Monday, January 14, 2008

സ്നേഹ സ്പര്‍ശം ........!!

എന്റെ ജാതകം എഴുതിയത് തൊടുപുഴയിലെ വിശ്വനാഥന്‍ ജ്യോല്‍സ്യരാണ്.

അതില്‍ ഒരു വാചകം ഉണ്ട് .

ഈയാള്‍ക്ക് ധാരാളം പരിചയക്കാരുണ്ടാകും ,എന്നാല്‍ സൗഹൃദങ്ങള്‍

കുറയും. കടന്നുപോന്ന വഴിത്താരകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍

അത് ശരിയാണന്നു ബോധ്യപ്പെടുന്നു.

പരിചയക്കാരുടെ വലിയ ഒരു സൈന്യം ,

എന്നാല്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ രണ്ട് പേര്‍ മാത്രം .

ബാബുതോമസ്സും, വാജി അഹമ്മദും .

അതോര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട് .

ഹിന്ദുവായ എനിക്ക് ആത്മാര്‍ത്ഥസൗഹൃദം പകര്‍ന്നത്

ഒരു നസ്രാണിയും! ഒരു മുസല്‍മാനും!

സൗഹൃദത്തിനു വേലി കെട്ടാന്‍ മതങ്ങള്‍ക്ക് കഴിയില്ല എന്നതല്ലേ സത്യം...

ബാബു എന്റെ ബാല്യകാല സുഹൃത്തായിരുന്നു.

ശരിക്കും കഞ്ഞിയും കറിയും വച്ച് കളിച്ചവര്‍.

ഭൂതക്കുന്നേല്‍ സ്കൂളില്‍രണ്ടാം ക്ലാസുമുതല്‍

പാലാ സെന്റ് തോമസ് സ്കൂളില്‍ പത്താം ക്ലാസുവരെ ഒരുമിച്ചായിരുന്നു

ഞങ്ങള്‍. അവധിദിവസങ്ങളില്‍ ഞങ്ങള്‍ ആരുടേയെങ്കിലും വീട്ടില്‍

ഒരുമിച്ചുകൂടും .

ബാബുവിന്റെ വീട്ടില്‍ മൂന്ന് അനിയന്മാരും ഒരു അനിയത്തിയുമുണ്ട്,

ഞാന്‍ ക്രിസ്ത്യാനി ഭക്ഷണം കഴിച്ചു പഠിച്ചതും ആദ്യമായി കോപ്പയില്‍ കാപ്പി

കുടിക്കുന്നതും ബാബുവിന്റെ വീട്ടില്‍ നിന്നാണ്.

ബാബുവിന്റേത് ഒരു ശരി ക്രിസ്ത്യാനി വീടായിരുന്നു,

ചട്ടയും മുണ്ടുംധരിച്ച അമ്മ ,

ആടുകളും പശുക്കളും കോഴികളും നെല്ലും റബ്ബറും കുരുമുളകും എല്ലാം ഉള്ള

ഒരു ശരി ക്രിസ്ത്യാനി വീട് !

ബാബു ഒരു രസികനായിരുന്നു.

ചോറുവേകുമ്പോള്‍ ചോറും കലത്തില്‍ അമ്മ അറിയാതെ കോഴിമുട്ടകള്‍ ഇട്ട്

പുഴുങ്ങിത്തിന്നുന്ന സൂത്രവിദ്യ എന്നെ പഠിപ്പിച്ചതും ബാബുവാണ്.

അനിയന്മാര്‍ക്ക് കൊടുത്തില്ലാ എങ്കിലും എനിക്കായി ഒരു മുട്ട മാറ്റിവയ്ക്കാന്‍

അയാള്‍ ഒരിക്കലും മറന്നിരുന്നില്ല .

കലാനിലയം സ്കൂളില്‍ വച്ച് മലയാളം ക്ലാസില്‍ ദ്രോണരേയും ദ്രുപതനേയും

പറ്റി പഠിപ്പിച്ചദിവസം ക്ലാസുകഴിഞ്ഞ് പോകും വഴി ബാബു കരഞ്ഞു.

ഒരുപാടുചോദിച്ചപ്പോള്‍ കാര്യം പറഞ്ഞു .

ഞാന്‍ നമ്മുടെ കാര്യം ആലോചിക്കുകയായിരുന്നു .

അവര്‍ ഗുരുകുലത്തില്‍ കഴിഞ്ഞപോലെയല്ലേ നമ്മളും?

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ തോക്കും .

നിങ്ങളൊക്കെ ജയിക്കും.

