മയെ അവതരിപ്പിച്ചത് .

എട്ടുവീട്ടില്‍ പിള്ളമാരെ തൂക്കിക്കൊല്ലുന്നരംഗമായിരുന്നു ആദ്യത്തേത്.

രാജാവ് കൊട്ടാരത്തിന്റെ മുകളില്‍ നിന്നും

വല്ലാത്ത ഒരു സന്തോഷത്തോടെ നോക്കിനില്‍ക്കുന്നു.

ചങ്ങലയില്‍ ബന്ധിച്ച് ഓരോ പിള്ളമാരേയും കൊണ്ടുവരുന്നു .

മാര്‍ത്താണ്ഡവര്‍മ്മ തുലയട്ടേ!! എന്ന മുദ്രാവാക്യവും മുഴക്കി

ഓരോ പിള്ളമാരും കഴുമരത്തില്‍ മരണം വരിക്കുന്നു !

പിന്നത്തേത് കടല്‍ത്തീരത്തേ രംഗമായിരുന്നു.

മുക്കുവന്മാരുടെ ഒരു വലിയ കൂട്ടം ഒരുവശത്ത് ,

ഒരുകൂട്ടം സ്ത്രീകള്‍ മറുവശത്ത് ,

നടുക്ക് മാര്‍ത്താണ്ഡവര്‍മ്മരാജാവും ഭടന്മാരും.

അവര്‍ ഓരോസ്ത്രീകളേയായി പിടിച്ച് വലിച്ച് കൊണ്ടുവരുന്നു .

സ്ത്രീകള്‍ ആര്‍ത്തലച്ച് കരയുകയാണ് .

തൊഴുകൈയ്യോടെ അവര്‍ രാജാവിനോട് യാചിക്കുന്നു .

“അരുതേ, ഈ കടും കൈ ചെയ്യരുതേ !

ഞങ്ങള്‍ എന്തുതെറ്റുചൈതു?

ഞങ്ങളേ കൈവെടിയരുതേ!!

ഈ കരച്ചിലിനൊന്നും ഫലമുണ്ടാകുന്നില്ല.

ഭടന്മാര്‍ ഓരോ പെണ്ണുങ്ങളേയും മുക്കുവന്മാര്‍ക്ക് വലിച്ചെറിഞ്ഞുകൊടുക്കുന്നു .

എട്ടുവീട്ടില്‍ പിള്ളമാരുടെ ഭാര്യമാരും

പെണ്മക്കളുമാണീ ക്രൂരത്ക്ക് വിധേയമാകുന്നത്.

ഇതെല്ലാം കണ്ട് മാര്‍ത്താണ്ഡവര്‍മ്മ പൊട്ടിപ്പൊട്ടി ചിരിക്കുകയാണ് .

ആ ചിരി എനിക്ക് മനസ്സിലെവിടെയോ കൊണ്ടു മുറിയുന്നതായി തോന്നി.

മനസ്സിനു വല്ലാത്ത ഒരു പുകച്ചില്‍.

മാര്‍ത്താണ്ഡവര്‍മ്മ എന്ന രാജാവ്

എന്റെ ശത്രു ആയത് ആ കാഴ്ച്ചയില്‍ നിന്നാണ് .

ഒരു രാജാവ് ഇങ്ങനെ ചെയ്യാമോ ?

എനിക്ക് അമര്‍ഷം സഹിക്കാന്‍ പറ്റിയില്ല.

കാലം കടന്നുപോയി .

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പരീക്ഷക്ക് ഒരു ചോദ്യം വന്നു.

തിരുവിതാം കൂറിലെ ഏറ്റവും പ്രഗത്ഭനായ രാജാവായിരുന്നു

മാര്‍ത്താണ്ഡവര്‍മ്മ കാരണം വ്യക്തമാക്കി സമര്‍ത്ഥിക്കുക.

ഞാന്‍ മറ്റുകുട്ടികളേപ്പോലെ

രാജാവിന്റെ ഗുണഗണങ്ങളേപ്പറ്റി എഴുതി തുടങ്ങി

എന്നാല്‍ പെട്ടന്ന് ഒരു കരച്ചിലിന്റെ ശബ്ദം

കേട്ടപോലെ എനിക്ക് തോന്നി. ഞാന്‍ ചെവിഓര്‍ത്തു

ദയനീയമായ ഒരുകരച്ചില്‍! കടലിന്റെ ഇരമ്പം!!

“അരുതേ!! ഈ കടും കൈ ചെയ്യരുതേ,

ഞങ്ങള്‍ എന്തുതെറ്റു ചെയ്തു? ഞങ്ങളേ കൈവെടിയരുതേ!!”

എട്ടുവീട്ടില്‍ പിള്ളമാരുടെകുടുംബത്തിലെ സ്ത്രീകളുടെ കരച്ചില്‍!

എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല !

മാര്‍ത്താണ്ഡവര്‍മ്മയേപ്പറ്റി എഴുതിയ നല്ലകാര്യങ്ങളെല്ലാം ഞാന്‍

തലങ്ങനേയും വിലങ്ങനേയും വെട്ടി .എന്നിട്ട് എഴുതിത്തുടങ്ങി.

