Monday, November 2, 2009

സ്വപ്നക്കാരന്‍ ജോസഫ്

സ്വപ്നക്കാരന്‍ ജോസഫിന്റെ കഥ ഞാന്‍ ആദ്യം വായിക്കുന്നത്
എനിക്ക് ഒന്‍പത് വയസുള്ളപ്പോളാണ്, നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍

ബൈബിളിലെ പഴയ നിയമത്തിലുള്ളതാണ് ജോസഫിന്റെ കഥ
കാനാന്‍ ദേശക്കാരനായ ജോസഫ് ഒരിക്കല്‍ ഒരു സ്വപ്നം കണ്ടു
സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നേ താണുവണങ്ങുന്നതായിട്ട്
അന്നു ആടിനെ മേയ്ക്കുന്ന ജോലിചെയ്തിരുന്ന ജോസഫ്
ദൈവത്തിന്റെ വിചിത്രമായ ഒരു പദ്ധതിയിലൂടെ അവസാനം ഈജിപ്തിന്റെ ഭരണാധികാരിയാകുകയും ആ സ്വപ്നം ശരിയായി ഭവിക്കുകയും ചെയ്തു

ഇത് വായിച്ചതുമുതല്‍ എന്റെ മനസ്സില്‍ ഒരു മോഹം,
ഈ മോഡലില്‍ ഒന്ന് ഷൈന്‍ ചെയ്യണം।
ഇതുപോലെ വളരെ വിചിത്രങ്ങളായിരുന്നു എന്റെ അക്കാലത്തേ മോഹങ്ങള്‍।

ഞാന്‍ പിറ്റേന്ന് രാവിലെ ഉണര്‍ന്ന ഉടനെ എന്റെ അനിയത്തിമാരേ വിളിച്ചു .
ഞാന്‍ തലേന്നു കണ്ട ഒരു സ്വപ്നത്തേ പ്പറ്റി വിവരിച്ചു.

“നമ്മള്‍ക്കെല്ലാവര്‍ക്കും ഓരോ പട്ടികളേ അഛന്‍ വാങ്ങിത്തന്നു,

നിങ്ങള്‍ക്കൊക്കെ നല്ലപട്ടികള്‍
അല്‍സേഷന്‍,ഡോബര്‍മാര്‍,ഗ്രേറ്റ് ഡൈന്‍ അങ്ങിനെ വളരെ നല്ല പട്ടികള്‍
എന്നാല്‍ എനിക്ക് തന്നതോ ഒരു കില്ല നാടന്‍ പട്ടിയും.”

സിനിമാനടന്‍ ശ്രീനിവാസന്‍ പിന്നീട് ഉപയോഗിച്ചിരുന്ന
"അപ്പക്കാള" പോലെയുള്ള കഥാപാത്രമായി മാറി ഷൈന്‍ ചെയ്യുന്ന സൂത്രം
അന്നേ എനിക്ക് പ്രിയമായിരുന്നു
അതാണു എന്റെ പട്ടി നാടനായി സ്വപ്നത്തില്‍ മാറിയത്

ഇത് കേട്ട സഹോദരിമാര്‍ക്ക് സന്തോഷം
അവരുടെ പട്ടികള്‍ ശരി ശീമ ഇനങ്ങളാണല്ലോ
സ്വപ്നം തുടര്‍ന്നു

“നമ്മള്‍ കുറെ കഴിഞ്ഞ് വന്നുനോക്കുമ്പോഴുണ്ട്
എന്റെ നാടന്‍ പട്ടി ഒരുപാറപ്പുറത്തിരുന്ന് കോഴി ഇറച്ചി തിന്നുന്നു
നിങ്ങളുടെ ശീമപ്പട്ടികളാകാട്ടേ കൊതിയോടും ഭീതിയോടും കൂടി
എന്തെങ്കിലും മിച്ചം കിട്ടിയാല്‍ തിന്നാനായി തലയും കുനിച്ചിരിക്കുന്നു
എന്റെ പട്ടിക്ക് തിന്നുമതിയായപ്പോള്‍ മിച്ചം വന്ന എല്ലുകള്‍ താഴേക്ക് തട്ടിയിട്ടു
അത് നിങ്ങളുടെ ശീമപ്പട്ടികള്‍ ആര്‍ത്തിയോടെ തിന്നു.”