പിന്നീട് എവിടെ എങ്കിലും വച്ച് കണ്ടുമുട്ടുന്നത് ഇതുപോലെ ആയിരിക്കുമോ ?”

അതായിരുന്നു എന്റെ സുഹൃത്ത് ബാബു!!

അഞ്ചാം ക്ലാസില്‍ എനിക്കായിരുന്നു ഒന്നാം റാങ്ക് .

ആറാം ക്ലാസില്‍ ഒരു പുതിയ കുട്ടി വന്നു , മോഹനന്‍.

ഓണപ്പരീക്ഷയില്‍ ഒന്നാം റാങ്ക് അവനായിരുന്നു.

ഉച്ചക്ക് ഊണുകഴിഞ്ഞ ഉടനേ ബാബു എന്നെ വിളിച്ചു.

അവനു ഒരു രഹസ്യം പറയാനുണ്ടായിരുന്നു.

“ അവനു കുറച്ച് എലിവിഷം കലക്കിക്കൊടുത്ത് അങ്ങ് തട്ടിയാലോ?”

“ ആര്‍ക്കാ?” എനിക്ക് കാര്യം മനസ്സിലായില്ല.

“ അവന് , ആ മോഹനന്, അപ്പോപ്പിന്നെ ശ്രീനിവാസനു ഫസ്റ്റ് റാങ്ക്

കിട്ടുമല്ലോ!”

ബാബുവിനു സ്വന്തം മാര്‍ക്ക് വളരെ താഴെപ്പോയതിനേക്കാള്‍

എനിക്ക് ഫസ്റ്റ് റാങ്ക് പോയതിലാണു വിഷമം എന്ന് എനിക്ക് മനസ്സിലായി,

എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി.

ഞാന്‍ അവനെ സമാധാനിപ്പിച്ചു.

തല്‍ക്കാലം കടും കൈ ഒന്നും വേണ്ടാ, ക്രിസ്തുമസ് പരീക്ഷക്ക് ഞാന്‍ ഫസ്റ്റ്

റാങ്ക് വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു.

മനസ്സില്ലാമനസ്സോടെ സമ്മതിച്ചപ്പോളും ബാബു ഒന്നു തീര്‍ത്തുപറഞ്ഞു.

“ ഇനി ക്രിസ്തുമസ്സ് പരീക്ഷക്കും അവനീ പരിപാടി കാണിച്ചാല്‍

ഞാന്‍ അവന്റെ തലക്കിട്ട് കരിങ്കല്ലുകൊണ്ട് ഒരു ഇടി വച്ചുകൊടുക്കും.

അന്ന് തടസ്സം പിടിക്കാനൊന്നും വന്നേക്കരുത്.”

ഏഴാം ക്ലാസില്‍ വച്ച് ഒരു പുസ്തകം കൊണ്ടുവരാത്തതിനു

ടീച്ചര്‍ എന്നെ ക്ലാസില്‍ നിന്നും പുറത്തിറക്കി നിര്‍ത്തി .

“ഞാനും പുസ്തകം കൊണ്ടുവന്നില്ലാ ടീച്ചര്‍.”

ബാബു സ്വയം കുറ്റം സമ്മതിച്ച് ക്ലാസിനുപുറത്തുവന്നു.

എനിക്ക് അത്ഭുതം തോന്നി .

അവന്റെ കൈയ്യില്‍ പുസ്തകം ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു .

എന്റെ സംശയം മനസ്സിലായതുകൊണ്ട് ബാബു വിശദീകരിച്ചു .

“എനിക്ക് ഒരുക്ലാസുപോയാലൊന്നുമില്ല

എന്നാലും എന്റെ കൂട്ടുകാരന്‍ ഒറ്റക്ക് ക്ലാസിനുപുറത്തു നിക്കണ്ട.”

ഞങ്ങളുടെ വീടിന്റെ അടുത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ

ഓഫീസിനുമുന്‍പില്‍

ഒരു റോഡ് റോളര്‍ കിടന്നിരുന്നു .

ഒരുദിവസം ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അതിനുചുറ്റും ഒരു ആള്‍ക്കൂട്ടം.

ആ യന്ത്രത്തിനു എന്തോ തകരാര്‍.

റിപ്പയര്‍ ചെയ്യാന്‍ ഡ്രൈവര്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല .

ഞങ്ങള്‍ കുറേ സമയം ആ കാഴ്ച്ച നോക്കിനിന്നു .

അവസാനം ബാബു അടുത്തേക്കു ചെന്ന് എന്‍ജിനുള്ളിലേക്ക് വിരല്‍ ചൂണ്ടി.