“ ചോദ്യ ത്തില്‍ പറയുന്നത് ശരിയല്ല.

തിരുവിതാം കൂര്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ നീചനായിരുന്നു

ഈ മാര്‍ത്താണ്ഡന്‍,അവന്‍ മാന്യനായിരുന്നില്ല, ഒരുതെറ്റും ചെയ്യാത്ത

എത്രസ്ത്രീകളേയാണുഅവന്‍ നിഷ്കരുണം മുക്കുവര്‍ക്ക് പിടിച്ച് കൊടുത്തത്

ഇതാണോ രാജാവിന്റെ ധര്‍മ്മം?

പ്രജകളെ രക്ഷിക്കേണ്ട ഒരുവന്‍

ഇങ്ങനെ ചെയ്താല്‍ അവനേ മഹാരാജാവ് എന്ന് എങ്ങിനെ പറയും?

അതുകൊണ്ട് തന്നെ ഞാന്‍ ഈമാര്‍ത്താണ്ഡനേ വെറുക്കുന്നു .

അവന്‍ മഹാരാജാവല്ല വെറും ഒരു വട്ടപ്പൂജ്യമായിരുന്നു............

എന്തൊക്കെ എഴുതിയെന്ന് എനിക്ക് ഇപ്പോള്‍ ഓര്‍മ്മയില്ല,

എങ്കിലും എഴുതിക്കഴിഞ്ഞപ്പോള്‍ എന്തെക്കയോ ചെയ്തപോലെ

ഒരു തോന്നല്‍

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.

എം.എം.ജോസഫ് സാര്‍ എന്റെ ഉത്തരകടലാസും പിടിച്ച്

ചിരിച്ചുകൊണ്ട് നില്‍ക്കുന്നു

മറ്റ് അദ്ധ്യാപകര്‍ എന്നെ ഒരു വിചിത്രജീവിയേക്കാണും പോലെ നോക്കുന്നു.

സാര്‍ എന്റെ തോളില്‍ കൈവച്ചു കൊണ്ടു പറഞ്ഞു.

“എടോ താന്‍ എഴുതിയിരിക്കുന്നതിനേപ്പറ്റി എനിക്ക് അഭിപ്രായ വ്യത്യാസം

ഒന്നും ഇല്ല.എന്നാല്‍ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ എഴുതിയാലെ

പബ്ലിക്ക് പരീക്ഷക്ക് മാര്‍ക്ക് കിട്ടൂ.അതുമറന്നേക്കരുത് കേട്ടോ .”

ഞാന്‍ പരീക്ഷാപേപ്പറിലേക്ക് നോക്കി

സാര്‍ എനിക്ക് മുഴുവന്‍ മാര്‍ക്കും തന്നിരിക്കുന്നു

ഞാന്‍ അവിശ്വസനീയതയോടെ സാറിനെ നോക്കി

സാര്‍ ചിരിച്ചുകൊണ്ട് മറ്റ് അദ്ധ്യാപകരോടും കൂടി പറഞ്ഞു

“നമ്മുടെ വൈദ്യനാഥനും ഫിലിപ്പും എല്ലാം പുസ്തകത്തില്‍ ഉള്ളത് മുഴുവനും

എഴുതിയിട്ടുണ്ട് ,എന്നാല്‍ അവര്‍ക്ക് കൊടുത്തതില്‍ കൂടുതല്‍ മാര്‍ക്ക്

ഞാനിയാള്‍ക്ക് കൊടുത്തിട്ടുണ്ട് .

കാരണം എന്റെ ഈ ശ്രീനിക്ക് മനുഷ്യനെ സ്നേഹിക്കുന്ന ഒരു മനസ്സുണ്ട് .

അത് കാണുവാനും അംഗീകരിക്കുവാനും കഴിഞ്ഞില്ലാ എങ്കില്‍ ഞാന്‍ ഒരു

അദ്ധ്യാപകന്‍ എന്നു പറഞ്ഞു നടക്കുന്നതില്‍ എന്താ അര്‍ത്ഥം ?”

സാര്‍ എന്നേ നോക്കി വാല്‍സല്യത്തോടെ ചിരിച്ചു.

എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി .

3 comments:

coolgal said...

That movie was not "Marthandavarma",but "Panchavankadu" written by Vikom Chandresekharan Nair.

പാലാ ശ്രീനിവാസന്‍ said...

ശരിയാണ് ,സിനിമാ പഞ്ചവന്‍ കാട് തന്നെ,1969-70 കാലത്തായിരുന്നല്ലോ ആ സിനിമ വന്നത്,സത്യന്‍ മരിച്ച ഉടനേ,ബ്ലോഗില്‍ വിവരിച്ചിരിക്കുന്ന ആ രംഗം എന്റെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു,തെറ്റു തിരുത്തിയതിനു നന്ദി.

jayan said...

നന്നായിരിക്കുന്നു