എന്റെ സ്വപ്നവര്‍ണ്ണന പുരോഗമിക്കും തോറും
കേള്‍വിക്കാരുടെ മുഖം ഇരുളുന്നത് ഞാന്‍ കണ്ടു
എനിക്ക് വലിയ സന്തോഷം തോന്നി

“ഇതിന്റെ അര്‍ത്ഥം എന്താണെന്നു വച്ചാല്‍
നിങ്ങളേഎല്ലാം അഛനും അമ്മയും വളരെ പൂത്താനിക്കും
എന്നാല്‍ ദൈവം നിങ്ങളേയോക്കെ എന്റെ മുന്നിലൊരുകാലത്ത് കൈനീട്ടിക്കും
കാരണം രാവിലെ കാണുന്ന സ്വപ്നങ്ങള്‍ ഒരിക്കലും പാഴാകാറില്ല ”

‘അത്ഭുതമായിരിക്കുന്നല്ലോടാ !” ചേട്ടന്‍ ഇടപെട്ടു
ചേട്ടനേം പറ്റിച്ചു എന്നോര്‍ത്താപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു

‘ഞാനും ഇതേപോലെ ഒരു സ്വപ്നം കണ്ടു,
ഇതേപോലെ പട്ടിയേ വാങ്ങിയതായി ഒരു സ്വപ്നം.’
ചേട്ടന്‍ പറയാന്‍ പോകുന്നത്
എനിക്കിട്ട് ഒരു ടോര്‍പ്പിഡോ ആണെന്ന് എനിക്ക് ഉറപ്പായിരുന്നു

“നമ്മള്‍ ഈ പട്ടികള്‍ തീറ്റ തിന്നുകഴിഞ്ഞ് അതിതേം കൊണ്ട്
പുലിയന്നൂര്‍ തോട്ടിന്റെ അടുത്തുപോയി.”

“എന്നിട്ടോ?”
കേള്‍വിക്കാര്‍ക്ക് ആകാംഷ
“അപ്പോഴുണ്ട് തോട്ടില്‍നിന്ന് അഞ്ച് മെലിഞ്ഞപട്ടികള്‍ കയറിവന്നു
അവര്‍ നമ്മുടെ തടിച്ച പട്ടികളേ തിന്നുകളഞ്ഞു ”

ചേട്ടന്‍ എന്നിട്ട് എന്റെ അടുത്ത് വന്ന് കൈകൊട്ടിക്കൊണ്ട് പറഞ്ഞു
“ആഗ്രഹം കൊള്ളാം മോനേ
പക്ഷേ ഞാന്‍ നീ വായിക്കും മുന്‍പ് പഴയനിയമത്തിലേ
ഉല്‍പ്പത്തി (37- 50) ലെ
സ്വപ്നക്കാരന്‍ ജോസഫിന്റെ കഥ ഞാന്‍ വായിച്ചിട്ടുണ്ടുകേട്ടോ!”

എന്റെ കള്ളി വെളിച്ചത്തായി എല്ലാവരും കൂവി
ഞാന്‍ ശരിക്കും ചമ്മിപ്പോയി

കുറച്ചു ദിവസം കഴിഞ്ഞു.
ഷൈന്‍ ചെയ്യാന്‍ ഒരു പുതിയ മാര്‍ഗം ഞാന്‍ തേടാന്‍ തുടങ്ങി .
അങ്ങിനെയാണു പാരമ്പര്യ ഗവേഷണത്തേപ്പറ്റി ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത് .

പലരും ഈ പരിപാടിയുടെ അനന്ത സാദ്ധ്യത മനസിലാക്കി
നീക്കങ്ങള്‍ നടത്തുന്ന ഒരു കാലമായിരുന്നു അത്
ആഢ്യനു പണവും പുതുപ്പണക്കാരനു ആഢ്യതയും
എന്നും കൊതിയൂറുന്ന കാര്യങ്ങളായിരുന്നല്ലോ
ക്രിസ്ത്യാനികളായിരുന്നു ഈ രംഗത്ത് മുന്നില്‍

താളിയോലഗ്രന്ഥങ്ങളും പുരാതന ശിലാലിഖിതങ്ങളും
പഴയ ആധാരങ്ങളും എല്ലാം ഉപയോഗിച്ചായിരുന്നു ഗവേഷണം
മാര്‍ഗം ഏതായാലും
അവസാനം എല്ലാവര്‍ക്കും ഏതാണ്ട് ഒന്നു തന്നേയായിരുന്നു റിസല്‍റ്റ്

നാട്ടിലെ വലിയ ജന്മികളായ ഒരു മഹാ ബ്രാഹ്മണ കുടുമ്പം
മാര്‍ഗം കൂടിയാണു ഈ കുടുമ്പം ആരംഭിച്ചത്
അതോടെ പുതുപ്പണക്കാരനു ആഢ്യത കൈവരുന്നു .