“ചേട്ടാ ഇവിടെ ഒരു സ്പ്രിങ്ങിന്റെ കുറവില്ലേ?”

ഡ്രൈവര്‍ക്ക് അപ്പോഴാണുകാര്യം മനസ്സിലായത് .

അയാള്‍ ആ സ്പ്രിഗ് കൊണ്ടുവന്ന് പിടിപ്പിച്ച് റോളര്‍ സ്റ്റാര്‍ട്ടുചെയ്തു.

എല്ലാവരുടേയും കണ്ണുകളില്‍ ആശ്ചര്യം. ബാബു തല ഉയര്‍ത്തിപ്പിടിച്ച്

വീട്ടിലേക്ക് നടന്നു. വീട്ടില്‍ ചെന്നപ്പോള്‍ എന്റെ ചെവിയില്‍ അവന്‍ മറ്റൊരു

രഹസ്യം പറഞ്ഞു .

“ആ സ്പ്രിങ്ങാ ഞാന്‍ എന്റെ മുറിയില്‍ അയകെട്ടാന്‍ ഉപയോഗിച്ചിരിക്കുന്നത്
നീ ആരോടും പറയരുത് കേട്ടോ!”

കാലം ഒരുപാട് കടന്നുപോയി.

പറഞ്ഞതുപോലെ ബാബു പത്താം ക്ലാസില്‍ തോറ്റു, ഞാന്‍ ജയിച്ചു.

ഞാന്‍ കോളേജില്‍ പോയപ്പോള്‍ ബാബു ഒരു ബാങ്കില്‍ അറ്റന്ററായി കയറി .

ഇന്ന് അയാള്‍ ആ ബാങ്കില്‍ ക്ലറിക്കല്‍ പോസ്റ്റിലാണ്.

നല്ല ശമ്പളത്തോടുകൂടി സുഖമായി കഴിയുന്നു .

ഞങ്ങള്‍ദ്രോണരും ദ്രുപതരും ആയില്ല!

ഇപ്പോഴും നല്ല സൗഹൃദം പങ്കുവക്കുന്നു.

പുലിയന്നൂര്‍ പാടത്തിലെ വരമ്പിലൂടെ കലാനിലയം സ്കൂളിന്റെ അടുത്തേക്ക്

വൈകുന്നേരങ്ങളില്‍ നടക്കുമ്പോള്‍ വിഷംകലക്കിക്കൊടുത്തോ

കരിങ്കല്ലിനിടിച്ചോ എങ്ങിനെയെങ്കിലും ഒന്നാം റാങ്കുകാരനെ വകവരുത്തി

എന്നെ ക്ലാസില്‍ ഒന്നാമനാക്കണമെന്ന് ചിന്തിച്ച ഒരു കൂട്ടുകാരന്റെ

സ്നേഹസ്പര്‍ശനത്താല്‍

എന്റെ കണ്ണുകള്‍ ചിലപ്പോള്‍ നിറയാറുണ്ട് .

ഇത്ര കാലം കഴിഞ്ഞിട്ടും.............!!!

6 comments:

നാടോടി said...

മനസ്സില്‍ തൊടുന്ന അനുഭവക്കുറിപ്പ്
ആത്മാര്‍ത്ഥ സുഹൃത്തുക്കളായ
ബാബുതോമസ്സിനും
വാജി അഹമ്മദിനു
ആയിരം ആശംസകള്‍

സാജന്‍| SAJAN said...

ആ സുഹൃത്ത് ആളത്ര മോശമല്ലല്ലൊ, മഹാ വികൃതിയായുരുന്നല്ലൊ ഇപ്പോഴും അങ്ങനെ തന്നെയാണോ?
എന്തായാലും നല്ല സൌഹൃദങ്ങള്‍ എപ്പോഴും ഒരു നന്‍‌മയാണ് അത്തരം നന്‍‌മ ജീവിതത്തില്‍ വേണ്ടുവോളം ഉണ്ടാവട്ടെ!
ആശംസകള്‍!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില ഓര്‍മ്മകള്‍ കണ്ണിനിറയ്ക്കും, കാലമെത്ര കഴിഞാലും.

ഒരു “ദേശാഭിമാനി” said...

ഹൃദയ സ്പര്‍ശി!

കടവന്‍ said...

സുഹൃത്തെ
ഞാനും താങ്കളെപ്പോലെ തന്നെയാണ്, പരിചയക്കാര്‍ ധാരാളം(പിന്നെ പരാന്നഭോജികള്/ഇത്തിക്കണ്ണികള്‍ കുറെയുണ്ടായിരുന്നു, മനപ്പൂര്‍വം മാറ്റിനിറ്ത്താന്‍ അനുഭാവങ്ങള്‍ പഠിപ്പിച്ചു) ആത്മാര്ഥസുഹൃത്ത് താങ്കള്‍ പറഞ്ഞപോലെ എന്റെ മറ്റസ്ഥനല്ല(ഞാന്‍ മതത്തിന്.ഒരുപ്രാധാന്യവും കൊടുക്കാത്ത ആളാണ്, അയാള്‍ ഞാന്‍ ജനിച്ച് മതത്തില്‍ ജനിക്കാത്തത് ഒരു തെറ്റായി ഞാന്‍ കണ്ടിട്ടില്ല, എനിക്ക് തിരിച്ചുമാവാല്ലോന്നാണ്‍ ഞാന്‍ ചിന്തിക്കാറ്.)
മതത്തിന്റെ പേരില്‍ താങ്കളോട് സ്നേഹം കാട്ടുമ്പോള്, അല്ലെങ്കില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ സ്നേഹം കാട്ടുമ്പോള്‍ ആലോചിച് നോക്കുക, അയ്യാളുടെ സ്നേഹം താങ്കളോടല്ല മതം/രാഷ്ട്രീയം/പണം ഇതിനോടാണ്, അങ്ങനെയുളള്‍ സ്വാര്‍ഥതാല്പര്യക്കരില്‍ നിന്നും അകന്ന് നില്കുന്നതല്ലെ ബുദ്ധി? അഭിപ്രായ ഐക്യവും ഒന്നിന്റെ പേരിലുള്ള സ്നേഹവും രണ്ടാണ്. ഇതിലെന്നെകള്
വിവരമുള്ളവരൂടെ പ്രതികരണം സ്വീകരിക്കുന്നു.

Pongummoodan said...

എന്‍റെ മുന്നില്‍ ഒരേ ഒരു സംശയം മാത്രം, താങ്കളെ എന്ത്‌ സംബോധന ചെയ്യും എന്നത്‌. ചേട്ടാ എന്ന്‌ വിളിക്കാമോ? അതോ സാര്‍ എന്നോ? അതോ ഡോക്ടര്‍ എന്നോ? 'വിളി' എന്തായാലും എന്നിലുള്ളത്‌ സന്തോഷം മാത്രം.

ഞാനുമൊരു പാലാക്കാരനാണ്‌. പേര്‌ ഹരി. തിരുവനന്തപുരത്ത്‌ താമസം. എന്‍റെ ജാതകം കുറിച്ചത്‌ താങ്കളുടെ അച്ഛനാണ്‌. എന്‍റെ അനുജന്‍റെ ജാതകവും. അവന്‍റെ ജാതകത്തില്‍ കുറിച്ചിരുന്നു പത്താം വയസ്സില്‍ ശിരോരോഗം വരുമെന്ന്‌. തെറ്റിയില്ല. പത്താം വയസ്സില്‍ തന്നെ അത്‌ സംഭവിച്ചു. അതായത്‌ അഞ്ചാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ അവന്‌ ' ബ്രെയിന്‍ ട്യൂമര്‍ ' പിടിപെട്ടു.

ഒരേ നാട്ടുകാരെങ്കിലും ബ്ളോഗിലൂടെ പരിചയപ്പെട്ടത്‌ ഒരു നിമിത്തമാവാം. താങ്കളുടെ എഴുത്ത്‌ ഞാന്‍ നന്നായി ആസ്വദിക്കുന്നു. ഞാനും ബ്ളോഗിലുണ്ട്‌. ആഗ്രഹം കൊണ്ട്‌ മാത്രം. ( പ്രതിഭയുണ്ടായിട്ടല്ലെന്നര്‍ത്ഥം.

'പാലാ നാരായണന്‍ നായര്‍ ' എന്ന മഹാകവിയുടെ ബന്ധുക്കളില്‍ വളരെ അകലെയൊന്നുമല്ലത്ത ഒരു കണ്ണിയാണ്‌ ഞാനും എന്നതുകൊണ്ട്‌ എഴുതുവാന്‍ പേടിയുണ്ട്‌. ഞാനായി അദ്ദേഹത്തിന്‌ പേരുദോഷം ഉണ്ടാക്കരുതല്ലോ. :)

ഒരിക്കല്‍ നേരില്‍ കാണാനാവുമെന്ന പ്രതീക്ഷയോടെ നിര്‍ത്തട്ടെ,

സ്നേഹപൂര്‍വ്വംഹരി പാല.

സമയം കിട്ടുമെങ്കില്‍ മെയില്‍ ചെയ്യാമോ?
haripala77@gmail.com