ഇങ്ങിനെ ഗവേഷണം നടത്തിയ ഒരുകുടുമ്പത്തേപ്പറ്റി പലരും പറഞ്ഞത്
അവര്‍ നിലവറ കുഴിച്ച് കുഴിച്ച് ചെന്നപ്പോള്‍
പണ്ട് കാരണവന്മാര്‍ ഉപയോഗിച്ചിരുന്ന
ഒരു കട്ടപ്പാരയും ചേളാകവും (പന്നി എലികളേ പിടിക്കാനുള്ള സാധനങ്ങള്‍) കിട്ടിയെന്നും
രാക്കുരാമാനം അത് മാറ്റി പകരം പൂണൂലുകുഴിച്ചിട്ടിട്ട്
ഗവേഷകരേ വരുത്തി അത് കണ്ടെടുത്ത് ആഢ്യന്മാരായി എന്നുമാണ്.

ഇങ്ങിനെ എന്തെങ്കിലും ഉഡായിപ്പ് പരിപാടികള്‍ ചെയ്ത്
എന്റെ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാന്‍ എനിക്ക് മോഹം തോന്നി.
അങ്ങിനെയാണു എന്റെ കഴിഞ്ഞജന്മം എന്തായിരുന്നു എന്നുകണ്ടുപിടിക്കാന്‍
ഞാന്‍ ഗവേഷണം തുടങ്ങിയത് .

കുടുമ്പ ഗവേഷണം ചെയതാല്‍
ഫലം എനിക്ക് സഹോദരരുമായി പങ്കുവയ്ക്കേണ്ടിവരും എന്നതിനാല്‍
അത് ഞാന്‍ കൂമ്പിലേ നുള്ളി.

ദിവസവും വായനശാലയില്‍ പോയി ഞാന്‍ പുസ്തകങ്ങളില്‍ പരതാന്‍ തുടങ്ങി.
ഞാന്‍ ജനിച്ചദിവസം ഏതെങ്കിലും മഹാന്‍ മരിച്ചിട്ടുണ്ടോ അതാണു തിരയുന്നത് .

ദിവസങ്ങള്‍ മുന്നോട്ടുനീങ്ങിയിട്ടും എന്റെ ഗവേഷണം തിരുനക്കരെത്തന്നേ നിന്നു
എങ്കിലും നിരാശനാകാതെ ഞാന്‍ രഹസ്യമായി ഗവേഷണം തുടര്‍ന്നു.

ദൈവം എന്നേ കൈവിട്ടില്ല
അവസാനം ഞാന്‍ ഒരാളേ കണ്ടെത്തി
“പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരി!”
കേരളം കണ്ടതിലേക്കും വലിയ ജ്യോതിഷ പണ്ഡിതന്‍, മഹാബ്രാഹ്മണന്‍
എനിക്ക് തൃപ്തിയായി

അദ്ദേഹം മരണമടഞ്ഞദിവസമാണ് എന്റെ ജനനം,
പോരെങ്കില്‍ അദ്ദേഹം എന്റെ അഛനനയച്ച ഒരു പഴയ കത്തു
ഞാന്‍ വീട്ടില്‍ കണ്ടിട്ടുണ്ടായിരുന്നു

“രാമകൃഷ്ണപിള്ളയുടെ വീട്ടില്‍ ഒന്നു വരണമെന്ന് ഞാന്‍ ആഗ്രഹിക്കാഞ്ഞിട്ടല്ല,
എന്തോ ഇതുവരെ സാധിച്ചില്ല, ഈശ്വരന്‍ അതിനു എന്നെങ്കിലും ഇടയാക്കാതിരിക്കില്ല”

അതും കൂടി ലിങ്ക് ചെയ്താല്‍ എല്ലാം പൂര്‍ത്തിയായി
എനിക്ക് ഉച്ചത്തില്‍ ഒന്നു കൂവാന്‍ തോന്നിപ്പോയി।

അങ്ങിനെ ഗവേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ വച്ച്
ഞാന്‍ ഒരു പുതിയ തിയറി രൂപപ്പെടുത്തി
സാക്ഷാല്‍ പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരി
തന്‍റെ സുഹൃത്ത് രാമകൃഷ്ണപിള്ളയേ കാണണമെന്നുള്ള ആഗ്രഹം സാധിക്കാതെ
ഇഹലോകവാസം വെടിഞ്ഞു

മഹാഭാരതകഥയില്‍ പറയുന്നതുപോലെ
ഒരു മനുഷ്യന്‍ എന്തെങ്കിലും ആഗ്രഹത്തോടെയാണുമരിക്കുന്നതെങ്കില്‍
ആ ആഗ്രഹം സാധിപ്പിക്കാനായി വീണ്ടും ജനിക്കും।

മാനായി പുനര്‍ജ്ജനിച്ച ഒരു മഹാരാജാവിന്റെ കഥയായിരുന്നു അതിന്റെ അടിസ്ഥാനം।

പുലിയൂര്‍ തിരുമേനി തന്റെ സുഹൃത്ത് രാമകൃഷ്ണ പിള്ളയുടെമകനായി
പുനര്‍ജ്ജനിച്ചു അതാണു ഞാന്‍ !!

സഹോദരങ്ങളുടെ മുന്നില്‍ ഞാന്‍ പുതിയ തിയറി അവതരിപ്പിച്ച് തലയുയര്‍ത്തിപ്പിടിച്ച് നടന്നു

“ഞാന്‍ നിങ്ങളേപ്പോലെ ഒരു സാധാരണക്കാരനല്ല
മഹാ ബ്രാഹ്മണനായിരുന്നു കഴിഞ്ഞജന്മത്തില്‍
അതാണു ഇത്ര മാത്രം സാത്വികനും മഹാനുമായി മാറാന്‍ കാരണം!”

കുറച്ചുദിവസം കഴിഞ്ഞു,
ഒരിക്കല്‍ എന്തിനോ അഛനെന്നെ വഴക്കുപറഞ്ഞു
ഞാന്‍ തര്‍ക്കിച്ചു

“ഞാന്‍ തെറ്റുചെയ്തിട്ടൊന്നുമല്ലാ എന്നേ വഴക്കുപറയുന്നത്।”
“പിന്നെ എന്തിനാടാ?” അഛന്റെ മറുചോദ്യം

“ഇത് പ്രൊഫഷണല്‍ ജലസിയാ,
ഇതാണു പറയുന്നത് ഒരു നാഴി മറ്റൊരു നാഴിയില്‍ ഇറങ്ങുകേലാന്ന്,
അഛനു അഛനേക്കാള്‍ വലിയ ജ്യോതിഷ പണ്ഡിതനായ
സാക്ഷാല്‍ പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരിയോടുള്ള അസൂയയാ
എന്നോടുള്ള ദേഷ്യമായി വരുന്നത് ।”

അഛനൊന്നും മനസ്സിലായില്ല
എങ്കിലും പിന്നീട് കാര്യം മനസ്സിലായപ്പോള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു

“നിന്റെ റിസര്‍ച്ച് ഞാന്‍ സമ്മതിച്ചിരിക്കുന്നു
എന്നാലും ഈ ബുദ്ധി വല്ല നല്ലകാര്യത്തിനും ഉപയോഗിച്ചിരുന്നേല്‍ എത്ര നന്നായേനേ ..!”

2 comments:

Anonymous said...

പ്രിയ ശ്രീനിവാസന്‍ സര്‍,
അങ്ങയുടെ അഭിപ്രായത്തിനും നല്ലവാക്കുകള്‍ക്കും നന്ദി........
അങ്ങ് പാല്‍പ്പായസം വിളമ്പുന്നു...നല്ല മധുരവും സ്വാദുമുണ്ട്....!
എനിയ്ക്കാകട്ടെ നെയ്യഭിഷേകം ചെയ്യുന്നതിലാണ് പ്രിയം.......എല്ലാ ആശംസകളും....!
Dr.Sreekumar.
http://sreethaalam.blogspot.in/2011/10/siva-panchakshara-sthothram.html

drmssreekumar said...

http://sreethaalam.blogspot.in/